Image

കൈരളി ഫുജൈറ ദിബ്ബ യൂണിറ്റ് മലയാളം മിഷന്‍ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

Published on 05 September, 2020
 കൈരളി ഫുജൈറ ദിബ്ബ യൂണിറ്റ് മലയാളം മിഷന്‍ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു


കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ ദിബ്ബ യൂണിറ്റ് മലയാളം മിഷന്‍ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി സെപ്റ്റംബര്‍ 4 നു അഡ്വ: കെ.യു. ജെനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. സാമൂഹിക പ്രതിബദ്ധതയോടു പ്രവൃത്തിക്കുന്ന കൈരളി - മലയാളം മിഷന്‍ പ്രവര്‍ത്തനം ഏറ്റെടുത്തത് വളരെ സന്തോഷം നല്‍കുന്നതും അഭിമാനകരവുമാണന്ന് അദ്ദേഹം പറഞ്ഞു. കൈരളി - മലയാളംമിഷന്‍ പ്രവര്‍ത്തകരെ എംഎല്‍എ അനുമോദിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ മലയാളം മിഷന്‍ പദ്ധതി ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുക്കുന്നത് നമ്മുടെ നാടിനോടുള്ള പ്രതിബദ്ധതയും മാതൃഭാഷയോടുള്ള സ്‌നേഹം കൊണ്ടു മാത്രമാണെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സന്തോഷം നല്‍കുന്നതാണെന്നും മലയാള ഭാഷ പഠനത്തിലൂടെ നമ്മുടെ നാടിന്റെ പൈതൃകവും ഐക്യവും സ്‌നേഹവും കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയണമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന
മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസന്‍ ജോര്‍ജ് പറഞ്ഞു.

ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമണ്‍ സാമുവേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളം മിഷന്‍ യുഎഇ ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ കെ.എല്‍.ഗോപി, കൈരളി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ് കുമാര്‍, പ്രസിഡന്റ് വി.പി. സുജിത്, മലയാളം മിഷന്‍ ഫുജൈറ മേഖല കോഓര്‍ഡിനേറ്റര്‍ വി.എസ്. സുഭാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്കും കരിപ്പൂര്‍ വിമാനപകടത്തിലും പ്രകൃതിദുരന്തത്തിലും മരണമടഞ്ഞവര്‍ക്കും കോവിഡ് 19 മൂലം ലോകമെമ്പാടും മരണപ്പെട്ടവരുടെ പേരിലും അനുശോചനം യോഗം അനുശോചിച്ചു. നിഷ യദുകൃഷ്ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കൈരളിദിബ്ബ യൂണിറ്റ് സെക്രട്ടറി രാജേഷ് വരയില്‍ സ്വാഗതവും മലയാളം മിഷന്‍ പഠനകേന്ദ്രം കൈരളി ദിബ്ബ യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ ഷജറത്ത് ഹര്‍ഷല്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്നു പഠനകേന്ദ്രത്തിലെ കൊച്ചു കൂട്ടുകാരായ ഫൈഹ ഹര്‍ഷല്‍, അയന അജയ്, എന്നിവര്‍ കവിതകള്‍ ആലപിച്ചു. കുട്ടികളും രക്ഷിതാക്കളുമടക്കം നിരവധി ആളുകള്‍ യോഗത്തില്‍ പങ്കെടുത്തു. ഉദ്ഘാടന സെഷനു ശേഷം അനീഷ് മാഷും രാജശേഖരന്‍ മാഷും ചേര്‍ന്ന് കുട്ടികള്‍ക്ക് ക്ലാസ് ഒരുക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക