Image

പൂച്ചയ്ക്ക് കൊടുത്ത മരുന്ന് കൊറോണയെ തുരത്തുമെന്ന് പഠനം

Published on 01 September, 2020
പൂച്ചയ്ക്ക് കൊടുത്ത മരുന്ന് കൊറോണയെ തുരത്തുമെന്ന് പഠനം
കൊറോണ വൈറസ് ബാധിച്ച പൂച്ചകളിൽ പരീക്ഷിച്ച മരുന്ന് മനുഷ്യനിലും കോവിഡ് 19 തുരത്താൻ സഹായകമായേക്കാമെന്ന് പുതിയ പഠനം. ഇരുപത് പൂച്ചകളിൽ നടത്തിയ പരീക്ഷണത്തിൽ 19 എണ്ണവും സുഖപ്പെട്ടത് ശുഭസൂചനയാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. കാനഡയിലെ സർവകലാശാലയിൽ നടത്തിയ പഠനത്തിൽ മരുന്ന് ഉള്ളിൽ ചെല്ലുന്നതോടെ പൂച്ചയെ ബാധിച്ച വൈറസ് പുറപ്പെടുവിക്കുന്ന എൻസൈം നിലയ്ക്കുകയും തന്മൂലം അവയ്ക്ക് പെരുകാൻ സാധിക്കാതെ വരികയും ചെയ്യുമെന്ന്  കണ്ടെത്തി .

മൃഗങ്ങളിൽ വിജയിച്ച മരുന്ന് മനുഷ്യരിലും ഫലം കാണേണ്ടതാണെന്ന് ഗവേഷകരിൽ ഒരാളായ ലെമിയുക്സ് അഭിപ്രായപ്പെട്ടു. മനുഷ്യരിലും പരീക്ഷണം നടത്താൻ കാനഡയിൽ അനുമതി ലഭിച്ചു കഴിഞ്ഞു. യുഎസിലും പരീക്ഷണം തുടങ്ങുമെന്നാണ് ഏറ്റവും പുതിയ വിവരം. 

ക്വാറന്റൈനിൽ സ്വഭാവം മെച്ചപ്പെട്ടു 

കൊറോണയുടെ പശ്ചാത്തലത്തിൽ ഓരോ ദിവസവും മാനസിക പിരിമുറുക്കത്തോടെയാണ് കടന്നുപോകുന്നത്. എന്നാൽ, അമേരിക്കയിലെ യുവാക്കൾക്കിടയിൽ നടത്തിയ സർവ്വേ പ്രകാരം കോവിഡ് ചില നല്ല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇരുപത്തിയൊന്ന് വയസ്സുള്ള രണ്ടായിരം യുവാക്കളുമായാണ് സർവ്വേ നടത്തിയത്.

ക്വാറന്റൈനിൽ കഴിഞ്ഞ നാളുകൾ മാനസിക നവീകരണം സാധ്യമാക്കിയെന്നാണ് മൂന്നിൽ രണ്ടു പേരും അഭിപ്രായപ്പെട്ടത്.  വ്യക്തിയെന്ന നിലയിൽ മുൻപത്തേക്കാൾ മെച്ചപ്പെട്ടെന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നും വീക്ഷണങ്ങൾ പാടേ മാറിയെന്നും അൻപത്തിയഞ്ച് ശതമാനം പേർ വെളിപ്പെടുത്തി. സ്വന്തം കഴിവുകളും സർഗാത്മകതയും തിരിച്ചറിഞ്ഞ് അതിനായി സമയം ചിലവഴിച്ചതിന്റെ സന്തോഷമാണ് അധികം പേർക്കും. ജീവിതം പഴയതുപോലെ ആകുന്ന സമയത്തും പകർത്താൻ ഒരുപിടി ശീലങ്ങൾ അവർ കണ്ടെത്തിക്കഴിഞ്ഞു. 
ഏതു തിരക്കിലും അവനവന്റെ ഇഷ്ടങ്ങൾക്കായി സമയം നീക്കിവയ്ക്കണമെന്നതാണ് പ്രധാന തീരുമാനം. പഴയതിൽ നിന്ന് പരിഗണനാക്രമത്തിലും മാറ്റം വന്നു. പ്രിയപ്പെട്ടവർക്കായി നേരം മാറ്റിവയ്ക്കാനും വർച്വലായും സ്നേഹവും സൗഹൃദവും പങ്കിടാനും ആളുകൾ പഠിച്ചു. ബന്ധങ്ങൾക്ക് കൂടുതൽ വില നൽകാനും ജീവിതം ആസ്വദിക്കാനുമുള്ള യുവതലമുറയുടെ ഇപ്പോഴത്തെ ആർജവത്തെ പോസിറ്റീവായി തന്നെ കാണാം. 

കുട്ടികൾ ആഴ്ചകളോളം രോഗവാഹകരാകാം

കോവിഡ് ലക്ഷണങ്ങൾ കാണിക്കാത്ത കുട്ടികൾ ആഴ്ചകളോളം രോഗവാഹകരായി തുടരുമെന്ന് പഠനം. സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് ബാധിതരായിട്ടും രോഗ ലക്ഷണങ്ങൾ കാണിക്കാതിരുന്ന കുട്ടികളെ പഠനവിധേയരാക്കിയതും ഇവരിലൂടെ രോഗം പടരാനുള്ള സാധ്യത വിലയിരുത്തിയതും. 

മൂന്നു ദിവസം മുതൽ മൂന്ന് ആഴ്ചകൾ വരെ എന്ന രീതിയിൽ പല കുട്ടികളിലും ലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് വ്യത്യസ്തപ്പെടുമെന്നും പഠനം പറയുന്നു. 
വാഷിംഗ്ടണിലെ രണ്ട് ശാസ്ത്രജ്ഞരാണ്  ദക്ഷിണ കൊറിയയിൽ നിന്നുള്ള രോഗലക്ഷങ്ങൾ ഇല്ലാതെ കോവിഡ് പോസിറ്റീവായ കുട്ടികളിൽ പഠനം നടത്തിയത്. 22 ആശുപത്രികളിൽ നിന്നുള്ള 91 കുട്ടികളിൽ നിന്നാണ് റോബർട്ട എൽ. ഡീബ്യസിയും മേഘൻ ഡെലാനിയും ഈ നിഗമനത്തിലെത്തിയത്. അമേരിക്കയിൽ പതിവുള്ളതുപോലെ,  പൂർണമായും രോഗം മാറാത്ത കുട്ടികളെ ദക്ഷിണ കൊറിയയിൽ  ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യില്ല. മുതിർന്നവരുടേതിനേക്കാൾ കുടുതലായി വൈറസിനെ വഹിക്കുന്നവരും കുട്ടികളാണെന്നാണ് ബോസ്റ്റണിലെ ഗവേഷകരുടെ കണ്ടെത്തൽ. തീവ്ര പരിചര വിഭാഗത്തിലുള്ള മുതിർന്ന കോവിഡ് രോഗിയേക്കാൾ കൂടുതൽ വൈറസ്, രോഗബാധയുള്ള കുട്ടികളിൽ ഉണ്ടെന്നും പറയുന്നു. 
Join WhatsApp News
A Trump supporter 2020-09-01 14:21:02
അപ്പോൾ പൂച്ചയെ തിന്നാൽ പോരെ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക