Image

കൈവിട്ടുപോയ മനസ്സുകളെ തിരിച്ചുപിടിക്കാൻ (ബിന്ദു ഫെർണാണ്ടസ്)

Published on 02 September, 2020
കൈവിട്ടുപോയ മനസ്സുകളെ തിരിച്ചുപിടിക്കാൻ (ബിന്ദു ഫെർണാണ്ടസ്)
ഒരു നെഴ്സിന്റെ ഡയറിക്കുറിപ്പുകൾ -2

മനസ്സ് നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെട്ടു എന്ന് എനിക്ക് മനസ്സിലായത് മാനസിക ആരോഗ്യ കേന്ദ്രത്തിൽ ട്രെയിനിങ്ങിനായി പോയപ്പോഴാണ്. കോഴിക്കോട് ഗവൺമെൻ്റ്  നഴ്സിങ്ങ് സ്ക്കൂളിൽ പഠിക്കുന്ന കാലഘട്ടം. കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു ട്രെയിനിങ്ങ്. ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നത് ഫീമെയിൽ വാർഡാണ് .കാട് പിടിച്ചതിനുള്ളിൽ കുറച്ച് സെല്ലുകൾ. സെല്ലിനുള്ളിൽ ഉടു തുണി പോലുമില്ലാതെ എത്ര പെണ്ണുങ്ങൾ .ഉടുപ്പിക്കാഞ്ഞിട്ടല്ല. ഉടുപ്പിച്ചത് അഴിച്ച് കളയുന്നതാണ് .വസ്ത്രം ഉടുത്ത് നഗ്നത മറക്കേണ്ടതാണ് എന്ന് അവർക്ക് തോന്നുന്നില്ല.തോന്നിയാലല്ലേ ചെയ്യേണ്ടതുള്ളൂ.
പിന്നിട്ട വഴികളിൽ ആശുപത്രിക്കകത്തും  പുറത്തുമായി കണ്ട മനസ്സ് നഷ്ടപ്പെട്ടവർ എത്ര.എല്ലാം മാനസിക രോഗികളായിരുന്നില്ല.മനസ്സിന് ഒരു രോഗം പോലും ഇല്ലാതിരുന്നിട്ടും മനസ്സ് മരവിച്ച് പോയ എത്ര പേർ.മനസ്സ് മരിച്ചാൽ മനുഷ്യൻ മരിച്ചു എന്ന് തോന്നലിന് ശക്തി പ്രാപിച്ചത് അത്തരക്കാരെ കണ്ടപ്പോഴാണ്.

മനസ്സ് ധൈര്യപ്പെടുത്തി വെക്കുക.ഒരിക്കലും മനസ്സിനെ  തളർച്ചയിലേക്ക് തള്ളി വിടാതിരിക്കാൻ ശ്രദ്ധിക്കുക.മനസ്സ് തളർന്ന് മുന്നിൽ ഇരുന്ന് കരഞ്ഞ എത്ര എത്ര രോഗികളോട് സാധാരണ മനുഷ്യരോട് ഞാനിത് പറഞ്ഞിരിക്കുന്നു.പറയാൻ ഒരാളും കേൾക്കാൻ ഒരു കാതും ഉണ്ടെങ്കിൽ കൈ വിട്ട് പോയ മനസ്സുകളെ തിരിച്ച് പിടിക്കാൻ കഴിയും എന്നത് കൺമുന്നിൽ കണ്ട സത്യങ്ങളാണ്.

ഈയിടെ പെട്ടെന്ന് ഒരു രോഗിയായി ഞാനും മാറിയപ്പോൾ കൈ വിടാതെ കാത്ത് സൂക്ഷിച്ചത് എൻ്റെ മനസ്സിനെയാണ്.ഒന്നിന് പിറകെ ഒന്നായി ശരീരത്തെ മാറി മാറി രോഗങ്ങൾ അക്രമിച്ചപ്പോൾ ചില സമയങ്ങളിൽ എങ്കിലും തോന്നി മനസ്സ് തളരുമെന്ന്.അത്തരം സമയങ്ങളിൽ ഒന്ന് പൊട്ടിക്കരഞ്ഞു പോയി  എന്നത് ഒരിക്കലും തളർന്ന മനസ്സിൻ്റെ ലക്ഷണമല്ല.നന്നായി ഒന്ന് കരയുമ്പോൾ മനസ്സിൻ്റെ ഭാരം എല്ലാം പോകും.അനുഭവിച്ച് അറിഞ്ഞതാണ്.എന്തും നേരിടാൻ ഉള്ള ഒരു ധൈര്യം കൈ വരും.അപ്പോഴും ഞാൻ ഓർക്കാറുണ്ട് .മനസ്സിന് രോഗം ബാധിച്ച ചിലർക്ക് കരയാൻ ഉള്ള കഴിവ് പോലും ഇല്ലാതാക്കി കളയാൻ മാത്രം ദൈവം ഇത്ര ക്രൂരനാണോ എന്ന്.ദൈവത്തിനെ ഞാൻ ചോദ്യം ചെയ്ത് പോയത് ഇത്തരക്കാരെ കണ്ട് മുട്ടിയപ്പോഴാണ്.

ലോകം മുഴുവൻ കീഴ്മേൽ മറിഞ്ഞ ഈ കോവിഡ് മഹാമാരിയിൽ കൂടെ കടന്ന് പോകുമ്പോൾ മാനസിക സമ്മർദ്ധം കൂടി മനസ് കൈവിട്ട് പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കയാണ് എന്നാണ് റിപ്പോർട്ട്. ഒന്നേ പറയാനുള്ളൂ .ഇതും കടന്ന് പോകും.പക്ഷെ മനസ്സ് നമ്മളെ വിട്ട് പോകാതിരിക്കാൻ അനുവദിക്കാതിരിക്കുക.

Join WhatsApp News
Szachariah 2020-09-04 16:36:49
Thank you for your great advice. Stay safe with a sound mind. 🙏🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക