'വാഷ് ആൻഡ് ബ്ലോഡ്രൈ അമേരിക്ക' (വാൽക്കണ്ണാടി - കോരസൺ)
EMALAYALEE SPECIAL
04-Sep-2020
EMALAYALEE SPECIAL
04-Sep-2020

ഹൌസ് സ്പീക്കർ നാൻസി പെലോസി ഇപ്പോൾ ഒരു ഹെയർ റൈസിംഗ് പ്രശനത്തിൽ അകപ്പെട്ടിരിക്കുകയാണ്. സാൻഫ്രാന്സിസ്കോയിലുള്ള ഒരു ഹെയർ സലൂണിൽ തന്റെ മുടി ഒന്ന് കഴുകി ബ്ലോഡ്രൈ ചെയ്യാൻ പോയതേയുള്ളൂ. അതിപ്പോൾ അമേരിക്ക മുഴുവൻ ഭയം നിമിത്തം രോമാഞ്ചമുണ്ടാക്കുന്ന ഒരു സംഭവം ആകുമെന്ന് കരുതിക്കാണില്ല.
ഗംഭീരമായി മേക്കപ്പ് ചെയ്തു വളരെ ഷാർപ് ആയിട്ടാണ് ശ്രീമതി നാൻസി സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്. ട്രംപിനെ നേരിൽ കാണുമ്പൊൾ ആ മുടിയിഴകൾ പോലും സർവ്വ നിയന്ത്രണവും വിട്ടു; ഉണ്ടക്കണ്ണുകകളിൽ തീ പാറി അറിയാതെ, ഒരു മണിച്ചിത്രത്താഴ് പരുവത്തിൽ രുദ്രരൂപിയായി മാറും. അമേരിക്കൻ പ്രെസിഡന്റും വൈസ് പ്രെസിഡന്റും ഇല്ലാതായാൽ, രാജ്യത്തിന്റെ ഭരണക്രമം തന്റെ ഉള്ളം കൈകളിൽ വന്നു ചേരാം എന്ന അറിവ് അവരെ ചിലപ്പോൾ അവരെ അങ്ങനെയൊക്കെ തോന്നിച്ചേക്കാം എന്നാണ് ചിലർ പറയുന്നത്.
റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ അവരുടെ ഒറ്റ നോട്ടത്തിൽ തന്നെ ഭസ്മമായിതീരും എന്ന് ആരോ പറഞ്ഞത്രേ, അതുകൊണ്ടായിരിക്കാം പ്രതാപശാലിയായ പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് പെൻസും അവരെ മാസങ്ങളോളം നേരിൽ കാണാറില്ല.
കഴിഞ്ഞ തവണ പ്രസിഡന്റ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തപ്പോൾ യോഗ അധ്യക്ഷയായ അവർ ഒരു ഹാൻഡ് ഷേക്കിനു മുതിർന്നപ്പോൾ ട്രംപ് പേടിച്ചു കൈ വലിച്ചത്രേ. അന്ന് കൊറോണയുടെ 'ഡോണ്ട് ടച്ച്' പോളിസി ഒന്നും വന്നിരുന്നില്ല. ഒരു മണിക്കൂറിലേറെ അധ്യക്ഷ സ്ഥാനത്തു ഇരുന്നു അവരുടെ നവരസങ്ങളും രൗദ്ര-ഭാവപ്പകർച്ചകളും ലോകം മുഴുവൻ കണ്ടു നടുങ്ങി. മേശപ്പുറത്തിരുന്ന ട്രംപിന്റെ പ്രസംഗത്തിന്റെ കോപ്പി പരസ്യമായി അവർ കുഞ്ഞു കുഞ്ഞു കഷണങ്ങൾ ആക്കി കീറി മുറിച്ചു കുപ്പത്തൊട്ടിയിൽ നിക്ഷേപിച്ചു. പക്ഷെ ട്രംപ് അതിന്റെ വീഡിയോ പലആവർത്തി കണ്ടുകൊണ്ടു കുറെ ദിവസങ്ങൾ ഗംഭീരമായി ആഘോഷിച്ചു എന്ന് ഒരു പിന്നാമ്പുറക്കഥ.
ഇപ്പോൾ സംഭവം മാറി. സാൻഫ്രാൻസിക്കോയിൽ കോവിഡ്-19 നിബന്ധന പ്രകാരം അങ്ങനെ സലൂണിൽ പോകാനൊക്കില്ല. അഥവാ മുൻകൂർ സമയമെടുത്ത് എടുത്തു പോയാൽ തന്നെ വെളിയിൽ ഇരുന്നാണ് ഹെയർ വാഷ് ചെയ്യേണ്ടത്. മാസ്ക് ധരിക്കാതെ പോകുന്നു എന്ന് പറഞ്ഞു ട്രംപിന്റെ മുകളിൽ കുതിര കയറിയ നാൻസി പക്ഷെ സ്വന്തം കാര്യം വന്നപ്പോൾ മാസ്ക് ഒക്കെ എടുത്തു പോക്കറ്റിൽ വച്ചു. കടയിൽ നേരെ അകത്തു കയറി തന്റെ തലമുടി ഭംഗിയായി ബ്ലോഡ്രൈ ചെയ്തു. കടയുടമ എറിക്ക കിയോസ് സിസി ടീവി ദൃശ്യങ്ങൾ തീവ്ര റിപ്പബ്ലിക്കൻ ചാനൽ ആയ ഫോക്സ് ന്യൂസിനു കൊടുത്തു. അവരതു അങ്ങ് അടിച്ചു പൊളിച്ചു. ഇപ്പൊ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹവുസിൽ ആകെ ഓടിനടന്നു 'ബ്ലോ ഡ്രൈ' 'ബ്ലോ ഡ്രൈ' എന്ന് പറഞ്ഞു തിമര്‍ത്തുല്ലസിക്കുകയാണ്. തന്റെ അടുത്ത തിരഞ്ഞെടുപ്പ് സ്ലോഗനായി 'വാഷ് ആൻഡ് ബ്ലോ ഡ്രൈ അമേരിക്ക' എന്നാക്കിയാലോ എന്ന് പുള്ളി ചിന്തിക്കുകയാണ്.
ഇങ്ങനെ ഒക്കെ ചെയ്യാൻ സലൂൺ ഉടമ എറിക്ക കിയോസിനു അവരുടേതായ കാരണങ്ങൾ ഉണ്ട്, രാഷ്രീയക്കാരുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടുക. കോവിഡ് അനിശ്ചിതത്വത്തിൽ അമേരിക്കയിലെ ചെറുകിട വ്യാപാരികൾ ആകെ തകർന്നു. ഗവണ്മെന്റ് നൽകിയ ഇടക്കാല സഹായം കൊണ്ട് മാത്രം പിടിച്ചുനിൽക്കാനാവില്ല. ഇങ്ങനെ എത്രകാലം പോകും എന്നും നിശ്ചയം ഇല്ല. പന്ത്രണ്ടു വർഷമായി പടുത്തുയർത്തിയ തന്റെ ചെറിയ സ്ഥാപനം പിടിച്ചു നിറുത്താൻ എറിക്ക കിയോസ് പാടുപെടുകയാണ്. ആളുകൾ നഗരത്തിൽ നിന്നും വിട്ടുപോയ്കൊണ്ടിരിക്കുന്നു. ശൂന്യമായ നഗരങ്ങളിൽ മാലിന്യവും ഭവനരഹിതരും നിറഞ്ഞിരിക്കുന്നു. ഒട്ടുമിക്ക സ്ഥാപങ്ങളിലും ജോലിക്കാർ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നതിനാൽ ആരും സലൂണുകളിൽ പോകാറില്ല. പിന്നെ എന്ത് ചെയ്യും എന്നാണ് എറിക്ക ചോദിക്കുന്നത്.
രണ്ടു കുട്ടികളുടെ ഏക രക്ഷകർത്താവായ തനിക്കു വേറേ വരുമാനം ഒന്നുമില്ല. എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്നറിയില്ല. രാഷ്രീയക്കാർ എല്ലാം കോവിടിന്റെമേൽ പഴിചാരി രക്ഷപ്പെടുകയാണ്. ആർക്കും ഒരു പിടിയുമില്ല ഇത് എങ്ങോട്ടാണ് പോകുന്നതെന്ന്. ഇത് എറിക്കയുടെ മാത്രം വിഷയമല്ല.
അമേരിക്കയിലെ 99.9 ശതമാനം വരുന്ന ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ അവസ്ഥയാണ് പറയുന്നത്. സ്‌മോൾ ബിസിനസ് അഡ്മിനോസ്ട്രഷൻ (SBA -2019) കണക്കു പ്രകാരം അമേരിക്കയിൽ 30.7 മില്യൺ ചെറുകിട വ്യാപാര സ്ഥാപങ്ങൾ ആണുള്ളത്. 500-ഇൽ താഴെ ജോലിക്കാരുള്ള വ്യാപാര സ്ഥാപങ്ങൾ ആണ് ഈ പട്ടികയിൽ ചേർക്കപ്പെടുന്നത്. ഇതിൽതന്നെ, 100 - ഇൽ താഴെ ജോലിക്കാരുള്ളത് 98 .2 ശതമാനവും , 20 ജോലിക്കാരിൽ താഴെയുള്ളതു 89 ശതമാനവും ആണ്.
ഇത്തരം ചെറുകിട ബിസിനസ്സുകൾ ഓരോ വർഷവും അമേരിക്കയിൽ 1.5 മില്യൺ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നു, മൊത്തം പുതിയ തൊഴിൽ അവസരങ്ങളുടെ 64 ശതമാനവും ഇങ്ങനെയാണ് ഉണ്ടാക്കപ്പെടുന്നത് (Fundera, 2019). അമേരിക്കയുടെ സാമ്പത്തീക അടിത്തറയുടെ നട്ടെല്ലാണ് ചെറുകിട വ്യാപാര വ്യവസായങ്ങൾ. രാജ്യത്തിൻറെ സുസ്ഥിര വികസനം, കൂടുതൽ പേർ സ്വന്തമായി വ്യവസായം തുടങ്ങുകയും, പുതിയ സേവനവും ഉല്‍പ്പന്നവും ഇവർ നാടിനു സംഭാവന ചെയ്യുകവഴിയുമാണ് ഉണ്ടാവുക.
കോവിഡ്- 19 കാരണം 31 ശതമാനം ചെറുകിട വ്യവസായങ്ങളും അമേരിക്കയിൽ പ്രവർത്തിക്കുന്നില്ല. 60 ശതമാനത്തിലേറെ ചെറുകിട വ്യാപാര സ്ഥാപങ്ങൾ കഴിഞ്ഞ മാർച്ച് മുതൽ സർക്കാർ നടപടികളിലൂടെ അടച്ചു. ആമസോൺ തുടങ്ങിയ വമ്പൻ സ്ഥാപങ്ങൾ പുതിയ ഓൺലൈൻ വ്യപാര രീതികളിലൂടെ ചെറുകിട സ്ഥാപനങ്ങളുടെ അന്നം മുട്ടിച്ചു എന്ന് വേണം വിലയിരുത്താൻ. ഇവർ മീൻ,പച്ചക്കറി, പലവഞ്ജനം അടക്കം അതാവശ്യ സാധന സാമഗ്രികൾ എല്ലാം കൃത്യമായി വീടുകളിൽ എത്തിച്ചുതുടങ്ങി. ഉല്പാദന രംഗത്ത് റോബോട്ടുകളും വിതരണ രംഗത്ത് ഡ്രോണുകളും മനുഷ്യരുമായി മല്ലടിച്ചു തുടങ്ങി. ഇവിടെ പരാജയപ്പെടുന്നത് മനുഷ്യരും ജീവിത സാഹചര്യങ്ങളുമാണ്. പുതിയ ശീലങ്ങൾ, രീതികൾ ഒക്കെ പുതിയ നിലവാരമായി മാറ്റപ്പെടുമ്പോൾ അമേരിക്കയുടെ അടിസ്ഥാന ബിസിനസ് തൊഴിൽ രംഗം ഒരു വൻ വെല്ലുവിളിയെ നേരിടുകയാണ്.
ക്ഷമകെട്ട ഭൂമി പ്രതികാര രൂപിയായി മാറിക്കൊണ്ടിരിക്കുന്നു. ബൈബിളിൽ ജെറമിയ മോവാബ് എന്ന നഗരത്തെക്കുറിച്ചു പ്രവചിരുന്നു, "കൊള്ളയിടുന്നവൻ എല്ലാപട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല, സമഭൂമി ശൂന്യമായ്തീരും, അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായ്പോകും." ഭൂമിയെ ചൂഷണം ചെയ്തു ലാഭം മാത്രം വിജയത്തിന്റെ അടിസ്ഥാന നിലവാരം എന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യകുലം. ഇവിടെ മനുഷ്യത്വത്തിന്റെയും നന്മയുടെയും അളവുകോൽ നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പും ഉഡായിപ്പും സാധാരണ മനുഷ്യർക്ക് അസഹനീയമായി, അവർ ഇനി എന്താണ് കാട്ടിക്കൂട്ടുക എന്നറിയില്ല.
ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ റിപ്പബ്ലിക്കൻ അംഗങ്ങളെ കൊല്ലാക്കൊലചെയ്ത നാൻസി പെലോസി അടവ് ഒന്ന് മാറ്റി. കാര്യങ്ങളുടെ ഗൗരവം തുറന്നു കാട്ടുവാൻ താൻ അറിഞ്ഞുകൊണ്ട് ചെയ്ത ഒരു നാടകം ആണിതെന്നു എന്നാണ് ഇപ്പോൾ അവർ പറയുന്നത്. അതെന്തായാലും നാടകം അസ്സലായി എന്ന് പറയാതെവയ്യ.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments