Image

മാവേലി സന്ദർശനം (കഥ: ജെസ്സി ജിജി)

Published on 31 August, 2020
മാവേലി സന്ദർശനം (കഥ: ജെസ്സി ജിജി)
വർഷത്തിൽ ഒരിക്കൽ കിട്ടുന്ന സ്വാതന്ത്ര്യം . ഏതായാലും ഈ വർഷം ഒന്ന് അടിച്ചുപൊളിക്കണം . കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളായിട്ടു മഴയും വെള്ളപ്പൊക്കവും പിന്നെ ചില രാഷ്ട്രീയ , ഭരണപരമായ കാര്യങ്ങളാൽ , കിട്ടിയ സ്വാതന്ത്ര്യത്തിന്റെ ദിവസങ്ങൾ എല്ലാവരെയും കണ്ട് എല്ലായിടത്തും പൊയി സമാധാനമായി ഒന്ന് ആഘോഷിക്കാൻ പറ്റിയില്ല . ഈ വർഷം അങ്ങനെയൊന്നും ആവില്ല എന്ന് കരുതുന്നു. ഒന്നും അല്ലെങ്കിലും 2020 ഒരു പ്രേത്യേക നമ്പർ തന്നെയല്ലേ . ഒരു ദിവസത്തേക്കു മാത്രമാണ് വെളിയിൽ പോകാൻ അനുവാദമെങ്കിലും , കുറഞ്ഞത് ഒരു മാസമെങ്കിലും കഴിയാതെ താൻ തിരിച്ചുവരാറില്ല . കാരണം ഈ കുറഞ്ഞ സമയത്തിനുള്ളിൽ എത്ര രാജ്യങ്ങൾ സന്ദർശിക്കണം . കഴിഞ്ഞ ഒരു വർഷമായി പുറം ലോകത്തെ വിവരങ്ങൾ ഒക്കെ അറിഞ്ഞിട്ട് . നെറ്റി ചുളിക്കാൻ വരട്ടെ . ഈ കംപ്യൂട്ടർ യുഗത്തിലോ എന്നല്ലേ ചോദിക്കാൻ വരുന്നത് ? എന്തു പറയാനാ .. അതൊക്കെ നിങ്ങളുടെ ലോകത്തല്ലേ ഉള്ളു . ഓരോ വർഷവും അവിടെ വരുമ്പോളാ ഇങ്ങനെയുള്ള സംഭവങ്ങൾ ഒക്കെ കാണുന്നത് . കഴിഞ്ഞ വർഷം കൂടി ഓർത്തതാ ഇങ്ങോട്ടു തിരിച്ചുപോരുമ്പോൾ അവിടെനിന്നും കുറച്ചു കംപ്യൂട്ടർ വിദഗ്ധരെയും കൂടി കൊണ്ടുവരണമെന്ന് . എന്ത് ചെയ്യാനാ , തിരികെ പോരുന്നത് വായുവേഗത്തിലാ .. ഒന്നും നടക്കില്ല . അല്ല , ഇത്രയും പറഞ്ഞിട്ടും ഞാൻ സ്വയം പരിചയപ്പെടുത്താൻ മറന്നു . ചിലർക്കെങ്കിലും ഞാൻ ആരെന്നു പറയാതെ തന്നെ മനസ്സിലായിക്കാണും . ഞാനാണ് മഹാബലി . പണ്ട് കേരളം എന്ന കൊച്ചുരാജ്യം ഭരിച്ചിരുന്ന ചക്രവർത്തി . ഇപ്പോൾ മനസിലായല്ലോ എന്റെ തിടുക്കത്തിന്റെയും ആകാംക്ഷയുടെയും ഒക്കെ കാരണം . പണ്ട് നാട് ഭരിച്ചപ്പോൾ , ജനങ്ങളെല്ലാം ഒന്നുപോലെ , നാട്ടിൽ തന്നെ ഉണ്ടായിരുന്നു . ഇപ്പോൾ അങ്ങനെയാണോ .. ജനങ്ങളെ കാണണമെങ്കിൽ ലോകം മുഴുവൻ ചുറ്റി വരണ്ടേ .

അതും ഒരു നാട്ടിൽ തന്നെ എത്രയിടത്തു പോകണം . കഴിഞ്ഞ വർഷം തല്ലു കിട്ടാതെ കഷ്ടിച്ചാ ഒരിടത്തു നിന്നും രക്ഷപ്പെട്ടത് . ഒരു അസോസിയേഷന്റെ ഓണാഘോഷത്തിൽ അറിയാതെ ചെന്നുപെട്ടതാ . ഗ്രൂപ്പുകൾ തമ്മിലുള്ള അടി കയ്യാങ്കളി ആയപ്പോൾ ജീവനും കൊണ്ടോടി , നിന്നത് ഇങ്ങു പാതാളത്തിലും . ഈ വർഷം ആ വഴി പോകാതെ നോക്കണം  ഇതെന്താ എല്ലായിടവും ഒരു മൂകത . ഞാൻ  ഭൂമിയിൽ തന്നെയല്ലേ എത്തിയത് . അതോ ഇനി ചിങ്ങമാസം അല്ലാന്നുണ്ടോ .. പുലികളി , തിരുവാതിര , വള്ളംകളി ഒന്നും ഇല്ലേ ? ആരെയും കാണുന്നില്ലല്ലോ .. ഇത്തിരി മുന്നോട്ടു നടന്നുനോക്കാം . അല്ല അവിടെ രണ്ടു പേർ നിൽപ്പുണ്ടല്ലോ .അവരോടു ചോദിച്ചുനോക്കാം എന്ത് പറ്റി എന്ന് . "ഏയ് അങ്ങോട്ട് നോക്കടാ , ഒരാൾ വരുന്നു ". മാവേലിയുടെ വേഷം ഇട്ടോണ്ട് .അയാൾ മാസ്ക് വെച്ചിട്ടില്ലടാ . വിട്ടോടാ ". ഇവരെന്താ എന്നെ കണ്ടിട്ട് ഓടുന്നത് . ഇതെന്താ ഇവരൊക്കെ മുഖം മൂടിയിരിക്കുന്നത് . ഇനി പട്ടാപ്പകല് മുഖം മൂടിയണഞ്ഞു മോഷ്ടിക്കാൻ ഇറങ്ങിയതാണോ . അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ . ഞാൻ ഭരിച്ച നാട്ടിൽ , കള്ളവും ചതിവും ഇല്ലാതിരുന്നിടത്തു , പട്ടാപ്പകൽ മോഷണമോ ? ഓലക്കുടയും മടക്കി കക്ഷത്തിൽ വെച്ച് ഞാനും പുറകെ . എന്റമ്മോ , ഇതെന്താ കല്ലും തടിയും ഒക്കെ വെച്ച് വഴി അടച്ചുവെച്ചേക്കുന്നത് . വീഴ്ചയിൽ കാല്മുട്ടിലേയും കയ്യിലേയും കുറച്ചു തൊലിയും പൊയി കിട്ടി .ഇവർക്കൊക്കെ എന്ത് പറ്റി ? ഭാഗ്യം . ആ കള്ളന്മാർ ചെന്നുപെട്ടത് കൃത്യം പോലീസിന്റെ മുൻപിൽ " ആ അവർ എന്റെ അടുത്തോട്ടാണല്ലോ വരുന്നത് . മുഖം മൂടിക്കെട്ടിയ പോലീസുകാരോ ? അവരെന്താ പറയുന്നത് ? " പൊതു ഓണാഘോഷങ്ങൾ നിരോധിച്ചിട്ടും , മാവേലി വേഷമിട്ടു കണ്ടെയ്‌ൻമെൻറ് സോണിലാ അവന്റെ കളി ". സംഗതി വശപ്പിശകാണെന്നു തോന്നുന്നു . ഇവിടുന്നു തടി തപ്പാം .

ഹാവൂ രക്ഷപ്പെട്ടു . ഇനി അമേരിക്കയിലെ ഓണാഘോഷത്തിൽ പങ്കെടുക്കാം     
അല്ലെങ്കിലും പ്രവാസിമലയാളികൾക്കല്ലേ ഗൃഹാതരുത്വം കൂടുതൽ . കുറഞ്ഞത് ഒരു മാസത്തെക്കുള്ള ആഘോഷങ്ങൾ . എല്ലാ വാരാന്ത്യത്തിലും ആഘോഷങ്ങളും വിഭവസമൃദ്ധമായ സദ്യയും . കഴിഞ്ഞ വർഷം ഈ ആഡിറ്റോറിയത്തിൽ ആയിരുന്നു രണ്ടു അസോസിയേഷൻ കൂടി ചേർന്നുള്ള ഓണാഘോഷ പരിപാടികൾ .സംഗതി ഒക്കെ പൊളിയായിരുന്നു . പക്ഷെ മാവേലി ആയി വേഷം കെട്ടിയതാണെന്നു കരുതി സംഘാടകർ കൊണ്ടുപോയി സ്റ്റേജിൽ കൊണ്ടിരുത്തി .പരിപാടി തീർന്നപ്പോഴേക്കും പാതിരാത്രി . സദ്യയുടെ ഒരു വറ്റുപോലും കിട്ടിയില്ല .പിന്നെ അവന്മാർ എല്ലാവരും കൂടി എന്തോ ഒന്ന് ഗ്ലാസിൽ ഒഴിച്ചുതന്നു .പിന്നെ ഒന്നും ഓർമ്മയില്ല .അല്ല ഇത്രയും നേരം ആയിട്ടും ആരെയും കാണുന്നില്ലല്ലോ

ഇനി ഏതായാലും ഒരു മലയാളിയുടെ വീട്ടിൽ പോയി നോക്കാം . ഈ വീട് കണ്ടിട്ട് മലയാളിയുടേത് പോലെ ഉണ്ട് . വീടിനുചുറ്റും കുറച്ചുപച്ചക്കറികളും പിന്നെ കുറച്ചു കറിവേപ്പിലയും ഒക്കെ കാണാം . എല്ലാവരു ടീവി യുടെയും കമ്പ്യൂട്ടറിന്റെയും മുൻപിൽ ആണല്ലോ . തിരുവാതിരകളിയും , വള്ളം കളിയും എന്തിന് ഓണസദ്യ വരെ ടീവീ സ്‌ക്രീനിൽ തെളിഞ്ഞു കാണുന്നു .പിന്നെ ഇടക്കിടക്ക് കൊറോണ എന്നോ കോവിഡ് എന്നോ ഒക്കെ കേൾക്കുന്നുണ്ട് . എന്താണെങ്കിലും ശരി , ഇപ്രാവശ്യം തിരിച്ചുപോകുമ്പോൾ , കമ്പ്യൂട്ടർ വിദഗ്ധരെ കിട്ടിയില്ലെങ്കിലും ഒരു കമ്പ്യൂട്ടർ എങ്കിലും കൊണ്ടുപോകണം . ആ മുറിയിൽ ഇരിക്കുന്നത് ഒരു കമ്പ്യൂട്ടർ അല്ലെ . ഞാൻ പതുക്കെ റൂമിലേക്ക് കേറി . ഈ കമ്പ്യൂട്ടർ കൊള്ളാലോ . സ്ക്രീൻ സേവർ തന്റെ ഫോട്ടോ ആണല്ലോ . "അല്ല മാവേലി , കള്ളവും കളവും ഇല്ലാത്ത നാട് ഭരിച്ചിരുന്ന മാവേലി കമ്പ്യൂട്ടർ അടിച്ചുമാറ്റാൻനോക്കുവാണോ ? "ശബ്ദം കെട്ടിടത്തേക്കു തിരിഞ്ഞുനോക്കിയപ്പോൾ ഒരു ചെറിയ പയ്യൻസ് . "ഓൺലൈൻ ക്ലാസ് കാരണം ആകെ ബോറടിച്ചിരിക്കുവാ . മാവേലി വേണേൽ പോകുമ്പോൾ ആ കംപ്യൂട്ടർ കൂടി കൊണ്ടുപൊക്കോ , അങ്ങനെയെങ്കിലും കുറച്ചുദിവസത്തേക്കു ഈ ഓൺലൈൻ ക്ലാസ്സിൽ നിന്ന് ഒന്ന് രക്ഷപെടാമല്ലോ . " നല്ല പയ്യൻസ് . ഒന്ന് കെട്ടിപ്പിടിച്ചേക്കാം എന്ന് കരുതിയപ്പോഴേക്കും പയ്യൻസ് "അല്ല മാവേലി ഇന്നാ ഇനി വെളിയിൽ ഇറങ്ങി നടക്കുമ്പോൾ ഈ മാസ്ക് കൂടി വെച്ചോ . പിന്നെ ആറടി അകലം , അതും മറക്കരുത് ". ഇവൻ എന്താ ഈ പറയുന്നത് , ഞാൻ മൂന്നടി മണ്ണല്ലേ അന്ന് കൊടുത്തൊള്ളല്ലോ . അന്തം വിട്ടു നിൽക്കുന്ന തന്റെ മുഖത്തുനോക്കി പയ്യൻസ് . അപ്പോൾ മാവേലി ഇവിടെ നടക്കുന്നതൊന്നും അറിയാതെയാണോ ഇങ്ങു വന്നത് . സാരമില്ല ആ കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈനിൽ കേറി എല്ലാം ഒന്ന് വിശദമായി നോക്ക് ". എന്നാൽ  ഇനി പാതാളത്തിലേക്കു ചെല്ലട്ടെ . അടുത്ത വർഷം വരുന്നതിനുമുമ്പ് എല്ലാം വിശദമായി പഠിച്ചിട്ടു തന്നെ വരാം .
അപ്പോൾ എല്ലാവർക്കും സുരക്ഷിതമായ , സന്തോഷകരമായ ഓണാശംസകൾ

മാവേലി സന്ദർശനം (കഥ: ജെസ്സി ജിജി)
Join WhatsApp News
M.V. 2020-08-31 14:05:01
? An echo of Elijah , using his humor , taking on the ' prophets ' of Baal , on Mount Carmel :) ' Ma >
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക