Image

നീ വെറും സങ്കല്പ ബിംബമോ ? (അജിത്ത് എന്‍. നായര്‍)

Published on 31 August, 2020
നീ വെറും സങ്കല്പ ബിംബമോ ? (അജിത്ത് എന്‍. നായര്‍)
നാട്ടിലെ മുക്കിലും മൂലയ്ക്കും നിന്ന നീ
നാടുവിട്ടോടി  അറിഞ്ഞതില്ല
പുഞ്ചിരി തൂകിടും പൈതലിൻ പല്ലുപോൽ
സൗന്ദര്യ ധാമം നീ എങ്ങു പോയി?

മാവേലി മന്നനു പൂക്കളം തീർത്തിടാൻ
നാടാകെ നിന്നെ തിരഞ്ഞു തുമ്പേ
അത്തത്തിനിത്തിരി തുമ്പക്കുടമത്
ഒത്തിരി സങ്കല്പ സൗകുമാര്യം

കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിക്കുന്ന
കൊച്ചനുജത്തിയാമെൻ്റെ തുമ്പ
ഇച്ചിരി നാളായി കാണുവാനില്ലെന്ന്
പിച്ചകം ഉച്ചത്തിൽ വാർത്തയേകി

ചിത്രശലഭങ്ങൾ തേനീച്ച വണ്ടുകൾ
ഏവരും നിന്നെ തിരഞ്ഞിടുന്നു.
നിന്നിൽ നിറഞ്ഞൊരാ തേൻകണം നഷ്ടമായി
നീ വെറും സങ്കല്പ ബിംബമായോ ?

ഇന്നത്തെ പൂക്കളിൽ തേനോ സുഗന്ധമോ
ഒന്നുമേ കാണാൻ കഴിയുകില്ല
കേരളനാടിനു സമ്മാനമായെത്തും
പൂക്കൾ നിറയെ  വിഷങ്ങളത്രേ

തൊട്ടടുത്തുള്ള ഗ്രാമങ്ങളിൽ നിന്നെത്തും
പൂക്കൾക്കു സൗന്ദര്യമേറെയെന്നാൽ
സൗരഭ്യമാവഴി തീണ്ടിയതേയില്ല
സൗകുമാര്യം മാത്രം എന്തിനായി?

അന്നൊക്കെപ്പൂക്കളം തീർത്തു കഴിഞ്ഞാലും
വന്നെത്തുമോരോ ശലഭങ്ങളും
വീണു കിടക്കുന്ന പൂക്കളിൽ ഊറുമാ-
തേനിൻ്റെ മാധുര്യം ഊറ്റിടുവാൻ

ചിത്തിര വന്നു കടന്നു പോയെന്നിട്ടും
ഇത്തിരി തുമ്പപ്പൂ കിട്ടിയില്ല
ചോതിയും ചോദിച്ചു പൂക്കളെ നിങ്ങളെൻ
തുമ്പക്കുടത്തെ അറിയുകില്ലേ ?

പിന്നീടു വന്ന വിശാഖം വിഷാദത്താൽ
വിങ്ങിപ്പുണർന്നനിഴത്തിനേയും
തൃക്കേട്ട പുഞ്ചിരി തൂകി വന്നെത്തീട്ടോ
മൂലമീ കാര്യമറിഞ്ഞതില്ല.

എന്തോ കുറവെന്നു ചൊല്ലിയ പൂരാടം
ഒന്നിലും തൃപ്തനായ് കണ്ടതില്ല.
ഉത്രാട നാളിലൊ,  തുമ്പക്കുടം മാത്രം
ഒറ്റയ്ക്കു പൂക്കളം തീർത്തിരുന്നു.

ആയിരം പൂക്കളാൽ തീർത്താലും പൂക്കളം,
മാവേലി തേടിടും തുമ്പപ്പൂവേ
ആരാരോ ആ വഴി പോയെന്നിരുന്നാലോ
ആകാംഷയോടതു ചോദിച്ചിടും

" എന്തിനായ് തീർക്കുന്നീ പൂക്കളം ചൊല്ലിടു
തുമ്പക്കുടമിതിലില്ലയത്രെ
എന്നിലെ നൈർമ്മല്യം കാത്തുസൂക്ഷിച്ചതാം
തുമ്പയില്ലാത്തൊരീ കേരളമോ? "

മാവേലിയെത്തും തിരുവോണ നാളിലെ
പൂക്കളം തുമ്പയെ കാത്തിടുന്നു
നീയൊളി തൂകാത്ത പൂക്കളം കാണുവാൻ
മാവേലി വന്നിടുമോ, ഇനിയും?
Join WhatsApp News
Thomas Koovalloor 2020-08-31 11:21:35
A very thoughtful poem at this time of Covid-19 pandemic. Malayalees almost forgot about Thumba. Congratulations to Poet Ajith Nair to bring forgotten Thumba to light.
Sudhir Panikkaveetil 2020-08-31 20:54:10
The comment I had posted for this poem not appearing here but in Comment folder.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക