Image

നിങ്ങളുടെ കൈകൾ ശുദ്ധമാണോ? (സുധീർ പണിക്കവീട്ടിൽ)

Published on 10 September, 2020
നിങ്ങളുടെ കൈകൾ ശുദ്ധമാണോ? (സുധീർ പണിക്കവീട്ടിൽ)
(ഈ ലേഖനത്തിലെ ആശയത്തോട് ബന്ധപ്പെട്ട ലേഖനങ്ങൾ വരുന്നത് നല്ലത്. അതുകൊണ്ട് ഇത് പുനഃപ്രസിദ്ധികരണത്തിനു അയക്കുന്നു. ഇത് പ്രസിദ്ധീകരിച്ചത് ഏപ്രിൽ 6 , 2020 )

പല മഹാമാരികളിലൂടെ മനുഷ്യർ കടന്നുപോയെങ്കിലും ലോകം അവസാനിച്ചില്ല. ഓരോ മഹാമാരികൾ പ്രത്യക്ഷപ്പെടുമ്പോഴും ലോകാവസാനം അടുത്തുവെന്നു മനുഷ്യൻ  ഭയവിഹ്വലനായി ചിന്തിക്കുന്നു. അപ്പോഴൊന്നും ലോകം അവസാനിച്ചില്ലെങ്കിലും അത്തരം വ്യാധികൾ ഒത്തിരിപേരുടെ ജീവൻ അപഹരിച്ചുവെന്നത് ദു:ഖകരം. 1918 ൽ സ്പാനിഷ് ഫ്ലൂ എന്ന ഇപ്പോഴത്തെ കൊറോണ വൈറസ് പോലെയുള്ള പടർച്ചവ്യാധി അമ്പത് മുതൽ നൂറു മില്യൺ ആളുകളെ ലോകവ്യാപകമായി കൊന്നൊടുക്കി. പ്രകൃതി ദുരന്തങ്ങൾ, പടർച്ചവ്യാധികൾ, യുദ്ധം എന്നിവയുണ്ടാകുമ്പോൾ മനുഷ്യർ ആദ്യം ചിന്തിക്കുന്നത് ലോകം അവസാനിക്കാൻ പോകുകയാണോ? അതോ ഇതെല്ലാം സംഭവിക്കുന്നത് ദൈവം കോപിക്കുന്നതുകൊണ്ടാണോ? ജീവിക്കാനുള്ള മനുഷ്യന്റെ അദമ്യമായ ആഗ്രഹം അവനെ കൂടുതൽ ദൈവവിശ്വാസിയാക്കുന്നു.

എല്ലാ മതങ്ങളിലും മനുഷ്യർ ദൈവത്തെ അന്വേഷിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം. നിരീശ്വരവാദി എന്ന് പറയാവുന്ന നമ്മുടെ  ഒരു കവി ഈശ്വരനെക്കുറിച്ച് എഴുതിയത് ഇങ്ങനെ. മാനം നിറയെ, മാണിക്യം കൊണ്ടോരു മണിമാളികയുണ്ടോ അവിടെ മണ്ണിലെ മനുഷ്യന്റെ ജാതകം നോക്കുന്ന മാലാഖാമാരുണ്ടോ, ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം.., കണ്ടിട്ടുള്ളവരില്ലല്ലോ. വിശുദ്ധ തോമാശ്ലീഹയോട് യേശുദേവൻ    പറയുന്നതും നമ്മൾ കേൾക്കുന്നു. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ. വേദങ്ങളിൽ ഏറ്റവും പഴയ വേദമായ    ഋഗ്വേദത്തിൽ "പണ്ഡിതർ ഒരു ദൈവത്തെ പല പേരിൽ വിളിക്കുന്നു" എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മസൂത്രത്തിലും ദൈവം ഏകനാണ് രണ്ടാമതൊന്നില്ലെന്നു വ്യകത്മായി പറയുന്നുണ്ട്. എന്നിട്ടും നമുക്ക് ചുറ്റും നിറയെ വിഗ്രഹങ്ങൾ അവർക്കൊക്കെ ഓരോരോ പേരുകൾ. ഹിന്ദുക്കൾ ലോകത്തിലെ എല്ലാം ദൈവമാണെന്ന് പറയുന്നു, മുസ്ലീമുകൾ എല്ലാം ദൈവത്തിന്റെ ആണെന്ന്  പറയുന്നു.
ഇപ്പോൾ നമ്മളെ ഭയപ്പെടുത്തുന്ന കൊറോണ വൈറസ്സുകളെക്കുറിച്ച് 2018 ൽ അതായത്  1918 ലെ ഫ്‌ളുവിന്റെ നൂറാം വാർഷികത്തിൽ അമേരിക്കയ്ക്ക് സൂചന കിട്ടിയിരുന്നുവെന്നു മാധ്യമങ്ങളിൽ കാണുന്നു. ഒരു പക്ഷെ അത് ഗൗരവമായി കണക്കാക്കി മുൻകരുതലുകൾ എടുത്തിരുന്നെങ്കിൽ ഈ വിഷമാവസ്ഥ വരികില്ലായിരുന്നു എന്ന് വെറുതെ സമാധാനിക്കാം. അദൃശ്യനായ ഒരു ശത്രുവിനോട് പൊരുതി ജയിക്കുക എന്ന സാഹസമാണ് ഇന്ന് എല്ലാവരെയും അഭിമുഖീകരിക്കുന്നത്.  ഇപ്പോൾ എല്ലാവരും വാർത്തകൾ സശ്രദ്ധം കേൾക്കുന്നു. ഇ_മലയാളിയിൽ ശ്രീ ആൻഡ്രുസ് എഴുതിയപോലെ വ്യാജവാർത്തകൾ കേട്ട് വഞ്ചിതരാകാതിരിക്കുക. മറ്റുള്ളവരെ ഭയപ്പെടുത്തിയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചും ക്രൂരമായി ആനന്ദിക്കുന്നത് ചിലരുടെ വാസനാവൈകൃതമാണ്.

ഇന്നു   ലോകം   ഒരു അനിശ്ചിതാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ പരിഭ്രാന്തരാകുന്ന മനുഷ്യരിൽ ഭൂരിഭാഗവും  രക്ഷയ്ക്കായി  അദൃശ്യനായ ദൈവത്തിലേക്ക് തിരിയുന്നതു നമ്മൾ കാണുന്നു. അതേസമയം അമ്പലങ്ങൾ, പള്ളികൾ, മറ്റു ആരാധനാലയങ്ങൾ, ആൾദൈവങ്ങളുടെ താമസസ്ഥലങ്ങൾ എല്ലാം  അടച്ചുപൂട്ടിയിരിക്കുന്നു. ദേവാലയങ്ങളിൽ രക്ഷകൻ ഉണ്ടെങ്കിൽ പിന്നെ അവിടം സന്ദർശിക്കുന്നതിൽ എന്തിനു ഭയപ്പെടണം.? മനുഷ്യരാശിക്ക് ഇതൊരു പാഠമാണ്.  ഈ സമയവും കടന്നുപോകുമെന്ന പ്രത്യാശ മനുഷ്യനുണ്ട്. അവന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നത് ശാസ്ത്രമാണ്. ശാസ്ത്രം അതിനായി ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നു. എന്നാൽ ജീവൻ തിരിച്ചുകിട്ടുമ്പോൾ മനുഷ്യർ  ഓടുന്നത് അവർ  വിശ്വസിക്കുന്ന ആരാധനാലയങ്ങളിലേക്കാണ്. ദൈവത്തിന്റെ അദൃശ്യകരങ്ങൾ പ്രവർത്തിക്കുന്നുവെന്നത് വാസ്തവമെങ്കിലും എന്തിനാണ് ആ പുണ്യം പുരോഹിതന് കൊണ്ടുകൊടുക്കുന്നത്.  ഈ മഹാമാരി ഒഴിഞ്ഞുപോകുമ്പോൾ ജനങ്ങൾക്ക് ബോധോദയമുണ്ടായി അവന്റെ മതഭ്രാന്തും, അവൻ തന്നെ സൃഷ്ടിച്ചിട്ടുള്ള ദൈവങ്ങളെയും മൂന്നു വട്ടം തള്ളിപ്പറയാനുള്ള ധൈര്യം അവൻ സമ്പാദിക്കുമെന്നു വെറുതെ വ്യാമോഹിക്കാം
മനുഷ്യൻ കണ്ടുപിടിച്ച സകല  ആയുധങ്ങളും മരുന്നും കൊറോണയുടെ മുമ്പിൽ ലജ്ജിച്ച് തല താഴ്ത്തുകയാണ്. ഭാവിയിൽ ഇതിനും മരുന്ന് കണ്ടുപിടിക്കാൻ സമർത്ഥനാണ്   മനുഷ്യൻ. പക്ഷെ അപ്രതീക്ഷിതമായി ആക്രമിച്ച ഈ വിഷാണു അവനെ തോൽപ്പിച്ചുകളഞ്ഞു. അവൻ കൈകൂപ്പുന്ന ദൈവം അമ്പലത്തിലോ, പള്ളിയിലോ അല്ല അവന്റെ ഹൃദയത്തിൽ തന്നെ എന്ന് മനസ്സിലാക്കി അവൻ പ്രാർത്ഥിച്ചു.അതിന്റെ ഫലം കണ്ടുകൊണ്ടിരിക്കുന്നു.  കൂട്ടത്തോടെ ഒരു സ്ഥലത്ത് ഒത്തുചേർന്നുള്ള പ്രാർത്ഥനയല്ല. ഓരോ വ്യക്തിയും അവന്റെ കുടുംബവും ഒന്നിച്ച് അവരവരുടെ  വീട്ടിൽ വച്ച് നടത്തുന്ന പ്രാർത്ഥന. അത് ദൈവം കേൾക്കും എന്ന വിശ്വാസം അവനുണ്ട്. എങ്കിൽ പിന്നെ വീണ്ടും നല്ല കാലങ്ങൾ വരുമ്പോൾ എന്തിനു സ്വന്തം സമ്പാദ്യം കല്ലുകളിന്മേലും നേർച്ചപാത്രങ്ങളിലും മോതിരവിരലുകളിന്മേലും ഒഴുക്കി കളയുന്ന വിഡ്ഢിത്വത്തിനു മുതിരുന്നു.

കൈകൾ കഴുകികൊണ്ടിരിക്കണം ഈ വൈറസിന്റെ ബാധയില്ലാതിരിക്കാൻ എന്നതും ഒരു പ്രതീകമാണ്. പീലാത്തോസ് കൈകഴുകി കൊണ്ട് താൻ ചെയ്യുന്ന പ്രവർത്തിയിൽ പങ്കില്ലെന്ന് സ്ഥാപിച്ചു. അങ്ങനെ കൈ കഴുകുമ്പോൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് നിങ്ങൾ പിന്മാറുന്നു എന്ന ഒരു അർത്ഥവും പറയാം.  ഒരു പക്ഷെ ഈ അണുബാധ മനുഷ്യരുടെ ദുഷ്പ്രവർത്തികൊണ്ട് ദൈവം വരുത്തിയതാണെങ്കിലും ഞങ്ങൾ ഉത്തരവാദിയല്ലെന്നു പറഞ്ഞു മനുഷ്യരെ കൊണ്ട് കൈകഴുകിപ്പിക്കുന്നു ദൈവം. ശുദ്ധമായ കൈകൾ നമ്മൾ തെറ്റുകുറ്റങ്ങളിൽ നിന്നും വിമുക്തരാണെന്നുകൂടി അർത്ഥതമാക്കുന്നു. സത്യമായ ഒരു പരാശക്തിയെ മനസ്സിലാക്കാതെ കണ്ട മണ്ണിലും, മരക്കമ്പുകളിലും, പരമമായ ആ ചൈതന്യത്തെ സങ്കൽപ്പിച്ച് വിവരമില്ലാത്തവരെ കൊള്ളയടിക്കുക എന്ന ദുഷ്കർമ്മം ചെയ്തവരും അവരുടെ കള്ളപ്രലോഭനങ്ങളിൽപ്പെട്ടു മൂഢരായി ജീവിതം നയിച്ചവരും ഇപ്പോൾ അവർക്ക് നേരിടേണ്ടിവന്ന ഈ സാഹചര്യം ബുദ്ധിപൂർവം തിരിച്ചറിഞ്ഞു ആത്മസാക്ഷാത്കാരം നേടേണ്ടതാണ്.

മഹാമാരികൾ മനുഷ്യനെ എന്നും അലട്ടിയിട്ടുണ്ട്.  പണ്ട് കാലങ്ങളിൽ മനുഷ്യർ ചെറിയ ചെറിയ സമൂഹങ്ങളായി ഒരിടത്ത് കഴിഞ്ഞിരുന്നത്കൊണ്ട് അത് അവരുടെ സമൂഹങ്ങളിൽ ഒതുങ്ങി നിന്നു. ഇന്ന് മനുഷ്യർക്ക് യഥേഷ്ടം എവിടെയും സഞ്ചരിക്കാമെന്നായപ്പോൾ വ്യാധികൾ അവൻ മറ്റുള്ളവർക്ക് പകർന്നുകൊടുത്തുകൊണ്ടിരിക്കുന്നു.  ഇന്ന് ശാസ്ത്രം മനുഷ്യന് തുണയായിട്ടുണ്ട്. എന്നാലും മനുഷ്യർ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആരോ പറഞ്ഞുവച്ച കാര്യങ്ങൾ പാലിക്കാനും അതിൽ വിശ്വസിക്കാനും തുടങ്ങുമ്പോഴാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.  യൂറോപ്പിനെ പ്ലാഗ്  എന്ന രോഗം ബാധിച്ചപ്പോൾ അന്നത്തെ മനുഷ്യർ ദൈവത്തിൽ ആശ്രയം തേടി സ്വന്തം ശരീരം ചമ്മട്ടി കൊണ്ട് അടിച്ച് പശ്ചാത്താപവിവശരായി നിരത്തിലൂടെ നടന്നു. അങ്ങനെ ചെയ്‌താൽ ദൈവം മാപ്പു കൊടുത്ത് അസുഖം മാറ്റുമെന്ന അന്ധവിശ്വാസം. ഭാഗ്യം, ഇന്നത്തെ മനുഷ്യൻ അത്തരം   ദണ്ഡന മുറകൾക്കൊന്നും തയ്യാറാകുന്നില്ല.  പഴയകാലത്തും മഹാമാരികൾ വരുമ്പോൾ ജനങ്ങൾ വീടിനുള്ളിൽ കഴിഞ്ഞിരുന്നു. അത് ഒരു പരിധി വരെ അസുഖം പടരാതിരിക്കാൻ സഹായിച്ചു.

ചരിത്രം ആവർത്തിക്കുമ്പോൾ പഴയകാല അനുഭവങ്ങൾ പാഠമാകുന്നു.  ആരോഗ്യവകുപ്പിൽ നിന്നുള്ള നിർദ്ദേശങ്ങൾ കണിശമായി ജനങ്ങൾ പാലിക്കണം.  അന്ധവിശ്വാസങ്ങളെ പടിയടച്ച് പിണ്ഡം വച്ച് കളയണം. ശുചിത്വപാലനവും, കുത്തിവയ്പ്പും, രോഗാണുനാശകമായ ഔഷധങ്ങളുമായി ശാസ്ത്രം മുന്നേറുന്നു. എന്നിട്ടും മനുഷ്യൻ മരിച്ച ഇന്നലകളിലെ വിഡ്ഢിത്വങ്ങൾ പാടി അവന്റെ സമയവും, ധനവും നഷ്ടപെടുത്തുന്നത് എത്രയോ ദയനീയം. കൊറോണ വൈറസുകൾ മനുഷ്യന് ചിന്തിക്കാൻ ഒരു അവസരം നൽകുന്നു.  നിസ്സഹായനായി വീട്ടിനുള്ളിൽ കഴിയുന്ന മനുഷ്യനു ഇത് യുക്തിയുക്തം ചിന്തിക്കാനുള്ള അവസരമാണ്.  കാലം മുന്നേറിയപ്പോൾ ആരും കാളവണ്ടിയിലും കുതിരവണ്ടിയിലും യാത്ര ചെയ്യുന്നില്ല. പിന്നെന്തിനു പണ്ടത്തേ പനയോലക്കെട്ടുകൾ പരതി അതിലേക്ക് തിരിച്ചുപോകുന്നു. ഇന്ന് ജീവിക്കുക. ഇന്നലെ കഴിഞ്ഞുപോയി.
കൊറോണ വൈറസുകൾ കുറേപേരുടെ ജീവൻ അപഹരിക്കും.  അത് വളരെ സങ്കടകരം തന്നെ. മനുഷ്യൻ കണ്ടുപിടിച്ച ഒരു ആയുധത്തിനും, മരുന്നിനും ഈ ഭീകരനെ നശിപ്പിക്കാൻ കഴിയുന്നില്ല. നിസ്സാരമെന്നു തോന്നുന്ന വെള്ളവും സോപ്പും അതിനെ നശിപ്പിക്കുന്നു.  മരുന്നില്ലാത്ത ഈ മഹാവ്യാധി എല്ലാവരും ശുചിത്വം പാലിക്കുക എന്ന സന്ദേശം നൽകുന്നു.  കൈ കഴുകികൊണ്ടിരിക്കുക. ഒപ്പം മനസ്സും. മനസ്സിലെ എല്ലാ ദുഷ്ടതകളും കഴുകിക്കളയുക.  നന്മയുടെ നേർവഴികൾ ഉള്ളപ്പോൾ എന്തിനു തിന്മയുടെ കുടിലമായ കുറുക്കുവഴികൾ അന്വേഷിക്കുന്നു. എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. ദൈവം കേൾക്കുന്നുവെന്നു വിശ്വസിക്കുന്നു.  രോഗം മാറിയാലും അത് തുടരുക.  കൊറോണ വൈറസുകളുടെ പ്രത്യേകത അത് കിരീടവും ചൂടി രാജപദവിയിൽ ആണ് വരുന്നത് എന്നാണു. അതെ, ഹേ മനുഷ്യാ നീ നിന്നെ തന്നെ തിരിച്ചറിയുക. ദൈവം നിന്നിൽ വസിക്കുന്നു. കൊറോണ നൽകുന്ന പാഠം അതാണ്.

ശുഭാപ്തി വിശ്വാസം കാത്തു സൂക്ഷിക്കുക. ഈ സമയവും കടന്നുപോകും. (This, too, shall pass) നല്ല വാർത്തകൾ (Glad tidings) വേഗം കേൾക്കുമാറാകും. ( 4/6/2020)
ശുഭം
Join WhatsApp News
Palakkaran 2020-09-10 12:46:54
എൻ്റെ കൈകൾ ശുദ്ധം, സംശയമുണ്ടെങ്കിൽ മണത്തു നോക്കിക്കോ.
vayankaran 2020-09-10 20:28:29
ഈ ലേഖനത്തിലെ ആശയത്തോട് ബന്ധപ്പെട്ട് ഒരേ ഒരു ലേഖനമാണ് ഇയ്യിടെ ഇ മലയാളിയിൽ വന്നതായി .കണ്ടത്. വായിച്ചവർക്ക് മനസ്സിലായി കാണും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക