Image

നമ്മള്‍ അനുഭവിക്കാതിരുന്നതൊക്കെയും തള്ളുകളാണെന്നു കരുതരുത് (എസ്.എസ്. പ്രകാശ്)

Published on 02 September, 2020
നമ്മള്‍ അനുഭവിക്കാതിരുന്നതൊക്കെയും തള്ളുകളാണെന്നു കരുതരുത്  (എസ്.എസ്. പ്രകാശ്)

കോവിഡ് 19 എന്ന വൈറസിന്റെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ട് ദിനരാത്രങ്ങള്‍ കൊഴിഞ്ഞുവീഴുമ്പോള്‍ ഇങ്ങനെയൊരു ഓണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഒക്കെ വിട്ടുമാറി ജോലിയില്‍ നിന്നൊക്കെ വിരമിച്ച് സ്വസ്ഥമായിരിക്കുമ്പോള്‍ ഒരു ഓണംകൂടി കടന്നുവന്നു. തികച്ചും വ്യത്യസ്തമായ ഓണം. എനിക്ക് മാത്രമല്ല ലോക മലയാളികള്‍ക്ക് മുഴുവനും.   തിരുവോണ നാളില്‍ രാത്രി 9.05-നു ഒരു ടെലിഫോണ്‍ കോള്‍ വന്നു. ഫോണ്‍ എടുത്തു സംസാരം തുടങ്ങുമ്പോള്‍ മനസ്സിലായി മുംബൈയില്‍ നിന്നും ഡോ. വി.സി.എ നായര്‍ മുമ്പൊരിക്കല്‍ വിളിച്ചിരുന്നു. അതു തന്നെയാണ് അദ്ദേഹം സൂചിപ്പിച്ചതും. കോവിഡ് 19-ഉം പിന്നെ ഞാനും എന്ന് എഴുതി പ്രസിദ്ധീകരിച്ച എന്റ അനുഭവ കുറിപ്പ് വായിച്ച അനുഭവം വീണ്ടും പങ്കുവെച്ചു.

പരസ്പരം കാണാം എന്ന പ്രത്യാശയോടെ സുഖ വിവരങ്ങളുടെ അന്വേഷണത്തിനുശേഷം കോള്‍ അവസാനിപ്പിച്ചു.  കോവിഡ് ബാധിച്ചതിനുശേഷം സോഷ്യല്‍ ബന്ധങ്ങളൊക്കെയും അന്യമായി പോയ അവസ്ഥയില്‍ ഒറ്റപ്പെട്ടുപോയിരുന്നു ഞാനും. മറ്റു പലരേയും പോലെ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന പലരുമായും വിഛേദിക്കപ്പെട്ട ബന്ധങ്ങള്‍. ആരെയും കാണാനും വിളിക്കാനും കൂട്ടാക്കാതിരുന്ന ഞാന്‍ തന്നെയാണ് കാരണക്കാരന്‍ എന്ന ബോധ്യവും എന്നെ വ്യാകുലപ്പെടുത്തിയിരുന്നില്ല. വീണ്ടും എന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കണം എന്ന് തോന്നിയതിനു കാരണം ഇവയൊക്കെ തന്നെയാണ്.  

അമേരിക്കയില്‍ തന്നെ കോവിഡ് മൂലം മരണപ്പെട്ടത് രണ്ടു ലക്ഷത്തോളമായി. ലക്ഷങ്ങള്‍ അസുഖബാധിതരും. ലോകമെമ്പാടും പരിശോധിച്ചാല്‍ ആനുപാതിക ക്രമത്തില്‍ വലിയ നമ്പരുകള്‍ കാണാന്‍ കഴിയും. പ്രായാധിക്യം മൂലവും പല പല അസുഖങ്ങളാലും ധാരാളം പേര്‍ ദിവസവും മരിക്കുകയും, അതിലുപരി ലക്ഷങ്ങള്‍ ജനിക്കുകയും ചെയ്യുന്നു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു.  പക്ഷെ ഇന്ന് നന്നായി പ്രവര്‍ത്തിച്ചുകഴിഞ്ഞ് നാളെ കുഴഞ്ഞുവീഴുന്ന വ്യത്യസ്ത പ്രായക്കാരും സ്വഭാവക്കാരും കോവിഡ് മൂലം എന്നു കേള്‍ക്കുമ്പോള്‍ ഉള്‍ഭയം ഉരുണ്ടുകൂടുന്നു.

 ധാരാളം പേര്‍ നിസാരങ്ങളായ രോഗ ലക്ഷണങ്ങളോടെയും അല്ലാതെയും രക്ഷപെടുന്നു. അവര്‍ക്ക് പലര്‍ക്കും ചിന്തിക്കാന്‍ കഴിയാതെ പോകുന്നത് മരണപ്പെടുകയോ, മരണത്തില്‍ നിന്നുംതെന്നിമാറി മാസങ്ങളായി പല പല ബുദ്ധിമുട്ടുകളുമായി ജീവിച്ചിരിക്കുന്നു. ഇന്നുവരെ വ്യക്തമായ മരുന്നില്ലാത്ത കോവിഡ് വ്യത്യസ്ത മരുന്നുകള്‍ നല്‍കി രക്ഷപ്പെട്ടവര്‍ക്ക് മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ നല്കുന്ന വേദന. അസുഖത്തെ ചെറുതായി കാണുന്ന ധാരാളം പേരെ സോഷ്യല്‍- ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടിരുന്നു.

അവരോടൊരു അഭ്യര്‍ത്ഥന മാത്രം. നമ്മള്‍ അനുഭവിക്കാതിരുന്നതൊക്കെയും തള്ളുകളാണെന്നു കരുതുന്നവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ കണ്ണില്ലാത്തവരാണ്. കോവിഡ് കാലത്തെ എന്റെ ഓണം ശരിക്കും ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനുള്ളൊരു ഓണമായിമാറി മറ്റു പലരേയും പോലെ എനിക്കും.  ഓണനിലാവില്‍ ഊഞ്ഞാലാടുകയും, അത്തപ്പൂക്കള്‍ കണ്ട് ആശ്ചര്യപ്പെട്ടു നില്ക്കുകയും, ഉണങ്ങിയ വാഴയില കോര്‍ത്തിണക്കി ശരീരമാസകം കെട്ടിപ്പൊതിഞ്ഞ്, കമുകിന്‍ പാള മുറിച്ചെയുത്ത് കണ്ണില്‍ കരിയെഴുതി,പൊട്ടും തൊട്ട് മുഖംമൂടിയിട്ട് കടുവാവേഷം കെട്ടി ഓണക്കളികള്‍ക്കിടയില്‍ കടന്നുചെന്ന് ആടിത്തിമര്‍ത്ത ഒരുപാട് ഓണങ്ങള്‍.  

കുരുത്തോലകൊണ്ടും, വര്‍ണ്ണപേപ്പറുകള്‍കൊണ്ടും ആകര്‍ഷകങ്ങളായിട്ടുള്ള ഉറികള്‍ ഉണ്ടാക്കി, ചെണ്ടമേളങ്ങളുടേയും, ഹര്‍ഷാരവങ്ങളുടേയും നടുവില്‍ നിന്നുകൊണ്ട് ഉറിയടിച്ചിട്ട്, കുരുത്തോല ഉറിയില്‍ കെട്ടിയിട്ടാട്ടുന്ന കരിക്ക് അടിച്ച് പൊട്ടിച്ച് കുടിക്കുക. വര്‍ണ്ണപേപ്പറുകള്‍ കൊണ്ടുണ്ടാക്കിയ ഓരോ മൂല കുടങ്ങളും അടിച്ച് പൊട്ടിച്ച് വര്‍ണ്ണമഴ പെയ്യിക്കുകയും, ഉറിക്കുള്ളില്‍ കെട്ടിവച്ചിരിക്കുന്ന മണ്‍കുടം പൊട്ടിച്ച് അതിനുള്ളിലെ പാലും പഴവും കുടിച്ച് നിര്‍വൃതിയടയുന്ന എത്രയോ ഓണങ്ങള്‍ എനിക്കു പുറമെ വന്നവര്‍ക്കു നഷ്ടപ്പെട്ടുപോയ ആ കാലങ്ങള്‍. സാമൂഹിക ഐക്യം ഊട്ടിയുറപ്പിച്ച ആ ഓണക്കാലങ്ങള്‍.

സാമൂഹിക അകലത്തിലുള്ള ഈ ഓണക്കാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ കോവിഡിനേക്കാള്‍ എന്നെ ഭയപ്പെടുത്തുന്നത് സാമൂഹിക അകലമാണ്.   കോവിഡിനെ ചെറുത്ത് തോല്‍പിക്കാനുള്ള മാനദണ്ഡങ്ങള്‍ അംഗീകരിക്കുകയും അനുസരിക്കുകയും ചേയ്യുമ്പോള്‍ ശാരീരിക അകലം എന്ന സാമൂഹിക അകലം മാനസിക അകലത്തിലേക്ക് ചെന്നുപെടുന്നുവോ? അടിച്ചമര്‍ത്തലുകളെ അതിജീവിച്ച നാം അടിമകളാകരുത്.  സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍... എസ്.എസ് പ്രകാശ്, സ്റ്റാറ്റന്‍ഐലന്‍ഡ്, ന്യൂയോര്‍ക്ക്.

Join WhatsApp News
Dr. Jacob Thomas 2020-09-04 01:46:55
Well said& written S S Prakash
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക