Image

യാത്രയിലെ മുഖം (കഥ: പ്രേമാനന്ദൻ കടങ്ങോട്)

Published on 06 September, 2020
യാത്രയിലെ മുഖം (കഥ: പ്രേമാനന്ദൻ കടങ്ങോട്)
ബസ്സിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടയിൽ അവൾ സ്വയം മന്ത്രിച്ചു എത്ര നേരത്തെ വന്നു.  ബാഗും തൂക്കി നടക്കുന്നതിനിടയിൽ അറിയാതെ തിരിഞ്ഞു നോക്കി അയാൾ ഈ സ്റ്റേഷൻ പരിസരത്തു നിൽപ്പുണ്ടോ എന്നറിയാൻ പക്ഷെ കാണാൻ കഴിഞ്ഞില്ല. അല്പം നിരാശയോടെ വീണ്ടും മുന്നോട്ടു നടന്നു അപ്പോഴും അവളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു ഒന്ന് കാണാൻ കഴിഞ്ഞെങ്കിലെന്നു. ഓരോന്ന് ചിന്തിച്ചു പ്ലാറ്റഫോം എത്തിയത് അവൾ അറിഞ്ഞില്ല.  ബാഗെല്ലാം ഒരിടത്തു വെച്ചിട്ടു എവിടെയെങ്കിലും ഇരിക്കാൻ സ്ഥലമുണ്ടോ എന്ന് നോക്കുന്നതിനിടയിൽ ഫോണടിക്കുന്നതിന്റെ ശബ്ദം.

പെട്ടന്ന് ബാഗ് താഴെ വെച്ച് ഹാൻഡ്ബാഗിൽ നിന്നും തിരിക്കു പിടിച്ചു ഫോണെടുക്കാൻ നേരം മനസ്സിൽ പിറുപിറുത്തു ഇതാരാണാവോ, പരിചയമില്ലാത്ത നമ്പർ എങ്കിലും ചോദിച്ചു ഹലോ ആരാ ഇത്. മറുഭാഗത്തും നിന്ന് ഒരു പുരുഷ ശബ്ദം ഹലോ ഇത് ഞാനാണ് എന്നെ മനസ്സിലായില്ല ഈ ശബ്ദം ഒരു പക്ഷെ തിരിച്ചറിഞ്ഞേക്കാം ഒന്ന് ഓർത്തു നോക്കു. അവൾ ഓർക്കാൻ തുടങ്ങി ഏതാണ് ഈ പുരുഷ ശബ്ദം. ഇപ്പോഴാണ് തോന്നിയത് ട്രൂ കോളർ എന്തിനാണ് എല്ലാവരും വെക്കുന്നത് ചുരുങ്ങിയ പക്ഷം പേരെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞേനെ. ഇല്ല മനസ്സിലായില്ല സേവ് ചെയാത്ത നമ്പർ ആണ് പറയു ആരാണ്. നല്ല ചോദ്യം ഈ ശബ്ദം മറന്നോ ഇത്രപെട്ടെന്ന്. ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു ഒന്ന് ഓർത്തു നോക്കു. അവൾ വീണ്ടും ചോദിച്ചു ആരാണ്. അയാൾ പറഞ്ഞു അതൊക്കെ പറയാം ഇപ്പോൾ എവിടെയാണ്. അവൾ പറഞ്ഞു ഞാൻ തൃശൂർ സ്റ്റേഷനിൽ.

തൃശൂർ സ്റ്റേഷനിലാണോ, എങ്കിൽ വീണ്ടും കാണാം. ചിരിച്ചുകൊണ്ടയാൾ പറഞ്ഞു  കഴിഞ്ഞ വർഷത്തെ യാത്ര മറക്കാൻ വഴിയില്ല.  കേട്ടമാത്രയിൽ തന്നെ ഒരു ഷോക്കേറ്റതുപോലെ അവൾക്കു തോന്നി. ഈശ്വര ഇത് അയാളല്ലേ. എന്തൊരു അത്ഭുതം. അവൾക്കു സന്തോഷം അടക്കാൻകഴിഞ്ഞില്ല. ഉടനെ ചോദിച്ചു ഏതു ട്രെയിനിലാണ് ഡ്യൂട്ടി. അയാൾ പറഞ്ഞു നേത്രാവതിയിൽ. എറണാംകുളം വിട്ടു.   കേട്ടതും അവൾക്കു എത്രയും പെട്ടന്ന് അയാളുടെ അടുത്തേക്കു ഓടിയെത്താൻ കഴിഞ്ഞെങ്കിൽ എന്നവൾ മോഹിച്ചു. അവളുടെ മോഹത്തിന് പായുന്ന തീവണ്ടിയുടെക്കാൾ വേഗതയായിരുന്നു. അതിനിടയിൽ അവൾ ചോദിച്ചു എന്നെ മറന്നില്ലല്ലോ സന്തോഷം. എന്തായാലും ഞാൻ നമ്പർ സേവ് ചെയ്യാം. എന്റെ കൈയ്യിൽ നിന്ന് നമ്പർ നഷ്ട്ടപെട്ടു. ബാക്കി വിശേഷങ്ങൾ ഇനി ട്രെയിനിൽ വെച്ച് പറയാം.

അയാൾ പറഞ്ഞു ഞാൻ എറണാംകുളം വിട്ടു.  ഇത് കേട്ടതും അവൾക്കുള്ള സന്തോഷം നിയന്ത്രിക്കാനാകാത്ത ഒരാവസ്ഥയിലായിരുന്നു. മനസ്സിലവൾ ഓർത്തു പ്രണയമെന്നത് നിയന്ത്രിച്ചാലും നിയന്ത്രണം വിട്ടോടുന്ന കിതപ്പില്ലാത്ത ഒരു കുതിരയെ പോലെയാണ്. അവളുടെ ഹൃദയത്തിന്റെ തുടിപ്പ് അവിടുത്തെ പ്ലാറ്റഫോമിന്റെ അനൗൺസ്‌മെന്റിനെക്കാളും മുഴക്കമായിരുന്നു.  അത് കൊണ്ടാകാം അനൗൺസ്‌മെന്റ് അവൾക്കു കേൾക്കാൻ കഴിയാതെ പോയത്. അടുത്ത് നിന്നിരുന്നവർ തമ്മിൽ പറയുന്നതു കണ്ടപ്പോഴൊണ് അവള്ക്കു പരിസര ബോധം വന്നത്. അവരുടെ അടുത്ത് ചെന്ന് ചോദിച്ചു എന്താണ് ഇപ്പോൾ പറഞ്ഞു. അവരുടെ മറുപടി നേത്രാവതി വണ്ടി ഒരു മണിക്കൂർ വൈകിയോടുന്നു. കേട്ടതും കരിപുരണ്ടോടുന്ന തീവണ്ടിയെ പോലെ അവളുടെ മനസ്സ് ഓടാൻ തുടങ്ങി.

തൊട്ടടുത്തുള്ള ബഞ്ചിലിരിക്കാമെന്നു കരുതി ബാഗെല്ലാം എടുത്തു അങ്ങോട്ട് നീങ്ങി. അന്നൊരിക്കൽ മനസ്സിൽ തോന്നിയ പ്രണയം എങ്ങിനെയോ നഷ്ട്ടപെട്ടു  എന്ന് കരുതിയത് വീണ്ടുമിതാ എന്നെ തേടി വന്നിരിക്കുന്നു. അവളുടെ മനസ്സിൽ ആ പഴയ ഓർമ്മകൾ പൂത്തുലയാൻ തുടങ്ങി.  അധികം സംസാരിച്ചിട്ടില്ല എങ്കിലും അയാളുടെ സംസാരത്തിലൂടെ അയാളുടെ സ്നേഹം അവളുടെ മോഹങ്ങളേ മെല്ലെ പുണരുന്നതായി അവൾക്കു തോന്നി. മനസ്സിന് നിയന്ത്രിക്കാനായില്ല അവളുടെ വികാരത്തെ. ചലിക്കുന്ന ചുണ്ടുകളിൽ അത് കാണാമായിരുന്നു. അവളറിയാതെ മനസ്സിൽ തലോടലിന്റെ സ്പര്ശനം അവളെ വികാര പുളകിതയാക്കി.

അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. പുറത്തു കോരി ചൊരിയുന്ന മഴ. മേല്കൂരയിലാത്ത പ്ലാറ്റഫോമിലൂടെ ഒരു കൈകൊണ്ടു സാരിത്തുമ്പുകൊണ്ട് തലമറിച്ചും മറുകൈയിൽ എടുക്കാൻ പറ്റുന്നതിനേക്കാളും ഭാരമുള്ള ബാഗുമായി ത്രീ ടയർ എ സി കംപാർട്മെന്റിന്റെ അടുത്തേക്ക്  ഓടുന്നതിനിടയിൽ ചെരുപ്പ് വഴുതി ബാഗിന്റെ പിടിവിട്ടു.  തൊട്ടപ്പുറത്തു അവളറിയാതെ ശ്രദ്ധിച്ചു നിന്നിരുന്ന  ടി സി ഓടിവന്നു കൊണ്ട് പറഞ്ഞു മാഡം ബാഗ് ഇങ്ങോട്ടു തന്നേക്കു ഞാൻ പിടിച്ചോളം. ബാഗ് വാങ്ങുന്നതിനിടയിലയാളുടെ ചോദ്യം ബോഗി ഏതാണ് . അവൾ പറഞ്ഞു B3 ആണ്. ചിരിച്ചു കൊണ്ടയാൾപറഞ്ഞു എന്നാൽ കൂടെ പോന്നോളൂ എന്റേതും B3. പെട്ടന്നവൾക്കു മടി തോന്നിയെങ്കിലും മനസ്സില്ല മനസ്സോടെ കൂടെ നടന്നു കാരണം തനിച്ചല്ലേ ഒരു പരസഹായം ഇപ്പോൾ ആവശ്യമാണ്. എങ്കിലും ഇടക്കവൾ അയാളെ ശ്രദ്ധിച്ചു കാരണം അയാളുടെ നോട്ടം അവളുടെ കണ്ണുകളിലേക്കായിരുന്നു.  അവൾസ്വയം മന്ത്രിച്ചു എന്തൊരു വായ്‌നോട്ടം.

അയാൾ അകത്തു കേറി വാതിലുകൾ അവൾക്കായി തുറന്നു പിടിച്ചു.  വായ് നോട്ടം ഉണ്ടെങ്കിലും സ്നേഹിക്കാൻ അറിയുന്ന മനസ്സുള്ളവൻ. അതവളിൽ ചെറിയൊരു പുഞ്ചിരിക്ക് വഴിയൊരുക്കി. താങ്ക്സ് പറയാനായി അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ശ്രദ്ദിച്ചു അയാൾ എന്റെ കണ്ണുകളിലേക്കു നോക്കുകയായിരുന്നു. അയാളുടെ നോട്ടത്തിൽ പറയാൻ വന്നത് ചങ്കിൽ കുടുങ്ങിപ്പോയ ഒരവസ്ഥ. മനസ്സിൽ ഒരു നൂറുവട്ടം അതാവർത്തിച്ചു ഒറ്റനോട്ടത്തിൽ എന്നെ ശ്രദ്ധിക്കാൻ എന്നിൽ ഇത്രമാത്രം എന്താണെന്ന്.   ശരി കാണാമെന്നു പറഞ്ഞു അയാൾ അടുത്ത കംപാർട്മെന്റിലേക്ക് പോയി.

അവൾ സീറ്റിന്റെ താഴെ ബാഗ് വെച്ച് ഇരുന്നു. ഭാഗ്യം സൈഡ് സീറ്റ് കിട്ടി. അവൾക്കെന്നും സൈഡ് സീറ്റ് ആണ് ഇഷ്ടം. കാരണം യാത്രയിൽ ഒറ്റക്കിരുന്നു ഓരോന്ന് ചിന്തിക്കാൻ അവൾക്കെന്നു ഇഷ്ട്ടമാണ്. ഓടുന്ന തീവണ്ടിയോടൊപ്പം കാഴ്ചകളെ പിന്നിലാക്കി നഷ്ട്ടപെട്ട സ്വന്തം സ്വപ്നങ്ങളുടെയും ഓർമ്മകളുടെയും കൂടെ സഞ്ചരിക്കുക എന്നത് മനസ്സിനൊരു ആശ്വാസമാണ്  കാരണം നഷ്ട്ടം അവൾക്കെന്നും ഒരു തീരാദുഖമാണ്

മഴ അല്പം ശാന്തമായി. ഇടയ്ക്കു മഴത്തുള്ളികൾ ഗ്ലാസ്സിട്ട ജനാലയിൽ പതിക്കുന്നുണ്ടായിരുന്നു. പുറത്തേക്കു നോക്കി ഓരോന്ന് ചിന്തിക്കുന്നവൾ ഇന്ന് ചിന്തിച്ചത് അയാളെ കുറിച്ചായിരുന്നു. നല്ല സുമുഖൻ കണ്ടാൽ ആരും വീഴുമെന്നു മാത്രമല്ല സ്നേഹിക്കാൻ അയാളുടെ മനസ്സ് കടൽ പോലെയാണ്. അപ്പോൾ ആ കടലിലേക്ക് ഇറങ്ങി ചെല്ലാൻ ആരാണ് കൊതിക്കാത്തത്.

സ്വന്തം ഇഷ്ടങ്ങളെന്നും കരിപുരണ്ടോടുന്ന തീവണ്ടി പോലെയായിരുന്നു. പലപ്പോഴും മനസ്സ് വെമ്പൽ കൊണ്ടു  പുഷ്പ്പിച്ചു നിൽക്കുന്ന സുഖണ്ഡം പരത്തുന്ന  പൂക്കളെ തിരിച്ചറിയുന്ന ഒരാൾ ഈ പൂന്തോട്ടത്തിലേക്കു ഒന്ന് വന്നെങ്കിൽ എന്നവൾ കൊതിച്ചു. പക്ഷെ അതൊക്കെ കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങൾ പോലെയാണ്. മുളക്കാത്ത സ്വപ്‌നങ്ങൾ. ഇതെല്ലം ഓർത്തു മെല്ലെ മെല്ലെ ഒരു മയക്കത്തിലേക്ക് പോയതറിഞ്ഞില്ലവൾ.

മയക്കത്തിനിടയിൽ അവളുടെ കൈ ആരോ തൊട്ടതായി അവൾക്കു തോന്നി. കണ്ണ് തുറന്നു നോക്കിയപ്പോൾ അതെ അയാളാണത് തൊട്ടുകൊണ്ടു ടിക്കറ്റ് പ്ളീസ്. അവൾ ബാഗ് തുറന്നു ടിക്കറ്റ്  എടുത്തു നീട്ടിപ്പിടിച്ച അയാളുടെ കൈകളിൽ കൊടുത്തു. അറിഞ്ഞോ അറിയാതെയോ അവൾക്കറിയില്ല ടിക്കറ്റ് തിരിച്ചു കൊടുക്കുംന്നേരം അയാൾ അവളുടെ വിരൽ തുമ്പത്തു ഒന്ന് തൊട്ടു. അവൾ തരിച്ചു പോയി. വീണ്ടും ഓർത്തു എന്നിൽ എന്താണിത്ര ആകർഷണം.  അയാൾ ചോദിച്ചു ചായ കുടിച്ചോ. കുടിച്ചു എന്നവൾ പറഞ്ഞു. കുറച്ചു പണി ബാക്കിയുണ്ട് അടുത്ത സ്റ്റേഷനിൽ എനിക്കിറങ്ങണം Mangalore അവിടെ വരെയാണ് എന്റെ ഡ്യൂട്ടി. ഇതും പറഞ്ഞായാൾ നടന്നു നീങ്ങി. അയാൾ പോകുന്നതും നോക്കി അല്പനേരം അവളവിടെത്തന്നെ നിന്നു.

അയാളുടെ സ്പര്ശനം അവളുടെ മനസ്സിൽ ഉറങ്ങിക്കിടന്ന ചിന്തകളെ ഉണർത്തിയെന്നൊരു തോന്നൽ അവൾക്കില്ലാതില്ല. സത്യത്തിൽ ഞാനൊരു മണ്ടിയല്ലേ. വെറുതെ ഓരോ സ്വപ്നം കാണുന്നു. ഇത്തരം ചിന്തകൾ അവളിൽ ഒരു ദുഖത്തിന്റെ നിഴലായി മാറി. കാരണം അന്നൊരിക്കൽ കണ്ടീട്ടു ഇന്നാണ് വീണ്ടും കണ്ടുമുട്ടിയതു. ജീവിതത്തിൽ ആദ്യമായി ഇഷ്ടം തോന്നിയ ഒരാൾ. അയാളുടെ വായ്‌നോട്ടം അവളിൽ സ്നേഹത്തിന്റെ വിത്ത് പാകി മുളക്കാൻ തുടങ്ങും മുൻപേ ഉണങ്ങി പോയൊരു പ്രണയത്തിന്റെ വിത്താണ്. എന്ത് മാകട്ടെ ഈ കാര്യം അയാൾക്കുപോലുമറിയില്ല എങ്കിലും എന്റെ മനസ്സിന്റെ ശ്രീ കോവിലിൽ ഞാൻ അയാളെ പ്രതിഷ്ഠിച്ചു കഴിഞ്ഞു.

സീറ്റിലിരുന്നു മെല്ല മയങ്ങുംന്നേരം ജനലിന്റെ അടുത്ത് വന്നു MANGALORE എത്തി ഞാൻ ഇവിടെ ഇറങ്ങുന്നു എന്ന് പറയുന്നത് കേട്ടാണ് അവൾ കണ്ണ് തുറന്നതു. വരൂ ഒരു കോഫി കുടിക്കാം  ഇനിയെന്ന് കാണും എന്നറിയില്ല ഓർമ്മക്കായി ഓരോ കോഫി ആകട്ടെ.  പുറത്തിറങ്ങി തൊട്ടടുത്തുള്ള കോഫി ഷോപ്പിൽ നിന്ന് ഓരോ കോഫി വാങ്ങി കുടിക്കുന്നതിനിടയിൽ അയാൾ പതിവുപോലെ അവളുടെ കണ്ണുകളിലേക്കു നോക്കുന്നത് അവൾ ശ്രദ്ധിച്ചു. പിന്നെ അവൾക്കത് മനസ്സിലടക്കാൻകഴിഞ്ഞില്ല അവൾക്കു അയാളോടുള്ള ഇഷ്ട്ടം പ്രകടിപ്പിക്കാൻ പറ്റിയ ഇതുപോലൊരു സന്ദർഭം ഇനി ഉണ്ടാവില്ല അത് കൊണ്ട് മനസ്സിൽ വന്നത് ഇനി തൊണ്ടയിലടക്കി വെക്കാതെ ചോദിച്ചിട്ടു തന്നെ കാര്യം എന്നവൾ മനസ്സിൽ പറഞ്ഞു. ഹലോ മാഷേ എന്റെ കണ്ണിലേക്കു എന്താ ഇത്ര നോക്കുന്നത് വല്ലതും കാണാനുണ്ടോ. ചിരിച്ചു കൊണ്ടയാൾ പറഞ്ഞു ഉവ്വ് ആ കണ്ണുകളിലേക്കു നോക്കുമ്പോൾ ഞാൻ എന്നെ തന്നെ കാണുന്നു.  അയ്യടാ കൊള്ളാല്ലോ പൂതി. അതേടോ അതല്ലേ ഇയാളെ ഞാൻ കോഫി കുടിക്കാൻ വിളിച്ചത്. ഇയാള് എന്റെ മുന്നിൽ നിൽകുമ്പോൾ എന്തോ വല്ലാത്തൊരു ഫീലിംഗ് ആണ് പ്രത്യേകിച്ച് ആ കണ്ണുകളിലേക്കു നോക്കുമ്പോൾ. ഇത് കേട്ടതും അവൾ കോരിത്തരിച്ചു. അയാൾക്കറിയില്ല അയാളെ കണ്ടത് മുതൽ അവൾക്കു അയാളോട് വല്ലാത്തൊരു അടുപ്പം തോന്നിയിട്ടുണ്ട് എന്ന സത്യം. അതായാളെ എങ്ങിനെ അറിയേക്കും എന്നായിരുന്നു അവളുടെ ചിന്ത. അവൾ പറഞ്ഞു ഞാനൊരു സത്യം പറയട്ടെ ആദ്യമായി കണ്ടപ്പോൾ മുതൽ എനിക്ക് ഇയാളോടൊരു ഇഷ്ടം തോന്നി എങ്ങിനെ പറയും എന്നതായിരുന്നു എന്റെ പ്രശനം പക്ഷെ ഇപ്പോൾ ഇയാളത്‌ പറഞ്ഞപ്പോൾ എനിയ്ക്ക് പിന്നെ മറച്ചു വെക്കാൻ കഴിഞ്ഞില്ല എല്ലാം ഓരോ നിമിത്തം കണ്ടുമുട്ടാനും പരിചയപ്പെടാനും സൗഹൃദത്തിൽ കൊളുത്തിയ തിരി പ്രണയത്തിന്റെ പ്രകാശമായി മാറിയത്.  സത്യത്തിൽ ഇയാള് എന്നെ ഓർക്കാറുണ്ടോ വല്ലപ്പോഴും. അയാള് പറഞ്ഞു എങ്ങിനെ മറക്കാൻ.  അതെന്താ എന്ന് എന്നോട് ചോദിക്കരുത് അറിയില്ല.  പിരിയാനായി തുടങ്ങിയ അല്പനേരത്തെ കൂട്ടുകെട്ട് മനസ്സിൽ കാണുമെന്നും ഒരു പ്രണയത്തിന്റെ ചെപ്പു പോലെ.

നാട്ടിൽ വരുമ്പോൾ വിളിക്കണം നമ്മുക്ക് കാണാം എന്നൊക്കെ പറയാൻ തുടങ്ങുമ്പോഴേക്കും വണ്ടി മെല്ലെ നീങ്ങാൻ തുടങ്ങി. ദെയ് വണ്ടി വിട്ടു കേറിക്കോളു. അവളുടെ കൈ പിടിച്ചു അവളെയും കൊണ്ട് അയാൾ ഓടി ഡോറിന്റെ അടുത്തെത്തിച്ചു. പറയാൻ വന്ന വാക്കുകൾ ഉരുവിടാൻ കഴിയാതെ വെറുമൊരു നോട്ടത്തിലൂടെ മാത്രമേ അവളെ അതറിയേക്കാൻ കഴിഞ്ഞുള്ളു. മുന്നോട്ടു നീങ്ങുന്ന ട്രെയിൻ അയാളെ പുറകിലേക്ക് ആക്കുംതോറും അയാളോടുള്ള അവളുടെ അടുപ്പത്തിന്റെ ദൂരം കുറച്ചു കൊണ്ടിരുന്നതായി അവൾക്കു തോന്നി.  അവളുടെ മനസ്സ് എന്തിനൊക്കെവേണ്ടിയോ തുടിക്കുന്നപ്പോലെ. അന്നാദ്യമായി ദൂരെ നിന്ന്  അയാളുടെ കണ്ണുകളിലേക്കു അവൾ നോക്കി. അയാൾ പറഞ്ഞത് സത്യമാണ് ഞാൻ കാണുന്നു എന്നെ തന്നെ അയാളുടെ കണ്ണുകളിൽ. ശരിയാണ് പ്രണയത്തിനു ഭാഷയും നോട്ടവും ഒന്നേ ഉള്ളു എവിടെനിന്നു നോക്കിയാലും കാണുന്നത് ഒന്നാണ്

അവൾ ആശിച്ചു വീണ്ടുമൊരു മഴ പെയ്തു ഈ ട്രെയിനിൽ നിന്ന് ഞാനൊന്നു വഴുതി വീണെങ്കിൽ അയാളെന്നെ കോരിയെടുത്തു നെഞ്ജോട് ചേർത്ത് പിടിക്കുന്ന സുഖത്തിന്റെ അനുഭൂതി ഒരായുഷ്കാലത്തെ ഓർമ്മയുമായി എന്റെ യാത്രയിലെന്നും മറക്കാൻ കഴിയാത്ത ഒരു മുഖമായി മാറിയേനെ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക