Image

സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ' പദ്ധയിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 10ന്

Published on 08 September, 2020
 സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ' പദ്ധയിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 10ന്


കേരള പ്രവാസി അസോസിയേഷന്‍ (കെപിഎ) 'സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ' എന്ന പേരില്‍ കേരളത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കുന്നു. പ്രവാസികളുടെ നിക്ഷേപങ്ങള്‍ സംഘടിപ്പിച്ചു നടത്തുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം സെപ്റ്റംബര്‍ 10ന് (വ്യാഴം) എം.ടി. വാസുദേവന്‍ നായര്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ പഞ്ചായത്തില്‍ പ്രവാസികളുടെ കൂട്ടായ്മകളില്‍ നിന്നും സംഭരിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഓണ്‍ലൈന്‍ ഹോം ഡെലിവറി സംവിധാനങ്ങളോടെയുള്ള ഒരു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രോജക്ടിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപ കേരളത്തിലേക്കെത്തിക്കുന്ന പ്രവാസികളില്‍ ബഹു ഭൂരിപക്ഷവും സാധാരണ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ്. പ്രവാസികള്‍ കേരളത്തില്‍ എത്തിക്കുന്ന സമ്പത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണെങ്കിലും അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലോ, കൂടുതല്‍ പ്രവാസികളെ സൃഷ്ടിച്ചു സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിനും, സമൂലമായ മാറ്റത്തിനും ഇതെങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ള ചര്‍ച്ചകളോ കാര്യമായി നടക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.

അസംഘടിതരായ പ്രവാസികളെ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി സംഘടിപ്പിച്ചാണ് കേരളാ പ്രവാസി അസോസിയേഷന്‍ രൂപീകൃതമായത്. ഒരു ലക്ഷത്തി മുപ്പത്തിനായിരത്തില്‍ പരം പ്രവാസികള്‍ ഫോളോ ചെയ്യുകയും ദിനം പ്രതി വളര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് പേജും അതോടോപ്പോം ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ 921 പഞ്ചായത്തുകളില്‍ WHATSAPP കൂട്ടായ്മകള്‍ രൂപീകരിക്കുവാനും അസോസിയേഷന് ഇതിനോടകം കഴിഞ്ഞു.

പ്രവാസികളുടെ നിക്ഷേപങ്ങള്‍ സംഘടിപ്പിച്ചു പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ (ആ പഞ്ചായത്തില്‍ നിന്നും പ്രവാസികളുടെ കൂട്ടായ്മകളിലൂടെ ഉല്പാദിപ്പിക്കുന്ന കീടനാശിനി ഉപയോഗം കുറച്ചുള്ള പച്ചക്കറികള്‍, കോഴി, വെളിച്ചെണ്ണ തുടങ്ങി എല്ലാ സാധനങ്ങളും അവിടെത്തന്നെ വിറ്റഴിക്കാനും അധികം വരുന്നവ അടുത്ത പഞ്ചായത്തുകളിലേക്കും ജില്ലകളിലേക്കും കൊടുത്തുകൊണ്ടും), ഫാമുകള്‍, കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍, ആശുപത്രികള്‍, റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ടൂറിസം സെന്ററുകള്‍ തുടങ്ങി ഒരു നാടിന്റെ വികസനത്തിനും സ്വയം പര്യാപ്തതക്കും ആവശ്യമായ എല്ലാ അടിസ്ഥാന കാര്യങ്ങളും നടപ്പില്‍ വരുത്തുക എന്നതാണ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്.

36 ലക്ഷത്തില്‍കൂടുതല്‍ അഭ്യസ്തവിദ്യരായ യുവതിയുവാക്കളുള്ള കേരളം തൊഴിലില്ലായ്മയില്‍ ഇന്ത്യയില്‍ മൂന്നാമത്തെ സംസ്ഥാനമാണ് എന്നിരിക്കെ, അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവതീയുവാക്കള്‍ക്ക് പ്രവാസലോകത്തു പുതിയ തൊഴില്‍ ഇടങ്ങള്‍ കണ്ടെത്തുവാനും, വിദേശത്തു തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജോലി സാദ്ധ്യതകള്‍ കണ്ടെത്തുവാനുമായി ഒരു ജോബ് പോര്‍ട്ടല്‍ (www.pravasijobs.com) ഇതിനോടകം കേരളാ പ്രവാസി അസോസിയേഷന്‍ രൂപപ്പെടുത്തിയിരിക്കുന്നു. മനുഷ്യ വിഭവശേഷി വര്‍ധിപ്പിച്ചു കൂടുതല്‍ പ്രവാസികളെ സൃഷ്ടിക്കാനായി കേരളാ പ്രവാസി അസോസിയേഷന്‍ ഓരോ ജില്ലയിലും ജോബ് സെല്ലുകള്‍ തുറക്കാനുള്ള തയാറെടുപ്പിലുമാണ്.

സ്‌കില്‍ഡ് (ആശാരി, പ്ലംബര്‍, ഇലെക്ട്രിഷ്യന്‍, മെയ്സണ്‍ തുടങ്ങിയ ജോലിക്കാര്‍) തൊഴിലാളികള്‍ക്കു മണിക്കൂര്‍ അല്ലെങ്കില്‍ ദിവസ വേതനത്തില്‍ ജോലി കണ്ടു പിടിക്കാനായി www.pravasilisting.com എന്ന ഒരു വെബ്‌സൈറ്റും അടുത്തുതന്നെ ഒരു മൊബൈല്‍ ആപ്ലിക്കേഷനും അസോസിയേഷന്‍ രൂപം കൊടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക