Image

തിരുവോണ രാത്രിയില്‍ (കവിത-സുധീര്‍ പണിക്കവീട്ടില്‍)

Published on 31 August, 2020
തിരുവോണ രാത്രിയില്‍ (കവിത-സുധീര്‍ പണിക്കവീട്ടില്‍)
മുറ്റത്തെ മുല്ലപൂക്കള്‍ക്കെന്തൊരു മണമെന്ന്
ഉറക്കെ പറഞ്ഞപ്പോള്‍ ഉണര്‍ന്നു നിശീഥിനി
പൂനിലാച്ചിരി പൊഴിച്ചവളങ്ങഴകോടെ
ചൊല്ലിയെന്‍ കാതില്‍ നന്ദിമന്ത്രങ്ങള്‍ പ്രേമാര്‍ദ്രയായ്.

സ്വാഗതം കവേ ! നില്‍ക്കൂ ഇത്തിരി നേരം കൂടി
മാലോകര്‍ പറയാത്ത സത്യങ്ങള്‍ പറയാനായ്
കവിയെന്നെന്നെ നിശാസുന്ദരി വിളിച്ചപ്പോള്‍
സര്‍ഗ്ഗസങ്കല്‍പ്പങ്ങളില്‍ മുഴുകി നിന്നു ഞാനും

ഓണത്തിനൂഞ്ഞാല്‍ കെട്ടിയാടുമെന്‍ അയല്‍ക്കാരി
എന്നുടെ നില്‍പ്പില്‍ പന്തി കേടുണ്ടെന്നൂഹിച്ചാവാം
അവള്‍ തന്‍ ആട്ടം നിന്നു, അവളോ മറയുന്നു
നിറയുന്നെന്റെ മനം കാവ്യസമ്പാദ്യങ്ങളാല്‍

തിളങ്ങും നിലാവുമാ രാത്രി തന്നടക്കവും
കോള്‍മയിര്‍കൊള്ളിച്ചെന്നെ അവിടെ നിര്‍ത്തിപ്പോയി
ഹ്രുദയം തുടികൊട്ടി, പാടുവാനറിയാതെ
വാക്കുകള്‍ക്കായി മനഃകോട്ട ഞാന്‍ കെട്ടീടവേ

നിത്യതാരുണ്യം വാരി പുതച്ച രജനിയെന്‍
മാനസം മയക്കുമൊരുന്മാദ ഗീതം മൂളി
ആവരിയുരുവിട്ടിട്ടത്യന്താഹ്ലാദത്തോടെ
വിസ്മ്രുതനാകുമ്പോളെന്‍ ഭാര്യ തന്‍ നിഴലാട്ടം

കളഭ കുറിയിട്ട് കാര്‍കൂന്തല്‍ മാടികെട്ടി
ചുറ്റിലും കണ്ണോടിച്ചിട്ടലസം ചോദിച്ചവള്‍
പൂക്കളും നിലാവുമീ രാവിന്റെ സൗന്ദര്യവും
നിത്യവും നുകര്‍ന്നിട്ടും മതിയാകുന്നില്ലയോ?

അപ്പഴുതയലത്തെ ഊയ്യലാട്ടകാരിയും
എത്തി നോക്കുന്നു, ജന്നല്‍ പാളികള്‍ തുറക്കുന്നു
പരദാരത്തിന്‍ പാതിവ്രുത്യ്ത്തിന്‍ കറക്കമാണ-
ന്യനെ ശങ്കിച്ചവര്‍ ചഞ്ചലരായീടുന്നു

പ്രിയതന്‍ മും മങ്ങി മ്മ്‌ളാനയായവളെന്തോ
പറയാന്‍ ഭാവിച്ചത് വിഴുങ്ങി കളയവെ
അയല്‍ക്കാരി വീണ്ടുമാ ജാലകപാളിക്കുള്ളില്‍
നയനം ഉടക്കുന്നു വെരുകായ് പരതുന്നു
പതിയെ അറിയുന്നോള്‍ പരസ്ര്തീ കാണിക്കുന്ന
പുച്'മാം നാട്യം കണ്ട് രസിച്ച് ചിരി തൂകി
അയല്‍ക്കാരിക്കൊരല്‍പ്പം സന്തോഷം പകരുവാന്‍
ഇങ്ങനെ പറഞ്ഞവള്‍ ഉച്ചത്തില്‍ അന്നാദ്യമായ്

പൂച്ചയെ പോലെ നിലാപ്പാല്‍ നക്കി കുടിക്കുന്നോ?
കണ്ണടച്ചിരുട്ടാക്കാന്‍ കവികള്‍ മിടുക്കന്മാര്‍
ഇതിനാണല്ലേ മുല്ല പൂക്കള്‍ തന്‍ പേരും ചൊല്ലി
നിത്യവും രാവില്‍ തിരിമാലിയാം അങ്ങെത്തുന്നു.

ശുഭം

Join WhatsApp News
ജി . പുത്തൻകുരിശ് 2020-08-31 13:03:49
സുന്ദരമായ വാക്കുകൾ ഭാവനയിൽ ചാലിച്ച് മനോഹരമായ മെനെഞ്ഞടുത്ത, ശ്രീ. സുധീർപണിക്ക വീട്ടിലിന്റ, കവിത വായിച്ചപ്പോൾ അസൂയ തോന്നാതിരുന്നില്ല. എപ്പോഴാണ് ഇത്തരം കവിതകൾ വിരിയുന്നെതെന്ന് അത്ഭുതപ്പെടാതെയും ഇരുന്നില്ല . നിങ്ങളുടെ ഭാവനയിൽ ഇതുപോലെ അനേകായിരം ഭാവന സമ്പന്നമായ കാവ്യ കുസുമങ്ങൾ വിരിയട്ടെ എന്നാശംസിക്കുന്നു. മനുഷ്യരെ ഒന്നാകുന്ന ഓണത്തിന്റെ എല്ലാ ഐശ്വര്യങ്ങളും നേരുന്നു.
എന്‍റെ വാസന്തി !!!!!! 2020-08-31 15:46:38
അയലത്തെ വാസന്തി ഇണെന്ന പോലെ എപ്പോഴും ഓർക്കുന്നു അയലത്തെ വാസന്തി തന്നുടെ വാസന; പൂക്കൾ നിറഞ്ഞ അര പാവാടയും പുക്കിളിൻ മുകളിൽ നിൽക്കുന്ന മഞ്ഞ ബ്ലവ്‌സും; മുടി നിറയെ മുല്ല പൂക്കളും, ചിലപ്പോൾ കൈത പൂക്കളും, പാല പൂക്കളും; ഹാ! എന്ത് ചന്തം; ചന്തി കുലുക്കി അവളുടെ നടത്തം കാണുവാൻ. കാലുകൾ നിലത്തു തൊടുന്നുണ്ടേ എന്നു തോന്നില്ല ; ഒഴുകി വരും സൗരഭ്യമാണവൾ എന്നേക്കാൾ മൂന്നു വയസിനു മൂത്തതാണവൾ എങ്കിലും മൂളി പാട്ടുമായി പിറകെ കൂടും ഞാൻ. ഇടക്കിടെ ശകുന്തളയെപ്പോൽ തിരിഞ്ഞവൾ നോക്കും 'ഓടടാ' എന്ന് ആംഗ്യം കാട്ടും. ദമയന്തിയാണവൾ, ഇന്ദുലെഘയാണവൾ, നിർത്തമാടും പാർവതിയാണവൾ. തിരുവോണം അടുത്തപ്പോൾ തൊടിയിലെ ഞാവൽ മരത്തിൽ വലിയൊരു ഊഞ്ഞാൽ കെട്ടി; കുട്ടി പാവാട ഇട്ടവൾ ഊഞ്ഞാലിൽ ആടി, അയലത്തെ മാവിൽ ഞാൻ ഒളിച്ചിരുന്നു, അവളെ ആവാഹിച്ചുള്ളിലാക്കി. 'നിൻ്റെ മനസ്സാം തേൻമാവ് പൂക്കാറായോ ഇ കരിംകുയിൽ ഒന്ന് പാടിക്കോട്ടെ', അറിയാതെ ഉറക്കെ ഞാൻ പാടിപ്പോയി. ആട്ടം നിറുത്തി അവൾ ഇറങ്ങി വന്നു, ചെറു വെള്ളക്ക പൊറുക്കി ഏറും തുടങ്ങി, ഇറങ്ങി ഓടി ഞാൻ അന്തിയാവോളം അമ്പല പറമ്പിൽ പാത്തിരുന്നു. * അഞ്ച് വർഷങ്ങൾ കടന്നു പോയി, അവസാനം ആർമിയിൽ നിന്നും അവധികിട്ടി. അയലത്തെ തൊടിയിലേക്കു തുടരെ നോക്കുന്നത് എൻ അമ്മ കണ്ടു, ' നിനക്കുഞാൻ എഴുതിയിരുന്നുവല്ലോ, രണ്ടു വര്ഷം മുമ്പവളുടെ കല്യാണം കഴിഞ്ഞു. *Thanks for an inspiring poetry.
വിദ്യാധരൻ 2020-08-31 17:39:52
സത്യത്തിൽ മുറ്റത്തെ മുല്ലക്ക് മണം ഉണ്ടായിട്ടാണോ കവി പറഞ്ഞത് മണമുണ്ടെന്ന് ? സുന്ദരിയായ സ്ത്രീകളുടെ മനസ്സിനെ നന്നായി അറിയാവുന്ന കവി തലയിൽ മുല്ലപ്പൂ ചൂടി നിൽക്കുന്ന നിശീഥിനിയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ തൊടുത്തുവിട്ട പഞ്ചബാണങ്ങളിൽ ഒന്നാകാം 'മുല്ലക്ക് മണം' ഉണ്ടെന്ന് പറഞ്ഞത്. പിന്നെ നടന്നെതെന്താണെന്ന് ഞാൻ ഇവിടെ വിവരിക്കേണ്ട ആവശ്യമില്ലല്ലോ ?നിശീഥിനിയുടെ വദനത്തിൽ നിലാവുദിച്ചു . കവിയുടെ ഹൃദയത്തിൽ പ്രണയത്തിന്റ ചിറ്റോളങ്ങൾ . തൊടുത്തു വിട്ട അസ്ത്രം ഏൽക്കേണ്ടേതിനപ്പുറത്ത് പോയി ചുറ്റുപാടുമുള്ള സുന്ദരികളുടെ ഒക്കെ ഹൃദയം തുളച്ചുകത്ത് കയറി സൃഷിട്ടിച്ച വിഭ്രാന്തിയും ഇളക്കവും കണ്ടപ്പോളുള്ള സംതൃപ്തി. അങ്ങനെ അവിടെ നിന്ന് ' നാരികൾ ഭൂമിയിൽ നഹിയെന്നു വന്നാൽ കാവ്യത്തിനില്ല വിഷയം കവി മൂകനാകും " എന്ന് സ്വയംമറന്ന്‌ ആത്മഗതം നിൽക്കുമ്പോൾ , അതാ വരുന്നു താടകയെപ്പോലെ ഭാര്യ. കവി ഉറക്കെ പാടിക്കാണും 'നാരികൾ നാരികൾ വിശ്വ വിപത്തിന്റെ നാരായവേരുകൾ എന്ന് " അതെ കവിയോട് തികച്ചും ചേർന്ന് നിന്ന് പറയട്ടെ " പൂച്ചയെപ്പോലെ നിലാപ്പാൽ നക്കികുടിക്കുന്ന " വരാണ് കവികൾ . കാൽപ്പനികതയുടെ ' ഊഞ്ഞാലിൽ കവി വായനക്കാരെ ഇരുത്തി ആട്ടുമ്പോൾ, എവിടെയൊക്കെയോ നഷ്ടമായ ഓണത്തിന്റെ ഓർമ്മകളാൽ മനം തുളുമ്പുന്നു .നല്ലൊരു കവിതക്ക്. കവിക്ക് അഭിനന്ദനം. -വിദ്യാധരൻ
Sudhir Panikkaveetil 2020-09-02 11:28:53
അഭിപ്രായങ്ങൾ എഴുതിയ എല്ലാവര്ക്കും വളരെ നന്ദി. എഴുത്തുകാരന്റെ ശക്തിയും പ്രചോദനവും വായനക്കാരാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക