Image

കൊറോണക്കാലത്തെ ഓണനാളിലെ ഒരു പിടി ചിന്തകൾ...(മീര കൃഷ്ണൻ കുട്ടി, ചെന്നൈ)

മീര കൃഷ്ണൻ കുട്ടി, ചെന്നൈ Published on 31 August, 2020
കൊറോണക്കാലത്തെ ഓണനാളിലെ  ഒരു  പിടി  ചിന്തകൾ...(മീര കൃഷ്ണൻ കുട്ടി, ചെന്നൈ)
ഓർക്കുന്നു,  ഒരു  കാലൊച്ച  പോലും  കേൾപ്പിക്കാതെ  അത്തം  
കടന്നു വന്നത്....  !
ചമയങ്ങളില്ലാതെ.., 
ആരവങ്ങളില്ലാതെ.., ആശങ്കകളോടെ .., 
സംശയത്തോടെ... !


തത്തി തത്തിയെത്തിയ  അത്തം  മൃദുവായി  കതകിൽ  തട്ടി. നെടുവീർപ്പുകൾക്കു  പോലും അടപ്പിട്ടിരുന്ന  നിശ്ശബ്ദതയിൽ   അതൊരു  ഇടിമുഴക്കമായി.

ഭയം  തീർത്ത  ആമത്തോടിൽ നിന്ന് ഇഴഞ്ഞിറങ്ങി , കതകു  തുറന്നപ്പോൾ  കണ്ടത്,  പലയടി അകലത്തായി  കോലം  കെട്ട്  കരുവാളിച്ചു  നിന്ന  അത്തം !


"ഒരുങ്ങിയില്ലേ? ",  അത്തം മെല്ലെ  ചോദിച്ചു. 


"മാവേലിത്തമ്പുരാന്റെ  വരവായി!പലനിറ രൂപ ഗന്ധങ്ങളുടെ 
പൂപ്പാദമെത്തയൊന്നും കണ്ടില്ലല്ലോ.... !

പലനിറ രസരുചിക്കൂട്ടുകളുടെ
സദ്യ  ഒരുക്കേണ്ടേ....! പലജന കേളീമേളങ്ങൾ  വേണ്ടേ. !

ചുരുങ്ങിയത്  നാനാത്വത്തിൽ ഏകത്വം  എന്ന  സന്ദേശമെങ്കിലും  പകരേണ്ടേ.. !
സമത്വം ആഘോഷിക്കേണ്ടേ... !ഉടുക്കാനും  കൊടുക്കാനും ഓണക്കോടികൾ വേണ്ടേ... !"

ഓണമെന്നത് ഓർമകളിലും,  ഓൺലൈനുകളിലും മാത്രം  എന്നു വിധിച്ച്,  മറുത്താൽ പിടിമുറുക്കാൻ തക്കം പാർത്തു  നിന്നിരുന്ന,  കൊറോണ ക്രൂര കുഞ്ഞനെ   അത്തം  മറന്നത് പോലെ!

മനസ്സിലപ്പോൾ, അനിശ്ചിതത്വത്തിന്റെ അമർഷം  പല  ചോദ്യങ്ങളായി  ഒരു  മുറത്തോളം   കുമിഞ്ഞു. 


"പൂമെത്ത ! പറയാൻ  എന്തെളുപ്പം !

നിറഭേദങ്ങളാർന്ന   പൂക്കൾ ക്കായി  പൂച്ചന്തയിൽ ത്തന്നെ  പോകണ്ടേ...? 
നാക്കിലയിൽ ഇരമ്പുന്ന  സ്വാദാവാൻ കായ്ക്കറികളെവിടെ ?  

കൊടുംകെട്ടിലും പൂട്ടിലും അതെങ്ങിനെ നേടും  ? 

അടുത്തുവേണ്ടവർ  പോലും അകലത്താവുമ്പോൾ ,  അകത്തളം പോലും, അരക്ഷിതത്വത്തിന്റെ  അരങ്ങാവുമ്പോൾ,  എന്തിന്,  എങ്ങനെ,  ആഘോഷം?
നാക്കും,  മൂക്കും  വാക്കും  മറയുടെ  വിലക്കുകളിലാവുമ്പോൾ എങ്ങിനെ  അറിയും മധുരവും  എരിവും? 

ജീവിതച്ചൂട്ടണയാതെ കാക്കാൻ, കയ്യും  മെയ്യും  കരുതലുകളുടെ  കെണിയിലാവുമ്പോൾ,  എന്തോണം,  എന്താഘോഷം..! 
വിഷാദ ക്കറുപ്പിൽ ,  ഉടുക്കുന്നത്  കോടിയായാലെന്ത്, 
കീറലായാലെന്ത്? 

ചേറികൊണ്ടിരുന്ന  ചോദ്യങ്ങളുടെ  വലിയമുറം അപ്പാടെ താഴെ ചൊരിഞ്ഞപ്പോൾ, അത്തമൊന്നു  വിരണ്ടുവോ? 

അപ്പോൾ  കേട്ടതൊരു  പാതാളക്കുലുക്കം !  ഒരു  ഘന  ഗംഭീര ശബ്ദം ! ഒരശരീരി !

"അല്ലാ...  ആഘോഷം,   എന്തിനു  വേണ്ടെന്നു വെക്കണം? ആർഭാടം ഉപേക്ഷിച്ചാൽ പ്പോരേ? 


ചെടിയറിഞ്ഞ്,  മണ്ണറിഞ്ഞ്, 
ചെളിയറിഞ്ഞ്,  ചേറ റിഞ്ഞ്,  തോടറിഞ്ഞ്, കാടറിഞ്ഞ് 
പ്രകൃതിയെ തൊട്ടറിഞ്ഞ് പൂവ്  തേടി പോയിരുന്ന ,  പഴയകാലം! അതിനി  വരില്ല.തീർച്ച. എന്നു വെച്ചു പൂവിനായി ചന്ത  തോറും പോകേണ്ടതുണ്ടോ? പൂച്ചന്തയല്ലല്ലോ,  പൂച്ചന്തമല്ലേ,  പ്രധാനം? 

മുറ്റത്തെ   മുല്ലയുടെ  പുഞ്ചിരി  മറന്നുവോ? ഇത്തിരിമണ്ണിലും  ഓജസ്സാകുന്ന ചെമ്പരുത്തിയുടെ ഊർജം? തറയിലൊതുങ്ങി തൊഴുതു, നിൽക്കുന്ന  തുളസിയുടെ  പാവനത? 

ഇതൊന്നുമില്ലെങ്കിൽ  ഒരുകിണ്ടി  സ്നേഹനീർ, ഒരുപിടി നന്മയുടെ  ധാന്യമണിമുളകൾ..മതി, ഈ  ഓണത്തപ്പന് , അത്രയൊക്കെയും,   ധാരാളം. 


പിന്നെ മുഖമറയെകുറിച്ചെന്തിനീ 
വേവലാതി? കെട്ടതും,കേട്ടാൽ ചെവി  പുണ്ണാകുന്നതുമായ  വാക്കിൻ  കൂമ്പാരങ്ങൾക്ക്,  വിഷം ചീറ്റുന്ന  വാഗ്‌മുനകൾക്ക് ഇടക്കെങ്കിലും  ഒരു  മറ,  ഒരു  തട അതു  വേണ്ടേ  മാലോകർക്ക്? 

അടച്ചിരിക്കുമ്പോഴും  അകക്കതകുകൾ തുറന്നിട്ടാലെന്ത്? 
മറനീക്കി  മെഴുകേണ്ടത്, മനമല്ലേ? അവിടെക്കാവാഹിക്കാം വാനവിശാലത... !
അവിടെ കുടിവെക്കാം,  സ്‌നേഹത്തിന്റെ മാതേവരെ. .!  അണിയിക്കാം
ആർജ്ജവത്തിന്റെ   കൃഷ്ണകിരീടം!
തെളിയിക്കാം  പ്രതീക്ഷയുടെ  കെടാദീപം. 

സദ്യക്ക്  പലകൂട്ടം  തീർക്കാൻ  സഹഭാവന മതിയല്ലോ.... !
അകലത്തെ മക്കൾക്കായി  കാത്തിരിക്കുന്നേരം,  അയലത്തെ,  ഇല്ലായ്മയുടെ  ഉ ണ്ണികൾക്കാകട്ടെ വിളമ്പൽ.   

മഴമേഘങ്ങൾ  പെയ്തൊഴിയും.  കത്തുന്ന കനൽവെയിലും നീങ്ങും ... 
വിഷാദക്കറുപ്പുകളും  മായും.  
വിടരും ഇനി സമാധാനത്തിന്റെ  നാളുകൾ ! "

മാവേലിയുടെ  ശബ്ദം  നിലച്ചു.  അത്തം  പുഞ്ചിരിച്ചു.  പകർന്നുകിട്ടിയ കൈത്തിരി  ഞാനെന്റെ അകദീപത്തിലേക്കു  പകർന്നു.  അതിന്റെ  ശോഭയിൽ  ഉള്ളം തെളിഞ്ഞു.  വൈകാതെ    ഞാനപ്പോൾ അത്തത്തെ പൂക്കളമിട്ടു പൂജിച്ചു . ചിത്തിര  തൊട്ട്  ഉത്രാടം വരെ, ചിത്തം  മെഴുകി  ശാന്തിചിത്രങ്ങൾ  തീർത്തു. ഉത്രാട സന്ധ്യ യിൽ നാവോറു   പാടി,  ലോക നന്മക്കായി പാണരോടൊപ്പം.
 
 തിരുവോണപ്പുലരിയിൽ,  ഉള്ളതുകൊണ്ടോണമെന്ന  ചൊല്ലിനെ ഓർത്തു.  

കൊറോണക്കാലത്ത്  ഓരോ  ദിനവും,  വരദാനമാകുന്ന   ജീവിതത്തിന്റെ ആഘോഷം തന്നെയല്ലെയെന്നും ഓർത്തു.  

 നേരുന്നു,  എല്ലാ  പ്രിയപ്പെട്ടവർക്കും.. ആരോഗ്യത്തിന്റെയും,  സമാധാനത്തിന്റെയും  നിത്യ വെളിച്ചം,   തെളിച്ചം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക