Image

സുവർണ്ണ നഗരമായ സാർട്ട് എന്ന സർദ്ദീസ് (യാത്രാ വിവരണം 11: സാംജീവ്)

Published on 02 September, 2020
 സുവർണ്ണ നഗരമായ സാർട്ട് എന്ന സർദ്ദീസ് (യാത്രാ വിവരണം 11: സാംജീവ്)
ആധുനിക തുർക്കിയുടെ ഏഷ്യൻ ഭൂവിഭാഗമാണ് അനറ്റോളിയാ. അവിടെ അതിപുരാതന കാലത്തു നിലനിന്നിരുന്ന ഒരു രാജ്യമായിരുന്നു ലുദ്യ. ഇംഗ്ലീഷിൽ ലിഡിയ എന്നാണു പറയുന്നത്. ലുദ്യയുടെ തലസ്ഥാനമായിരുന്നു സർദ്ദീസ് എന്ന സുവർണ്ണ നഗരി. ഇന്ന് ആ സ്ഥലം സാർട്ട് എന്നാണ് അറിയപ്പെടുന്നത്. ഹെർമുസ് താഴ്വര എന്നറിയപ്പെട്ടിരുന്ന ഒരു പ്രദേശത്താണ് സാർട്ട് അഥവാ പുരാതന സർദ്ദീസ്. ഈജിയൻ സമുദ്രതീരത്തുള്ള ഇസ്മീർ പട്ടണത്തിൽ നിന്നും 45 മൈൽ കിഴക്കാണ് സാർട്ട്. പുരാതന സ്മർണയാണ് ഇന്നത്തെ ഇസ്മീർ. മോളസ് ഗിരിശൃംഗത്തോടു ചേർന്നാണു സാർട്ട് സ്ഥിതിചെയ്യുന്നത്.

രണ്ടു പുരാതന വാണിജ്യപാതകൾ സർദ്ദീസിൽ സമ്മേളിച്ചിരുന്നു. സമീപത്തുള്ള ഒരു നദീതടത്തിൽ നിന്നും സ്വർണ്ണവും വെള്ളിയും ലഭിച്ചിരുന്നുവെന്നു പറയപ്പെടുന്നു. ഇന്ന് ആ നദിയുടെ പേര് പാക്റ്റോലസ് എന്നാണ്. സർദ്ദീസിലെ ഗിരിനിരകളിൽ സ്വർണ്ണവും വെള്ളിയും കലർന്ന ഇലക്ട്രം എന്ന ലോഹസങ്കരം ഖനനം ചെയ്തിരുന്നു. ലോകത്ത് ആദ്യം സ്വർണ്ണനാണയങ്ങൾ നിർമ്മിച്ചതു സർദ്ദീസിൽ ആയിരുന്നു, ബി.സി 610 മുതൽ 560 വരെ രാജ്യം ഭരിച്ച അല്യാറ്റസ് രാജാവിന്രെ കാലത്ത്.

ചരിത്രം: ബി.സി. 1300 മുതൽ സർദ്ദീസിൽ ജനവാസമുണ്ടായിരുന്നു. ബി.സി. 560 മുതൽ 546 വരെ സർദ്ദീസു ഭരിച്ച പ്രബലനായ ഒരു രാജാവിനെപ്പറ്റി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പേര് ക്രോസസ് എന്നായിരുന്നു. അന്നു പ്രബലമായിരുന്ന പേർഷ്യൻ സാമ്രാജ്യത്തെ ആക്രമിച്ചു പരാജയപ്പെട്ടതോടുകൂടി ലുദ്യയും സർദ്ദീസ് പട്ടണവും പേർഷ്യൻ അധീനതയിലായി. അചിരേണ അലക്സാണ്ടറുടെ യവനസാമ്രാജ്യത്തിന്റെയും റോമൻ, ബൈസാന്തിയൻ സാമ്രാജ്യങ്ങളുടെയും ഭാഗമായിത്തീർന്നു സർദ്ദീസ്. എ.ഡി. 1306ൽ ഒട്ടോമാൻ തുർക്കികളുടെയും പിന്നീട് മംഗോളിയൻ സുൽത്താനായിരുന്ന ടൈമൂറിന്റെയും ആക്രമണങ്ങൾക്കു സർദ്ദീസ് വിധേയമായി. 19-ാം നൂറ്റാണ്ടിൽ നടന്ന ചരിത്രാന്വേഷണങ്ങളാണ് സർദ്ദീസിന്റെ മഹത്വപൂർണ്ണമായിരുന്ന ഭൂതകാലം വെളിച്ചത്തു കൊണ്ടുവന്നത്.

എഫെസൊസിലെപ്പോലെ അർത്തമിസ്ദേവിയുടെ ഒരു ക്ഷേത്രം സർദ്ദീസിലും കാണാം. ബിസി. 334ൽ ആരംഭിച്ച ക്ഷേത്രനിർമ്മിതി ഏതോകാരണത്താൽ പൂർത്തീകരിക്കപ്പെട്ടില്ല എന്ന് ചരിത്രകാരന്മാർ പറയുന്നു. അർത്തമിസ് ക്ഷേത്രത്തിന്റെ ഭീമാകാരങ്ങളായ തൂണുകളാണ് ആരുടെയും ശൃദ്ധ പിടിച്ചുപറ്റുന്ന ചരിത്രാവശിഷ്ടങ്ങൾ.
യഹൂദന്മാരുടെ ഒരു കുടിയേറ്റനഗരമായിരുന്നു സർദ്ദീസ്. എ.ഡി. മൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു യഹൂദപ്പള്ളിയുടെ അവശിഷ്ടങ്ങൾ സർദ്ദീസിൽ കണ്ടെത്തിയിട്ടുണ്ട്.
ക്രൈസ്തവ സഭ സർദ്ദീസിൽ:  ആരാണ് ക്രൈസ്തവസന്ദേശം സർദ്ദീസിൽ കൊണ്ടുവന്നത്? അപ്പോസ്തലനായ പൌലോസോ അതോ അപ്പോസ്തലനായ യോഹന്നാനോ? വ്യക്തമായ ഒരു തെളിവും ബൈബിൾ നല്കുന്നില്ല. യോഹന്നാന്റെ പക്ഷത്താണു പാരമ്പര്യകഥകൾ. ഒരുപക്ഷേ ഇവർ രണ്ടുമായിരിക്കയില്ല. അപ്പോസ്തലപ്രവർത്തികൾ (ബൈബിൾ) രണ്ടാം അദ്ധ്യായത്തിൽ പറയുന്ന സംഭവം ശ്രദ്ധിക്കുക. പരിശുദ്ധാത്മപ്പകർച്ചയാണു വിഷയം.
“പർത്ഥരും മേദ്യരും ഏലാമ്യരും മൊസപ്പൊത്തോമ്യയിലും യഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയിമിലും കുറേനയ്ക്കു ചേർന്ന ലിബ്യാ പ്രദേശങ്ങളിലും പാർക്കുന്ന നാം, ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.”
പൊന്തൊസ്, ആസ്യ, പ്രുഗ്യ, പംഫുല്യ എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ദേശങ്ങൾ തുർക്കിയുടെ ഭാഗങ്ങളാണ്. പരിശുദ്ധാത്മപ്പകർച്ചയുടെ ദൃക്സാക്ഷികളായ ജനങ്ങൾ ആ സന്ദേശം സ്വീകരിച്ചു; അവർ സുവിശേഷത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളായി മാറി. സ്വദേശങ്ങളിൽ തിരിച്ചെത്തിയ അവരിൽനിന്നും സുവിശേഷത്തിന്റെ അഗ്നിജ്വാല പടർന്നു പിടിച്ചു. അനേക സഭകൾ തുർക്കിയിൽ ആവിർഭവിച്ചു. ഇതായിരിക്കാം സംഭവിച്ചത്. സർദ്ദീസിലെ സഭയും അവയിൽ ഒന്നായിരുന്നിരിക്കാം.

മൃതപ്രായയായ സർദ്ദീസിലെ സഭ:
വിശിഷ്ടലോഹങ്ങളുടെ ലഭ്യതയും വ്യാപാരവും സർദ്ദീസിനെ സമ്പന്നതയിലേയ്ക്കുയർത്തി. എന്നാൽ ക്രൈസ്തവമൂല്യങ്ങൾ നഷ്ടപ്പെട്ട ഒരു സമൂഹമായി സർദ്ദീസിലെ സഭ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
വെളിപ്പാടുപുസ്തകത്തിൽ (ബൈബിൾ) ദൈവത്തിന്റെ ആത്മാവ് സർദ്ദീസിലെ സഭയോടു പറയുന്നു.
“ഞാൻ നിന്റെ പ്രവർത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേരുണ്ട്. എങ്കിലും നീ മരിച്ചവനാകുന്നു. ഉണർന്നു കൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്കുക.---“

2018 സെപ്തംബർ മാസത്തിലാണു ഞങ്ങളുടെ യാത്രാസംഘം സർദ്ദീസിൽ എത്തിയത്. സർദ്ദീസിലെ അർത്തമിസ് ക്ഷേത്രത്തിന് അനുബന്ധമായ ഒരു ചെറിയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടു; ഇഷ്ടിക കൊണ്ടും പാറക്കല്ലുകൾ കൊണ്ടും നിർമ്മിച്ച ഒരു ചെറിയ കെട്ടിടം. വലിയ ശില്പഭംഗിയൊന്നുമില്ലാത്ത ഒരു കെട്ടിടമാണത്. അതിന്റെ കരിങ്കൽ പാകിയ തറയും ഭിത്തികളും ഇന്നുമവശേഷിക്കുന്നു. അതൊരു ക്രിസ്ത്യൻ ചാപ്പലായിരുന്നുപോലും ഒരു കാലത്ത്. എ.ഡി. 392ൽ തിയോഡഷ്യൻ റോമൻ ചക്രവർത്തിയായി. അർത്തമിസ് ക്ഷേത്രങ്ങളിൽ ആരാധന വിലക്കപ്പെട്ടു. ക്രിസ്തുമതം പ്രോത്സാഹിപ്പിക്കപ്പെട്ടു. അക്കാലത്തായിരിക്കണം അർത്തമിസ് ക്ഷേത്രത്തിനു സമീപം ക്രിസ്ത്യൻ ചാപ്പൽ നിർമ്മിക്കപ്പെട്ടത്. ആ ചാപ്പലിൽ നിന്നുകൊണ്ട് ഞാൻ സർദ്ദീസിലെ വിശ്വാസികളെ മനോമുകുരത്തിൽ ദർശിച്ചു.
“ജയം ജയം ഹല്ലേലുയ്യാ
ജയം ജയം എപ്പോഴും”
എന്ന സുപ്രസിദ്ധ ഗാനം യാത്രാസംഘം പാടി.
ഞങ്ങളുടെകൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ടു സുവിശേഷകന്മാർ വെളിപ്പാടുപുസ്തകത്തിലെ സർദ്ദീസിനോടുള്ള ദൂത് ഉറക്കെ വായിച്ചു. ഒരു നിമിഷം കണ്ണുകളടച്ചു പ്രാർത്ഥിച്ചു. ഒരു പക്ഷേ നൂറ്റാണ്ടുകൾക്കുശേഷം ആ ചാപ്പലിൽനിന്നും പ്രാർത്ഥനാശബ്ദം ഉയർന്നു; ഒരു പക്ഷേ അവസാനത്തേതും.
 സുവർണ്ണ നഗരമായ സാർട്ട് എന്ന സർദ്ദീസ് (യാത്രാ വിവരണം 11: സാംജീവ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക