Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ നിയമ നടപടികള്‍ ആരംഭിച്ചു

Published on 09 September, 2020
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ നിയമ നടപടികള്‍ ആരംഭിച്ചു
ന്യൂ ജേഴ്‌സി: വേള്‍ഡ് മലയാളി  കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വിമത വിഭാഗത്തിന് തങ്ങളുടെ ലോഗോയും വേള്‍ഡ് മലയാളി  കൗണ്‍സില്‍ എന്ന പേരും  ഉപയോഗിക്കുന്നതിനെതിരായി  നിയമ നടപടികള്‍ ആരംഭിച്ചതായി അമേരിക്ക റീജിയന്‍ വക്താവ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.  

അമേരിക്കയില്‍  വര്‍ഷങ്ങളായിട്ടുള്ള ഈ സംഘടനയുടെ മനോഹരമായ ലോഗോയും പേരും ഉപയോഗിക്കുവാനുള്ള ഏക അവകാശം യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പേറ്റന്റ് അതോറിറ്റി നല്‍കിയിരിക്കുന്നതു ശ്രീ ഗോപാലപിള്ള ഗ്ലോബല്‍ പ്രസിഡന്റായും  അമേരിക്കാ റീജിയന്റെ , ഫിലിപ്പ് തോമസ് ചെയര്‍മാനായും സുധീര്‍ നമ്പ്യാര്‍ പ്രസിഡന്റായും  പിന്റോ കണ്ണമ്പള്ളി ജനറല്‍ സെക്രട്ടറിയായും സെസില്‍ ചെറിയാന്‍ ട്രഷററായും ഉള്ള  ഈ  കമ്മിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു.  ഇതിനു മുന്‍പ് ജോര്‍ജ് കാക്കനാട്ട് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍  ലഭിച്ച പേറ്റന്റ്, കസ്‌റ്റോഡിയന്‍ കൂടി ആയിരുന്ന ശ്രീ കാക്കനാട്ട് നിലവില്‍  ശ്രീ ഗോപാലപിള്ള ഗ്ലോബല്‍ പ്രസിഡന്റായിട്ടുള്ള ഈ  വിഭാഗത്തിന് കൈ മാറുകയാണുണ്ടായത്.

ഡോക്ടര്‍ ഇബ്രാഹിം ഹാജി ചെയര്‍മാനായും, ശ്രീ ഗോപാലപിള്ള  പ്രസിഡന്റായും  നയിക്കുന്ന ഒരു വിഭാഗവും, ഡോക്ടര്‍ എ. വി. അനൂപ് ചെയര്‍മാനായും, ടി. പി. വിജയന്‍ അഡ്മിന്‍ വൈസ് പ്രസിഡന്റായും നയിക്കുന്ന മറ്റൊരു വിഭാഗവുമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്.  അടുത്ത കാലത്തു ജൂലൈ നാലിന് സംയുക്തമായി ജൂബിലി ആഘോഷങ്ങള്‍ സൂം വഴിയായി ആഘോഷിച്ചിരുന്നു. രണ്ടായിരത്തി പതിനഞ്ചില്‍ നടന്ന യൂണിഫിക്കേഷന് ശേഷം ഇരു വിഭാഗവും യോജിക്കുവാന്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഗള്‍ഫ് മേധാവിത്വം പുലര്‍ത്തുന്ന അനൂപിന്റെ വിഭാഗം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അടുത്ത രണ്ടു വര്‍ഷം കൂടി ചെയര്‍മാന്‍ പദവിയോ, പ്രസിഡന്റ് പദവിയോ വിട്ടു കൊടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ചര്‍ച്ചകള്‍ പരാജയപ്പെടുകയാണുണ്ടായത്. 

വീണ്ടും പിരിഞ്ഞൊഴിയാന്‍  തീരുമാനിച്ച ഗ്ലോബല്‍ ഘടകത്തിന് അടിയായതു അമേരിക്കയിലാണ്. അമേരിക്കയില്‍ ഒന്നിക്കുവാന്‍ ഗ്ലോബല്‍ കണ്ണടച്ച് പറഞ്ഞിരുന്നതനുസരിച്ചും അമേരിക്ക റീജിയന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍  ചുമതലപ്പെടുത്തിയതനുസരിച്ചും  ശ്രീ തോമസ് മൊട്ടക്കല്‍ ഹൂസ്റ്റണില്‍ വച്ച് ഗോപാല പിള്ള വിഭാഗവുമായി മാസങ്ങള്‍ക്കു മുമ്പ് ചര്‍ച്ചകള്‍ നടത്തിയത് അമേരിക്കയില്‍ ഒരു വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന ആശയവുമായിട്ടാണ്.  എന്നാല്‍ ഹൂസ്റ്റണില്‍   നിന്നുള്ള ഒരു ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തന്റെ കൈയില്‍ കൂടി സംഭവം പോകാത്തതിനാല്‍ യോജിപ്പിനു പാരവെക്കുകയാണുണ്ടായത്.

ജൂലൈ നാലിന് നടന്ന സംയുക്ത ജൂബിലി ആഘോഷങ്ങള്‍ക്കു ശേഷം അമേരിക്കയില്‍ ചില ചലനങ്ങള്‍ ഉണ്ടായതു അമേരിക്കയില്‍ ഒരു യൂണിഫിക്കേഷനിലേക്കു വഴിതിരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍  അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി. മാത്യുവിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് ഒന്‍പതാം തീയതി കൂടിയ റീജിയണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ഐക്യകണ്ടേന  എടുത്ത തീരുമാനമാണ് യൂണിഫിക്കേഷന്‍.  അതേ മീറ്റിംഗില്‍ മുന്‍പ് പാരവെച്ച ഹൂസ്റ്റണിലെ നേതാവുള്‍പ്പെടെ  ഒരേ സ്വരത്തില്‍ യൂണിഫിക്കേഷനെ അനുകൂലിച്ചു പ്രസംഗിച്ചു. സൂം വാഴിയായതിനാല്‍ ഈ കാര്യങ്ങള്‍ എല്ലാം റെക്കോര്‍ഡഡ് ആണെന്നുള്ളതിനാല്‍ ആര്‍ക്കും റീവൈന്‍ഡ് ചെയ്യാവുന്നതാണ്.

'ഒരു  റീജിയന്‍ ഒരു വേള്‍ഡ് മലയാളി കൗണ്‍സില്‍ ' എന്ന സമ വാക്യവുമായി മുമ്പോട്ടു പോകുവാന്‍ ഏക സ്വരത്തില്‍ തീരുമാനം എടുക്കുകയും ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു, അഡ്വൈസറി ചെയര്‍മാന്‍ ശ്രീ ചാക്കോ കോയിക്കലേത്ത്, തോമസ് മൊട്ടക്കല്‍, ജനറല്‍ സെക്രട്ടറി സുധീര്‍ നമ്പ്യാര്‍, അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, ഓര്‍ഗനൈസേഷന്‍ ഡെവലപ്പ്‌മെന്റ് വൈസ് പ്രസിഡന്റ് റോയ് മാത്യു, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്  ഉള്‍പ്പെടെ  ഏഴു പേരെ ചര്‍ച്ചകള്‍ക്കായി ഉത്തരവാദിത്വം  ഏല്‍പ്പിക്കുകയും ചെയ്തതനുസരിച്ചു ഓഗസ്റ്റ് പതിനഞ്ചിനു ശ്രീ ഗോപാല പിള്ളയുടെ ടീമുമായി സൂം വഴിയായി ചര്‍ച്ചകള്‍ നടത്തുകയും ഒരു മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെക്കുകയും ചെയ്തു.  എന്നാല്‍ ഈ യൂണിഫിക്കേഷന്‍ സാധ്യമാകുന്നതോടെ ലോഗോയും പേരും തങ്ങളെ പിന്തുണയ്കുന്ന  പ്രോവിന്‍സുകള്‍ക്കു ഉപയോഗിക്കാവുന്നതാണെന്നും താന്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ  ഗ്ലോബല്‍ കമ്മിറ്റിയെ അംഗീകരിക്കേണ്ടതാണെന്നും ശ്രീ ഗോപാല പിള്ള ആവശ്യപ്പെട്ടിരുന്നു. അത് വളരെ മാന്യമായ ഒരു ഡിമാന്‍ഡ് ആണെന്നും അമേരിക്കയിലെ യൂണിഫിക്കേഷനെ അംഗീകരിക്കാത്ത ഗ്ലോബലിനെ പിന്തുണക്കേണ്ടതില്ലെന്നും അമേരിക്ക റീജിയന്‍ ചുമതലപ്പെടുത്തിയവര്‍ തീരുമാനിക്കുകയും ശ്രീ പി. സി. മാത്യു ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു കൊടുക്കുകയും യൂണിഫിക്കേഷന്‍ വളരെ ലളിതമായി സാധ്യമാക്കുകയും ചെയ്തത് എ. വി. അനൂപിന്റെ വിഭാഗത്തിന് വിനയായി.
 
ആഗസ്ത് ഒന്‍പതിന് കൂടിയ എക്‌സിക്യട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ അച്ചടക്ക നടപടി നേരിടുകയും അന്തിമ തീരുമാനത്തിനായി അഡ്വൈസറി ബോര്‍ഡിന് കൈ മാറുകയും ചെയ്തിരുന്നതിനാല്‍ ചര്‍ച്ചകളില്‍ തുടര്‍ന്നു പങ്കെടുക്കുവാന്‍ കഴിഞ്ഞില്ല എന്നു മാത്രവുമല്ല യൂണിഫിക്കേഷന് അനുകൂലമായി പ്രസംഗിച്ചെങ്കിലും തന്റെ കയ്യില്‍ കൂടി വന്ന യൂണിഫിക്കേഷന്‍ അവസരം നഷ്ടമാകുകയും  ചെയ്തു. സംഗതി കൈ വിട്ടു പോകുമെന്ന് എ. വി. അനൂപ് വിഭാഗം മനസ്സിലാക്കിയത് വൈകി. അപ്പോള്‍ ആണ് പുതിയ തന്ത്രവുമായി അച്ചടക്ക നടപടിയില്‍ നല്ല നടപ്പിന് വിട്ടിരുന്ന പ്രസിഡന്റ് ഒരു മീറ്റിംഗ് നിയമാനുസൃതമല്ലെങ്കിലും വിളിച്ചിട്ടു ചെയര്‍മാന്‍ ഉള്‍പ്പടെ ഉള്ള എല്ലാ ഭാരവാഹികളെയും പുറത്താക്കിയതായി ന്യൂസ് കൊടുക്കുകയും  ചെയ്തു.  ആരും പുറത്തായില്ലെന്നു മാത്രമല്ല അവരെല്ലാം തന്നെ നിയമപരമായുള്ള വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഭാഗമാവുകയും ഭൂരിപക്ഷം പ്രോവിന്‍സുകളും പിന്തുണക്കുകയും ചെയ്തു.

തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി ഇരു വിഭാഗവും നന്നായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രോവിന്‍സുകളില്‍ വിമതരെ സൃഷ്ഠിക്കുകയാണ് ഹൂസ്റ്റണില്‍ നിന്നുള്ള നേതാവ്. ഫൊക്കാനക്കു ശേഷം വേള്‍ഡ് മലയാളി കൗണ്‍സില്‍ കസേരക്ക് വേണ്ടി കളിക്കുന്ന കളികള്‍ കേരള രാഷ്ട്രീയത്തെ വെല്ലുന്നതാണ് എന്ന് കാണുമ്പോള്‍ മറുനാട്ടില്‍ വരുന്ന മലയാളികളെ രാഷ്ട്രീയ വഴിക്കു ഇറക്കി വിട്ട ഗ്ലോബല്‍ ഭാരവാഹികള്‍ ഒരു വീണ്ടു വിചാരം നടത്തിയാല്‍ നന്നായിരുന്നു.
Join WhatsApp News
സംഘടനാ നിരീക്ഷകൻ 2020-09-09 18:12:41
വേൾഡ്‌മലയാളീ എന്നും പറഞ്ഞു ആർക്കും നടക്കാം എന്തും പറഞ്ഞു ആഘോഷിക്കാം ലീഡറുകൾ പറഞ്ഞു ഞെളിയാം. കാരണം വേൾഡിലെ എല്ലാമലയാളികളും വേൾഡ്‌മലയാളികൾ തന്നെ. ഇനി കാര്യത്തിലേക്കു വരാം. ഇവർക്ക് എത്ര ഗ്രൂപ്പുകളാണപ്പാ... ഒരുഗ്രൂപ് മറ്റേ ഗ്രൂപ്പിനെ അടിച്ചു പുറത്താക്കുന്നു, ചിലർ അടിച്ചു അകത്താക്കുന്നു . ഒന്നിലും ഒരു ജനാധിപത്യവും ഇല്ലാ. കുറെ പേർ ചുമ്മാ അങ്ങു തീരുമാനിക്കുന്നു. നീ ചെർമാൻ, ഞാൻ സെക്രട്ടറി, അവൻ പ്രേസിടെണ്ട്, അവൾ എംസി . പിന്നെ കുറെ പടം വച്ചുള്ള വാർത്തകളുടെ വച്ചുകാച്ചൽ, പരസ്‌പരം പൊക്കിപൊക്കി ചൊറിയൽ . മന്ത്രിമാരോടൊപ്പം, സിനിമക്കാരോടൊപ്പം ഫോട്ടോയെടുപ്പ് , നാട്ടിൽ ആ നന്മ ചെയ്തു, ഇതു ചെയ്തു എന്നുള്ള കള്ളം പറച്ചിൽ. ഇവരിൽ പലരും വേൾഡ് മലയാളിയുടെയോ മറ്റും ചരിത്രമോ, മുഖ മുദ്രയോ അറിയാത്ത ഇന്നലെ മുളച്ച വെറും തകരകളാണ്‌. ചിലർക്കു എല്ലായിടത്തും പോയി നേതാവാകണം. വേൾഡ്‌മലയാളിയിലും, സമാജത്തിലും, ഫൊക്കാന ഫോമാ കോൺഗ്രസ് പാർട്ടി, പള്ളിക്കമ്മിറ്റി, പ്രസ്ക്ലബ് , എല്ലാറ്റിലും ഉടൻ വലിയ നേതാവു മാത്രം മതി. അറിവും, കഴിവും പരിമിതമാണു താനും. ഇത്തരക്കാരെകൊണ്ട് ഈ വേൾഡ്‌മലയാളി ഗ്രൂപ്പുകൾ നിറഞ്ഞിരിക്കുകയാണ് . ഇതിൽ സ്ഥാപകർ ആയി പറയുന്നവരോ ചമയുന്നവരോ ഒന്നും ശരിയല്ല. അവർ അല്ലാ സ്ഥാപകർ, ആദ്യകാലത്തു വിയർപ്പുഒഴിക്കിയവർ. സ്ഥാപകരിൽ പലരും എളിമയോടെ നിശബ്ദർ ആയി കഴിയുന്നു. വേൾഡ് മലയാളിയുടെ ആരംഭം മുതലുള്ള ചരിത്രം കൺവെൻഷനുകൾ എല്ലാം പരിശോധിക്കുക. ജോണ് എബ്രഹാം ടീം ന്യൂജേഴ്‌സി, ന്യൂയോർക്കുകാരുടെ സഹകരണത്തോടെ ആരംഭിച്ചു. ആദ്യ കൺവെൻഷൻ ജോൺ എബ്രഹാം , ആൻഡ്രൂ പാപ്പച്ചൻ ടീം ഏതാണ്ടു 1500 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ന്യൂജേഴ്‌സിയിൽ നടത്തി. ജോൺ അബ്രഹാം അന്നു ടീനെക്ക് മേയർ കൂടെ ആയിരുന്നു. അദ്ദേഹം ഇപ്പോൾ ടെക്സസിൽ താമസിക്കുന്നു. പിന്നീടു ഗോപാലപിള്ള, ചാർളി അങ്ങാടിച്ചെറിയടക്കം കുറെ ടെക്സസുകാർ വന്നു. ഒന്നാം കോൺവെൻഷനു ശേഷം ഡോക്ടർ തോമസ് പാലക്കൽ- എ.സി.ജോർജ് ടീം ചാർജ്എടുത്തു. അവരുടെ നേതൃത്തിൽ ന്യൂയോർക്കിൽ അന്നത്തെ നിലയിൽ 3 ദിവസത്തെ ഗംഭീര കൺവെൻഷൻ നടത്തി. അന്നു ഏതാണ്ടു 2000 ആൾക്കാരാണ്‌ പങ്കെടുത്തത് . ഇപ്രകാരം ചരിത്രം പരിശോദിച്ചാൽ ഇതിൽ നിന്നൊക്കെ റിട്ടയർ ആയി നിശബ്ദരായി കഴിയുന്നവരെ കാണാം. ഈ ചരിത്രമൊന്നും പിന്നാലെ വന്നവർക്കു, പ്രതേകിച്ചു ഈ അധികാര വടംവലിക്കാർക്കു അറിയില്ല. ഏതായാലും വിട്ടുപിടി .. വിട്ടുകൊട. കേസിനു പോയാൽ എല്ലാ ഗ്രൂപ്പും തോറ്റുപോകും. കണ്ടില്ലേ ഹഡ്സൺ വാലി അസോസിയേഷൻ ഗതി. അക്കൂട്ടർ തന്നെ ഫൊക്കാനയിലും നുഴഞ്ഞു കയറി. അവിടെയും കേസായി കടിച്ചു തൂങ്ങൽ ആയി.
ഒരു സാധു 2020-09-09 19:09:37
ഒരു അല്പം ഉളുപ്പ് വേണ്ടേ. ഇവിടെ ആനയെയും ആമയെയും തട്ടീട്ട് നടക്കാൻ വയ്യ. അതിന്റെ ഇടയിലിതും കൂടി വേണോ. ഇവരൊക്കെ കൂടി എന്ത് മലയാണ് ഇവിടെ മറിയ്ക്കുന്നത്. പണിയെടുത്ത് ജീവിക്കുന്ന ഒരുത്തനും ഇമ്മാതിരി സംഘടയിൽ നേതാവാകില്ല. സംശയമുണ്ടോ, ഏതെങ്കിലും സംഘടനയിൽ ഹാലിളകി നടക്കുന്നവരെ ഒന്നു നോക്കൂ. പാവം ഭാര്യമാർ എല്ലുമുറിയെ പണിയെടുത്ത് കൊണ്ടുവരുന്നത് മൃഷ്ടാന്നം വിഴുങ്ങി കഴിയുമ്പോൾ, എല്ലിന്റെയിടയിൽ ഒരു വല്ലാത്ത കുത്തലുണ്ടാവും. അതാണ് അമേരിക്കൻ മലയാളിയുടെ സംഘടനാ പ്രവർത്തനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക