Image

കേരളകോൺഗ്രസ് (ജോസ്) കുട്ടനാട്ടിൽ അടിച്ചു പിരിയും, 37 വർഷത്തെ യുഡിഎഫ് ബാന്ധവത്തിനു അറുതി (കുര്യൻ പാമ്പാടി)

Published on 08 September, 2020
കേരളകോൺഗ്രസ് (ജോസ്)  കുട്ടനാട്ടിൽ അടിച്ചു പിരിയും, 37 വർഷത്തെ  യുഡിഎഫ് ബാന്ധവത്തിനു അറുതി (കുര്യൻ പാമ്പാടി)
photo: കുട്ടനാട്ടിൽ വീണ്ടും ഏറ്റുമുട്ടുന്ന  തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ്, ജേക്കബ് എബ്രഹാം പനവേലിൽ

അരനൂറ്റാണ്ട് കാലം കേരളരാഷ്ട്രീയത്തിലെ അധൃഷ്യ പ്രതിഭയായിരുന്ന കെ എം മാണി തുടങ്ങിവച്ച യുഡി എഫ് ബന്ധം മകൻ ജോസ് കെ മാണിനയിക്കുന്ന കേരളകോൺഗ്രസ് (ജോസ്) പക്ഷം അവസാനിപ്പിച്ചു.  ഇണങ്ങിയും പിണങ്ങിയും  യുഡിഎഫിനോടൊപ്പം നിന്ന് വിലപേശലുകൾ നടത്തിയ മാണി സാർ മകനെ രാജ്യസഭയിൽ എത്തിച്ച ശേഷമാണ് 2019 ഏപ്രിൽ ഒമ്പതിന് കണ്ണടച്ചത്.
 
ഏഴു മാസം കഴിഞ്ഞാൽ കേരളത്തിൽ വീണ്ടു നിയമസഭാ തെരെഞ്ഞെടുപ്പു നടക്കേണ്ടതുണ്ട്. അതിനു മുമ്പ് ഇരുപതു കോടി  ചെലവ് വരുന്ന ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നു. പക്ഷെ ഏതു തെരഞ്ഞെടുപ്പും ഭരണത്തിന്റെ വിലയിരുത്തലാണെന്നു പറഞ്ഞു തെരഞ്ഞെടുപ്പിനെ സ്വാഗതം  ചെയ്യുകയാണ് മുഖ്യമന്ത്രി പിണറായി.

പതിനേഴു മാസങ്ങൾക്കു ശേഷം  രണ്ടു എംഎൽഎ മാരുമായി ജോസ് കെ മാണി യുഡിഎഫ് ബാന്ധവം അവസാനിപ്പിച്ച് ഇടതുപക്ഷ ചേരിയിലേക്കു നടന്നടുക്കുന്നു. യുഡിഎഫ് ബന്ധ കാലത്ത് മത്സരിച്ച 15 മണ്ഡലങ്ങൾ  ലഭിക്കണമെന്നാണ്   ജോസ് പക്ഷത്തിന്റെ  ആവശ്യമെങ്കിലും യുഡിഎഫിൽ നിന്നു  ലഭിച്ച രാജ്യ സഭാ അംഗത്വം ഉൾപ്പെടെയുള്ള സ്ഥാനമാനങ്ങൾ ഉപേക്ഷിക്കണമെന്നാണ്  എൽഡിഎഫിൽ രണ്ടാം സ്ഥാനമുള്ള സിപിഐയുടെ ഡിമാൻഡ്.

ജോസ് പക്ഷത്തെ കൂടെ കൂട്ടിയാൽ ശക്തമായ കത്തോലിക്കാ പക്ഷത്തെ അനുനയിപ്പിക്കാമെന്ന സിപിഎം മോഹം നടക്കുമോ എന്ന് കണ്ടറിയണം. ഇടതുപക്ഷ വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് അരമനകളിൽ കയറി ഇറങ്ങി ബന്ധം ഉറപ്പിച്ച പി ജെ ജോസഫ് കമ്മ്യൂണിസ്റ്റുകളുമായി കൂട്ടു കൂടുന്ന ജോസിനെതിരെ വീണ്ടും രംഗത്തിറങ്ങും.

ജോസ് കെ മാണി എംപി സ്ഥാനം കൈവിടുമെന്നു ആരും സ്വപ്നം കാണേണ്ട. രണ്ടില ഉണ്ടെങ്കിലും ഇല്ലെങ്കിലും തനിച്ച് മത്സരിച്ചാൽ മാണിയുടെ ആജീവനാന്ത തട്ടകമായിരുന്ന പാലാ  പോലും കൈവിട്ടു പോകുമെന്നു കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പ് തെളിയിച്ചതാണല്ലോ. മാണി സാറിനോട് മൂന്ന് തവണ ഏറ്റുമുട്ടിയ മാണി സി കാപ്പൻ ഓരോ തവണയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവന്നു ഏറ്റവും ഒടുവിൽ 2948 വോട്ടിനു ജയിക്കുകയും ചയ്തു.

സിപിഎം പിന്തുണയോടെ നാഷണലിസ്റ് പാർട്ടി ടിക്കറ്റിൽ മത്സരിച്ച കാപ്പൻ  ജയിച്ചത്  പാർട്ടി വർക്കിങ് ചെയർമാൻ പിജെ ജോസഫ് കാലു വാരിയതു കൊണ്ടാണെന്നു ജോസ് കെ മാണി ആവർത്തിച്ച് പറഞ്ഞെങ്കിലും ജോസഫിന് കാര്യമായ പിന്തുണ ഇല്ലാത്ത മണ്ഡലത്തിൽ  താൻ നിർത്തിയ ജോസ് ടോം പുലിക്കുന്നേൽ തോറ്റത് മറ്റു അടിയൊഴുക്കുകൾ മൂലമാണെന്ന് വ്യകതമായിരുന്നു. കോൺഗ്രസ്കാരും അവിടെ ഒരു കളി  കളിച്ചെന്നു ഉറപ്പാണല്ലോ.

അമ്പത്തി രണ്ടു വർഷം പാലായെ പ്രതിനിധീകരിക്കുകയും ധനകാര്യ മന്ത്രിയായി 13  തവണ ബജറ്റ് അവതരിപ്പികയെന്ന അപൂർവ ബഹുമതി നേടുകയും ചെ യ്ത  കെ എം മാണി ഒടുവിൽ ബജറ്റിന്റെ പിന്നാമ്പുറത്ത്  കോടികൾ വാങ്ങി ബാറുകൾ തുറന്നു കൊടുത്തു എന്ന അപഖ്യാതിയോടെ രാജി വയ്‌ക്കേണ്ടി വന്നു. 

ബാർ കോഴയുടെ പേരിൽ മാണിയെ പുകച്ച് പുറത്താക്കിയ സിപിഎം ചേരിയിൽ മകൻ ജോസ് കെ. മാണി എത്തിപ്പെട്ടത് ചരിത്രത്തിലെ വിരോധാഭാസമായി എന്നെന്നും സ്മരിക്കപ്പെടും. കേരളത്തിൽ കൊറോണ മൂലം അടഞ്ഞു കിടന്ന ബാറുകൾ തുറക്കുകയുമാണ്.

മാണി പക്ഷത്തെ കൂടെ കൂട്ടാൻ സിപിഎം കരുനീക്കം തുടങ്ങിയിട്ട് കാലങ്ങളായി. യുഡി എഫുമായി മാണി സാർ ഇടഞ്ഞു നിന്നകാലത്ത് തന്നെ ശ്രമം തുടങ്ങിയതാണ്. പക്ഷെ  യുഡിഎഫിൽ തുടരുന്നതാണ്   ലോകസഭാന്ഗം ആയ  മകന് കൂടുതൽ സുരക്ഷിതമായ രാജ്യസഭാ സീറ്റ് ഉറപ്പിക്കുന്നതിനു സഹായകരമെന്നു മാണി സാർ ഉറപ്പിച്ചു. അത് നേടിയെടുക്കുകയും ചെയ്‌തു.

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്ന് അനുവദിച്ച കേന്ദ്ര ഇലക്ഷൻ കമ്മീഷൻ കമ്മീഷൻ തീരുമാനം  സ്റ്റേ  ചെയ്യണമെന്ന് ആവശ്യപ്പെട്ടു പിജെ വിഭാഗം കേരള ഹൈ കോടതിയിൽ ചൊവ്വാഴ്ച ഹർജി  നൽകി. അതെ സമയം രണ്ടില കിട്ടിയ ബലത്തിൽ ജോസഫിനെയും മോൻസ് ജോസഫിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ജോസ് വിഭാഗം സ്പീക്കർക്ക് കത്ത്  നൽകിയിട്ടുണ്ട്.

മാണി സാറിന്റെ ദീർഘ വീക്ഷണം മൂലം മകൻ ലോക്സഭാ അംഗത്വം രാജി വച്ചത് ഏവർക്കും അറിയാം..  ഏതായാലും മാണി സാറിനു ഒരു സ്മാരകം നിർമ്മിക്കാൻ ബജറ്റിൽ അഞ്ചു കോടി വകയിരുത്തി  ധനമന്ത്രി തോമസ് ഐസക്  മാണിസാറിന്റെ ഓർമ്മയ്ക്കു അർപ്പണം നടത്തുകയും ചെയ്തു.

 കുട്ടനാട്ടിൽ മുമ്പ് മത്സരിച്ച് രണ്ടാം സ്ഥാനം തെളിയിച്ച കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ് ജില്ലാ പ്രസിഡന്റ്  ജേക്കബ് എബ്രഹാം പനവേലിൽ ആണ് യുഡിഎഫ് ‌സ്ഥാനാർത്ഥി. എതിരാളി, മരണം കൊണ്ട്  ഉപതിരഞ്ഞെടുപ്പിന് ഇടയാക്കിയ മുൻ എൻസിപി മന്ത്രി തോമസ് ചാണ്ടിയുടെ തോമസ് കെ. തോമസും. തോമസിനെ ജയിപ്പിക്കാൻ എൻസിപി നേത്താവ് കൂടിയായ പാലാ ജേതാവ് മാണി സി കാപ്പനും രംഗത്തിറങ്ങുമെന്നു ഉറപ്പാണ്.  

തോമസ് ചാണ്ടി  2006 മുതൽ തുടർച്ചയായി മൂന്നു തവണ കുട്ടനാട്ടിൽ ജയിച്ചു വന്നതിന് തൊട്ടു മുമ്പിലെ ചരിത്രം പരിശോധിക്കുന്നതു സംഗതം. നന്ന്.1982 മുതൽ 2001 വരെ തുടർച്ചയായി അഞ്ചു തവണ  അവിടെ ജയിച്ച ആളാണ്  ഡോ. കെ.സി. ജോസഫ്.  1971 കോഴിക്കോട് പേരാമ്പ്രയിൽ ജയിച്ചു തുടങ്ങിയ ജൈത്രയാത്രക്കിടെ ഗവ. ചീഫ് വിപ്പും പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ഒക്കെയായിരുന്നു.  

ഇടക്കാല തെരഞ്ഞെടുപ്പു നടക്കുന്ന പക്ഷം സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകവും രക്തസാക്ഷിയുമായ രാമങ്കരി കൈതപ്പറമ്പിൽ ഡോ. കെ.സി ജോസഫിന്റെ അഭാവം പഴയ തലമുറയിൽപ്പെട്ട കുറേപ്പേരെയെങ്കിലും സ്പർശിക്കുമെന്നു തീച്ചയാണ്.

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ്‌ ബിരുദം നേടി  ചൂടാറും മുമ്പേ കുടിയേറ്റ കർഷകരുടെ കടങ്ങൾ തീർക്കാൻ  കോഴിക്കോട് പേരാമ്പ്ര നിയോജകമണ്ഡലത്തിൽ കേരള കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് നിയമസഭയിലെത്തിയ ആളാണ്. അതും കമ്മ്യൂണിസ്റ്റുകളുടെ കോട്ട കൊത്തളങ്ങൾ തകർത്തു കൊണ്ട്. അന്ന് അവിഭക്ത കേരളകോൺഗ്രസിന്റെ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആയിരുന്നു.

പിന്നീട് ജന്മനാടായ കുട്ടനാട്ടിൽ മത്സരിക്കുമ്പോഴെല്ലാം നെൽകൃഷിക്കാരുടെ പ്രശ്നങ്ങൾ ആയിരുന്നു  മനസ്  നിറയെ. അഞ്ചു തവണ ജയിച്ചു. ആദ്യമത്സരം നടക്കുമ്പോൾ 28 വയസ്. ഏകദേശം അരനൂറ്റാണ്ടിന്റെ രാഷ്രീയ പ്രബുദ്ധതയുണ്ടെങ്കിലും അധികാര സ്ഥാനമാണങ്ങൾക്കു വേണ്ടി കടിപിടി കൂടിയിട്ടില്ല.  രാഷ്ട്രീയത്തിനു വേണ്ടി കർഷനായ പിതാവ് ഉണ്ടാക്കിയ സ്വത്തുക്കൾ കളഞ്ഞിട്ടേയുള്ളു.

സംശുധ്ധ രാഷ്ട്രീയത്തിന്റെ  ബലിയാടായ ഒരാളാണ് അപ്പച്ചൻ എന്ന കെസി ജോസഫ് എന്ന് പേരാമ്പ്രയിൽ പ്രചാരണ രംഗത്ത് അദ്ദേഹത്തിന്റെ വലംകൈ ആയിരുന്ന വയനാട്ടിലെ കുടിയേറ്റ കർഷകരുടെ  നേതാവ് ചെറിയാൻ കോട്ടമല സാക്ഷ്യപ്പെടുത്തുന്നു. അന്ന് സൗത്ത് വയനാട് കോഴിക്കോട് ജില്ലയുടെ ഭാഗം ആയിരുന്നു. ചെറിയാൻ പേരാമ്പ്രയിലെ വോട്ടറും.

ഡോക്ടറുമായി ഇന്നും നല്ല സൗഹൃദ ബന്ധം പുലർത്തുന്നു. ഏറ്റവും ഒടുവിൽ രാമങ്കരിയിലെത്തി കാണുമ്പോൾ പഴയ ഓർമ്മകൾ അയവിറക്കി ഏറെനേരം സംസാരിക്കുന്നതിനു ഞാനും സാക്ഷിയാണ്. എഴുപത്തൊന്നാം വയസിലും ഡോക്റ്റർക്കു ഇനിയുമൊരു അങ്കത്തിനു ബാല്യമുണ്ട് എന്ന്  ബോധ്യപ്പെടുന്ന രീതിയിലായിരുന്നു രാഷ്ട്രീയ വിശകലനങ്ങൾ. പത്നി ആനിയമ്മയുടെ ഹൃദ്യമായ സൽക്കാരം ഇനിയും മറന്നിട്ടില്ല ഞങ്ങൾ.
കേരളകോൺഗ്രസ് (ജോസ്)  കുട്ടനാട്ടിൽ അടിച്ചു പിരിയും, 37 വർഷത്തെ  യുഡിഎഫ് ബാന്ധവത്തിനു അറുതി (കുര്യൻ പാമ്പാടി)
രണ്ടില കിട്ടിയ പിന്നാലെ വിടവാങ്ങൽ
കേരളകോൺഗ്രസ് (ജോസ്)  കുട്ടനാട്ടിൽ അടിച്ചു പിരിയും, 37 വർഷത്തെ  യുഡിഎഫ് ബാന്ധവത്തിനു അറുതി (കുര്യൻ പാമ്പാടി)
ശ്രമങ്ങൾ വെറുതെയായി-- ഉമ്മൻ ചാണ്ടി, ചെന്നിത്തല, കുഞ്ഞാലികുട്ടി
കേരളകോൺഗ്രസ് (ജോസ്)  കുട്ടനാട്ടിൽ അടിച്ചു പിരിയും, 37 വർഷത്തെ  യുഡിഎഫ് ബാന്ധവത്തിനു അറുതി (കുര്യൻ പാമ്പാടി)
ചെന്നിത്തല, ജോസ് കെ.മാണി, കോടിയേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക