Image

കുവൈറ്റില്‍ മയക്കുമരുന്ന് കള്ളകടത്ത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

Published on 07 September, 2020
കുവൈറ്റില്‍ മയക്കുമരുന്ന് കള്ളകടത്ത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

കുവൈറ്റ് സിറ്റി : രാജ്യത്ത് മയക്കുമരുന്ന് കടത്തും ലഹരി ഉപയോഗവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കടല്‍ വഴി 34 കിലോ ഹാഷിഷും മയക്കുമരുന്ന് ഗുളികളും കുവൈറ്റിലേക്ക് കടത്തുവാനുള്ള ശ്രമത്തിനിടയില്‍ രണ്ട് പേര്‍ പിടിയിലായത് കഴിഞ്ഞ ദിവസമാണ് .മേയിലാണ് 30,000 ലഹരിമരുന്ന് ഗുളികളുമായി മയക്കുമരുന്ന് ഡീലര്‍ കുവൈറ്റില്‍ അറസ്റ്റിലാകുന്നത്. ദിവസങ്ങളുടെ നിരീക്ഷണത്തിനുശേഷം ജഹ്റയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രാജ്യത്തെ മയക്കുമരുന്നിന് അടിമകളായവരില്‍ 75 ശതമാനം പേരും 28 വയസിനു താഴെയുള്ളവരാണ്. 41 ശതമാനത്തിന്റെ പ്രായം 16 നും 20 നും ഇടയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ -സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ സര്‍വേ ഇക്കാര്യം ബലപ്പെടുത്തുന്നതാണ്. രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 18.6 ശതമാനം പേര്‍ മയക്കുമരുന്ന് ഏതെങ്കിലും തരത്തില്‍ പരീക്ഷിച്ചതായാണ് സര്‍വേ ഫലം. മയക്കുമരുന്നുകളെ കുറിച്ചും അവ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ചുമുള്ള വിവരം ലഭിക്കാന്‍ നവമാധ്യമങ്ങളും ആധുനിക സാങ്കേതിക വിദ്യകളും സഹായകമാകുന്നുണ്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം വിദ്യാര്‍ഥികളുടെയും അഭിപ്രായം.

അമിത മയക്കുമരുന്ന് ഉപയോഗം മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി ജീവനുകളാണ് നഷ്ടമായത്. രാജ്യത്തേക്ക് ഇറാനില്‍ നിന്ന് കടല്‍ വഴിയാണ് കൂടുതലും മയക്കുമരുന്നുകള്‍ എത്തുന്നത്. തീര ദേശ സേനയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടി മയക്ക് മരുന്നുകള്‍ കുബാര്‍ ദ്വീപില്‍ ഉപേക്ഷിക്കുന്ന കള്ളക്കടത്ത് സംഘം പിന്നീട് കരയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കുവൈറ്റിലെ ഉയര്‍ന്ന വിവാഹമോചന നിരക്കിന് പ്രധാന കാരണം അമിത ലഹരി ഉപയോഗമാണെന്നും രാജ്യത്ത് വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് കള്ളക്കടത്ത് നിയന്ത്രിക്കുവാന്‍ അധികൃതര്‍ ശ്രദ്ധ ചെലുത്തണമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ- സന്നദ്ധ പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക