Image

സൗദിയില്‍ കാണാതായ മലയാളിയുടെ മരണം പോലീസ് സ്ഥിരീകരിച്ചു

Published on 10 September, 2020
 സൗദിയില്‍ കാണാതായ മലയാളിയുടെ മരണം പോലീസ് സ്ഥിരീകരിച്ചു


റിയാദ്: മൂന്നു മാസം മുന്‍പ് റിയാദില്‍ നിന്നും കാണാതായ തൃശൂര്‍ സ്വദേശി മരണപ്പെട്ടതായി റിയാദ് പോലീസ് സ്ഥിരീകരിച്ചതായി സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശിയും റിയാദിലെ അല്‍ മുഹൈദിബ് കമ്പനിയിലെ ഡ്രൈവറുമായിരുന്ന തളിക്കുളം സെയ്ദ് മുഹമ്മദ് (സെയ്തു - 57) ആണ് ശുമേസി ആശുപത്രിയില്‍ മരണപ്പെട്ടതായി മന്‍ഫൂഹ പോലീസ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

മുപ്പത് വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന സെയ്തു മുഹമ്മദ് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് 27 ന് ശുമേസി ആശുപത്രിയില്‍ പോയതായിരുന്നു. അതിനുശേഷം അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നാട്ടിലുള്ള മകന്‍ ഫഹദ് ആണ് സാമൂഹ്യ പ്രവര്‍ത്തകരെ വിളിച്ചറിയിച്ചത്. അതിനുശേഷം നിരന്തരമായി റിയാദിലെ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും സഹോദര പുത്രന്‍ മുഹമ്മദ് അനൂപിനോടൊപ്പം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്കാന്‍ വരെ ബന്ധുക്കള്‍ തയാറായെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമായി. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും സെയ്ദ് മുഹമ്മദിനെ കാണാനില്ല എന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് എല്ലാ സംഘടനകളും അദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് അദ്ദേഹം മരിച്ച വാര്‍ത്ത എത്തുന്നത്.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് റിയാദിലെ മന്‍ഫൂഹ പോലീസ് സ്റ്റേഷനിലെത്തിയ കെഎംസിസി വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീക്ക് തുവൂരിനോടാണ് ഇദ്ദേഹം മരണപ്പെട്ടതായും ബന്ധുക്കളെ കണ്ടെത്താനാവാതെ ഓഗസ്റ്റ് 30 ന് മൃതദേഹം മറവ് ചെയ്തതായും അറിയിച്ചത്. സ്വന്തം റൂമില്‍ വെച്ചാണ് അദ്ദേഹം മരിച്ചതെന്നും അജ്ഞാത മൃതദേഹം എന്ന പേരില്‍ ശുമേസി ആശുപത്രി മോര്‍ച്ചറിയിലെത്തിയ മൃതദേഹം ബന്ധുക്കള്‍ എത്താത്തതിനെ തുടര്‍ന്നാണ് മറവ് ചെയ്തതെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍ മറവു ചെയ്യുന്നതിനു മുന്പ് വിരലടയാളമെടുത്ത പോലീസ് ആളെ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യന്‍ എംബസിയെ വിവരമറിയിച്ചിരുന്നതായും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് നഗരസഭയുടെ സഹായത്തോടെ മറവു ചെയ്തതെന്നും പോലീസ് അറിയിച്ചതായി സിദ്ദീക്ക് തുവ്വൂര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിരന്തരമായി വാര്‍ത്ത വന്നിട്ടും ഇന്ത്യന്‍ എംബസി മൃതദേഹം മറവു ചെയ്യുന്നതിന് മുന്‍പ് ആളെ തിരിച്ചറിയാനുള്ള ശ്രമം നടത്താതിരുന്നത് ഗുരുതര വീഴ്ചയായാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

സുലൈയിലെ ഫുഡ് പ്രോസസിംഗ് കമ്പനിയില്‍ 30 വര്‍ഷമായി സെയില്‍സ് മാന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു സെയ്തുമുഹമ്മദ്. ഭാര്യ ഫഹ്മീദ. മക്കള്‍: ഷിഫ, ഫഹീമ, ഫഹീമ.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക