Image

മൂടുപടമിട്ടൊരു ഓണം (രാജൻ കിണറ്റിങ്കര)

Published on 31 August, 2020
മൂടുപടമിട്ടൊരു ഓണം (രാജൻ കിണറ്റിങ്കര)
ഓർമ്മകളുടെ കളിപ്പുര മുറ്റത്ത് മുഖാവരണവുമായി മറ്റൊരു തിരുവോണം അനുവാദം കാത്ത് നിന്നു.  സമ്പൽസമൃദ്ധമായ ഇന്നിൻ്റെ ഓണവിശേഷങ്ങളേക്കാൾ ഓർക്കാൻ സുഖം കഷ്ടപ്പാടിൻ്റെ ബാല്യ സ്മരണകളാണ് ..
അത്തത്തിന് രണ്ടു ദിവസം മുന്നേ കൈതോലയിൽ നെയ്ത പൂക്കുടകളുമായി പടികടന്നു വരുന്ന കാളിതള്ള .. വീട്ടിലെ സ്വന്തം പണിക്കാരി .. അല്ല വീട്ടിലെ സ്വന്തം അംഗം .രാവിലെ സൂര്യനുദിക്കും മുന്നേ വീട്ടിലെത്തി മുറ്റം മുഴുവനും തൂത്തുവാരുന്ന കാളിതള്ള .. ഗ്രാമത്തിലെ ബ്ലൗസിടാതെ നടക്കുന്ന പഴയ തലമുറയിലെ ആദ്യത്തെ പെൺതരി.  കാളിയുടെ വിശുദ്ധിയോ ഗ്രാമത്തിൻ്റെ വിശുദ്ധിയോ ആരും അതിനെ പറ്റി അന്തി ചർച്ചകൾ നടത്തിയില്ല. മുറ്റമടി കഴിഞ്ഞാൽ ചൂലുണ്ടാക്കിയും പട്ട മെടഞ്ഞും കാളി ഇരുട്ടുവോളം വീട്ടിൽ തന്നെയുണ്ടാകും. ആ സാന്നിധ്യം ഒരു ധൈര്യമായിരുന്നു. ഒരു ആത്മ വിശ്വാസം തരുന്നതായിരുന്നു.
തുമ്പപ്പൂവിന് വലിയ പൂക്കുടയും മറ്റു പുഷ്പങ്ങളായ കണ്ണാന്തളി, ചിലന്നി, പിന്നെ നിറമുള്ള മണമില്ലാത്ത വേലി പടർപ്പിലും കുന്നിൻ ചരിവിലും വിരിയുന്ന പേരറിയാത്ത ഒരു പാട് പൂവുകൾക്ക് ചെറിയ പൂക്കുടകൾ വേറെയും  .
താഴുകൊലായിലെ ഭസ്മ കൊട്ടക്കരികിൽ പൂക്കുടകൾ രണ്ട് ദിവസം ആടി കളിക്കും. പിന്നെ അത്തം ദിവസം കുന്നുകളും പാടങ്ങളും താണ്ടി നിറവയറോടെ തിരിച്ചുവരും. ഓണത്തിൻ്റെ ആദ്യ സുഗന്ധമായി ചാണകം മെഴുകിയ ഉമ്മറ മുറ്റത്ത് വട്ടത്തിൽ പൂക്കളം വിടരും . ആദ്യമൊക്കെ രാവിലെ നേരത്തെ എണീറ്റ് പൂപറിക്കാൻ പോയിരുന്നത് പിന്നീട് തലേ ദിവസം വൈകുന്നേരമാക്കി. തലേന്ന് പോയാൽ പൂപറിക്കുന്നതിനൊപ്പം കുന്നിൻ പുറത്ത് കൂട്ടുകാരുമായി കളിക്കാം അടുത്ത തൊടിയിലെ മാവിന് കല്ലെറിയാം  ഇഷ്ടം പോലെ അലഞ്ഞു തിരിയാം.
അങ്ങിനെ ഒരു വൈകുന്നേരം പൂപറിക്കുന്നതിനിടയിലാണ് ഞങ്ങൾ കുന്നിൻ പുറത്ത് ഒളിച്ചു കളിക്കാൻ തീരുമാനിക്കുന്നത്. ഒരാൾ കണ്ണു പൊത്തി നൂറ് വരെ എണ്ണും . മറ്റുള്ളവർ ഒളിയ്ക്കും. ഒളിച്ചവരെ കണ്ണുപൊത്തിയ ആൾ നൂറ് വരെ എണ്ണി കഴിഞ്ഞ് കണ്ണുതുറന്ന് തിരഞ്ഞു കണ്ടു പിടിക്കണം. അന്ന് എണ്ണാനുള്ള നറുക്ക് വീണത് എനിക്കായിരുന്നു. എണ്ണികഴിഞ്ഞ് ഞാൻ ഓരോരുത്തരെയായി മരങ്ങൾക്ക് പുറകിൽ നിന്നും നരിമടയിൽ നിന്നും ഒക്കെ തപ്പി കണ്ടു പിടിച്ചു.  കൂട്ടത്തിലെ ഉണ്ണിക്കുട്ടനെ മാത്രം കാണാനില്ല. കുന്നുമുഴുവൻ ഞങ്ങൾ അരിച്ചുപെറുക്കി. ഉണ്ണികുട്ടാ എന്ന് ഉറക്കെ വിളിച്ചു. ഒരു മറുപടിയുമില്ല. കളി ഭയത്തിലേക്ക് വഴിമാറി. കുന്നിന് മുകളിൽ രാത്രിയുടെ നിഴൽ പതിഞ്ഞു. ഭയത്തോടെ ഞങ്ങൾ സ്വന്തം വീടുകളിലേക്ക് തിരിച്ചു.
രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല .കുനിൻ പുറത്ത് നിന്നും ദുരൂഹമായ സാഹചര്യത്തിൽ തിരോധാനം ചെയ്ത ഉണ്ണിക്കുട്ടൻ്റ വാർത്തയുമായി നാളെ ഗ്രാമം ഉണരുന്നതും കൂട്ടത്തിൽ കളിക്കാൻ കൂടിയവരെ പോലീസ് ചോദ്യം ചെയ്യുന്നതും ഞെട്ടലോടെ ഓർത്ത് കിടന്നു.
നേരം വെളുത്തു. കാളിതള്ള മുറ്റമടിക്കുന്ന ശബ്ദം കേൾക്കാനുണ്ട്.  അമ്മ തൊഴുത്തിൽ മുറ്റം മെഴുകാൻ ചാണകം എടുക്കാൻ പോകുന്നു. അസാധാരണമായി ഒന്നുമില്ല. ആരും ഉണ്ണികുട്ടൻ്റെ കാര്യം സംസാരിക്കുന്നില്ല . അപ്പോൾ ദേ പടിക്കൽ കൂടെ തൂക്കുപാത്രത്തിൽ പാലുമായി ഉണ്ണിക്കുട്ടൻ പോകുന്നു.  ഓടിച്ചെന്ന് ഇന്നലെ എവിടെപ്പോയി ഒളിച്ചു എന്ന് ചോദിച്ചപ്പോൾ ഞാൻ കണ്ണുപൊത്തി എണ്ണുമ്പോൾ അവൻ വീട്ടിൽ പോയത്രെ. അമ്മ അങ്ങാടിയിൽ നിന്ന് സാധനം വാങ്ങാൻ കൊടുത്ത ലിസ്റ്റു മായിട്ടാണത്രെ കളിക്കാൻ വന്നത്.  ഒരു കേസിൽ നിന്നും  അവിചാരിതമായി തലയൂരിയ സന്തോഷത്തോടെ എൻ്റെ മനസ്സ് അമ്മ ചാണകം മെഴുകിയ കളത്തിന് ചുറ്റും നൃത്തം വച്ചു.
തിരുവോണ ദിവസം അടുക്കുന്നതോടെ പൂക്കളത്തിൻ്റെ വലുപ്പവും ഭംഗിയും കൂടിക്കൊണ്ടിരിക്കും.  മനസ്സിലെ ആഹ്ലാദവും.  കവുങ്ങിൻ തോട്ടത്തിനക്കരെ ചെമ്മൺ പൊതിഞ്ഞ റോഡി ലൂടെ മുളയിൽ തൂക്കിയ നെന്ത്ര വാഴ കുലകളുമായി അങ്ങാടി ലക്ഷ്യമാക്കി നടക്കുന്ന കൃഷിക്കാർ. പീടിക കോലായിൽ നിന്നും തായം കളിയുടെ ആരവങ്ങൾ .. കിഴക്കുനിന്നും വരുന്ന കാറ്റിന് കൊയ്ത്തുപാടത്തിൻ്റെ ഗന്ധം .. മനസ്സ് തുടിക്കുകയാണ് ഓരോ നിമിഷവും .
ഓലപ്പന്ത് കെട്ടണം .പുഴ കടന്നു വരുന്ന ഓണക്കച്ചവടക്കാരുടെ കൊട്ടയ്ക്കു ചുറ്റും നടന്ന് എല്ലാം കൗതുകത്തോടെ നോക്കണം. പടിക്കലൂടെ നടന്നുപോകുന്ന ഓണത്തിന് മാത്രം കാണുന്ന തുണി കച്ചവടക്കാർ. എല്ലാം സന്തോഷങ്ങളാണ് ... ഒന്നും വാങ്ങിയില്ലെങ്കിലും .
ഉത്രാടരാത്രിയിൽ ഒഴുകി വരുന്ന പാണൻ പാട്ട്.. ഉറക്കം വരാത്ത രാത്രി ... തിരിഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കും.  തൃക്കാക്കരപ്പന് പൂവടകൾ ഒരുങ്ങുന്ന അടുക്കള .. തുളസിപ്പൂവിൻ്റെയും തെച്ചി പൂവിൻ്റെയും ഭക്തി സാന്ദ്രമായ സുഗന്ധം. വേലിക്കൽ അയൽക്കാരുടെ കുശലാന്വേഷണങ്ങൾ .. മുറ്റത്ത് കൂടിക്കിടക്കുന്ന വിഷം തീണ്ടാത്ത പച്ചക്കറികൾ .. നിറവിൻ്റെ ഉത്സവത്തിലേക്ക് നിറപറയും നിലവിളക്കുമായി മനസ്സ് പദം വയ്ക്കുന്നു.
നിലാവ് വീണ് കിടക്കുന്ന ഉമ്മറ മുറ്റത്ത് തൃക്കാക്കരപ്പൻ വീടിൻ്റെ ഐശ്വര്യമായി നാല് ദിവസം നിലകൊള്ളും . പൂജയ്ക്ക് വക്കുന്ന കറുത്ത നിറം പടരുന്ന പഴക്കഷണങ്ങളും അടയിലും ആണ് പൂജയേക്കാൾ ശ്രദ്ധ  .. മരപ്പലകയിൽ ചമ്രം പടിഞ്ഞിരുന്ന് ഒരു തികഞ്ഞ പൂജാരിയെപ്പോലെ തുളസിപ്പൂക്കളും കിണ്ടിയിലെ തീർത്ഥവും പകരുമ്പോൾ മൺമറഞ്ഞ ഒരു മാവേലി നാടിൻ്റെ സ്വപ്നം മനസ്സിൽ തുടികൊട്ടും.
ഓർമ്മകളുടെ വേലി പടർപ്പിൽ മത്തനും കുമ്പളവും പൂവിട്ട് പുഞ്ചിരി തൂകി നിൽക്കുന്നു. മനസ്സിൽ അമ്മയുടെ കരസ്പർശമേറ്റ ചാണകം മെഴുകിയ തറയിൽ ഒരു മുക്കുറ്റി കാലം കാത്ത് കിടക്കുന്നു.  തെക്കേ കുന്നിൻ ചരിവിൽ നിന്നും ദാഹാർത്തനായ ഒരു വേഴാമ്പലിൻ്റെ കരച്ചിൽ.
മോബൈലിലെ ഡിജിറ്റൽ ആഘോഷങ്ങളിൽ മുഖം മൂടി അണിഞ്ഞൊരു മാവേലി. മാനുഷരെല്ലാരും ഒന്നു പോലെ. ചിരിയും കളിയും കരച്ചിലും സന്തോഷവും സങ്കടവും മാസ്കിനുള്ളിൽ വിങ്ങിപൊട്ടുന്നു .. മനസ്സിൽ കുന്നിൻ പുറത്തെയും പീടിക തിണ്ണയിലേയും ഓണാരവങ്ങൾ നിലച്ചിട്ടില്ല. .. ബാല്യത്തിൻ്റെ ഓണനിറവുകൾ .. ഓണ നിനവുകൾ!!
🌹ഓണാശംസകൾ🌹
*രാജൻ കിണറ്റിങ്കര*

Join WhatsApp News
Rosy.NY 2020-08-31 19:53:51
എന്തിനാ രാജാ; ഇ കിണറ്റിന്‍ കരയില്‍ മൂടുപടം ഇട്ടു രാവില്‍ കറങ്ങുന്നത്? കിണറ്റില്‍ വീഴാതെ നോക്കണേ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക