Image

ഏഴാമത് ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനം: ഒക്ടോബര്‍ 16 മുതല്‍ 19 വരെ

Published on 10 September, 2020
ഏഴാമത് ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനം: ഒക്ടോബര്‍ 16 മുതല്‍ 19 വരെ
 ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ന്റെ ഏഴാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനം 2020 ഒക്ടോബര്‍ 16 വെള്ളിയാഴ്ച മുതല്‍ 19 തിങ്കളാഴ്ചവരെ  നടത്താന്‍ ഐഎപിസി ഡയറക്ടര്‍ ബോര്‍ഡിന്റെയും നാഷ്ണല്‍ എക്‌സിക്യൂട്ടീവിന്റെയും സംയുക്ത യോഗം തീരുമാനിച്ചു.  കോവിഡിന്റെ പശ്ചാത്തലത്തില്‍ ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ചുള്ള സമ്മേളനമാണ് ഇത്തവണത്തേതെന്ന് ചെയര്‍മാന്‍ ഡോ. ജോസഫ്.എം. ചാലിലും പ്രസിഡന്റ് ഡോ.എസ്.എസ്.ലാലും പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റാണ് ഇത്തവണത്തെ കോണ്‍ഫ്രന്‍സിന്റെ പ്രധാന ആകര്‍ഷണം. ഇതു കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളും നടക്കും.

ഇന്‍ഡോ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനായി 2013 ല്‍ രുപീകരിച്ച സംഘടനയായ ഐഎപിസിയുടെ ആദ്യസമ്മേളനം ന്യൂജേഴ്‌സില്‍വച്ചായിരുന്നു. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍വംശജരായ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍പരമായ മികവ് വര്‍ധിപ്പിക്കുന്നതിന് ഉതകുന്നതിനുള്ള പദ്ധതികളാണ് ഐഎപിസി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഐഎപിസി എല്ലാവര്‍ഷവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രശസ്ത മാധ്യമപ്രവര്‍ത്തകരെ ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിന്റെ ഭാഗമാക്കുന്നത്. മാധ്യമ മേഖലയെക്കുറിച്ചുള്ള പുതിയ അറിവുകള്‍ തങ്ങളുടെ അംഗങ്ങള്‍ക്കു ലഭ്യമാക്കുന്നതിലൂടെ മാധ്യമപ്രവര്‍ത്തകരായ അമേരിക്കയിലെ ഇന്ത്യന്‍വംശജരുടെ പ്രവര്‍ത്തനം കൂടുതല്‍   മെച്ചപ്പെട്ടതാക്കാനാണ് ശ്രമിക്കുന്നതെന്നു സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ പറഞ്ഞു.

ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് നോര്‍ത്ത് അമേരിക്കയില്‍ മികച്ച പിന്തുണയാണ് ഐഎപിസി നല്‍കുന്നതെന്നു ജനറല്‍ സെക്രട്ടറി ബിജു ചാക്കോ പറഞ്ഞു. ഐഎപിസിയുടെ ഏഴാമത് അന്താരാഷ്ട്രമാധ്യമ സമ്മേളനത്തിന് എല്ലാവരുടെയും പിന്തുണവേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മാധ്യമരംഗത്തെ പ്രമുഖര്‍ ഐഎപിസിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. വളര്‍ന്നു വരുന്ന മാധ്യമപ്രവര്‍ത്തകരെ നൂതന വിവര സാങ്കേതിക ജാലകങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കര്‍മ്മനിരതമാണ്  ഐഎപിസിയെന്ന് ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി മാത്തുക്കുട്ടി ഈശോ പറഞ്ഞു.

രൂപീകൃതമായി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്‍ര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സ് നടത്തിക്കൊണ്ട്   സമൂഹത്തില്‍ മികച്ച സാന്നിധ്യം അറിയിക്കാന്‍ സാധിച്ച ഐഎപിസി അതിന്റെ ഏഴാം സമ്മേളനത്തിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകുന്നതില്‍ സന്തോഷമുണ്ടെന്നു ട്രഷറര്‍ റെജി ഫിലിപ്പ് പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മികവുറ്റ മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ സാമൂഹ്യ പരിഷ്കര്‍ത്താക്കളും അഭിസംബോധനം ചെയ്യുന്ന ഈ അന്താരാഷ്ട്ര മീഡിയാ കോണ്‍ഫറന്‍സ് മികവുറ്റതായിരിക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കാന്‍ വിവിധ കമ്മറ്റികള്‍ നിയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

റിപ്പോര്‍ട്ട് : ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക