Image

സ്പോൺസർ കള്ളക്കേസിൽ കുടുക്കിയ മലയാളിയെ നവയുഗം ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി നാട്ടിലയച്ചു

Published on 08 September, 2020
സ്പോൺസർ കള്ളക്കേസിൽ കുടുക്കിയ മലയാളിയെ നവയുഗം ജീവകാരുണ്യവിഭാഗം രക്ഷപ്പെടുത്തി നാട്ടിലയച്ചു

മ്മാം: തന്റെ കീഴിൽ ജോലി ചെയ്ത തൊഴിലാളി ജോലി മതിയാക്കി പോകുന്നത് തടയാൻ  കള്ളക്കേസുണ്ടാക്കി കുടുക്കാൻ ശ്രമിച്ച സ്പോണ്സർക്ക് ലേബർ കോടതിയിൽ തിരിച്ചടി. മലയാളിയായ ആ തൊഴിലാളി, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ കള്ളക്കേസുകളിൽ നിന്നും രക്ഷപ്പെട്ട്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മലപ്പുറം തുവൂർ സ്വദേശി ഇജാസ് അഹമ്മദിന് ആണ് നവയുഗം ഇടപെടലിൽ ഖോബാർ ലേബർ ഓഫീസിന്റെ  സുപ്രധാന വിധിയിലൂടെ നാട്ടിൽ പോകാൻ വഴിയൊരുങ്ങിയത്.

രണ്ടു വർഷത്തോളമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇജാസിന്, സ്പോൺസർ നാല് മാസത്തോളം ശമ്പളം നൽകാതായി ജീവിതം  പ്രതിസന്ധിയിലായതോടെയാണ്, അയാൾ നവയുഗം  രക്ഷാധികാരി ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്. 

ഷാജി മതിലകത്തിന്റെ നിർദ്ദേശപ്രകാരം ഇജാസ് സ്പോണ്സർക്കെതിരെ ലേബർ കോടതിയിൽ കേസ് കൊടുത്തു. ഈ കേസിന്റെ തുടർനടപടികൾക്ക് ഷാജി മതിലകം, നവയുഗം ജീവകാരുണ്യപ്രവർത്തകരായ പദ്മനാഭൻ മണിക്കുട്ടനെയും, മഞ്ജു മണിക്കുട്ടനെയും ചുമതലപ്പെടുത്തി.

കേസ് വിളിച്ചപ്പോൾ ലേബർ കോടതിയിൽ ഹാജരായ സ്പോൺസർ, ഇജാസ് കള്ളം പറയുകയാണ് എന്നാണ് വാദിച്ചത്. ഇജാസിന് താൻ മുഴുവൻ ശമ്പളവും, പാസ്സ്പോര്ട്ടും നൽകി എന്നും പറഞ്ഞ അയാൾ, ഇജാസ് തന്റെ കൈയ്യിൽ നിന്നും കുറെ പണം കടം വാങ്ങി തിരിച്ചു തരാതെ മുങ്ങി നടക്കുകയാണ് എന്നും പറഞ്ഞു കേസ് കൊടുക്കാനാണ് താൻ വന്നിട്ടുള്ളത് എന്ന് പറഞ്ഞു. 

തെളിവിനായി ഇജാസ് ഒപ്പിട്ടതെന്നു പറഞ്ഞു കൊണ്ട് കുറെ ഫോട്ടോകോപ്പി രേഖകൾ അയാൾ കോടതിയിൽ ഹാജരാക്കി.

 കോടതിയിൽ ഇജാസിനായി വാദിയ്ക്കാൻ മണികുട്ടനും, മഞ്ജു മണികുട്ടനും ഹാജരായിരുന്നു. താൻ ഒരു പേപ്പറിലും ഒപ്പിട്ടു കൊടുത്തിട്ടില്ല എന്ന് ഇജാസ് അവരോട് പറഞ്ഞു. തുടർന്ന് സ്പോൺസർ ഇജാസിന്റെ കള്ളഒപ്പിട്ട് വ്യാജരേഖകൾ ആണ് ഉണ്ടാക്കിയിരിയ്ക്കുന്നത് എന്നും, അയാൾ ഹാജരാക്കിയ രേഖകളുടെ ആധികാരികത കോടതി പരിശോധിയ്ക്കണമെന്നും മഞ്ജുവും, മണികുട്ടനും കോടതിയിൽ വാദിച്ചു.

ആ വാദം അംഗീകരിച്ച കോടതി, സമർപ്പിച്ച രേഖകളുടെ ഒറിജിനൽ ഹാജരാക്കാൻ സ്പോൺസറോട് ആവശ്യപ്പെട്ടു. അങ്ങനെ സമർപ്പിയ്ക്കുന്ന ഒറിജിനൽ ശാസ്ത്രീയമായി പരിശോധിച്ച് റിപ്പോർട്ട് തരാൻ പോലീസ് ഡിപ്പാർട്മെന്റിനോടും ഉത്തരവിട്ടു.

ഇതോടെ തന്റെ നുണക്കഥ പൊളിഞ്ഞു എന്ന് മനസ്സിലായ സ്പോൺസർ, പിറ്റേന്ന് ഇജാസിന്റെ പാസ്സ്‌പോർട്ട് മാത്രം ലേബർ ഓഫീസിൽ ഹാജരാക്കി മുങ്ങി.

മഞ്ജുവിന്റെയും മണിക്കുട്ടന്റെയും അഭ്യർത്ഥനപ്രകാരം  ലേബർ ഓഫിസർ തർഹീൽ വഴി ഇജാസിന് എക്സിറ്റ് അനുവദിച്ചു. മഞ്ജുവിന്റെ അപേക്ഷയെത്തുടർന്നു ഇന്ത്യൻ എംബസ്സി, വന്ദേഭാരത് ദമ്മാം-കോഴിക്കോട് ഫ്‌ളൈറ്റിൽ, ഇജാസിന് സൗജന്യമായി ടിക്കറ്റും സൗജന്യമായി നൽകി  

അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കിഇജാസ് അഹമ്മദ്  നാട്ടിലേയ്ക്ക് പോയി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക