Image

ഒളിമിന്നും പൊന്നിൻ ചിങ്ങം (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 31 August, 2020
ഒളിമിന്നും പൊന്നിൻ ചിങ്ങം (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
(എല്ലാവര്‍ക്കും ഓണാശംസകൾ)
 
കാലം മാറുന്നതോ ദിവസം മാറുന്നതോപോലും അറിയാതെ മഹാമാരിയുടെ കയ്യിൽ അകപ്പെട്ട് ദിവസങ്ങൾ എണ്ണി ജനജീവിതം മുന്നോട്ടു പോകുന്നു. മുഖാവരണം അണിഞ്ഞുകൊണ്ടുതന്നെ ഒരു ഓണവും നമുക്ക് മുന്നിലെത്തി. എന്നാൽ പ്രകൃതി അതിന്റെ കൃത്യനിർവ്വഹണത്തിൽ മാറ്റം വരുത്തിയില്ല. കർക്കിടക മാസത്തിന്റെ ജീര്ണതയിൽ നിന്നും മുക്തി നേടി കാലം ചിങ്ങമാസത്തിലേയ്ക്ക് ചുവടു വച്ചു. പെയ്തുപോയ മഴയ്ക്കിടയിലൂടെ പൊൻവെയിൽ വന്നു എത്തിനോക്കിയപ്പോൾ പ്രകൃതി നമ്മളിൽ ഓണക്കാലത്തിന്റെ ഓർമ്മകളുമായി എത്തി.

നമ്മളെല്ലാവരും ചെറുപ്പകാലം മുതൽ കേട്ടറിഞ്ഞ കള്ളമോ, ചതിയോ, വഞ്ചനയോ ഇല്ലാത്തതിരുന്ന മഹാബലിയുടെ കഥ തന്നെയാണ് ഈ ഓണത്തിനും നമ്മോട് പറയാനുണ്ടാകുക. ഇന്നത്തെ കാലഘട്ടത്തിൽ ഏതെങ്കിലും ഒരു ഭരണാധികാരിയ്ക്ക് ഇത്തരത്തിലുള്ള ഒരു ഭരണം നടപ്പിലാക്കുവാൻ സാധിയ്ക്കുമോ, അല്ലെങ്കിൽ ഇന്നത്തെ ജനത അതിന് അനുവദിയ്ക്കുമോ? മഹാബലിയുടെ ഭരണകാലത്ത് ഇല്ലാതിരുന്ന കള്ളവും, ചതിയും,  പൊളിവചനങ്ങളുമാകാം ഇന്നത്തെ രാഷ്ട്രീയ വിജയത്തിന്റെ അനിവാര്യ ഘടകങ്ങൾ എന്ന് വേണമെങ്കിലും താരതമ്യം ചെയ്യാം  തന്റെ ഭരണത്തിലും, ദാനശീലത്തിലും അഹങ്കരിയ്ക്കുന്ന മഹാബലിയോട് ഒരു ബാലന്റെ രൂപത്തിൽ വാമനൻ വന്ന് മൂന്നടി മണ്ണ് ആവശ്യപ്പെടുന്നു. നിസ്സാരമായ ഈ കാര്യത്തിൽ ഒട്ടും ആശങ്ക കൂടാതെ അനുവാദം നൽകിയപ്പോൾ വാമനൻ രണ്ടു അടികൊണ്ടുതന്നെ ഭൂമിയും പാതാളവും നിറയാൻ മാത്രം വളരുന്നു എന്ന് കഥയിൽ നമ്മൾ കേട്ടറിഞ്ഞു. ആൾമാറാട്ടം നടത്തിയിട്ടും മഹാബലി അതിനെ ചോദ്യം ചെയ്യുന്നില്ല എന്നതും ഇന്നത്തെ കാലഘട്ടത്തോട് താരതമ്യം ചെയ്യുമ്പോൾ അവിശ്വസനീയം.    പുരാണ കഥകളും ഇതിഹാസങ്ങളും പൊളിച്ചെഴുത്ത് നടത്തുമ്പോൾ അവയിൽ പല സാഹചര്യങ്ങളും അസംഭാവ്യം എന്ന് തോന്നിയേക്കാം. ഇന്നത്തെ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ പലതും അവിശ്വസനീയം തന്നെയാകാം. ഇതെല്ലാം വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത്  പുരാണങ്ങളും ഇതിഹാസങ്ങളും ഉണ്ടായതോ, കെട്ടുകഥയോ എന്തുമാകട്ടെ ഇവയെല്ലാം ഇന്നും ആചാരാനുഷ്ഠാനങ്ങളായി തുടരുന്നത് അതിലെ നല്ല വശങ്ങളെ കുറിച്ച് മനുഷ്യനെ ചിന്തിപ്പിയ്ക്കാനും, പ്രായോഗിക വശങ്ങൾ ഓരോ സാഹചര്യത്തിലും ഉപയോഗപ്പെടുത്തുവാനും  ആണെന്ന ഒരു ആനുമാനത്തിലെത്താം. മാത്രമല്ല ഓണം എന്ന ആഘോഷം ഒരിയ്ക്കലും ഒരു ഹിന്ദു ആഘോഷമല്ല എന്നത് പണ്ടുകാലങ്ങൾ മുതൽ ശ്രദ്ധേയമാണ്. ഇത് ഒരു മതത്തിന്റെ മാത്രം ആഘോഷമല്ല, കർഷകന്റെ ആഘോഷമാണ്,  വിളവുകളുടെ പുതുവര്ഷമാണ് എന്നും അറിയപ്പെടുന്നു

ഓണം എന്നത് മലയാളിയ്ക്ക് ഒരിയ്ക്കലും തഴയാനാകാത്ത ഒരു സുദിനം തന്നെയാണ്. ഏതു സാഹചര്യത്തിലും എവിടെയായിരുന്നാലും ഈ ദിവസത്തെ നമ്മൾ സ്മരിയ്ക്കാതിരിയ്ക്കില്ല. ഇന്നത്തെ കാലഘട്ടത്തിൽ ഓണാഘോഷങ്ങളും, അതിന്റ തനിമയും നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്.  കാരണം മലയാളികൾ പല സ്ഥലങ്ങളിലും പോയി പ്രവാസ ജീവിതം ആരംഭിച്ചു. അവരുടെ പുതുതലമുറകൾ  പല രാജ്യക്കാരെ വിവാഹം ചെയ്യുകയും പല സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കുകയും ചെയ്തപ്പോൾ മലയാള തനിമയിൽ കലർപ്പ് പകർന്നു. എന്നിരുന്നാലും മലയാളി എവിടെ ഉണ്ടെങ്കിലും അവിടെ കഴിയുംവിധം ഓണം ആഘോഷിയ്ക്കാൻ ഇന്നും തല്പരരാണ് എന്നത് പ്രവാസികളുടെ ഓണത്തെ കുറിച്ചറിഞ്ഞാൽ മനസ്സിലാക്കാം. പത്തുദിവസം ആഘോഷിച്ചില്ല എങ്കിലും ഒരു ദിവസം ഒഴിവെടുത്ത് കൂട്ടുകൂടാനും ഓണത്തെ ഗംഭീരമാകാനും ഓരോ മലയാളിയും ഇഷ്ടപ്പെടുന്നു. 

എന്തായിരുന്നാലും കാലാകാലങ്ങളിൽ പ്രകൃതിയിൽ, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങളെ മനുഷ്യ മനസ്സിന്റെ വികാരവിചാരങ്ങൾ മാറ്റിമറിയ്ക്കുവാനുള്ള ശക്തിയുണ്ട്. ഓണം എന്ന ആഘോഷത്തെക്കാൾ ഒരുപക്ഷെ മിക്കാവാറും എല്ലാവരും ഇഷ്ടപ്പെടുന്നത് ചിങ്ങമാസത്തിലെ പ്രകൃതി സൗന്ദര്യത്തെയാകാം. അമിതമായ മഴയും ശക്തമായ ചൂടും ഒന്നും അല്ലാത്ത മനസ്സിന് സന്തോഷം പകരുന്ന കാലാവസ്ഥയെയാകാം. എന്തിനേറെ പഴയ കാലത്തെ ഓണകാലത്തിന്റെ മനസ്സിൽ മങ്ങുപോകാത്ത ഓർമ്മകൾ തന്നെ എത്രയോ സുഖം പകരുന്നതാണ്. ഒരുപക്ഷെ ഇന്ന് നമ്മളിൽ പലരും ഓണം എന്ന ആഘോഷം ഓർക്കുന്നതും, കൊണ്ടാടുന്നതും ആ പഴയ മൃതിയടയാത്ത ഓണക്കാലത്തെ കുറിച്ചുള്ള മധുരിയ്ക്കുന്ന ഓർമ്മകളെ മനസ്സിന്റെ തൊട്ടിലിൽ ഇട്ട് താലോലിയ്ക്കാനാകാം.

കമ്പോളത്തിൽ നിന്നിം പൂക്കൾ വാങ്ങി ഫ്‌ളാറ്റിന്റെ മുന്നിൽ പൂക്കളം ഇടുന്നതിലോ , സാധങ്ങൾ വാങ്ങി (കഴിയാവുന്നതും തയ്യാറാക്കി വച്ചിരിയ്ക്കുന്നവ) വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നതിലോ,  പുതിയ വസ്ത്രങ്ങൾ ഇട്ട് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ കൂടി പങ്കുവയ്ക്കുന്നതിലോ ആയിരുന്നില്ല അന്നുകാലത്തെ ഓണത്തിന്റെ ആനന്ദം തങ്ങി നിന്നിരുന്നത്.

കർക്കിടത്തിന്റെ മടിത്തട്ടിൽ കൊരുത്ത വൃക്ഷലതാതികളും ചെടികളും ചിങ്ങമാസത്തിന്റെ തലോടലിൽ ഋതുമതികളാകുന്നു.  ഈ ആഹ്ളാദം പങ്കുവെച്ചുകൊണ്ട് നമുക്ക് ചുറ്റിലും വിരിഞ്ഞു നിൽക്കുന്ന പല തരം പുഷ്പങ്ങൾ. ഒരു പക്ഷെ കാട്ടുചെടികൾ ഉൾപ്പെടെ എല്ലാ ചെടികളും പുഷ്പിച്ച്‌ പുഞ്ചിരിയ്ക്കുന്നത് ചിങ്ങമാസത്തെ കണ്ടിട്ടാകാം. 

മിക്കവാറും കുടുംബങ്ങൾ കൃഷിയെ ആശ്രയിച്ച്, മണ്ണിനെ സ്നേഹിച്ചവരായിരുന്നു. കർക്കിടമാസത്തിൽ കൊയ്ത്ത് കഴിഞ്ഞു മിക്കവാറും വീടുകളിൽ പുതിയ വിളകളാൽ ഇല്ലവും, വല്ലവും, പത്തായവും സമൃദ്ധിയാൽ നിറഞ്ഞിരുന്നു.   കൊയ്ത്ത് കഴിഞ്ഞ പാടം ചിങ്ങമാസത്തിൽ ഉഴുതു മറിച്ച് അരച്ച ചന്ദനം നിറച്ച ഒരു ചന്ദനത്തട്ടുപോലെ കാണപ്പെടുന്നു. അതിന്റെ ചുറ്റിലും അലങ്കരിയ്ക്കാൻ കളകളെല്ലാം കളഞ്ഞു മനോഹരമായി കർഷകർ പാടവരമ്പുകൾ ഉണ്ടാക്കുന്നു. പാടവരമ്പ്‌ ഉണ്ടാക്കാൻ  ഇളക്കിയെടുക്കുന്ന മണ്ണിനു ശരിയ്ക്കും പ്രകൃതിയുടെ സുഗന്ധമാണ്.  പാടവരമ്പു ഉണ്ടാക്കിയതിനുശേഷം പാകപ്പെടുത്തിയിട്ടിരിയ്ക്കുന്ന മണ്ണിൽ  സ്ത്രീകൾ നിരനിരയായി നിന്ന് വളരെ ചിട്ടയോടെ വരിയായി ഞാറു നടുന്നു.ഓരോ കൃഷിയിടങ്ങളിലും അഞ്ചാറ് പേര് വീതം നിരന്നു നിന്ന് ഞാറു നടുന്നത് പാടശേഖരത്തിന്റെ മറ്റേ അറ്റത്ത് നിന്നുപോലും കാണാം.   ഇവരെല്ലാവരും കാണപ്പെടുന്നത് ഒരുപോലെ  മുണ്ടും ബ്ലൗസും തലയിൽ ഒരു തോർത്ത് കെട്ടി അത് അരയിൽ കുത്തിയിരിയ്ക്കും. വളരെ ആത്മാര്ത്ഥമായി ശ്രദ്ധയോടെ അവർ ഓരോ ഞാറും പിഴുതെടുത്തതണ്  മണ്ണിൽ നടുന്നത്. വയലിനോടും അവർ ചെയ്യുന്ന ജോലിയോടുമുള്ള സന്തോഷം അവർ പാടുന്ന പാട്ടിലൂടെ മനസ്സിലാക്കാം. ഈ പാട്ട് ആ പാടശേഖരം മുഴുവൻ നിറഞ്ഞു നിൽക്കും. ഓണം വരുമ്പേഴായ്ക്കും മുഴുവൻ പാടശേഖരത്തിലും ഞാറു നടൽ തീർക്കും അതിനുശേഷം ഓണത്തിനുള്ള ഒരുക്കങ്ങളാണ്. എല്ലാവരും അവരുടെ വീട്ടു മുറ്റത്തെ പുല്ലും കളകളും മാറ്റി വൃത്തിയാക്കുന്നു. വീടെല്ലാം ചാണകം മെഴുകി വൃത്തിയാക്കുന്നു. പാടത്തെ ഞാറു നടൽ കഴിഞ്ഞാൽ പച്ചനെല്ല് വറുത്ത് കുത്തി വീടുകളിൽ അവിൽ ഉണ്ടാക്കും. കുട്ടികൾക്ക് ഓണ അവധിയിൽ ഇതും ഒരു ആഘോഷമാണ്. രണ്ടും മൂന്നും പെണ്ണുങ്ങൾ  മരഉരലിൽ ഇടിച്ച് അവിൽ ഉണ്ടാക്കും. ഇടിച്ച് ചൂടാറും മുൻപ് കുട്ടികൾക്ക് കൊടുക്കും. ശർക്കരയും ഇളനീരും ചേർത്ത് ഈ മധുരമുള്ള  അവിൽ ഓണക്കാലത്തെ മറ്റൊരു സ്വാദിഷ്ടമായ വിഭവമാണ് .  ഓണസദ്യക്കുള്ള അരി തയ്യാറാക്കാൻ പുതിയ നെല്ല് വേവിച്ചെടുക്കുന്ന സ്വാദുള്ള മണം ഓരോ വീടുകളിൽ നിന്നും ഉയരുന്നു. നെല്ല് വേവിച്ചെടുത്ത് ചാണകം മെഴുകിയ തറയിൽ ഉണക്കി അത് വീട്ടിൽ തന്നെ കുത്തിയെടുക്കുന്ന അരിയാണ് ഓണത്തിന് ഉപയോഗിയ്ക്കുന്നത്.  പുതുനെല്ല് കുത്തി അരിയാക്കി അത് ഉപയോഗിച്ച് ഓണക്കാലത്ത് മിക്കവാറും വീടുകളിൽ   കാരോലപ്പം ഉണ്ടാക്കുന്നു. തൊടിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന പയർ, മറ്റു കാർഷികോല്പന്നങ്ങൾ  പൊട്ടിയ്ക്കുന്നത് ഓണ അവധികാലത്ത് കുട്ടികളുടെ മറ്റൊരു വിനോദമാണ്. വിളഞ്ഞു നിൽക്കുന്ന പയറിലെ മണികൾ കൊറിച്ചെടുക്കാൻ അണ്ണാറക്കണ്ണന്മാരും, പയർ പൊട്ടിച്ച് ചാക്കിലാക്കാൻ കുട്ടികളും തമ്മിലുള്ള ഒരു മത്സരമാണ്. ഓണക്കാലത്ത് മിക്കവാറും വീടുകളിൽ, വീട്ടിൽ ഉണ്ടാക്കിയ വെളിച്ചെണ്ണയിൽ പയർ മണികൊണ്ടുള്ള ഉപ്പേരി (മെഴുക്കുപുരട്ടി) സാധാരാമായ ഒരു വിഭവമാണ്. ഓണവിഭവങ്ങൾക്കായി ഉപയോഗിയ്ക്കുന്ന പച്ചക്കറികൾ വീടുകളിൽ തന്നെ കൃഷിചെയ്ത് ഉണ്ടാക്കുന്നത് ആയതിനാൽ അക്കാലത്തെ വിഭവങ്ങൾക്ക് നാക്കിൽ നിന്നും ഒരിയ്ക്കലും അടർത്തിമാറ്റാൻ കഴിയാത്ത രുചിയായിരുന്നു

 ചിങ്ങമാസത്തെ അത്രയും കണ്ട് ഇഷ്ടപ്പെടുവാനുള്ള മറ്റൊരു കാരണം, എല്ലാ വൃക്ഷലതാതികളും പൂത്തുലയുന്നത് ഈ മാസത്തിലാണ് എന്നത് തന്നെയാണ്. പൂന്തോട്ടത്തിൽ എന്നല്ല പാടത്തും പറമ്പിലും എന്തിനേറെ കുന്നുകളും,  പൊന്തക്കാടുകളും എല്ലാം പലതരം പൂക്കളാൽ അലംകൃതമാകുന്നു. ഒരുപക്ഷെ ഓരോ പൂക്കളെയും ഇത്രമാത്രം സ്നേഹിയ്ക്കാനും ഇഷ്ടപ്പെടാനും പ്രകൃതിയോട് കൂടുതൽ ഇഴുകി ചേരാനും കാരണം അന്നുകാലങ്ങളിൽ  നാട്ടിൽ പുറങ്ങളിൽ ഉണ്ടായിരുന്ന ഓണം പോലുള്ള ആഘോഷങ്ങൾ തന്നെയാകാം. ഓണക്കാലത്ത് പൂക്കളം തീർക്കാൻ പൂത്തേടി കുട്ടികൾ പറമ്പിലും, പൊന്തക്കാടുകളിലും, കുന്നിൻ ചെരിവിലും കൂട്ടം കൂട്ടമായി അലയാറുണ്ട്. അതുകൊണ്ടു തന്നെ ആ കാലഘട്ടത്തിൽ വിരിയുന്ന ഓരോ പൂക്കളും അവയുടെ സ്വഭാവവും നിറവും മണവും അറിയുന്ന കുട്ടികൾ പ്രകൃതിയോട് കൂടുതൽ കൂട്ടാകുന്നു. ഓണക്കാലത്തെ ചാറ്റൽ മഴയിൽ ഇറങ്ങി വിഹരിയ്ക്കുന്ന മയിലുകൾ, പൊന്തക്കാടുകളിൽ ചാടി നടന്നു കളിയാക്കുന്ന മുയലുകൾ, കുന്നിൻ ചെരിവിൽ മേയുന്ന മൃഗങ്ങൾ, വെയിൽ തെളിയുമ്പോൾ ഭക്ഷണം തേടിയെത്തുന്ന അണ്ണാരക്കണ്ണന്മാർ, കതിരുകൊത്താൻ കൂട്ടം കൂട്ടമായി  പറന്നുവന്ന് തെങ്ങോലയിൽ ഊഞ്ഞാൽ ആടുന്ന തത്തകൾ  , പൂക്കളെയും പച്ചിലകളെയും ആക്രമിയ്ക്കുന്ന പുഴുക്കളേയും കീടങ്ങളെയും കൊത്തി തിന്നാൻ   കലപില കൂട്ടി വരുന്ന മുളംതത്തകൾ, പാടുന്ന കുയിലുകൾ എല്ലാം കുട്ടികൾക്ക് പ്രിയപ്പെട്ടതായിരുന്നു. വിടർന്നു നിൽക്കുന്ന പൂക്കളിലെ മധു നുകരാൻ പലവർണ്ണ ചിറകുകൾ ഉള്ള   വിവിധ തരം ചിത്രശലഭങ്ങൾ ചിങ്ങമാസത്തിന്റെ മാത്രം പ്രത്യേകതയാണ്.  അവയുടെ ചിറകിലെ വിവിധതരം നിറക്കൂട്ടുകൾ ആസ്വദിയ്ക്കാൻ കുട്ടികൾക്ക് ഹരമായിരുന്നു.

ചിങ്ങമാസത്തിൽ മാത്രം കാണപ്പെടുന്ന ഓണത്തുമ്പികളും കുട്ടികളുടെ ചങ്ങാതിമാരായിരുന്നു. കുട്ടികൾ പൂക്കൂടയിൽ പൂക്കൾ പറിയ്ക്കുമ്പോൾ അവരെ വട്ടമിട്ട് പറക്കുന്ന പൂത്തുമ്പികൾ, അവയെ കയ്യെത്തിപ്പിടിച്ച് കല്ലെടുപ്പിക്കാൻ ശ്രമിയ്ക്കും.

ഇങ്ങനെ ഓണം എന്ന ദിവസത്തെയല്ല ചിങ്ങമാസത്തിൽ പ്രകൃതി ഒരുക്കിയിരുന്ന കാലാവസ്ഥയെ,  മനസ്സിന് ആഹ്ളാദം നൽകുന്ന ഒരുപാട് കൊച്ചു സന്തോഷങ്ങളെ അയവിറക്കിയാകാം ഇന്നും നമ്മളോരുത്തരും ഓണം ആഘോഷിയ്ക്കുന്നത്. 
Join WhatsApp News
Sudhir Panikkaveetil 2020-08-31 15:57:28
പ്രകൃതിയുടെ ഒളിമിന്നൽ നഷ്ടപ്പെട്ടു. എഴുത്തുകാരിയുടെ ഓർമകളിലൂടെ അതിന്റെ ഓളം വെട്ടൽ കാണാം.അത് ഗൃഹാതുരത്വത്തിന്റെ നേരിയ നോവ് പടർത്തുന്നു. എഴുത്ത് കൊള്ളാം. ഓണാശംസകൾ.
prg 2020-09-01 14:03:42
ജനിച്ചുവളർന്ന ചുറ്റുപാടിന്റെ നന്മ അതുപോലെ പടർത്തിയിരിക്കുന്നു. പോയകാലത്തെ വിളിച്ചോതുന്ന ലേഖനം. നന്മ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക