Image

മൂല്യാധിഷ്ഠിത സഭാ നവീകരണം (അലക്സ് എസ്തപ്പാൻ കാവുംപുറത്ത്)

Published on 13 September, 2020
മൂല്യാധിഷ്ഠിത സഭാ നവീകരണം (അലക്സ് എസ്തപ്പാൻ കാവുംപുറത്ത്)
(കെസിആർഎം നോർത് അമേരിക്ക സെപ്റ്റംബർ 09, 2020-ന് സംഘടിപ്പിച്ച സൂം മീറ്റിംഗിൽ ശ്രീ അലക്സ് കെ. എസ്തപ്പാൻ (ന്യൂ യോർക്ക്) നടത്തിയ പ്രഭാഷണത്തിൻറെ ലേഖന രൂപം - ചാക്കോ കളരിക്കൽ)

രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഗാഗുൽത്തമലയിൽ കുരിശിൽ കിടന്ന് ഒരു നീതിമാൻ നിലവിളിച്ചു: എൻറെ ദൈവമേ, എൻറെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? യേശു തൻറെ ജീവൻ വെടിഞ്ഞുകൊണ്ടു നിലവിളിച്ച ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത് ദൈവീകമായ ആധികാരിതയല്ല, മറിച്ച്‌ മാനുഷികമായ ഒരു ബലഹീനതയാണ്. എങ്കിലും അവസാന നിമിഷംവരെ തൻറെ ആദർശങ്ങളിൽ ഉറച്ചുനിന്ന് ആ മനുഷ്യപുത്രൻ ദൈവഹിതം നിറവേറ്റി. കാരിരുമ്പാണികൾ തൻറെ ഉള്ളം കയ്യിലും കാലിലും അടിച്ചു കയറ്റിയിട്ടും അവസാനംവരെ വീഴാതെ പിടിച്ചു നിന്നു. അങ്ങനെയുള്ള മനുഷ്യപുത്രൻ ദൈവപുത്രനായി. അങ്ങനെയുള്ള ജീവിതം മനുഷ്യരക്ഷയുടെ മാർഗമായി.


യേശു പൂർണ ദൈവവും പൂർണ മനുഷ്യനും ആയിരുന്നു എന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നത്. ദൈവമായ യേശു വിശ്വാസത്തിലധിഷ്ടിതമാണ്. അത് യുക്തിക്കും ബുദ്ധിക്കും മനസ്സിലാകുന്നതല്ല. വിശ്വാസമനുസ്സരിച്ച് യേശു ദൈവമാണ്; അല്ലെങ്കിൽ ദൈവ പുത്രനാണ്; പരിശുദ്ധ ത്രീത്വത്തിൻറെ രണ്ടാം ആളായ പുത്രൻ തമ്പുരാനാണ്. അദ്ദേഹം പരിശുദ്ധാത്മാവിനാൽ പരിശുദ്ധ കന്യക മറിയത്തിൽ നിന്ന് പിറന്നവനാണ്. പല അത്ഭുതങ്ങളും പ്രവർത്തിച്ചവനാണ്. വെള്ളം വീഞ്ഞാക്കി, അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ തീറ്റിപോറ്റി, കുഷ്ടരോഗികളെ സുഖപ്പെടുത്തി, കുരുടർക്ക് കാഴ്ച കൊടുത്തു, പിശാചുക്കളെ പുറത്താക്കി, മരിച്ചവരെ ഉയർപ്പിച്ചു.  മരിച്ചു മൂന്നാം നാൾ ഉയർത്തെണീറ്റവനാണ്. അതിനു ശേഷം നാൽപ്പതാം നാൾ സ്വർഗത്തിലേക്ക് കരകയറി പിതാവായ ദൈവത്തിൻറെ വലതു ഭാഗത്തു ഇരിക്കുന്നവനാണ്. ലോകാവസാനത്തിൽ നമ്മളെ വിധിക്കുവാൻ വരുന്നവനാണ്.

മറുവശത്തുള്ള യേശു മനുഷ്യനാണ്. അവൻ കാലിത്തൊഴുത്തിൽ പിറന്നവനാണ്. ഒരു ആശാരിയുടെ മകനായി ജനിച്ചു. ചെറുപ്പത്തിൽ കുറച്ചു കുസൃതികളൊക്കെ കാണിച്ചവനായിരുന്നു. യേശു തൻറെ പരസ്യജീവിതം ആരംഭിക്കുന്നത് ദൈവരാജ്യത്തിൻറെ പുതിയ സുവിശേഷം പ്രസംഗിച്ചുകൊണ്ടാണ്. ബന്ധിതർക്ക് മോചനവും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും അവിടുന്ന് പ്രഖ്യാപിച്ചു. അന്ന് നിലവിലിരുന്ന അസമത്വത്തിലും അനീതിയിലും അധിഷ്ഠിതമായ വ്യവസ്ഥിതിയെ ചോദ്യം ചെയ്തു. തൻറെ സമൂഹത്തിലെ പുരോഹിതരുടെ തെറ്റായ പ്രവർത്തികളെ അതി നിശിതമായി വിമർശിച്ചു. കാലഹരണപ്പെട്ടതും ക്രൂരവുമായ പഴയനിയമങ്ങളെ തിരുത്തിയെഴുതി, പുതിയ നിയമങ്ങൾ പ്രഘോഷിച്ചു. യഹൂദർ തെരഞ്ഞെടുക്കപ്പെട്ടവർ എന്ന ആശയം മാറ്റി എല്ലാവരും പിതാവായ ദൈവത്തിൻറെ മക്കൾ എന്ന പുതിയ ആശയം അവതരിപ്പിച്ചു. എല്ലാവരും പരസ്പരം സ്നേഹിക്കുവാനും പങ്കുവെക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു. യഹൂദനും, വിജാതീയനും, പുറജാതിയും എല്ലാം ഒരുപോലെയായി.

മനുഷ്യനുപകാരമില്ലാത്ത നിയമങ്ങളെയും ആചാരങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. മനുഷ്യൻ സാബത്തിവേണ്ടിയല്ല, സാബത്ത് മനുഷ്യനുവേണ്ടിയാണ് എന്ന് യേശു പ്രഖ്യാപിച്ചു. ബലിയല്ല കരുണയാണ് അവൻ ആവശ്യപ്പെട്ടത്. 

അവൻ ജീവിച്ചത് സാധാരണക്കാരോടൊത്താണ്. അവൻ രോഗികളെ ആശ്വസിപ്പിച്ചു, അവരെ സുഖപ്പെടുത്തി. പാപികളെയും ചുങ്കക്കാരെയും അവിടുന്ന് മാറ്റി നിർത്തിയില്ല, അവരെ കല്ലെറിഞ്ഞില്ല. മനുഷ്യനായ യേശുവിനു പ്രലോഭനങ്ങൾ ഉണ്ടായി, പിശാചിൻറെ പരീക്ഷണങ്ങൾ. ആ പിശാച് രണ്ടു കൊമ്പും ചുവന്ന കണ്ണും, നീണ്ട വാലും ഉള്ള ഒരു ഭീവത്സ രൂപമായിരുന്നോ എന്നെനിക്കറിയില്ല. അങ്ങനെ വിശ്വസിക്കുന്നവരുണ്ടായിരിക്കാം. അതെന്തു തന്നെയായാലും, തൻറെ കഴിവുകൾ ഉപയോഗിച്ച് ലോകം പിടിച്ചെടുക്കുവാനുള്ള ഒരു പ്രലോഭനം അദ്ദേഹത്തിനുണ്ടായി എന്ന് നമുക്കനുമാനിക്കാം. എന്നാൽ അവൻ പ്രലോഭനങ്ങളിൽ വീണില്ല. വിമർശനകളെ ഇഷ്പ്പെടാത്ത പുരോഹിതർ യേശുവിനെ കള്ളസാക്ഷ്യങ്ങളിൽ കുടുക്കിയും അധികാരികളെ പ്രീണിപ്പിച്ചും അവനെതിരെ ജനങ്ങളെ ഇളക്കിവിട്ടും ക്രൂശിക്കുവാൻ വിധി നേടിയെടുത്തു. ക്രൂരമായ പീഠനങ്ങൾക്ക് അദ്ദേഹത്തെ ഇരയാക്കി. അവസാനം കാരിരുമ്പാണികളിൽ കുരിശിൽ തറച്ചു കൊന്നു. എല്ലാവരും ഉപേക്ഷിച്ച യേശുവിനെ ആരുടെയോ കല്ലറയിൽ അടക്കം ചെയ്തു.

എന്തുകൊണ്ടാണ് ഞാൻ യേശുവിനെ അനുകരിക്കുവാൻ ആഗ്രഹിയ്ക്കുന്നത്. അദ്ദേഹം ദൈവമായതു കൊണ്ടാണോ? മനുഷ്യനായതു കൊണ്ടാണോ? ദൈവവും മനുഷ്യനുമായതു കൊണ്ടാണോ? അതോ അത്ഭുതങ്ങൾ പ്രവർത്തിച്ചതുകൊണ്ടാണോ? ഇതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. എന്നെ യേശുവിലേക്ക് ആകർഷിക്കുന്നത് അദ്ദേഹത്തിൻറെ പ്രവർത്തികളാണ്, അദ്ദേഹത്തിൻറെ ആശയങ്ങളാണ്, ജീവിതത്തിൻറെ അവസാന നിമിഷം വരെയുള്ള അദ്ദേഹത്തിൻറെ ജീവിതമാണ്.

പിശാചിൻറെ പ്രലോഭനത്തിൽപെട്ട്, സ്വന്തം സ്വാർത്ഥതക്കുവേണ്ടി ഹിറ്റ്ലറെപോലെ, അലക്സാണ്ടർ ചക്രവർത്തിയെപോലെ സമ്പത്തും അധികാരവും സാമ്രാജ്യങ്ങളും വെട്ടിപ്പിടിക്കുവാൻ യേശു പ്രവർത്തിച്ചിരുന്നെങ്കിൽ അങ്ങനെയുള്ള മനുഷ്യനോ ദൈവമോ ആയ യേശുവിനെ ആരെങ്കിലും അനുകരിക്കുമോ? എനിക്ക് തോന്നുന്നില്ല. ഞാൻ അനുകരിക്കില്ല. യേശു പുരോഹിത സ്രേഷ്ടന്മാരോടും സമൂഹ പ്രമാണിമാരോടും കൂടിചേർന്ന് അവരോടൊത്തു കഴിഞ്ഞിരുന്നെങ്കിൽ യേശുവെന്ന മനുഷ്യനെയോ യേശുവെന്ന ദൈവത്തെയോ ആരെങ്കിലും അനുകരിക്കുമോ? എനിക്ക് തോന്നുന്നില്ല, ഞാൻ അനുകരിക്കില്ല. ഞാൻ അനുകരിക്കുന്ന യേശു സാധാരണക്കാരോടൊത്ത്, പാവങ്ങളോടും അധ്വാനിക്കുന്നവരോടും ഭാരം ചുമക്കുന്നവരോടും ഒത്തു ജീവിച്ച് കടന്നു പോയവനാണ്. യേശു യഹൂദരെ ഉയർന്നവരായി കണക്കാക്കി അവർക്ക് വേണ്ടി മാത്രം പ്രവർത്തിച്ച് കടന്നുപോയിരുന്നെങ്കിൽ അങ്ങനെയുള്ള യേശുവിനെ നമ്മൾ അനുകരിക്കുമെന്നു തോന്നുന്നില്ല. ഞാൻ അനുകരിക്കുന്നത് എല്ലാ മനുഷ്യരും തുല്യരാണ്, എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുക എന്ന് പഠിപ്പിച്ച യേശുവിനെയാണ്.

താൻ പീഡാസഹനം അനുഭവിക്കുമെന്നുള്ള ഒരു അവബോധം യേശുവിനുണ്ടായിരുന്നു. ഗദ്സെമേൻ തോട്ടത്തിൽ പ്രാർത്ഥിച്ചപ്പോൾ അദ്ദേഹത്തിൻറെ വിയർപ്പു തുള്ളികൾ രക്തത്തുള്ളികളായി രൂപാന്തരപ്പെട്ടു എന്നാണ് നമ്മൾ വായിക്കുന്നത്. അത്രമാത്രം മാനസ്സിക പിരിമുറുക്കത്തിലായിരുന്നു യേശു എന്ന് നമുക്ക് മനസിലാക്കാം. എങ്കിലും റോമൻ പടയാളികളും പുരോഹിതരും യേശുവിനെ അന്വേഷിച്ചു വന്നപ്പോൾ യേശു ഓടി ഒളിച്ചില്ല. നിങ്ങൾ അന്വേഷിക്കുന്ന നസ്രായനായ യേശുവാണ് താനെന്നു പറഞ്ഞു യേശു സധൈര്യം മുന്നോട്ടുവന്നു. ആ യേശുവിനെയാണ് ഞാൻ അനുകരിക്കാൻ ആഗ്രഹിക്കുന്നത്. അല്ലാതെ ഭീരുവിനെപോലെ ഓടിയൊളിക്കുന്നവനെയല്ല.

യേശുവിനു വീണ്ടും രക്ഷപെടാമായിരുന്നു. പീലാത്തോസ് കൈകഴുകി നീതിമാനെ വധശിക്ഷക്ക് വിട്ടുകൊടുക്കാൻ തയ്യാറായപ്പോൾ യേശുവിന് തൻറെ വിശ്വാസങ്ങളെ വിട്ടുപേഷിച്ച് പുരോഹിതന്മാർ ആവശ്യപെട്ടപോലെ പ്രവർത്തിച്ചിരുന്നെങ്കിൽ യേശുവിനു രക്ഷപെടാമായിരുന്നു. അങ്ങനെയുള്ള ദൈവ പുത്രനെയോ ദൈവത്തെയോ നമുക്ക് സ്വീകാര്യമാകുമെന്ന് തോന്നുന്നില്ല.

കുരിശുമരണത്തിനു വിധിക്കപ്പെട്ടു കുരിശു ചുമന്നുകൊണ്ട് അതിക്രൂരമായ പീഢകൾക്ക് ഇരയാക്കപ്പെട്ട് നടന്നു പോകുന്ന യേശുവിനു രക്ഷപെടാനുള്ള അവസരം ഉണ്ടായിരുന്നു. തൻറെ വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞാൽ മാത്രം മതിയായിരുന്നു രക്ഷപെടുവാൻ. എന്നാൽ അദ്ദേഹം അതിനു തയ്യാറായില്ല. ആ യേശുവിനെയാണ് നമ്മൾ സ്നേഹിക്കുന്നത്. അല്ലാതെ പ്രതിസന്ധികൾ മുന്നിൽ കണ്ടപ്പോൾ, പീഢകൾ മുന്നിൽ കണ്ടപ്പോൾ തൻറെ വിശ്വാസങ്ങളെ എല്ലാം തള്ളിപ്പറയുന്ന യേശുവിനെ അവൻ ദൈവമാണെങ്കിലും ദൈവ പുത്രനാണെങ്കിലും നമുക്ക് സ്വീകാര്യമാകില്ല.

കാരിരുമ്പാണികളാൽ കുരിശിൽ തറക്കപ്പെട്ടു പിടഞ്ഞു മരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന് തന്നെ ഉപദ്രവിച്ചവർക്കെതിരെ ശബ്ദിക്കാമായിരുന്നു. അവരെ ശപിക്കാമായിരുന്നു. എന്നാൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയാണ് അദ്ദേഹം ചെയ്തത്. കുരിശിൽ നിന്ന് രക്ഷപെടാൻ യേശു ശ്രമിച്ചില്ല. അതിനുള്ള ശക്തി അദ്ദേഹത്തിന് ഉണ്ടായിരുന്നോ, ഇല്ലയോ എന്നെനിക്കറിയില്ല. ദൈവമാണെന്ന് വിശ്വസിക്കുകയാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന് അതിന് സാധിക്കുമായിരുന്നു. രക്ഷപെടുവാൻ ശ്രമിക്കുകയായിരുന്നെങ്കിൽ ആ യേശുവിനെ അനുകരിക്കുവാൻ നമുക്ക് മടിയുണ്ടായേനെ. തൻറെ ആദർശങ്ങൾക്കുവേണ്ടി സ്വന്തം ജീവൻ പോലും ബലികഴിക്കുവാൻ തയ്യാറായ യേശുവാണ് നമ്മുടെ മാതൃക.

അതെ, എന്നെ യേശുവിലേക്ക് ആകർഷിക്കുന്നത് അദ്ദേഹത്തിൻറെ പ്രവർത്തികളാണ്, അദ്ദേഹത്തിൻറെ ആശയങ്ങളാണ്, അദ്ദേഹത്തിൻറെ ജീവിതമാണ്. യേശുവിനെ അനുകരിക്കുന്നവരെയും അദ്ദേഹത്തിൻറെ സ്ഥാനത്തു നിൽക്കുന്നുവെന്ന് അവകാശപ്പെടുന്നവരെയും അളക്കുന്നതിനുള്ള മാനദണ്ഡം അതാണ്.

യേശു ബലിയർപ്പിച്ചിരുന്നില്ല. നേർച്ച കാഴ്ച്ചകൾ അർപ്പിച്ചു പിതാവായ ദൈവത്തെ പ്രസാദിപ്പിച്ചിരുന്നില്ല. ദൈവത്തെ ആരാധിച്ചിരുന്നില്ല. കണ്ഠം പൊട്ടുമാറുച്ചത്തിൽ സ്തോത്രം പാടി ദൈവത്തെ സന്തോഷിപ്പിക്കുവാൻ ശ്രമിച്ചിരുന്നില്ല. എന്നാൽ യേശു പിതാവായ ദൈവത്തോട് ഏകാന്തതയിൽ പ്രാത്ഥിച്ചിരുന്നു എന്ന് നമ്മൾ കാണുന്നുണ്ട്. പക്ഷേ, യേശുവിൻറെ സ്ഥാനത്തു നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന പുരോഹിതർ ചെയ്യുന്നതും ജനങ്ങളോട്‌ ചെയ്യുവാൻ ആവശ്യപ്പെടുന്നതും യേശു ചെയ്യാത്ത കാര്യങ്ങളാണ്; യേശു എതിർത്ത കാര്യങ്ങളാണ്. പുരോഹിതർ ആചാരാനുഷ്ഠാനങ്ങളിലും കൂദാശകളിലും അധിഷ്ഠിതമായ ഒരു സഭയെ പടുത്തുയർത്തി ജനങ്ങളെ അതിന് അടിമകളാക്കിയിരിക്കുന്നു. അതിൽനിന്നു മോചനം ഉണ്ടായാൽ മാത്രമേ നമുക്ക് യേശു വിഭാവനം ചെയ്ത സ്വർഗരാജ്യം സ്രഷ്ടിക്കുവാൻ സാധിക്കുകയുള്ളു.

പരസ്നേഹത്തിൽ ജീവിച്ച്‌, മറ്റുള്ളവരുമായി തങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവച്ച്‌, സത്യത്തിനു സാഷ്യം വഹിച്ച്‌, നീതിക്കുവേണ്ടി ദാഹിക്കുന്നവരുടെ ഹൃദയങ്ങളിൽ സ്വർഗം കുടികൊള്ളും. അങ്ങനെയുള്ളവരുടെ സമൂഹം ഭൂമിയിലെ സ്വർഗരാജ്യം ആയിരിക്കും. അങ്ങനെയുള്ള മനുഷ്യപുത്രന്മാർ ദൈവപുത്രരായിത്തീരും. യേശു അങ്ങനെ ജീവിച്ചാണ് കടന്നുപോയത്. അതുകൊണ്ടാണ് യേശു എന്ന മനുഷ്യപുത്രൻ ദൈവ പുത്രനായത്.  സ്വർഗം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിശ്വാസത്തിൻറെ കാര്യമാണ്. നമ്മുടെ സങ്കൽപ്പത്തിലുള്ള ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളത് തന്നെ വിശ്വാസത്തിലധിഷ്ഠിതമാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും യേശുവിനെ അനുകരിച്ചു ജീവിച്ചാൽ നിങ്ങൾക്ക് ഈ ലോകത്തിലും പരലോകത്തിലും സ്വർഗാനുഭവമുണ്ടാകും. നിങ്ങൾക്ക് ദൈവ സാന്നിദ്ധ്യം അനുഭവപ്പെടും. അങ്ങനെയല്ലാതെ ജീവിച്ച്‌ മരിക്കുന്ന യേശുവിനോ മറ്റുള്ളവർക്കോ സ്വർഗരാജ്യം അനുഭവപ്പെടുകയില്ല.

യേശുവിൻറെ ദർശനങ്ങളിൽ വിശ്വസിക്കുന്നവരുടെ, അതനുസരിച്ച് ജീവിക്കുന്നവരുടെ സമൂഹമായിരിക്കണം സഭ.  പക്ഷേ ഇന്നത് യേശുവിൻറെ കാലത്ത് യേശുവിനെ എതിർത്ത പുരോഹിതരെ പോലുള്ള ഇന്നത്തെ പുരോഹിതരുടെ കയ്യിൽ അകപ്പെട്ടിരിക്കുകയാണ്. പരസ്പ്പരം സ്നേഹിക്കുക എന്നുള്ള ഏറ്റവും ലളിതമായ കല്പനക്കു പകരം ബൈബിളിലെ പല വാക്യങ്ങളും പല തരത്തിൽ വ്യാഖ്യാനിച്ച് പല തരത്തിലുള്ള സഭകളും ദൈവ ശാസ്ത്രങ്ങളും കൂദാശകളും ആചാരങ്ങളും ഉണ്ടാക്കി ജനങ്ങളെ അവരുടെ അടിമകളാക്കിയിരിക്കുന്നു. സഭകൾ തമ്മിൽ മൽസരിക്കുന്നു; സമ്പത്തിനും അധികാരത്തിനും വേണ്ടി വഴക്കടിക്കുന്നു.  ഐക്യത്തിന് പകരം വിഘടനം വളർത്തുന്നു. സാഹോദര്യത്തിനു പകരം വർഗീയത വളർത്തുന്നു.  സിറോ മലബാർ സഭയിൽ അവരുടെ പ്രത്യേക കുരിശിൻറെ പേരിലും കുർബാന ചൊല്ലുമ്പോൾ പുരോഹിതൻ എങ്ങോട്ടു തിരിഞ്ഞു നിൽക്കണം എന്നൊക്കെയുള്ളതിൻറെ പേരിലുമാണ് വഴക്കടിക്കുന്നത്. വേറൊരു കൂട്ടർ സ്വവംശ വിവാഹ നിഷ്ട പാലിക്കാത്തതിൻറെ പേരിൽ സ്വന്തം സഹോദരങ്ങളെ പുറത്താക്കുന്നു. ഇതൊക്കെ ഇഹലോകത്തിൽ സ്വർഗരാജ്യ സൃഷ്ടിക്കോ പരലോകത്തിൽ സ്വർഗ പ്രാപ്തിക്കോ ഉതകില്ല എന്ന് ചിന്തിക്കാനുള്ള സാമാന്യ ബുദ്ധി വിശ്വാസിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.  ഇതിൽനിന്നു നമുക്ക് മോചനം വേണം. അതിനുള്ള പോംവഴി എന്താണ്?

ചർച് ട്രസ്റ്റ് ബിൻ പാസ്സാക്കിയാൽ കുറച്ചു മാറ്റമുണ്ടാകാം. കാരണം സഭകളുടെ സ്ഥാവര ജംഗമ വസ്തുക്കൾ വിശ്വാസികളുടെ കൺട്രോളിൽ ആകും. സമ്പത്തിൻറെ ദുരുപയോഗം കുറയും. എന്നാൽ പുരോഹിതർ അവരുടെ സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി പഠിപ്പിക്കുന്ന പല വിശ്വാസങ്ങൾക്കും അടിമകളായി തീർന്നിരിക്കുന്ന, പുരോഹിതർ ദൈവ പ്രതിപുരുഷരാണെന്നു വിശ്വസിക്കുന്ന, അവർ പറയുന്ന ആചാരാനുഷ്ടാനങ്ങളിലൂടെ സ്വർഗത്തിലേക്ക് പോകുവാൻ ഒരുങ്ങിയിരിക്കുന്ന വിശ്വാസികളെ കൺട്രോൾ ചെയ്യുവാൻ പുരോഹിതർക്ക് ഒരു പ്രയാസവും കാണില്ല. അതുകൊണ്ട് ട്രസ്റ്റ് ബിൻ എല്ലാത്തിനും ഒരു പരിഹാരമാണ് എന്നെനിക്കു തോന്നുന്നില്ല. കൂടാതെ മൂല്യങ്ങളിൽ വിശ്വസിക്കാത്ത സ്വാർത്ഥമതികളായ അൽമേനികൾക്കും സമ്പത്ത് ദുരുപയോഗം ചെയ്യുവാൻ ഒരു മടിയും കാണില്ല.

ജനങ്ങൾ സഭയുടെ സമ്പത്തിൻറെ മാത്രം ഉടമകൾ ആയാൽ പോരാ, സഭയുടെ മൊത്തം അധികാരം ജനങ്ങളിൽ ആയിരിക്കണം. അവരെ നയിക്കുന്നവരെ അവർ തെരഞ്ഞെടുക്കണം. അവരെ മാറ്റുവാനുള്ള അധികാരവും ജനങ്ങൾക്കുണ്ടാകണം. കേരള സഭയിൽ പള്ളിയോഗ നടപടികളിലൂടെ ഇങ്ങനെയൊക്കെ ഒരുകാലത്ത് നടന്നിരുന്നു. ഇന്നതല്ല നടക്കുന്നത്. എവിടെയോ ഇരിക്കുന്ന മെത്രാനും മാർപാപ്പയും അവരുടെ അധികാരം ജങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു. അവരുടെ ഏജൻറുമാരായി പ്രവർത്തിക്കുന്ന വൈദികരിൽ പലരും സത്യ സഭയെ നയിക്കുവാൻ യോഗ്യരല്ല. പക്ഷേ ജനങ്ങൾക്കു നോക്കുകുത്തിയായി നിൽക്കാനേ സാധിക്കുന്നുള്ളു. അതുകൊണ്ടാണ് ഫ്രാങ്കോ ബിഷപ്പിനും, റോബിനും, കൊക്കനും, സിസ്റ്റർ അഭയുടെ ഘാതകർക്കും സഭയുടെ സ്ഥാനങ്ങളിൽ തുടരുവാൻ സാധിക്കുന്നത്. പുരോഹിതന് യേശുവിൻറെ സ്ഥാനത്തു നിൽക്കണമെങ്കിൽ അവർ യേശു ചെയ്തതുപോലെ ചെയ്യണം. അതാണവരെ ദൈവ പ്രതിപുരുഷന്മാരാക്കുന്നത്. അതിനു സാധിക്കാത്തവരെ ദൈവജനത്തിനു സ്വീകരിക്കേണ്ട ആവശ്യമില്ല. പക്ഷേ ജനങ്ങളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു.
യേശു ബലി അർപ്പിച്ചതായോ അതിന് പുരോഹിതരെ നിയമിച്ചതായോ നമ്മൾ കാണുന്നില്ല. യേശു നിയമിച്ചത് ജനങ്ങളെ സേവിക്കുന്നവരെയാണ്.  പുരോഹിതർ ഉണ്ടാക്കി വച്ചിരിക്കുന്ന നിയമങ്ങളും ആചാരങ്ങളും ദൈവരാജ്യ സ്രഷ്ടിക്കു തടസ്സമായി നിൽക്കുന്നു. അവ ജനങ്ങളെ വഴി തെറ്റിക്കുന്നവയാണ്. പുരോഹിതരുടെ കല്പനകൾക്കു യാതൊരു വിലയുമില്ല എന്നുള്ളത് കോറോണവൈറസ് പരത്തിയ മഹാമാരി തെളിയിച്ചിരിക്കുകയാണ്.  പള്ളികൾ ഇന്ന് ശൂന്യമായി കിടക്കുന്നു. കുർബാനക്ക് ആളില്ല, കുമ്പസാരിക്കാൻ ആളില്ല, ആർഭാടവങ്ങളുള്ള മരിച്ചടക്കില്ല.  കല്യാണങ്ങൾ ലളിതമായി നടത്തുന്നു.  ഞാൻ കൂദാശകൾക്കോ ആചാരങ്ങൾക്കോ എതിരല്ല. പക്ഷേ അവ നൽകുന്ന സന്ദേശങ്ങൾക്കെതിരാണ്. കൂദാശകൾക്ക് അതിൽത്തന്നെ എന്തോ ശക്തിയുണ്ടെന്ന സന്ദേശം തെറ്റാണ്.  കൂദാശകളാണ് സ്വർഗത്തിലേക്കുള്ള വഴി എന്നുള്ള സന്ദേശം തെറ്റാണ്.  കൂദാശകളും ആചാരങ്ങളും സ്നേഹം വളർത്തുന്നത്തിന് ഉപകാരമായാൽ അതുകൊണ്ട് പ്രയോജനം ഉണ്ടാകും. പക്ഷേ ഇന്നത് നടക്കുന്നില്ല. കൂദാശകൾ പരികർമം ചെയ്യുന്നതാണ് ഏറ്റവും മഹത്തരമായ കാര്യമെന്ന് ജനങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നു. കുമ്പസാരമെന്ന കൂദാശയെ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനുപോലും ഉപയോഗിക്കുന്നു. ഈ ലോകത്തിലും അതിനു ശേഷവും, സ്വർഗം ലഭിക്കുവാൻ ഒരേ ഒരു മാർഗമേ ഉള്ളു. യേശു കൽപ്പിച്ച മാർഗം; യേശു ജീവിച്ചു കാണിച്ച മാർഗം - പരസ്പരം സ്നേഹിക്കുക, നമ്മുടെ സുഖങ്ങളും ദുഃഖങ്ങളും ജീവിത ഭാരങ്ങളും പരസ്പരം പങ്ക്‌ വെക്കുക, സത്യത്തിനു സാക്ഷ്യം വഹിക്കുക, നീതിക്കുവേണ്ടി ദാഹിക്കുക. അപ്പോൾ സ്വർഗം താനേ ഇറങ്ങി വരും.

കർത്താവെ കർത്താവെ എന്ന് വിളിക്കുന്നവനല്ല, ദൈവത്തിൻറെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത് എന്നാണ് യേശു നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ദൈവത്തിൻറെ ഇഷ്ട്ടം നമ്മൾ പരസ്പ്പരം സ്നേഹിക്കുക എന്നുള്ളതാണ്. പരസ്നേഹം വളർത്തുന്നതായിരിക്കണം നമ്മുടെ കൂട്ടായ്മകൾ. നമ്മൾ സമ്മേളിക്കുന്നത് അതിനു വേണ്ടിയായിരിക്കണം. എന്നാൽ അത് മാത്രം ഇന്ന് നടക്കുന്നില്ല. പുരോഹിതൻ ബലി അർപ്പിക്കുന്ന, കൂദാശകൾ പരികർമം ചെയ്യുന്ന വേദിയാണ്, നമ്മൾ കൂടുന്ന പള്ളികൾ. അവിടെ ജനങ്ങൾ പുണ്യവാന്മാരെ വണങ്ങുന്നു. അവരോട് പ്രാർത്ഥിച്ചും നേർച്ചകാഴ്ചകൾ അർപ്പിച്ചും വ്യക്തിപരമായ നേട്ടങ്ങൾ നേടിയെടുക്കുവാൻ ശ്രമിക്കുകയാണ്. അതുവഴി നമ്മുടെ സമ്പത്ത് പുരോഹിതരിലേക്കു വന്നു ചേരുന്നു. അതവർ അവരുടെ താല്പര്യങ്ങൾക്കുവേണ്ടി ചെലവഴിക്കുന്നു. അതുവഴി സ്വർഗരാജ്യം സ്രഷ്ടിക്കപ്പെടുന്നില്ല. അത്തരം വേദികൾ സ്നേഹം വളർത്തുന്നവകളാകണം; നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്ക് വെക്കുന്നവകളാകണം; സമൂഹത്തിൽ സത്യവും നീതിയും വളർത്തുവാനുള്ള മാർഗങ്ങൾ ആലോചിക്കുന്ന വേദികളായിത്തീരണം. എങ്കിൽ മാത്രമേ സ്വർഗരാജ്യം സ്രഷ്ടിക്കപ്പെടുകയുള്ളു. 

അങ്ങനെയുള്ള ഒരു ദൈവരാജ്യ സൃഷ്ടിയിലല്ല സഭാധികാരികൾ ഇന്നേർപ്പെട്ടിരിക്കുന്നത്. അവർ അവരുടെ അധികാരവും, സമ്പത്തും സ്ഥാനങ്ങളും ഉറപ്പിക്കുവാൻ നെട്ടോട്ടമോടുകയാണ്. അതിനു വേണ്ടിയുള്ള ദൈവ ശാസ്ത്രങ്ങളും പ്രബോധനങ്ങളും സഭാ നിയമങ്ങളും അവരുണ്ടാക്കിയിരിക്കുന്നു.  മാർപാപ്പയുടെ തെറ്റാവരവും, പുരോഹിതർ യേശുവിൻറെ പ്രതിപുരുഷരാണെന്നും, കൂദാശകൾ പ്രസാദവര സ്രോതസ്സുകളാണെന്നും ഒക്കെയുള്ള പഠിപ്പിക്കലുകൾ അതിനുവേണ്ടിയുള്ളതാണ്. ഇതൊക്കെ പുരോഹിതരുടെ മഹത്വവും അധികാരവും ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ഉഡായിപ്പുകളാണ്. അങ്ങനെ അവർ ജനങ്ങളെ വഴി തെറ്റിക്കുകയാണ്; ജനങ്ങളെ ചൂഷണം ചെയ്യുകയാണ്.

മാമോദീസ മുതൽ അന്ത്യ കൂദാശ വരെയുള്ള കൂദാശകളിൽ വിശ്വാസികളെ ഒതുക്കി നിർത്തിയിരിക്കുന്നു. മാമോദീസയിലൂടെ ഉത്ഭവ പാപം മോചിക്കപ്പെടുന്നു എന്ന് പഠിപ്പിക്കുന്നു. സ്ഥൈര്യലേപനത്തിലൂടെ പരിശുദ്ധാത്മാവ് എഴുന്നെള്ളി വരുന്നു എന്ന് പഠിപ്പിക്കുന്നു. അതും പ്രാവിൻറെ രൂപത്തിൽ. അതുകൊണ്ടാണ് ഈ അടുത്ത കാലത്ത് പ്രാവ് പള്ളിയിൽ വന്നത് സോഷ്യൽ മീഡിയായിൽ വലിയ വാർത്തയായത്.  ആദ്യകുർബാന സ്വീകരണ സമയത്ത് കുട്ടികളെ എന്തെല്ലാമാണ് പഠിപ്പിക്കുന്നത്? നാക്കെങ്ങനെയാണ് നീട്ടേണ്ടത് തിരുവോസ്തി കടിക്കാതെ എങ്ങനെയാണ് വിഴുങ്ങേണ്ടത് എന്നെല്ലാം പഠിപ്പിക്കുന്നതാണ് കുർബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങളിൽ പ്രധാനം. കാരണം തിരുവോസ്‌തി യേശുവിൻറെ ജീവനുള്ള തിരുശരീരമാണെന്നുള്ളതാണ് സഭയുടെ പ്രബോധനം, അതാണ് കുട്ടികളെ പഠിപ്പിക്കുന്നതും. അപ്പോൾ ഓസ്തിയെ കടിച്ചാൽ യേശുവിനു നോവില്ലേ!  മണ്ണും കല്ലുകൊണ്ടും പടുത്തുയർത്തിയിരിക്കുന്ന അംബര ചുംബികളായ കെട്ടിടങ്ങൾ എങ്ങനെ ദൈവാലയങ്ങളായി? അവ എങ്ങനെ കാലിത്തൊഴുത്തിൽ പിറന്ന ആശാരിചെറുക്കന്റെ ആലയങ്ങളായി? സക്രാരിയിൽ ഇരിക്കുന്ന തിരുവോസ്തി എങ്ങനെ ദൈവമായി? ഇത്തരം മൂഢ വിശ്വാസങ്ങളിൽ ജനങ്ങളെ തളച്ചിടാൻ പുരോഹിതർക്ക് എങ്ങനെ കഴിഞ്ഞു? മനുഷ്യന് ദൈവം നൽകിയിയിരിക്കുന്ന ബുദ്ധിയേയും യുക്‌തിയേയും ഉപയോഗിക്കുവാൻ അവനെന്തുകൊണ്ട് ഇത്രമാത്രം പരാജയപ്പെട്ടു! അത്രമാത്രം ബ്രെയിൻ വാഷ് ആണ് ഇവിടെ നടന്നിരിക്കുന്നത്! 

ഈ തിരുവോസ്തി സ്വർണക്കളറുള്ള അരുളിക്കയിൽ വച്ച് രാജകീയ വേഷഭൂഷാദികൾ അണിഞ്ഞു നിൽക്കുന്ന പുരോഹിതൻ ജനങ്ങളെ ആശിർവദിക്കുമ്പോൾ ജനങ്ങൾ ഭയഭക്തിയിൽ മുഴുകി കൂടുതൽ ചൂഷണത്തിന് മെരുക്കപ്പെടുന്നു. അതുകൊണ്ടും മെരുങ്ങാത്തവരെ ധ്യാന ഗുരുക്കന്മാരും കരിസ്മാറ്റിക് ധ്യാന കേന്ദ്രങ്ങളും മെരുക്കിയെടുക്കും. ഇതുകൊണ്ടൊക്കെ സ്വർഗരാജ്യമല്ല സൃഷ്ടിക്കപ്പെടുന്നത്. അരാജകത്വവും അന്ധവിശ്വാസവും വളരുന്നു; ചൂഷണം വർദ്ധിക്കുന്നു. ഇതൊക്കെ മാറണമെങ്കിൽ മൂല്യങ്ങളിൽ അധിഷ്ഠിതമായ മാറ്റങ്ങൾ ഉണ്ടാകണം.

യേശു പഴയ നിയമങ്ങളെ മാറ്റി എഴുതി. പഴയ നിയമത്തിലെ യഹൂദരുടെ ദൈവമായ യഹോവയും പുതിയ നിയമത്തിലെ യേശുവിൻറെ പിതാവായ ദൈവവും തമ്മിൽ യാതൊരു സാമ്യവുമില്ല എന്നുള്ളതാണ് വാസ്തവം. കണ്ണിനു കണ്ണ്, പല്ലിന് പല്ല് എന്ന പഴയ നിയമത്തിനു പകരം ഒരു ചെകിട്ടത്തടിച്ചാൽ മറു ചെകിടും കാണിച്ചു കൊടുക്കുക, ശത്രുക്കളെ പോലും സ്നേഹിക്കുക എന്നാണ് യേശു പഠിപ്പിച്ചത്. പുതിയ നിയമം അവസാനത്തെ വാക്കല്ല. മാറ്റങ്ങൾ ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു. പരസ്പരസ്നേഹമാണ് യേശു വിഭാവനം ചെയ്ത ദൈവരാജ്യത്തിൻറെ അടിസ്ഥാനം. അതിന് അനുസൃതമല്ലാത്ത എല്ലാ നിയമങ്ങളും മാറ്റിയെഴുതണം. സ്നേഹമാണ് എല്ലാം എന്നാണ് പൗലോസ് ശ്ലീഹ കോറിന്തോസ്കാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ പറയുന്നത്.

വാസ്തവത്തിൽ ലോകം മുഴുവൻ ദൈവ രാജ്യ സ്രഷ്ട്ടിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ലോകത്തുണ്ടായ എല്ലാ സിദ്ധാന്തങ്ങളും തന്നെ അതിനുവേണ്ടിയാണ്. കലാകാലങ്ങളിൽ ജനിച്ച നവോത്ഥാന നായകർ അതിനുവേണ്ടിയാണ് ശ്രമിച്ചത്, ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യേശു വിഭാവനം ചെയ്തത് അടിമത്വമല്ല, വിമോചനമാണ്. സമത്വത്തിൽ അധിഷ്ഠിതമായ, സത്യത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹ്യ ക്രമം ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. യേശു വിഭാവനം ചെയ്ത ഭൂമിയിലെ ദൈവരാജ്യം അതാണ്.
വാസ്തവത്തിൽ ദൈവരാജ്യ സ്രഷ്ട്ടിക്കു പുരോഹിതസഭ ഒരു വിഘാതമായി നിൽക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. അതിൻറെ ഏറ്റവും നല്ല ഒരു ഉദാഹരണം അമേരിക്കൻ ചരിത്രമാണ്. അമേരിക്കൻ ഭരണ ഘടനയുടെ അടിസ്ഥാന തത്വം ‘Every man is created equal’ എന്നുള്ളതാണ്. അതിൻറെ അർത്ഥം എല്ലാവരും തുല്യരാണെന്നുള്ളതാണ്. എന്നാൽ എല്ലാവരും തുല്യരായിരുന്നോ? അല്ല. ഒരു വിഭാഗം വളരെ കാലം അടിമകളായിരുന്നു. സ്ത്രീകൾ പുരുഷ മേധാവിത്വത്തിനടിമകളായിരുന്നു. അവർക്ക് വോട്ടവകാശം പോലുമില്ലായിരുന്നു. വെളുത്ത വർഗക്കാരല്ലാത്തവർക്ക് തുല്യനീതിയും വോട്ടവകാശവും കിട്ടിയിട്ട് അധികം കാലമായിട്ടില്ല. LGBT കമ്മ്യൂണിറ്റിക്ക് തുല്യാവകാശം ഇപ്പോൾ മാത്രമാണ് കിട്ടിയത്. എല്ലാവരും തുല്യരാണെന്നത് അടിസ്ഥാന തത്വമാണെങ്കിലും അത് പലർക്കും നിഷേധിക്കപ്പെടുന്നു. അത് ഉറപ്പിച്ചു നിർത്തുവാനുള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ടായിരിക്കണം. അതല്ലെങ്കിൽ സ്വാർത്ഥമതികൾ അത് തട്ടിപ്പറിക്കും. സഭയിലും സംഭവിച്ചിരിക്കുന്നത് അതാണ്. പരസ്നേഹത്തിലധിഷ്ടിതമായ ഒരു സാമൂഹ്യ ക്രമമാണ് യേശു വിഭാവനം ചെയ്ത സ്വർഗരാജ്യമെങ്കിലും പരസ്നേഹം മാത്രം ഇന്ന് സഭയിലില്ല. ഒരു കൂട്ടർ വേറൊരു ജനതയെ അടിമകളാക്കിയപ്പോൾ സഭ എതിർത്തോ? ഇല്ല. അവരെ മാറ്റി നിർത്തിയപ്പോൾ സഭ എതിർത്തോ? ഇല്ല. അവർക്കു നീതി നിഷേധിച്ചപ്പോൾ സഭ എതിർത്തോ? ഇല്ല. അവരൊക്കെ ക്രിസ്ത്യാനികളായിരുന്നു എന്നുള്ളതാണ് ദുഃഖകരമായ സത്യം. സഭാധികാരികൾ നീതി നിഷേധകരോടൊത്ത് തങ്ങളുടെ സ്ഥാനമാനങ്ങൾക്കു കോട്ടം തട്ടാതെ നോക്കുകയായിരുന്നു. അവർക്ക് യാതൊരു നീതിബോധവും ഇല്ലായിരുന്നു. പരസ്നേഹത്തിൽ അധിഷ്ഠിതമായ യേശുവിൻറെ സത്യസഭ എത്രമാത്രം ആഴമുള്ള ഗർത്തത്തിലേക്കാണ് വീണിരിക്കുന്നത് എന്നുള്ളതിൻറെ ഉദാഹരമാണ് ക്രിസ്ത്യാനികൾ അടിമക്കച്ചവടം നടത്തിയെന്നുള്ള തും, അടിമ വ്യവസ്ഥിതിയെ നിലനിർത്തുവാൻ അവർ ആഭ്യന്തര യുദ്ധം ചെയ്തു എന്നുള്ള തും. പുരോഹിതരുടെ കൂദാശകളിൽ അവർ പങ്കെടുത്തപ്പോഴും ആചാരങ്ങൾ നടത്തിയപ്പോഴും മറ്റുള്ളവരെ തന്നെപ്പോലെ സ്നേഹിക്കണമെന്ന യേശുവിൻറെ സന്ദേശം അവർക്കു കിട്ടിയില്ല.  എന്നാൽ വേറൊരു ക്രിസ്ത്യാനി, റവ. മാർട്ടിൻ ലൂതർ കിംഗ്, അമേരിക്കൻ ജനതയെ, ക്രിസ്ത്യൻ സമൂഹത്തെ, അമേരിക്കൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലേക്കും യേശു പഠിപ്പിച്ച സനാതന സന്ദേശങ്ങളിലേക്കും തിരിച്ചു പോകുവാൻ ആഹ്വാനം ചെയ്തു, അവരെ വിമോചനത്തിലേക്ക് നയിച്ചു.  അതാണ് സഭാ നവീകരണക്കാർ ആവശ്യപ്പെടുന്നതും, അതിനാണ് ശ്രമിക്കുന്നതും.

സഭക്ക് പുറത്തുള്ള ശക്തികൾ ഇന്ന് സഭയെ തിരുത്തുവാൻ ശ്രമിക്കുകയാണ്. സമൂഹത്തിലെ അനീതികൾ അവസാനിപ്പിക്കുന്നതിന് സഭ ശ്രമിക്കുന്നതിനു പകരം സഭയിലെ അനീതികൾ അവസാനിപ്പിക്കുവാൻ സാമൂഹ്യ സംവിധാനങ്ങൾ ഉപയോഗിക്കപ്പെടുകയാണ്. സ്നേഹവും സ്വാർത്ഥതയും തമ്മിലുള്ള സംഘടനമാണ് ഇന്ന് നടക്കുന്നത്. അത് എന്നും നടക്കും. സ്വാർത്ഥത തലപൊക്കുക ഇല്ലാത്ത രീതിയിൽ സാമൂഹ്യ സംവിധാനങ്ങൾ ഉണ്ടാകണം. അതിന് ഓരോ കാലത്തും ഓരോ പരീക്ഷണങ്ങളിലൂടെ ലോകം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.  സ്വാർത്ഥത എങ്ങനെ കുറക്കാം, സ്‌നേഹം എങ്ങനെ വളർത്താം എന്നുള്ളതാണ് പള്ളികളിലും പള്ളിയോഗങ്ങളിലും ചർച്ച ചെയ്യപ്പെടേണ്ടത്.  മനുഷ്യ സമത്വത്തിന് ഇന്ന് ലോകം മുഴുവൻ ദാഹിക്കുകയാണ്. പക്ഷേ പള്ളിക്കകത്ത് അത് കാണുന്നില്ല.

പുരോഹിതരുണ്ടാക്കിയ പാരലൽ തത്വങ്ങളിലൂടെയാണ് ഇന്ന് സഭ പൊയ്കൊണ്ടിരിക്കുന്നത്. പുരോഹിതർ സർവവും കയ്യടക്കി വച്ചിരിക്കുകയാണ്. അവരുടെ നിയമങ്ങളാണ് നടക്കുന്നത്. ആ നിയമങ്ങൾക്ക് വിധേയമാകാൻ ജനങ്ങളെ ബ്രെയിൻ വാഷ് ചെയ്തും സഭാ സംവിധാനങ്ങൾ ഉപയോഗിച്ചും പാകപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടിട്ടും, അവർ പീഡിപ്പിക്കപ്പെട്ടിട്ടും ജനങ്ങൾ പ്രതികരിക്കാത്തത്. കൂട്ടത്തിലുള്ള കന്യാസ്ത്രീകൾ പോലും പീഡകരോടൊത്തു നിൽക്കുന്നത്. അവരെ രക്ഷിക്കുവാൻ കള്ളസാഷ്യം പോലും പറയുവാൻ തയ്യാറാകുന്നത്. അതിനു തയാറാകാത്തവരെ നശിപ്പിക്കുവാൻ പോലും പുരോഹിതരും മേലാളന്മാരും തയാറാകുന്നത്. കേരളത്തിലെ സിസ്റ്റർ ലൂസി കളപ്പുരക്കും ഫ്രാങ്കോ ബിഷപ്പ് പീഡിപ്പിച്ച കന്യാസ്ത്രീകൾക്കും ഉണ്ടായിരിക്കുന്ന അനുഭവമതാണ്. മരണ ശേഷമുള്ള സ്വർഗ്ഗരാജ്യമെന്ന മോഹന വലയത്തിൽ എല്ലാവരേയും ബന്ധിച്ചിട്ടിരിക്കുകയാണ്. ഇതിൽനിന്നു മോചനം വേണമെങ്കിൽ ജനങ്ങളെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ച് അവരുടെ അവകാശങ്ങളേപറ്റി ബോധവാന്മാരാക്കേണ്ടിയിരിക്കുന്നു.  ബന്ധിതർക്ക് മോചനവും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും ഇന്നും പ്രഖ്യാപിക്കപ്പെടണം. യേശുവിനെ കുരിശിൽ തറച്ച പുരോഹിത വർഗം അതത്ര എളുപ്പം അനുവദിക്കുമെന്ന് തോന്നുന്നില്ല.

സഭയിലും സമൂഹത്തിലും എല്ലാവർക്കും തുല്യ നീതിയുണ്ടായിരിക്കണം. വർഗ, വർണ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യ നീതിയുണ്ടാകണം. എല്ലാവർക്കും തുല്യ നീതിയില്ലെങ്കിൽ പരസ്പ്പരം സ്നേഹിക്കുക എന്നുള്ള കൽപ്പന അതിൻറെ പൂർണ അർത്ഥത്തിൽ നടപ്പാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. പരസ്പരം സ്‌നേഹിക്കുമ്പോൾ അവിടെ വർഗ്മില്ല, വർണ്മില്ല, ജാതിയില്ല, മതമില്ല, അധികാരത്തിനുള്ള വടംവലിയുമില്ല. ഈശ്വര വിശ്വാസിയും നിരീശ്വരവാദിയും തമ്മിൽ യാതൊരു വ്യതാസവുമില്ല. എല്ലാവരും പരസ്നേഹത്തിൻറെ ഭാഗമാകുമ്പോൾ സഭ തന്നെ ആവശ്യമില്ല. അങ്ങനെ സ്വർഗസുന്ദരമായ ഒരു പുതിയ ഭൂമിയെ സൃഷ്ടിക്കുവാൻ നമുക്കൊന്നിക്കാം.


Join WhatsApp News
Mr DNA 2020-09-13 22:29:21
HA, HA
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക