Image

സീനാ ജോസഫ്‌ എഴുതിയ 'വീണ്ടുമൊരോണം' അവതരിപ്പിക്കുന്നത്‌ ഇസബെൽ ജയിംസ്‌; സംഗീതം അമ്പിളി  (ഓൺലൈൻ സാഹിത്യാവിഷ്കാരം)

Published on 31 August, 2020
സീനാ ജോസഫ്‌ എഴുതിയ 'വീണ്ടുമൊരോണം' അവതരിപ്പിക്കുന്നത്‌ ഇസബെൽ ജയിംസ്‌; സംഗീതം അമ്പിളി  (ഓൺലൈൻ സാഹിത്യാവിഷ്കാരം)
പെൻസിൽവാനിയയിൽ 6 ഗ്രേഡ്‌ വിദ്യാർത്ഥിനിയായ ഇസബെൽ സീനയുടെ സഹോദരന്റെ മകളാണ്‌. സംഗീതം പകർന്നിരിക്കുന്നത്‌ ഇസബെലിന്റെ  അമ്മ അമ്പിളി‌.
 
വീണ്ടുമൊരോണം... 
 
മധുരമായ് പൊന്നോണപ്പാട്ടുകൾ പാടിയ
ചെല്ലക്കുയിലിനു മൗനം
ഓർമ്മയിലോണം പൂവിളിക്കുമ്പോൾ
ഓമനക്കുയിലിനു മൗനം
 
മുറ്റത്തു പൂത്തൊരാ തുമ്പയും തെച്ചിയും
പുഞ്ചിരി തൂകാൻ മറന്നുനില്‌ക്കെ
പണ്ടത്തെ തിരുവോണപ്പൂക്കളാമോർത്തെന്റെ
നെഞ്ചിലും സങ്കടം പൂത്തുനിന്നു
 
ചങ്ങാതിമാരില്ല ചന്തമായൊരുങ്ങീല്ല  
ചിന്തയിലാകെ വിഷാദസ്പർശം
എപ്പോഴും പുഞ്ചിരിപ്പാൽ മഴപൊഴിക്കുമാ
ഓണനിലാവിനും ശോകഭാവം
 
തുമ്പികൾ മാത്രം മൂളിപ്പറന്നെങ്ങും
ഓണവെയിലിന്റെ പൊൻചിറകിൽ
ഇനിയും വരുമോണം ഇതിലേറെ നല്ലോണം
സന്തോഷം തിരയിടും പൊന്നോണം 
സീനാ ജോസഫ്‌ എഴുതിയ 'വീണ്ടുമൊരോണം' അവതരിപ്പിക്കുന്നത്‌ ഇസബെൽ ജയിംസ്‌; സംഗീതം അമ്പിളി  (ഓൺലൈൻ സാഹിത്യാവിഷ്കാരം)
Join WhatsApp News
Seena 2020-08-31 12:23:16
Thank you so much Vidyadharan sir and Jyothylakshmy.
വിദ്യാധരൻ 2020-08-31 04:38:21
കാലഘട്ടത്തിന്റ സ്പന്ദനങ്ങളെ കവയിത്രി വരികളിൽ ആവാഹിച്ചെടുത്തപ്പോൾ, അതിന് വേണ്ട ഭാവങ്ങൾ സംഗീത്തിലൂടെ നൽകി സംവിധായികയും അതിനെ മനോഹരമായി ആലപിച്ച് ഇസബെൽ ജെയിംസും കവിതയെ ആസ്വാദ്യകരമാക്കി. ചെല്ല കുയിലിനും ഓമന കുയിലിനും മൗനം; പുഞ്ചിരി തൂവാൻ മടിച്ചു നിൽക്കുന്ന തുമ്പയും തെച്ചിയും; ഓണ നിലാവിന് ശോകഭാവം, ചങ്ങാതിമാരില്ല, ചന്തത്തിൽ ഒരുങ്ങുവാൻ പോലും കഴിയുന്നില്ല . കവയിത്രിയുടെ നെഞ്ചിൽ സങ്കടം പൂത്തു നിൽക്കുന്നു. എന്താണ് കാരണം . അതിന് കാരണം തിരക്കി അധിക ദൂരം സഞ്ചരിക്കേണ്ട ആവശ്യമില്ല . മഹാമാരിയുടെ പിടിയിൽപെട്ട് ലോകത്തിന്റെ നാനാഭാഗത്തും അനേകായിരങ്ങൾ മരിച്ചു വീഴുന്നു അതിൽ നല്ലൊരു ശതമാനം ലോകത്തിൽ എല്ലാം കൊണ്ടും വൻ ശക്തിയെന്ന് ചിന്നം വിളിക്കുന്ന അമേരിക്കയിൽ . അതിൽ ഉപരി മനുഷ്യ വർഗ്ഗത്തെ വർണ്ണവംശത്തിന്റ് പേരിൽ, വഞ്ചന, ചതി എന്നിവയിൽ കൂടി അധികാരത്തിൽ വന്ന് വിഘടിപ്പിച്ച്‌ വീണ്ടും അതെ മാർഗ്ഗത്തിൽ കൂടി അവിടെ തന്നെ കടിച്ചു തൂങ്ങി നില്ക്കാൻ നിൽക്കാൻ ശ്രമിക്കുന്ന ഏകാധിപതികൾ . ഇതൊക്കെ പോട്ടെ ഇവരെ കാണുമ്പോൾ , നീലത്തിൽ വീണ കുറുക്കനെപ്പോലെ സർവ്വവും മറന്ന് , അവർക്ക് വേണ്ടി കൊമ്പ് വിളിക്കുന്ന, കവികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ . ' എന്നാൽ ഇന്ന് പ്രജകളെ കാണാൻ വന്ന മാവേലി നമ്മുടെ നാടിന്റ സ്ഥിതി വിശേഷങ്ങൾ കണ്ട് സ്തംഭിച്ചു നിന്ന് പോയിക്കാണും 'മാനുഷരെല്ലാരും ഒന്നുപോലെ ' എന്ന മോഹം മനുഷ്യസ്നേഹിയായ ഒരു നേതാവിൽ മാത്രമേ കാണാൻ കഴിയു . എന്നാൽ അമേരിക്ക, റഷ്യ , നോർത്ത് കൊറിയ , ചൈന തുടങ്ങിയ പലരാജ്യങ്ങളിലും ങ്ങനെയുള്ള നേതൃത്വങ്ങളാണോ കാണാൻ കഴിയുന്നത് ? സ്വാർത്ഥതയുടെ പിടിയിൽപ്പെട്ടു കാഴ്ച്ച നഷ്ടപ്പെട്ട നേതാക്കന്മാർ ഒരു ദിവസം പത്ത് 'കള്ളവും പൊളിയും 'മാണ് പറയുന്നത്. "സാമാന്യനായ ഏത് വ്യക്തിയും (ഇന്നത്തെ അമേരിക്കയിലെ ചില കവികൾക്ക് അതിനപ്പുറത്തേക്ക് പോകാൻ കഴിയില്ല) അകത്തേക്ക് നോക്കുമ്പോൾ ബോധതലത്തിന്റെ പ്രകാശകേന്ദ്രിതമായ ചില ഭാഗങ്ങളും പുറത്തേക്ക് നോക്കുമ്പോൾ വിശ്വപ്രകൃതിയുടെയും സമൂഹജീവിതത്തിന്റെയും ചില ഉപരിതലതഥ്യങ്ങളും കാണുന്നു . വ്യക്തി -സമൂഹബന്ധതലത്തിലും അവന്റ കാഴ്ച കട്ടിതൊലി ഭേദിച്ചപ്പുറം കടക്കുന്നില്ല . മനീഷകളും കവികളും കലാകാരന്മാരുമാകട്ടെ അകത്തേക്ക് നോക്കുമ്പോൾ ബോധാബോധതലങ്ങളുടെ ഇരുൾ മുറ്റിയ ഗഹ്വരങ്ങളും പുറത്തേക്ക് നോക്കുമ്പോൾ , വ്യക്തി സാമൂഹസ്തിത്വത്തങ്ങളുടെ അടിത്തട്ടുകളും കാണുന്നു . വ്യക്തിചേതസ്സിലേയും സമൂഹചേതസ്സിലേയും ആവൃത സത്തകൾ അനാവൃതങ്ങളാകുന്നു . . .. ഋഷി ( കവി കലാകാരൻ ) ഏകാഗ്രതയോടെ സമീപിക്കുമ്പോൾ കവിതയുടെ കവാടം തുറക്കുന്നു . അനൃഷി എത്ര മുട്ടിയാലും കവിതയുടെ കവാടം തുറക്കുന്നില്ല " (ഡോക്‌ടർ . എം . ലീലാവതി ) ലളിതമായ കവിതയെങ്കിലും 'വ്യക്തിചേതസ്സിലേയും സമൂഹചേതസ്സിലേയും ആവൃത സത്തകൾ അനാവൃത്തങ്ങളാക്കികൊണ്ട് നിങ്ങളുട മുന്നിൽ കവിതയുടെ കാവാടം തുറക്കുകയും, കാലത്തിന്റ സ്പന്ദനങ്ങളായ മൗനത്തെയും , ശോകത്തെയും ഒക്കെ ഒപ്പി എടുക്കാൻ നിങ്ങൾ പ്രാപതയാകുകയും ചെയ്യുന്നു . അഭിനന്ദനങൾ. -വിദ്യാധരൻ
Joseph Nampimadam ജോസഫ് നമ്പിമഠം 2020-08-31 01:55:23
കവിത എഴുതിയ സീനക്കും, പാടിയ ഇസബലിനും, ഈണം നൽകിയ അംബിളിക്കും അഭിനന്ദനങ്ങൾ. ഇസബൽ നന്നായി പാടി. കവിതാവതരണവും നന്നായിട്ടുണ്ട്‌.
Seena 2020-08-31 02:30:09
Thank you sir. Happy Onam!
Jyothylakshmy Nambiar 2020-08-31 07:54:29
വളരെ മനോഹരമായ വരികളും ആലാപനവും. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക