image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

പാമ്പും കോണിയും - നിർമ്മല - നോവൽ - 11

SAHITHYAM 13-Sep-2020
SAHITHYAM 13-Sep-2020
Share
image
ഭാര്യ ചിത്രം വരയ്ക്കുന്നതിലോ പെയിന്റു ചെയ്യുന്നതിലോ വിജയനു വിരോധമില്ല. എന്നാൽ വീട്ടിലെ പണികളും അയാളുടെ ആവശ്യങ്ങളും കഴിഞ്ഞു കിട്ടുന്ന സമയത്തായിരിക്കണം എന്നു മാത്രം. പെയിന്റിന്റെ മണവും നേരത്തിനു കിട്ടാത്ത ഭക്ഷണവും വിജയനെ ചൊടിപ്പിക്കും. 
ചിത്രം വരയ്ക്കാനും ആകാശം കാണാനും മാത്രം ഇഷ്ടമുള്ളവർ വിവാഹ ജീവിതം തിരഞ്ഞെടുക്കരുത്.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
വന്നവരുടെ കഥ
നിർമ്മലയുടെ പാമ്പും കോണിയുംകളി തുടരുന്നു..
     ........           .......
ലളിതയുടെ മനസ്സ് എത്ര ശ്രമിച്ചിട്ടും മരുന്നുകളിൽ ചേർന്നു നിന്നില്ല. എല്ലാം ഇട്ടെറിഞ്ഞങ്ങു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് അവളുടെ മനസ്സ് പിറുപിറുത്തു കൊണ്ടിരുന്നു. പ്രിസ്ക്രിപ്ഷനുകളോട് അവൾക്ക് പതിവില്ലാത്തൊരു പക തോന്നി. ഫാർമസി അസിസ്റ്റന്റിനെ പണി ഏൽപ്പിക്കാം. പക്ഷേ, ഫാർമസി ഇൻ ചാർജ്ജ് എന്ന നിലയിൽ പിഴകൾക്ക് സമാധാനം പറയേണ്ടിവരും.
പുറത്ത് നഗരം ജൂലൈ വെയിലിൽ കുളിച്ചു കിടക്കുകയായിരുന്നു. ഫാർമസിക്കുള്ളിലെ എയർകണ്ടീഷനറിന്റെ അധികമായ തണുപ്പിനകത്ത് ആഗ്രഹങ്ങളൊക്കെ മരവിപ്പിച്ച് ജീവിതം തീർക്കുകയാണു താനെന്ന് ലളിതയ്ക്കു തോന്നി. ഒന്നുകിൽ മഞ്ഞുകാലത്തിന്റെ മരവിപ്പിൽ , അതു മാറുമ്പോൾ എ സി യുടെ തണുപ്പിൽ !
- എല്ലാം ഇട്ടെറിഞ്ഞങ്ങു പോണം!
ലളിത പിറുപിറുത്തു.
സമയം പത്തു മണി ആയിരുന്നു. ഒരു കോഫി ബ്രേക്കിന്റെ വിടവിൽ ലളിത പുറത്തെ ചൂടിലേക്കു നടന്നു. വഴി മൂടുന്ന മഞ്ഞിനും കാറ്റിന്റെ ക്രൂരാലിംഗനങ്ങൾക്കും നാലുമാസത്തിന്റെ അകലം മാത്രമാണല്ലോ എന്ന് ആരും ഓർക്കുന്നതു തന്നെയില്ല. ആശുപത്രിക്കു പിന്നിലുള്ള മരച്ചുവട്ടിലെ ബെഞ്ചിലിരുന്ന അവൾ ആകാശത്തേയ്ക്കു നോക്കി. മേഘങ്ങൾ അധികമില്ലാതെ പ്രത്യേകിച്ച് ഒരു അഭിപ്രായം പറയാതെ ആകാശം അവളെ തഴഞ്ഞു.
ലളിത ആകാശത്തിനോടാണ് ചോദ്യങ്ങൾ ചോദിക്കാറുള്ളത്. രാത്രിയിൽ നക്ഷത്രങ്ങൾ അവളോട് പലതും പറയാറുണ്ട്. വിജയന് രാത്രിജോലി വരുന്ന ആഴ്ചകളിൽ ലളിതയ്ക്ക് ആകാശത്തിലെ നക്ഷത്രങ്ങളായിരുന്നു കൂട്ട്. പിറ്റേ ദിവസത്തെ സ്റ്റാഫ് മീറ്റിങ്ങിൽ നോട്ടെടുക്കേണ്ട ചുമതല ലളിതയുടേതാവുന്ന രാത്രികളിൽ അവൾ ആകാശത്തേക്കു നോക്കും. പരിഭ്രമിക്കേണ്ടെന്നു കണ്ണിറുക്കി ജനലിലൂടെ നക്ഷത്രങ്ങൾ അവളെ ആശ്വസിപ്പിക്കും. തിരുത്തിത്തിരുത്തി മാറ്റിയെഴുതി ഒടുവിൽ മീറ്റിങ്ങ് നോട്ട് സമർപ്പിച്ചു കഴിയുമ്പോൾ ആകാശത്തിന് ലളിതയുടെ വക ഫ്ളൈയിംഗ് കിസ്സ് കിട്ടും. പകലാണെങ്കിൽ പട്ടുമേഘങ്ങൾ പലതും പറയാറുണ്ട്.
ഇന്ന് ആദ്യം കാണുന്ന മേഘം പോലെയാണ് ഇന്നത്തെ വൈകുന്നേരം എന്നു മനസ്സിൽ പറഞ്ഞാണു ചില ദിവസങ്ങളിൽ ലളിത ജോലി കഴിഞ്ഞിറങ്ങുന്നത്. ആദ്യം കാണുന്ന മേഘചിത്രം ഹൃദയാകൃതിയിൽ ആണെങ്കിൽ വിജയന്റെ വൈകുന്നേരം പ്രണയത്തിന്റെ കൊടിയാണ്. ഇരുണ്ടു വൃത്തത്തിലാണു കാണുന്നതെങ്കിൽ വിജയൻ ടി.വിയിലോ പേപ്പറിലോ മനസ്സൊളിപ്പിച്ചിരിക്കും എന്ന് അവൾക്ക് ഉറപ്പാണ്.
ലളിതയ്ക്ക് അങ്ങനെ ലക്ഷണങ്ങൾ പറയാൻ പലപല സ്വകാര്യ മാർഗ്ഗങ്ങൾ ആകാശത്തുണ്ട്. അതുകൊണ്ടാണ് അവൾ വരയ്ക്കുന്ന പടങ്ങള മേഘങ്ങളും നക്ഷത്രങ്ങളും വന്നു നിറയുന്നത്. എന്നിട്ട് ആ ആകാശമാണ് തികഞ്ഞ നിസ്സംഗതയോടെ അവളെ കാണാത്ത ഭാവത്തിൽ പരന്നു വിസ്തരിച്ചങ്ങനെ കിടക്കുന്നത്. അന്ന് ലളിതയ്ക്ക് അവളുടെ ഏറ്റവുമടുത്ത സുഹൃത്തിനോടൊരു പക തോന്നി.
- ചോദിച്ചിട്ടു മിണ്ടാവ്വയ്യെങ്കി ഞാമ്പോവ്വാ !
വാച്ചു നോക്കി അവൾ മരുന്നു കുറിപ്പുകളിലേക്കു മടങ്ങി. എന്നിട്ടും എല്ലാം ഇട്ടെറിഞ്ഞങ്ങു പോയാലോ എന്ന ചോദ്യം കൊണ്ട് മനസ്സു കളിച്ചു കൊണ്ടിരുന്നു. ഫാർമസി കൗണ്ടറിനു പിന്നിൽ നിൽക്കുമ്പോൾ നിശ്ചയമായും ധരിച്ചിരിക്കേണ്ട വെളുത്ത ഓവർക്കോട്ടും ആ മുറിയിൽ ചുറ്റിപ്പറ്റി നിൽക്കുന്ന നേർത്ത മരുന്നു മണവും ലളിതയെ മുഷിപ്പിക്കുന്നുണ്ട്. എന്നാലും ആരൊക്കെയോ തിരഞ്ഞെടുത്ത വഴികളിലൂടെ നിരങ്ങി നീങ്ങിപ്പോകുന്ന ജീവതമാണു തനിക്ക് അവകാശപ്പെട്ടതെന്ന തീർച്ചയിലാണവൾ ജീവിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും അപ്രധാന വ്യക്തി താൻ തന്നെയാണെന്ന് അവൾക്കു വ്യക്തമായി അറിയാവുന്ന കാര്യമാണ്.
പഠനം ശമ്പളക്കൊഴുപ്പുള്ള ജോലിക്കു വേണ്ടി . വിവാഹക്കമ്പോളത്തിൽ ആകർഷക വസ്തുവാകാൻ അവളുടെ പപ്പ അവൾക്കു വേണ്ടി തിരഞ്ഞെടുത്ത പ്രൊഫഷൻ. വിജയന്റെ ചിരിക്കു മങ്ങലേൽക്കാതെ വിരുന്നു സൽക്കാരങ്ങളിൽ പോവുകയും വിജയന്റെ സ്നേഹിതരെ സൽക്കരിക്കുകയും ചെയ്യുന്നു. വിജയന് സുഹൃത്തുക്കളും ഹോബികളും ധാരാളമായുണ്ട്. ലളിതയ്ക്കാണെങ്കിൽ ആകെയൊരു പിടിക്കായ്കയല്ലാതെ പറയാൻ മാത്രം ഒന്നും തന്നെയില്ല.
വിജയന്റെ ഷിഫ്റ്റുകൾ മാറിവരുമ്പോൾ എന്നും തമ്മിൽ കണ്ടെന്നു തന്നെ വരില്ല. അങ്ങനെയുള്ള ഒരു കനത്ത വൈകുന്നേരമാണ് ലളിത ആകാശത്തിന്റെ ശൂന്യതയോട് ചങ്ങാത്തത്തിലായത്. ഉച്ചത്തിലൊന്നു വിളിച്ചാൽ കേൾക്കാൻ ആരുമില്ലല്ലോ എന്നോർത്ത് അവൾ അലറിക്കരഞ്ഞതായിരുന്നു. ആകാശം ജനൽ കർട്ടനിടയിലൂടെ തോണ്ടി വിളിച്ചു കരയുന്നതുകൊണ്ട് എന്തു ഗുണം എന്നു ചോദിച്ചു. അന്നവൾക്ക് ഉത്തരംമുട്ടിപ്പോയി.
- വിശക്കുന്നില്ല, തണുക്കുന്നില്ല. ശരീരം ഒരിടത്തും മുറിഞ്ഞിട്ടില്ല.
ലളിത ജോലി കഴിഞ്ഞു വരുമ്പോഴേക്കും വിജയൻ ജോലിക്കു പോയിരുന്നു. തലേ ദിവസം അവൾ ഉണ്ടാക്കിയ ചോറും കറിയുമൊക്കെ കഴിച്ച് പാത്രം വിജയൻ സിങ്കിൽ അവൾക്കു വേണ്ടി സൂക്ഷിച്ചിരുന്നു. അതിൽ നിന്നും വല്ലാത്തൊരു മണം അപ്പാർട്ടുമെന്റാകെ നിറഞ്ഞു നിൽപ്പുണ്ടെന്ന് അവൾക്കു തോന്നി. അതുകൊണ്ട് പുറത്തെ മഞ്ഞിനെ വകവെക്കാതെ ജനാലയൊന്നു തുറക്കാൻ ലളിത ശ്രമിച്ചു. എത്ര ബലം പിടിച്ചിട്ടും അവളുടെ നേർത്ത തണുത്ത വിരലുകൾ വേദനിച്ചതല്ലാതെ ജനൽ തുറന്നില്ല. ജനലിനോടു പരാജയപ്പെട്ട അരിശത്തിൽ അവൾ ഷൂസ് വലിച്ചെറിഞ്ഞു പിന്നെ കിടക്കയിൽ കയറിയിരുന്ന് ഉറക്കെ കരയാൻ തുടങ്ങി.
- എനിക്കു വയ്യ. എനിക്കു വയ്യ !
എന്ന് ലളിത ആവർത്തിച്ചുപറഞ്ഞു കരഞ്ഞു. എന്താണ് അവൾക്കു വയ്യാത്തത് ? അതിനിടയിൽ നിറഞ്ഞു ചിരിക്കുന്ന പപ്പയെയും അമ്മയെയും ഉച്ചത്തിൽ ശപിച്ചു.
- തൃപ്തിയായില്ലേ എല്ലാവർക്കും. എന്നെ നരകത്തിൽകൊണ്ടു തള്ളിയപ്പോ എല്ലാവർക്കും തൃപ്തിയായില്ലേ.?
അപ്പോഴാണ് കരയുന്നത് വിഡ്ഢിത്തമല്ലേ കുട്ടീന്ന് നക്ഷത്രം നിറഞ്ഞ ആകാശം ഓർമ്മിപ്പിച്ചത്. പിന്നെ പതിയെ അവൾ പഠിച്ചു. മഞ്ഞുപെയ്യുന്ന രാത്രികളിൽ നക്ഷത്രങ്ങളെ കാണില്ല. ആകാശത്തിന് ആകെ ഒരു ചാരനിറമായിരിക്കും. മഞ്ഞില്ലാത്ത തണുത്ത രാത്രികളിൽ ആകാശം നിറയെ ലളിതയോടു കഥ പറയാൻ നക്ഷത്രങ്ങളുണ്ട്.
ഹോസ്റ്റലിൽ ടെറസ്സിനു മുകളിൽ മലർന്നു കിടന്ന് സൊറ പറഞ്ഞിരുന്ന വൈകുന്നേരങ്ങളെ അവൾ ഓർത്തു. അന്നേ ലളിതയെ നോട്ടമിട്ടിരുന്നതാണ് ഈ ആകാശം എന്ന് അവൾക്കു ബോധ്യമായി. അതുകൊണ്ട് അവൾക്ക് നാലുമണിക്ക് ഇരുട്ടു പരക്കുന്ന തണുപ്പുകാലത്തെ ഇഷ്ടമായിരുന്നു. ആകാശം നേരത്തേ നക്ഷത്രങ്ങളെ ലളിതയ്ക്കു കൂട്ടിനയയ്ക്കുമല്ലോ.
ഇപ്പോഴവൾക്ക് വിജയന്റെ കനത്ത മൗനം ഭാരമാകുന്നില്ല. ഒരു ദിവസം മുഴുവൻ നിന്നു ജോലി ചെയ്തു വേദനിക്കുന്ന കാലുകളോർത്തു സഹതപിക്കാൻ മേഘങ്ങളുണ്ട്. വിജയനെപ്പോലെ എല്ലാവരും നിന്നു തന്നെയാണു ജോലി ചെയ്യുന്നതെന്നു മറു വാക്കു പറയാറില്ല. പ്ലാൻറ് സൂപ്പർവൈസർ എന്തിനാണു നിന്നു പണിയുന്നതെന്ന് അവൾക്കു തർക്കിക്കേണ്ടി വരികയുമില്ല. ആകാശം ഒരു മേഘത്തുണ്ട് അവളുടെ കിടക്കയിലേക്കു കുടഞ്ഞിട്ടും. നൊമ്പരപ്പെടുന്ന പാദങ്ങൾ അതിൽ വെക്കുമ്പോൾ ആകാശം കഥയുടെ കെട്ടഴിക്കും. പക്ഷേ, ആകാശത്തിനു പറയാനുള്ളതു മുഴുവൻ പഴങ്കഥകളാണ്.
രാഘവൻ അവൾക്കു വെച്ചു നീട്ടിയ റോസപ്പൂവിനെപ്പറ്റി , അവളും എബിയും മരം കയറിയതിനെപ്പറ്റിയൊക്കെ ആകാശം ലളിതയെ വിസ്തരിച്ച് ഓർമ്മിപ്പിക്കും. ആകാശക്കഥകൾ കേൾക്കുമ്പോൾ അവൾക്കു ചിരി വരും.
എബിയും അമ്മയും മുരിങ്ങപ്പൂവ് പെറുക്കാൻ ലളിതയുടെ വീട്ടിൽ വരുമ്പോൾ അവൾ പ്രൈമറിസ്കൂളുകാരിയായിരുന്നു. ലളിതയുടെ വീടിന്റെ പിന്നാമ്പുറത്തു നിന്നിരുന്ന വലിയ മുരിങ്ങ മരത്തിലെ പൂവുകൾ മുറ്റത്താകെ വീണു കിടക്കും. അതു കാണാൻ അവൾക്ക് ഇഷ്ടമായിരുന്നു. ആ മുറ്റമടിക്കാതെ അമ്മ പൂവുകൾ കാക്കും. എബിയുടെ അമ്മ ചെറിയൊരു കൊട്ടയുമായിട്ടാണു വരുന്നത്. മഞ്ഞ നിറമുള്ള മുരിങ്ങപ്പൂത്തോരൻ ലളിതയ്ക്ക് ഇഷ്ടമായിരുന്നില്ല. എന്നാൽ അമ്മമാർ പൂക്കൾ പെറുക്കി വർത്തമാനം പറഞ്ഞു തീരുന്നതുവരെ ലളിതയ്ക്കും എബിക്കും പറമ്പിൽ കളിച്ചു നടക്കാം.
എബിക്ക് ഏറ്റവും ഇഷ്ടം കള്ളനും പോലീസും കളിക്കാനായിരുന്നു. ലളിതയ്ക്ക് അതത്ര ഇഷ്ടമല്ലാതിരുന്നിട്ടും അവൾ എബിയുടെ ഇഷ്ടത്തിന് എതിരു പറഞ്ഞില്ല .അവൾക്കിഷ്ടം പിന്നിലെ മാവിൽ കയറിയിരുന്ന് വർത്തമാനം പറയാനായിരുന്നു. അതു തീരെ രസമില്ലാത്ത കാര്യമാണെന്നു പറഞ്ഞ് അവൻ പരിഹസിക്കും എന്നോർത്ത് അവൾ പറഞ്ഞില്ല.
- കൊറച്ചുനേരം മരത്തിലു കേറീരിക്കാം എന്ന് എബി പറയുമെന്ന് ലളിത വെറുതെ കൊതിച്ചു. മാവിൻ കൊമ്പിൽ നിന്നും ചാടാനായിരുന്നു എബിക്കിഷ്ടം. ആകാശം അവളെ അതോർമ്മിപ്പിച്ചപ്പോൾ അവൾ മുഖം വീർപ്പിച്ചതാണ്. ആറാം ക്ളാസ്സിൽ ബോർഡിങ്ങിലേക്കു പൊയ്ക്കഴിഞ്ഞ് ലളിത എബിയെ കണ്ടിട്ടില്ല. ഒരവധിക്കു വന്നപ്പോൾ കൊടും മഴയും കാറ്റും മുരിങ്ങയെ നടുവേ പിളർത്തി കളഞ്ഞെന്ന് അറിഞ്ഞു.
ഇനിയും മുരിങ്ങപ്പൂത്തോരൻ കൂട്ടേണ്ടല്ലോ എന്നൊരാശ്വാസം മാത്രമേ അന്ന് ലളിതയ്ക്കു തോന്നിയുള്ളു. പിന്നെ മയൂരി സിനിമ കണ്ടപ്പോൾ പഴയ മുരിങ്ങ മരത്തെ ഓർത്ത് ലളിത പുഞ്ചിരിച്ചു.
ഞങ്ങളുടെ വീട്ടിലും ഒരു മുരിങ്ങമരം ഉണ്ടായിരുന്നു എന്ന് സ്വപ്ന ലോകത്തിൽ നിന്നെന്ന പോലെ അവൾ പറഞ്ഞത് വിജയൻ കേട്ടതുമില്ല.
ആകാശം അങ്ങനെ ഓർമ്മകളും സ്വപ്നങ്ങളും ലളിതയ്ക്കു സൗജന്യമായി കുടഞ്ഞിട്ടു കൊടുക്കാറുണ്ട്. ഭൂമിക്കു ചുറ്റും പരന്നു വിസ്തരിച്ചു കിടക്കുന്നതുകൊണ്ട് ആകാശത്തിന് എല്ലാം കാണാം , കേൾക്കാം , അറിയാം. പക്ഷേ, ആകാശത്തിന്റെ ബെസ്റ്റ് ഫ്രണ്ട് ലളിതയാണെന്നു മാത്രം.
അവൾക്കിപ്പോൾ ആകാശത്തിന്റെ കള്ളക്കളികൾ മുഴുവനറിയാം. ഓരോ നക്ഷത്രവും പ്രത്യക്ഷപ്പെടുന്നത് എവിടെ, എപ്പോൾ , മേഘങ്ങളുടെ ആകൃതി മാറുന്നതെങ്ങനെ , ആകാശം സൈറ്റടിക്കുന്നതെങ്ങനെ എന്നൊക്കെ ഒരു വാനനിരീക്ഷകർക്കും അറിയാത്ത രഹസ്യങ്ങളുടെ ഒരു കൂന ലളിതയ്ക്കുണ്ട്.
- ഇതൊക്കെ വിറ്റു കാശാക്കാവുന്നതേയുള്ളു!
ലളിത ഇടയ്ക്കിടെ ആകാശത്തിനെ ഭീഷണിപ്പെടുത്തും. രണ്ടു ദിവസം മുഖം വീർപ്പിച്ച് നക്ഷത്രങ്ങളെയൊക്കെ പൊത്തിപ്പിടിച്ച് ആകാശം അവളോടു കലഹിക്കും. അപ്പോഴാണവൾ ക്യാൻവാസും ബ്രഷും പെയിന്റുമായി പരിസരം മറക്കുന്നത്. അപ്പോഴേക്കും അവളുടെ പെയിന്റിങ്ങു കാണാനായി നക്ഷത്രക്കണ്ണുകൾ ഒളിച്ചു നോക്കാൻ തുടങ്ങും. പരാജയപ്പെടുത്തിയ ചിരിയുമായി ലളിത ആകാശത്തിനു ചുവട്ടിലൂടെ ചിരിച്ചുല്ലസിച്ച് അടുത്ത ദിവസത്തിലേക്കു പോവും.
ഭാര്യ ചിത്രം വരയ്ക്കുന്നതിലോ പെയിന്റു ചെയ്യുന്നതിലോ വിജയനു വിരോധമില്ല. എന്നാൽ വീട്ടിലെ പണികളും അയാളുടെ ആവശ്യങ്ങളും കഴിഞ്ഞു കിട്ടുന്ന സമയത്തായിരിക്കണം എന്നു മാത്രം. പെയിന്റിന്റെ മണവും നേരത്തിനു കിട്ടാത്ത ഭക്ഷണവും വിജയനെ ചൊടിപ്പിക്കും. സത്യത്തിൽ വിജയൻ ഒരു കലാകാരനാണ്. അയാൾ അവളുടെ ചിത്രങ്ങളെ ഹൃദയപൂർവം അഭിനന്ദിക്കാറുണ്ട്. അഭിമാനത്തോടെ സുഹൃത്തുക്കൾക്കു കാണിച്ചു കൊടുക്കാറുണ്ട്.
ചിത്രം വരയ്ക്കാനും ആകാശം കാണാനും മാത്രം ഇഷ്ടമുള്ളവർ വിവാഹ ജീവിതം തിരഞ്ഞെടുക്കരുത്. നക്ഷത്രങ്ങളിലൊന്ന് അവളോടു പറഞ്ഞു. ലളിതയ്ക്കും അതു വ്യക്തമായി അറിയാം. ഇട്ട വേഷങ്ങളൊക്കെ ആടിത്തീർക്കുക.
ലളിതയുടെ മക്കൾക്ക് അവളുടെ കലാസൃഷ്ടിയിൽ വലിയ കമ്പമില്ല. മമ്മിയെന്താണു കണ്ടമ്പററിയായിട്ടുള്ളതൊന്നും വരയ്ക്കാത്തത് എന്ന് ഇടയ്ക്ക് മകൾ ചോദിക്കും. ഒരു ആന്റിക്ക്ഡ് അമ്മ !
എ.ബി.സി.ഡി എന്ന ചുരുക്കപ്പേരുള്ള അമേരിക്കൻ ബോൺ കൺഫ്യൂസ്ഡ് ദേശികളായ മക്കളെ നോക്കി ലളിത നെടുവീർപ്പിടും. സങ്കല്പത്തിൽ നിന്നും എത്ര അകലെയാണു ജീവിതം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് എന്ന് അവൾ നക്ഷത്രക്കൂട്ടുകാരോടു പറയും.
                                                         തുടരും...




image
image
Facebook Comments
Share
Comments.
image
Renu Sreevatsan
2020-09-15 14:26:56
എത്ര ഭംഗിയായാണ്‌ മനസ്സിന്റെ പ്രയാണത്തെ പകർത്തി വെച്ചിരിക്കുന്നത്. ഓരോ നിമിഷങ്ങളും മനസ്സിൽ വരച്ചു ചേർത്തപോലെ പതിയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
image
Sasi
2020-09-13 16:15:39
മനോഹരമായ, ഏകാന്തതയുടെ, ഒറ്റപ്പെടലിന്റെ നെടുവീർപ്പുകൾ.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ബാല്യകാലസഖി (കഥ : അംബിക മേനോൻ)
വനിതാ ദിനം! (തൊടുപുഴ കെ ശങ്കർ മുംബൈ)
തലവേദന ( കഥ : ശാന്തിനി )
പാമ്പും കോണിയും - നിർമ്മല - നോവൽ -36
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
തീവണ്ടി (കവിത: ആൻസി സാജൻ )
ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )
സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut