Image

ഗുരു നിത്യയോടൊപ്പം

ഷൗക്കത്ത്‌ Published on 05 June, 2012
ഗുരു നിത്യയോടൊപ്പം
ഗുരുനിത്യയോടൊപ്പം കഴിഞ്ഞ നാളുകളില്‍ നിന്നും അടര്‍ത്തിയെടുത്ത്‌ തെളിച്ചമുളള ഒരു താളാണത്‌. വലിയ വലിയ അഴുക്കുകള്‍ കഴുകിക്കളയാന്‍ എളുപ്പമാണ്‌. എന്നാല്‍ ചെറിയ അഴുക്കുകള്‍ കഴുകി കളയാം. എത്രയോ ശ്രദ്ധയും ശ്രമവും വേണം മഹത്തായൊരു ജീവിതപാഠമാണിവിടെ ഗുരുവില്‍ നിന്നും ഷൗക്കത്ത്‌ അനുഭവിച്ചറിഞ്ഞത്‌.

സമയം ഒമ്പതുമണിയായി. ഗുരുവിനും ഞങ്ങള്‍ക്കും പോകാനുള്ള വണ്ടിവന്നിട്ട്‌ കുറെനേരമായി. ഗുരു എന്തോ എഴുതുകയാണ്‌. ജ്യോതിച്ചേച്ചി മുറിയിലേയ്‌ക്കു കയറിവന്നുചോദിച്ചു മോനേ, എല്ലാം പേക്കുചെയ്‌തു കഴിഞ്ഞില്ലേ?

എല്ലാം ശരിയായി ചേച്ചി. ഗുരു എഴുതിക്കഴിഞ്ഞാല്‍ നമുക്കു പോകാം.

മരുന്നൊന്നും എടുക്കാന്‍ മറന്നിട്ടില്ലല്ലോ?

ഇല്ല ചേച്ചി.

ജ്യോതിച്ചേച്ചി നേരെ ഗുരുവിന്റെ അടുത്തു ചെന്നു. ഗുരൂ, വണ്ടിവന്നിട്ട്‌ കുറെനേരമായി. ഇനി നമുക്ക്‌പ്രാര്‍ത്ഥിച്ച്‌ ഇറങ്ങാം അല്ലേ?

ഈ കത്തൊന്ന്‌ എഴുതിത്തീര്‍ത്തോട്ടെ മോളെ, എഴുതിക്കൊണ്ടിരിക്കുന്നതില്‍ത്തന്നെ ശ്രദ്ധയുറപ്പിച്ചുകൊണ്ട്‌ ഗുരു പറഞ്ഞു.

ഈ ഗുരുവിന്റെ ഒരു കാര്യം! എന്നുപറഞ്ഞ്‌ ചിരിച്ചുകൊണ്ട്‌ ചേച്ചി മുറി വിട്ടുപോയി.

കത്തെഴുതി ഒട്ടിച്ചുവച്ച്‌, അവിടെയിവിടെയായി ചിതറികിടക്കുന്ന പുസ്‌തകങ്ങളും കടലാസുകളുമെല്ലാം മേശയുടെ ഓരത്തേക്ക്‌ അടുക്കിവെയ്‌ക്കുന്നതിനിടയില്‍ ഗുരു തലയുയര്‍ത്തി എന്നോടു ചോദിച്ചു : പോകാറായോടോ?

എല്ലാവരും റെഡിയായി ഗുരൂ.

ഒന്നുകൂടി മൂത്രമൊഴിക്കണം. വാ. എന്നെ ഒന്നു പിടിക്ക്‌.

ബാത്ത്‌റൂമിലേക്കു നടക്കുന്നതിനിടയില്‍ ഗുരു ചോദിച്ചു : എടോടായ്‌ലെറ്റ്‌ ബാഗിലുള്ളതെല്ലാം കഴുകിവെച്ചില്ലേ?

എല്ലാ വൃത്തിയായി കഴുകിവെച്ചു ഗുരൂ.

ഇപ്പോള്‍ കുടിച്ച ചായയുടെ കറയെല്ലാം പല്ലില്‍ ഒട്ടിയിരിക്കുന്നു. എനിക്ക്‌ ഒന്നുകൂടി പല്ലുതേക്കണം. എന്നെ അവിടെക്കൊണ്ടുപോയിരുത്തി താന്‍ ടോയ്‌ലറ്റ്‌ബാഗെടുത്തിട്ടു വാ.

ഗുരുവിനെ കസേരയിലിരുത്തി ഞാന്‍ ടോയ്‌ലറ്റ്‌ബാഗെടുത്തു വന്നു. ഗുരു അത്‌ എന്റെ കയ്യില്‍ നിന്നും വാങ്ങി വാഷ്‌ബെയ്‌സിന്റെ അടുത്തു തന്നെ വച്ചു. സാവധാനത്തില്‍ അതിന്റെ സിബ്ബു തുറന്നു. ഉമിക്കരി ഇട്ടുവെച്ചിരുന്ന കുപ്പി പുറത്തെടുത്തു. കുപ്പിയിലേക്ക്‌ സൂക്ഷിച്ചുനോക്കിയിട്ട്‌ സൗമ്യമായി പറഞ്ഞു. ഇവിടെ ഒരു പഴയ ബ്രഷ്‌ കിടന്നിരുന്നല്ലോ. അതിങ്ങെടുത്തേ. കൂടെ ഇത്തിരി സോപ്പുപൊടിയും.

പുതിയ ബ്രഷും ടൂത്ത്‌പേസ്റ്റും അതിലുണ്ട്‌. പിന്നെ എന്തിനാണാവോ സോപ്പുപൗഡറും പഴയ ബ്രഷും. പഴയ ബ്രഷ്‌ തപ്പിയെടുത്തു ഒരു കടലാസില്‍ അല്‌പം വാഷിങ്‌പൗഡറും എടുത്ത്‌ അടുത്തു കൊണ്ടുവച്ചു.

വിവയുടെ ഒരു ചെറിയ കുപ്പിയിലാണ്‌ ഉമിക്കരി ഇട്ടുവെച്ചിരിക്കുന്നത്‌. ഗുരു അതിന്റെ മൂടിതുറന്ന്‌ തിരിച്ചും മറിച്ചും നോക്കി. ഒരു പിടിയും കിട്ടാതെ ഞാനും അതിലേക്ക്‌ സൂക്ഷിച്ചുനോക്കി. വിവ എന്ന്‌ മൂടിയുടെ മുകളില്‍ എഴുതിയിരിക്കുന്നതിന്റെ ഇടയിലും പിരികള്‍ക്കിടയിലും കറുത്തിരിക്കുന്നു. പലപ്രാവശ്യം ഞാന്‍ കഴുകിയതാണ്‌. എന്നിട്ടും ആ ചെളി പോയിരുന്നില്ല.

ഗുരു ടൂത്ത്‌ ബ്രഷെടുത്ത്‌ നനച്ച്‌ വാഷിംഗ്‌ പൗഡറില്‍ മുക്കി മൂടിയില്‍ ഉരയ്‌ക്കാന്‍ തുടങ്ങി. കുറച്ചുനേരം ഉരച്ചതിനുശേഷം പൈപ്പുതുറന്ന്‌ അതു കഴുകിയെടുത്തു. എല്ലാ അഴുക്കും പോയിരിക്കുന്നു. വീണ്ടും ഗുരുവിന്റെ കൈ ടോയ്‌ലറ്റ്‌ബാഗിലേക്കു പോകുന്നതുകണ്ടപ്പോള്‍ ഭയമായി. ദൈവമേ, ഇനി എന്താണാവോ അഴുക്കുപുരണ്ട്‌ അതിലിരിക്കുന്നത്‌.

ഗുരു ടൂത്ത്‌ബ്രഷ്‌ പുറത്തെടുത്ത്‌ സൂക്ഷിച്ചു നോക്കുന്നതു കണ്ടപ്പോള്‍ അതിലൊന്നും ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ എത്തിനോക്കി.

ഇയാള്‍ എന്താടോ കിടന്നു ചാടുന്നോ?

ഒന്നൂലാ ഗുരൂ. ഞാന്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു.

എടോ, ചെറിയ കമ്പിയുടെ കഷണമോ സൂചിയോ എടുത്തുകൊണ്ടുവാ. എന്തിനാണ്‌ സൂചി. അതിനൊരു കുഴപ്പവും ഇല്ലല്ലോ എന്നു വിചാരിച്ചെങ്കിലും ഉടനെ ഒരു ചെമ്പുകമ്പിയുടെ കഷണം തപ്പിയെടുത്ത്‌ കൊണ്ട്‌ വന്നു. ആ ചെമ്പ്‌ കമ്പികൊണ്ട്‌ ബ്രഷിന്റെ ഉള്ളില്‍ പറ്റിയിരുന്ന പേസ്റ്റിന്റെ അംശം മെല്ലെ ഇളക്കി മാറ്റി, വെള്ളം ശക്തിയായി ബ്രഷില്‍ വീഴിച്ച്‌ അതു കഴുകിക്കളഞ്ഞു. ഞാന്‍ പടിച്ച പണി പതിനെട്ടും നോക്കിയതാണ്‌. ഇങ്ങനെ ഒരു ബുദ്ധി മണ്ടയില്‍ തെളിഞ്ഞില്ല.

എനിക്ക്‌ ആധിയായി. ഉമിക്കരിയുടെ കുപ്പിയും ബ്രഷും ഒരു ഭാഗത്തേക്ക്‌ മാറ്റിവെച്ച്‌ ഷേവിംഗ്‌സെറ്റ്‌ പുറത്തെടുത്തു. പടച്ചോനേ, അതില്‍ എന്തു ഗുലുമാലാണാവോ എനിക്കിട്ടു പണിയാന്‍ മറഞ്ഞിരിക്കുന്നത്‌.

നാലഞ്ചു കഷണങ്ങളായി വേര്‍പ്പെടുത്താവുന്ന പഴയ മോഡല്‍ ഷേവിംഗ്‌സെറ്റാണ്‌. പതിവുപോലെ അതും അഴിച്ചുമാറ്റി ഞാന്‍ വൃത്തിയായി കഴുകിക്കളഞ്ഞ അഴുക്കെല്ലാം ഗുരു ശ്രദ്ധയോടെ സോപ്പും ബ്രഷും ഉപയോഗിച്ച്‌ വൃത്തിയാക്കി.

നിസ്സഹായനായി ഞാനങ്ങനെ നിന്നു. പണ്ടു നമ്മുടെ സീത പോയപോലെ ഭൂമിയിലേക്കു ആണ്ടുപോയിരുന്നെങ്കില്‍ എന്നു തോന്നി.

ഗുരു പല്ലുതേച്ചു കഴിഞ്ഞ്‌ തിരിഞ്ഞു നടക്കുമ്പോള്‍ മെല്ലെ വിളിച്ചു, എടോ.

എനിക്കു തോന്നിയതാവുമോ? ഇങ്ങനെയല്ല പതിവ്‌. ചീത്തയുടെ പൊടിപൂരമാണ്‌ സംഭവിക്കാറ്‌. വിറച്ചുകൊണ്ട്‌ ഇറങ്ങിപ്പോകാന്‍ പറയുകയാണ്‌ ഇത്തരം കലാപരിപാടികള്‍ക്ക്‌ കിട്ടാറുള്ള മിനിമം സമ്മാനം. എന്താ ശബ്ദത്തിന്‌ ഇത്ര സൗമ്യത?

ഇയാള്‍ക്ക്‌ ചെവി കേള്‍ക്കില്ലേ? തന്നെയാ വിളിച്ചത്‌.

വാത്സല്യം നിറഞ്ഞ ശബ്ദത്തില്‍ ഗുരു പറഞ്ഞു, വലിയ വലിയ അഴുക്കുകള്‍ കഴുകിക്കളയാന്‍ എളുപ്പമാണഅ. അതെപ്പോഴും നമ്മുടെ ശ്രദ്ധയില്‍ പെടും. അതുകൊണ്ടുതന്നെ അതിനു വലിയ ശ്രദ്ധയോ ശ്രമമോ ഒന്നും ആവശ്യമില്ല. എന്നാല്‍ ഇത്തരം ചെറിയ അഴുക്കുകള്‍ അപ്പപ്പോള്‍ കണ്ട്‌ കഴുകിക്കളഞ്ഞില്ലെങ്കില്‍ അതവിടെയിരുന്ന്‌ തുരുമ്പു പിടിക്കും. പിന്നെ എത്ര കഴുകിയാലും വൃത്തിയാവുകയില്ല. മനസ്സിലായോ?

ഓ, ഗുരു.

ഇനിയെല്ലാം എടുത്ത്‌ ബാഗില്‍ വച്ച്‌ കാറില്‍ കൊണ്ടുപോയിവയ്‌ക്ക്‌. നമുക്കു പോകാന്‍ സമയമായി.

ഒരു ദീര്‍ഘനിശ്വാസം വിട്ട്‌ ഗുരുവിനെ കട്ടിലില്‍ കൊണ്ടുപോയിരുത്തി. ബാഗെല്ലാം കാറില്‍വെച്ച്‌ തിരിച്ചെത്തിയപ്പോള്‍ ജ്യോതിച്ചേച്ചിയും മുറിയില്‍ വന്നു. എന്തായിരുന്നു രണ്ടാളും കൂടി ബാത്ത്‌റൂമില്‍ പരിപാടി?

ഗുരു എന്നെയൊന്നു നോക്കി. ഒന്നൂലാ മോളേ, നേരം ഒത്തിരിയായില്ലേ നമുക്ക്‌ പ്രാര്‍ത്ഥിച്ചിട്ട്‌ ഇറങ്ങാം.

ഗുരുവിനെ പ്രാര്‍ത്ഥനാമുറിയില്‍ കൊണ്ടുപോയിരുത്തി. പതിവായുള്ള പ്രാര്‍ത്ഥന കഴിഞ്ഞ്‌ എല്ലാവരും ഗുരുവിനെ നമസ്‌കരിച്ചു. ഗുരു കാറില്‍ കയറി, ഞാനും ജ്യോതിച്ചേച്ചിയും വേറൊരാളും പിന്‍സീറ്റിലിരുന്നു.

മലയിറങ്ങുകയാണ്‌. ഫേണ്‍ഹില്ലിലെ ധ്യാനാത്മകമായ തണുപ്പില്‍ നിന്നും കേരളത്തിലെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ യാത്രകളാണ്‌. നീലഗിരി മലനിരകളുടെപ്രസന്നതയിലേക്ക്‌ നിര്‍ന്നിനിമേഷനായി നോക്കിയിരുന്ന ഞാന്‍ ഗുരുവിന്റെ വചനങ്ങളെ ധ്യാനിക്കുകകയായിരുന്നു. വലിയ വലിയ അഴുക്കുകള്‍ കഴുകിക്കളയാന്‍ വളരെ എളുപ്പമാണ്‌. കാരണം അതെപ്പോഴും നമ്മുടെ ശ്രദ്ധയില്‍പ്പെടും.
ഗുരു നിത്യയോടൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക