Image

മസിൽകാർ (ചെറുകഥ: സാംജീവ്)

Published on 13 September, 2020
മസിൽകാർ (ചെറുകഥ: സാംജീവ്)
കുട്ടൻ ഗുരുപാദം വിദ്യാപീഠത്തിൽ പത്താംതരത്തിൽ പഠിക്കന്നു. കുട്ടൻ പഠിക്കാൻ മിടുക്കനാണ്. പട്ടണത്തിലെ അറിയപ്പെടുന്ന വിദ്യാലയമാണ് ഗുരുപാദം വിദ്യാപീഠം. ധനവാന്മാരുടെ കുട്ടികൾക്കേ ഗുരുപാദത്തിൽ പഠിക്കാൻ പറ്റൂ. ഒരുകൊല്ലത്തെ ട്യൂഷൻഫീസുതന്നെ ലക്ഷത്തിലധികമാകും. പിന്നെ അല്ലറചില്ലറ ഫീസും.
ഗുരുപാദത്തിൽ പഠിക്കുന്നത് ചില്ലറ കാര്യമല്ല.
അതു പ്രസ്റ്റീജാണ്.
അന്തസ്സാണ്.
പത്താംതരമാകുമ്പോഴേയ്ക്കും കുട്ടികൾ വെള്ളമൊഴുകുമ്പോലെ ഇംഗ്ലീഷ് സംസാരിക്കും; സംസാരിക്കണം.
ഇംഗ്ലീഷ് രാജഭാഷയല്യോ? അതിന്റെ ആഢ്യത്വം മലയാളത്തിനുണ്ടോ?
ഗുരുപാദത്തിലെ കുട്ടികൾ നാളെ ഭരണകർത്താക്കളായി മാറും, മാറണം.
നാളത്തെ ഐ.എ.എസുകാർ
നാളത്തെ ഐ.പി.എസുകാർ
കമ്പനി ഡയറക്ടറന്മാർ
ഡാക്ടറന്മാർ, ശാസ്ത്രജ്ഞന്മാർ
ഇവരെയൊക്കെ വാർത്തെടുക്കുന്ന വിദ്യാലയമാണ് ഗുരുപാദം വിദ്യാപീഠം. അവിടെ പഠിക്കുന്ന കുട്ടികൾ രാജഭാഷ സംസാരിക്കണം.
രാജഭാഷ സംസാരിക്കുന്നവന് രാജകലയുണ്ടാവും.


ഗുരുപാദത്തിലെ കുട്ടികളെല്ലാം കാറിൽ വരുന്നു, കാറിൽ പോകുന്നു.
ബസ്സിൽ വരുന്നതു കുറച്ചിലല്ലേ?
അതു വല്ല സർക്കാർ പള്ളിക്കൂടത്തിലെയോ ഗ്രാന്റുപള്ളിക്കൂടത്തിലെയോ കുട്ടികൾക്കേ പറ്റൂ.
അവിടൊക്കെ സമരമുണ്ടുപോലും.
ഛേ, ഛേ.. സമരമോ?
അതൊക്കെ നാണക്കേടല്ല? നല്ല വീട്ടിലെ കുട്ടികൾ സമരത്തിനു പോവുകയില്ല.
ഒരു സങ്കടമേയുള്ളു.
ഇന്നത്തെ സമരക്കാരാണ് നാളത്തെ മന്ത്രിമാർ.
രാഷ്ട്രീയക്കാർ ഭരണകർത്താക്കളാകും.
അവർ ഐഎഎസുകാരന്റെയും ഐപിഎസുകാരന്റെയും മുകളിൽ.
ഒരു വാചകം ഇംഗ്ലീഷ് പറയാനറിയാത്തവൻ മന്ത്രി.
ഐഎഎസ് അവന്റെ സെക്രട്ടറി.
എന്തൊരു മറിമായം..
എന്തൊരു ദുര്യോഗം..


മീനു പത്താംതരത്തിലാണ്. ഗുരുപാദത്തിൽ പഠിക്കുന്നു. കുട്ടന്റെ ക്ലാസ്മേറ്റാണ്. മീനുവിനു നല്ല ചന്തമുണ്ട്. മീനു പ്രസംഗിക്കും. മീനു വാതോരാതെ സംസാരിക്കും. കുട്ടനു മീനുവിനെ ഇഷ്ടമാണ്. മീനുവിനെ ആരും ഇഷ്ടപ്പെടും. മീനു സ്മാർട്ട് ആണ്. വെരി വെരി സ്മാർട്ട്.

കുട്ടന് സ്ക്കൂളിലേയ്ക്ക റൈഡ് കൊടുക്കുന്നത് മ്സ്. സേറാ ചെമ്പിൽ ആണ്, കുട്ടന്റെ അമ്മ. മിസ്സസ് സാറാ മത്തായി എന്ന് ചിലർ വിളിക്കും. പക്ഷേ മ്സ്. സേറാ ചെമ്പിൽ എന്നു വിളിക്കപ്പെടാനാണ് അവർക്കിഷ്ടം. അതിനു അവർ പറയുന്ന ന്യായമിതാണ്.
മിസ്റ്റർ എന്ന ഇംഗ്ലീഷ് പദത്തിന് തുല്യമായ ഒരു സ്ത്രീലിംഗപദമുണ്ടോ?
മിസ് എന്നോ മിസ്സസ് എന്നോ പറയാമല്ലോ.
പക്ഷേ ആ പദങ്ങളിൽ ഒരു പുരുഷ മേധാവിത്വത്തിന്റെ നിഴൽ പടർന്നിട്ടില്ലേ?
പേരിനു മുമ്പിൽ മിസ് വന്നാൽ ആ വനിത അവിവാഹിതയാണ്.
മ്സ്സസ് വന്നാൽ അവർ വിവാഹിതയാണെന്നർത്ഥം.
മിസ് മേനോൻ എന്നു വിളിച്ചാൽ മേനോന്റെ  അവിവാഹിതയായ മകളെന്നർത്ഥം..
മിസ്സസ് മേനോൻ, മേനോന്റെ ഭാര്യയാണ്.
എല്ലായിടത്തും മേനോൻ പടർന്നുപന്തലിച്ചു നില്ക്കുകയാണ്. പുരുഷമേധാവിത്തം തന്നെ. അല്ലാതെന്താ?
അവിടെയാണ് മ്സ് എന്ന പദത്തിന്റെ പ്രസക്തി. ഇംഗ്ലീഷിൽ Ms. എന്നെഴുതാം. ഇംഗ്ലീഷ് ഭാഷയുടെ ഒരു മറിമായം നോക്കണേ..
അതു രാജകീയഭാഷയല്യോ!


കുട്ടന്റെ വീട്ടിൽ കാറുകൾ പലതുണ്ട്. പല മുന്തിയതരം കാറുകൾ.
മ്സ് സേറാ ചെമ്പിൽ കുട്ടനെ സ്ക്കൂളിൽ കൊണ്ടുവിടുന്നതും കൊണ്ടുവരുന്നതും ബൻസ്കാറിലാണ്. ബൻസ്കാർ മസിൽകാറാണ്. അതിനു ശക്തിയുണ്ട്, ഭംഗിയുമുണ്ട്.
കുട്ടൻ കാശൊള്ള വീട്ടിലെയാണെന്ന് മറ്റുകുട്ടികൾ അറിയണ്ടേ?
കുട്ടികൾക്ക് കുട്ടനെ ബഹുമാനമാണ്.
അദ്ധ്യാപകർക്കും കുട്ടനോട് പ്രത്യേക സ്നേഹമാണ്.
കുട്ടന്റെ മമ്മി മ്സ് സേറാ ചെമ്പിൽ സുന്ദരിയാണ്.
മസിൽകാർ ഡ്രൈവുചെയ്യുന്ന സുന്ദരി.

മീനുവിന്റെ വീട്ടിലും കാറുണ്ട്. മാരുതികാർ. മാരുതികാർ മസിൽകാറല്ല.
മീനുവിന് റൈഡ് കൊടുക്കുന്നത് രാജൻസാറാണ്, മീനുവിന്റെ അച്ഛൻ.
രാജൻസാർ പോലീസ് ആപ്പീസറാണ്, സർക്കിൾ ഇൻസ്പെക്ടർ.
സർക്കിൾ ഇൻസ്പെക്ടർ സ്ഥലത്തെ ദിവ്യനാണ്. ആരെയും അടിക്കാനും ഇടിക്കാനും അധികാരമുള്ളയാളാണ് സർക്കിൾ ഇൻസ്പെക്ടർ.
രാജൻസാറിന് മസിൽകാറില്ല, പക്ഷേ മസിലുണ്ട്.
ഒരു സർക്കിൾ ഇൻസ്പെക്ടർക്ക് വ്യായാമം ചെയ്ത് തരപ്പെടുത്തിയ പേശികളുണ്ടാവണം.
രാജൻ സാറിന് ശക്തമായ മസിലുകളുണ്ട്.

രാജൻ സാറിന് മസിൽകാർ ഇഷ്ടമാണ്, വളരെ ഇഷ്ടം.
മ്സ് സേറയുടെ മസിൽകാറിലേയ്ക്ക് രാജൻസാർ നിമിഷങ്ങൾ നോക്കിനില്ക്കും.


ഒരിക്കൽ മീനുവിനെ ഗുരുപാദം സ്ക്കൂളിൽനിന്നും വീട്ടിലേയ്ക്കുകൊണ്ടുപോകാൻ വന്നത് ലക്ഷ്മിമാഡമായിരുന്നു, മീനുവിന്റെ അമ്മ. അവർ ആട്ടോറിക്ഷയിലാണ് വന്നത്. അതിന്റെ ജാള്യത അവരുടെ മുഖത്തുണ്ടായിരുന്നു. ഗുരുപാദത്തിലെ കുട്ടികൾ ആട്ടോറിക്ഷയിൽ സഞ്ചരിക്കാറില്ല. നാളത്തെ ഐ.എ. എസും ഐ.പി. എസു കാരുമാണവർ. എല്ലാവർക്കും വീട്ടിൽ കാറുണ്ട്. ചിലരുടെ വീടുകളിൽ രണ്ടോ മൂന്നോ കാറുകൾ. പക്ഷേ രാജൻസാറിന്റെ വീട്ടിൽ ഒരു കാറേയുള്ളു. അതു തകരാറിലായാൽ ആട്ടോറിക്ഷയാണ് ശരണം. രാജൻ സാർ ബിസിനസ്സുകാരനല്ല; വെറും സർക്കാർ ഉദ്യോഗസ്ഥൻ മാത്രമാണ്.
മ്സ് സേറാ ചെമ്പിൽ ചോദിച്ചു.
“മീനുവിന്റെ മമ്മിയാണ്, അല്ലേ? ഞാൻ സേറാ ചെമ്പിൽ.
കാറില്ല; അല്ലേ? ഞാൻ റൈഡ് തരാം.”
ലക്ഷ്മിമാഡം അതിന് മറുപടി പറഞ്ഞില്ല. അവർ മ്സ് സേറാ ചെമ്പിലിന്റെ മുഖത്തേയ്ക്ക് നോക്കിയതുമില്ല. മ്സ് സേറാ ചെമ്പിലിന്റെ മുഖം മ്ലാനമായി.
ഒരു സുന്ദരി മറ്റൊരു സുന്ദരിയെ ഇഷ്ടപ്പടില്ല. പോരെങ്കിൽ ലക്ഷ്മിമാഡം സർക്കിൾ ഇൻസ്പെക്ടറുടെ ഭാര്യയുമാണ്. 

മീനുവിന്റെ മുഖവും മ്ലാനമായി. ആട്ടോറിക്ഷായിൽ വീട്ടിലേക്കു പോകുമ്പോൾ അവൾ അമ്മയോടു ചോദിച്ചു.
“അമ്മയെന്താ കുട്ടന്റെ മമ്മിയോട് മിണ്ടാഞ്ഞത്? മോശമായിപ്പോയി.”
“പിന്നെ, അവളു പോലീസ് സൂപ്രണ്ടിന്റെ ഭാര്യയാണോ ഞാനവളോട് മിണ്ടാൻ?”
“പോലീസ് സൂപ്രണ്ടിന്റെ ഭാര്യയോട് മാത്രമേ സർക്കിൾ ഇൻസ്പെക്ടരുടെ ഭാര്യ മിണ്ടുകയുള്ളോ”
മീനു അവളുടെ നീരസം പ്രകടിപ്പിച്ചു.
“ആ മരംകേറി സാറായെ എനിക്കറിയാം. എന്നെക്കാൾ രണ്ടുമൂന്നുകൊല്ലം സീനിയറായി ഹൈസ്ക്കൂളിൽ പഠിച്ചിരുന്നതാ. ഹൈസ്ക്കൂൾ ജയിച്ചോയെന്നുതന്നെ സംശയമാ. അന്നേ അവളു മതിലുചാടാൻ മിടുക്കിയാ..”
“മതിലുചാടുന്നതു കുറവാണോ? ചുണയുള്ള പെമ്പിള്ളാർ മതിൽചാടും. അവർ ഓട്ടത്തിനും ചാട്ടത്തിനുമൊക്കെ, ഐ മീൻ, സ്പോർട്ട്സ്, മിടുക്കരായിരിക്കും. ആ ടാലന്റ് ആയിരിക്കാം കുട്ടനു കിട്ടിയത്. അവൻ സ്ക്കൂളിലെ ബസ്റ്റ് അതലറ്റാണ്. അമ്മയുടെ മനസ്സു നിറയെ അസൂയയാണ്”
ലക്ഷ്മിമാഡം പറഞ്ഞതിന്റെ വ്യംഗ്യാർത്ഥം മീനുവിനു മനസ്സിലായില്ല. മീനുവിനിറെ ഉത്തരം കേട്ട് ആട്ടോറിക്ഷാ ഓടിച്ചുകൊണ്ടിരുന്ന ചെല്ലപ്പൻ പൊട്ടിച്ചിരിച്ചു.
“പോടി പൊട്ടിപ്പെണ്ണേ. ദേണ്ടേ, ഇയാളുപോലും ചിരിക്കുന്നു. നിന്നോട് കൂടുതലൊന്നും ഞാൻ പറയുന്നില്ല. അവളുടുത്തിരുന്ന സാരി നീ കണ്ടോ?”
“ഞാൻ ശ്രദ്ധിച്ചില്ല.” മീനു.
“സിൽക്കു കസവു ബ്ലന്റാ, കാഞ്ചീപുരം. അമ്പതിനായിരം രൂപയെങ്കിലും വിലവരും. അല്ല, ഞാനറിയാണ്ടു ചോദിക്കുവാ. ഇവൾക്കതിനൊള്ള കാശെവിടുന്നാ? ഒരു സർക്കിൾ ഇൻസ്പെക്ടറുടെ ഭാര്യയായ എനിക്ക് അതുപോലെയൊന്നില്ല.”
“അമ്മേ കുട്ടന്റെ ഡാഡി വലിയ ബിസിനസ്സുകാരനാ. അവർക്ക് ഇഷ്ടംപോലെ കാശൊണ്ട്. അതു പോലാണോ വെറുമൊരു സർക്കാരുദ്യോഗസ്ഥനായ എന്റെ അച്ഛൻ?”
“വെറുമൊരു സർക്കാരുദ്യോഗസ്ഥനോ? നിന്റച്ഛൻ സർക്കിൾ ഇൻസ്പെക്ടറാ. നിന്റച്ഛൻ വിചാരിച്ചാൽ വിചാരിക്കുന്ന കാശ് വീട്ടിൽവരും.”
“യു മീൻ ബ്രൈബ്? അതുപോലാണോ കുട്ടന്റെ ഡാഡി കാശൊണ്ടാക്കുന്നത്? അദ്ദേഹം അദ്ധ്വാനിക്കുന്നു, ബുദ്ധിപൂർവ്വം ബിസിനസ്സ്ചെയ്ത് കാശൊണ്ടാക്കുന്നു.”
“അക്കാര്യമൊന്നും നീ എന്നോട് വിളമ്പണ്ട. ഇവളുടെ അപ്പൻ പാട്ടത്തോമായ്ക്ക് ആക്രിക്കച്ചവടമായിരുന്നു. അയാളുടെ കടയിൽ വേലയ്ക്കു നിന്നതാ ഇവളുടെ കെട്ടിയോൻ ചെമ്പുമത്തായി. ഇപ്പോഴത്തെ മത്തായി ചെമ്പിൽ.”
“ഒരിക്കൽ കറന്റാപ്പീസുകാരുടെ ചെമ്പുകമ്പി മോട്ടിച്ചുവിറ്റതിന് അയാളെ പോലീസ് പിടിച്ചിട്ടുമൊണ്ട്.”  ആട്ടോറിക്ഷാ ഡ്രൈവർ ചെല്ലപ്പനും സംഭാഷണത്തിൽ പങ്കുചേർന്നു.
വീട്ടിൽ ചെന്നയുടനെ ലക്ഷ്മിമാഡം മകൾക്ക് താക്കീതു നല്കി.
“കുറെ നേരമായി ഞാൻ കേൾക്കുന്നു, കുട്ടന്റെ മമ്മി, കുട്ടന്റെ ഡാഡി. ഈ കുട്ടൻ നിന്റെയാരാ? നസ്രാണിച്ചെറുക്കനുമായി അത്ര അടുപ്പമൊന്നും വേണ്ടാ.”
“ഞാൻ എന്റെ ഇഷ്ടം പോലെ ചെയ്യും.”
മീനു ചാടിത്തുള്ളി അവളുടെ മുറിയിലേക്കു പോയി. മീനാക്ഷി മാഡത്തിന്റെ മനസ്സിൽ ഒരു വെള്ളിടി മിന്നി. അവർ ആത്മഗതമെന്നോണം പറഞ്ഞു.
“ഒരു രംഭ നടക്കുന്നു, അണിഞ്ഞൊരുങ്ങി, ബൻസുകാറും ഓടിച്ച്. പുതിയ വലയുമായിട്ട്. അവളുടെ വലയിൽ ആരൊക്കെ വീഴുമെന്നാർക്കറിയാം!” ലക്ഷ്മിമാഡത്തിന്റെ മനസ്സിൽ വീണ്ടും വെള്ളിടി മിന്നി.

ഗുരുപാദം വിദ്യാപീഠത്തിൽ വച്ച് മസിൽകാറിലേയ്ക്കു നോക്കിനില്ക്കുന്ന രാജൻ സാറിനോട് മ്സ് സേറാ ചെമ്പിൽ പറഞ്ഞു.
“ഞാൻ ലക്ഷ്മി മാഡത്തെ കണ്ടിരുന്നു.”
“മീനു പറഞ്ഞു.” രാജൻസാർ താണ ശബ്ദത്തിൽ മറുപടി പറഞ്ഞു. അയാൾ മ്സ് സേറയുടെ മുഖത്തേയ്ക്കു നോക്കിയില്ല.
സർക്കിൾ ഇൻസ്പെക്ടർ മസിൽകാറിൽ ശ്രദ്ധ കേന്ദ്രീകരികരിക്കുന്നതായി ഭാവിച്ചു.
“എന്താ രാജൻസാർ എന്റെ കാറിലേയ്ക്കു സൂക്ഷിച്ചുനോക്കുന്നത്? ഇഷ്ടപ്പെട്ടോ?” മ്സ് സേറാ ചോദിച്ചു.
“എനിക്കു മസിൽകാർ ഇഷ്ടമാണ്.”
“ഒന്നു ഡ്രൈവ് ചെയ്ത് നോക്കുന്നോ?”
സർക്കിൾ ഇൻസ്പെക്ടർ മുഖമുയർത്തി മ്സ് സേറാ മാഡത്തെ നോക്കി. അവളുടെ കവിളിലെ നുണക്കുഴികൾ തെളിഞ്ഞുവന്നു.
“വിഷമമില്ലെങ്കിൽ ആകാം.”
മ്സ് സേറാ ചെമ്പിൽ മസിൽകാറിന്റെ താക്കോൽ സർക്കിൾ ഇൻസ്പെക്ടർ രാജൻസാറിന്റെ കൈകളിലേയ്ക്ക് എറിഞ്ഞുകൊടുത്തു.
സർക്കിൾ ഇൻസ്പെക്ടറുടെ മസിലുള്ള കൈകൾ മസിൽകാറിന്റെ ചക്രം തിരിച്ചു.

Join WhatsApp News
Prathapachandran 2024-02-08 16:10:11
വ്യത്യസ്തമായ അവതരണ ശൈലി നന്നേ ബോധിച്ചു. ഇനിയും എഴുതുക. ഭാവനകൾക്കു ചിറകുവിടരട്ടെ....🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക