Image

വെറും തെരഞ്ഞെടുപ്പ് പ്രകടനപത്രികയല്ല ; നയം വ്യക്തമാക്കി ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ.തോമസ് തോമസ്

Published on 09 September, 2020
വെറും തെരഞ്ഞെടുപ്പ് പ്രകടനപത്രികയല്ല ; നയം വ്യക്തമാക്കി ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി  ഡോ.തോമസ് തോമസ്
ടൊറോന്റോ : തെരഞ്ഞെടുപ്പ്  എങ്ങനെയും ജയിക്കാന്‍വേണ്ടി, ജനശ്രദ്ധ നേടാനും  കയ്യടി വാങ്ങാനും   ഉതകുന്ന എന്തെങ്കിലും കുറെ കാര്യങ്ങള്‍ പ്രകടന പത്രികയായി അവതരിപ്പിച്ചല്ല മറിച്ചു് ; വ്യക്തമായ കാഴ്ചപ്പാടോടും, കൃത്യമായ ദീര്‍ഘ വീക്ഷണത്തോടുംകൂടെയാണ്  താന്‍  തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നു ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി  ഡോ.തോമസ് തോമസ് പ്രസ്താവിച്ചു.

യുവാക്കളെയും സ്ത്രീകളെയും  സംഘടനയിലേക്ക് ആകര്‍ഷിച്ചു  കേരളത്തിന്റെ സാംസ്കാരിക പൈതൃകം  നോര്‍ത്ത് അമേരിക്കന്‍ മണ്ണില്‍ ഊട്ടിയുറപ്പിച്ചു വരുംതലമുറകളിലേക്കു പകരാനും  സംഘടനക്ക് കൂടുതല്‍ കരുത്തു പകരുന്നതിനുമായിരിക്കും താന്‍ മുന്‍തൂക്കം നല്‍കുകയെന്ന്  അദ്ദേഹം പറഞ്ഞു.
 
മലയാളി നഴ്‌സിംഗ് സംഘടനകളുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കും. വിവാഹ പ്രായമായ യുവതീയുവാക്കള്‍ക്കായി ഒരു മാട്രിമോണിയല്‍ സൈറ്റ് തുടങ്ങാനും പ്ലാനുണ്ട്. റീജിയണ്‍  അടിസ്ഥാനത്തില്‍ യൂത്ത് മീറ്റുകള്‍ സംഘടിപ്പിക്കാന്‍  അംഘസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സീനിയര്‍ സിറ്റിസന്‍സിനുവേണ്ടി സീനിയര്‍സ് ഫോറം; ബിസിനസ്സുകാര്‍ക്കായി ചേംബര്‍ ഓഫ് കൊമേഴ്‌സ്, കുട്ടികള്‍ക്കുവേണ്ടി കിഡ്‌സ് ഫോറം; സ്ത്രീ വേദി,  മലയാളം പഠിപ്പിക്കാനായി മലയാള ഭാഷാ പദ്ധതി, കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകമിത്ര  പദ്ധതി, മലയാള സാഹിത്യ വേദി,  റീജിയണ്‍  അടിസ്ഥാനത്തില്‍ വിപുലമായ യൂത്ത് ഫെസ്റ്റിവല്‍ തുടങ്ങിയ മലയാളി സമൂഹത്തിന്‍റെ നാനാതുറകളില്‍പ്പെട്ട ആളുകളുടെ സഹകരണം ഫോമായില്‍ ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന കര്‍മ്മപരിപാടികള്‍ക്കു രൂപം നല്‍കുമെന്നു അക്കമിട്ട്  തോമസ്  പറയുന്നു.

വടക്കേ അമേരിക്കയിലുള്ള  എല്ലാ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുമായും നാട്ടിലുള്ള അമേരിക്കന്‍ കനേഡിയന്‍ എംബസ്സികളുമായും  നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാനും  വിവിധ തരത്തിലുള്ള  വിസാ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഉടനടി പരിഹാരം കണ്ടെത്താനുള്ള അമേരിക്കന്‍ മലയാളികളുടെ ആശ്രയകേന്ദ്രമായി ഫോമായെ  മാറ്റിയെടുക്കാനും ശ്രമിക്കും.

"ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തിനായി  വിദ്യാഭ്യാസസംബന്ധിയായ ഒരു  പ്രശ്‌നപരിഹാര  സെല്‍ രൂപീകരിക്കും.    നോര്‍ത്ത് അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഒരു പ്രൊഫെഷണല്‍ ഡാറ്റാ ബേസ്  ഉണ്ടാക്കി  നമ്മുടെ ശക്തി തെളിയിക്കാനും  “ബാര്‍ഗൈന്‍ പവര്‍” നേടിയെടുക്കാനും യത്‌നിക്കും . രാഷ്ട്രീയആരോഗ്യനിയമ രംഗത്തെ ആളുകളെ ഉള്‍പ്പെടുത്തി ഒരു കമ്മ്യൂണിറ്റി ഹെല്പ് ലൈന്‍  ഒരുക്കാനും പ്ലാനുണ്ട്. ഇപ്പോള്‍ ഫോമാ തുടങ്ങിയതും തുടരുന്നതുമായ എല്ലാ പ്രൊജെക്ടുകളും ചാരിറ്റി പ്രവര്‍ത്തനങ്ങളും  കൂടുതല്‍ കരുത്തോടെ തുടരുകയും അതില്‍  പങ്കാളികളായിട്ടുള്ളവരുടെ തുടര്‍സേവനങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യും."  തോമസ്  പറഞ്ഞു.

എതിര്‍സ്ഥാനാര്‍ത്ഥി  പറയുന്നതുപോലെ  യാതൊരു ലക്ഷ്യബോധമോ പ്ലാനോ ഇല്ലാതെ എവിടെ വേണമെങ്കിലും  കണ്‍വെന്‍ഷന്‍ നടത്താമെന്നല്ല ഞാന്‍ പറയുന്നത്.  വ്യക്തമായ കാഴ്ചപ്പാടോടെ , കൃത്യമായ ദീര്‍ഘ വീക്ഷണത്തോടെ  2022 ല്‍  നയാഗ്രാ ഫാള്‍സില്‍  തന്‍റെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു കലാശക്കൊട്ടായി  ഫോമാ കണ്‍വെന്‍ഷന്‍ നടത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത് .

കണ്‍വെന്‍ഷന്റെ ആദ്യദിനം ഈ വര്‍ഷം കണ്‍വെന്‍ഷന്‍ നടത്താന്‍ സാധിക്കാതെ  പുറത്തേക്കു പോകുന്ന ഭാരവാഹികള്‍ക്കായി നീക്കി വെക്കും. അവര്‍ക്ക്  മതിയായ അംഗീകാരവും ആദരവും ചടങ്ങില്‍ നല്‍കുകയും ചെയ്യും. കൂട്ടായ തീരുമാനത്തിലൂടെ കണ്‍വെന്‍ഷന്  പുതിയ മാനങ്ങള്‍ തേടും ; 2022  ഫോമാ കണ്‍വെന്‍ഷന്‍ കഴിയുമ്പോഴേക്കും ഫോമായുടെ  അംഗസംഘടനകളുടെ എണ്ണം നൂറില്‍  എത്തിയിരിക്കും! "  ആത്മവിശ്വാസത്തിന്റെ പരമകോടിയില്‍ നിന്നുകൊണ്ട് തോമസ് പറഞ്ഞു.

ഫോമയുടെ വളര്‍ച്ചയും അംഗബലവുമാണ്  ലക്ഷ്യംവയ്ക്കുന്നതെങ്കില്‍   ഫോമാ കണ്‍വെന്‍ഷന്‍  കാനഡയിലെ നയാഗ്രയില്‍  നടത്തേണ്ടത്  ഫോമായുടെ  തന്നെ ആവശ്യമായി കരുതി  എല്ലാ അമേരിക്കന്‍ മലയാളി സംഘടനകളും പിന്തുണയ്ക്കണമെന്നും തന്റെ അനുഭവസമ്പത്തിനെ മാനിച്ചു  ഫോമായുടെ  അമരത്തേക്ക്  വിജയിപ്പിക്കണമെന്നും  ഡോ. തോമസ്  അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക