Image

തത്തമ്മേ പൂച്ച പൂച്ച.. (കവിത: അനില്‍ മിത്രാനന്ദപുരം)

Published on 12 September, 2020
തത്തമ്മേ പൂച്ച പൂച്ച.. (കവിത: അനില്‍ മിത്രാനന്ദപുരം)
കൈകള്‍ പുറകോട്ടു ചേര്‍ത്തുവെച്ച്
മുഷ്ടിയില്‍ ചൂരല്‍ തിരുകി
ചൂടിക്കയറുകൊണ്ട് വരിഞ്ഞുമുറുക്കണം.

“”പുതുബോധ‘’ത്തിന്റെ
കറുത്ത ചില്ലിട്ട കണ്ണട
ജോലിസമയം മുഴുവന്‍ ധരിക്കണം.

തെറിവിളിയും ധിക്കാരവും അശ്ലീലവും
നിന്ദയും കലര്‍ന്ന വാക്കുകളെല്ലാം തന്നെ,
നല്ലതാണെന്നും സഭ്യമാണെന്നും
കാതുകളെ പറഞ്ഞു പഠിപ്പിക്കണം.

ഡിസ്സോള്‍വബിള്‍ നൂലുകൊണ്ട്
വായ തുന്നിക്കെട്ടണം.
എന്നിട്ട്,
പാഠ്യവിഷയത്തിലെ വാക്കുകള്‍ക്കുമാത്രം
പുറത്തുവരാനൊരു സുഷിരമിടണം,
ചുണ്ടുകള്‍ക്കു നടുവില്‍.

ഇതെല്ലാം ചെയ്ത ശേഷം,
മനസ്സെന്ന സ്ലേറ്റില്‍ തെളിയുന്ന
ചോദ്യങ്ങളും ഉത്തരങ്ങളും
കലാലയ സ്മരണകളും
കാലനിര്‍മ്മിതമായ കീഴ്‌വഴക്കങ്ങളും
ഗുരുത്വവും ഗുരുവചനങ്ങളുമെല്ലാം
“”മാറ്റ’’മെന്ന മഷിത്തണ്ടിനാല്‍
മായ്ചുകളയാന്‍ കഴിഞ്ഞാല്‍..,
നിങ്ങളാകും
ഈ വര്‍ഷത്തെ
മാതൃകാധ്യാപകനുള്ള
സംസ്ഥാന അവാര്‍ഡ് ജേതാവ് !!!

    അധ്യാപകര്‍ കനിഞ്ഞുനല്‍കുന്ന
    ശാസനകലര്‍ന്ന സ്‌നേഹവും
    ഗുരുചൈതന്യവും
    മുനയുള്ള വാക്കില്‍
    മറഞ്ഞിരിçന്ന വാത്സല്യവും
    മനുഷ്യനാകാനുതകുന്ന
    മൂല്യബോധങ്ങളുമെല്ലാം
    വര്‍ജ്ജിച്ച്,

    അക്ഷരക്കൂടാരത്തിലെ
    അറിവിന്റെ ചക്രവര്‍ത്തിയാകുന്ന
    കുട്ടികളാകും
    “നല്ലനടപ്പിന്”
    നാന്ദ്യം കുറിçന്ന
    നാളത്തെ പൗരന്മാര്‍ !!!

വിചിത്രം വികലം വൈകൃതം.
എങ്കിലും, നവീന
വിദ്യാഭ്യാസം വിഭാവനം ചെയ്ത
വിശുദ്ധ കല്‍പ്പനകളാണിതെല്ലാം.
Join WhatsApp News
jyothy nambiar 2020-09-12 16:36:15
ഇന്നത്തെ വിദ്യാഭ്യാസത്തേയും, അധ്യാപനത്തേയും വിലയിരുത്തി കൊണ്ടുള്ള വരികൾ ഹൃദ്യം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക