Image

ഓണപ്പൊട്ടന്‍ എന്ന പൈഡ് പൈപ്പര്‍! (കെ.പി.റഷീദ്)

Published on 31 August, 2020
ഓണപ്പൊട്ടന്‍ എന്ന പൈഡ് പൈപ്പര്‍! (കെ.പി.റഷീദ്)
പൂക്കളാണ് ആദ്യമെത്തുക.
പിന്നെ, പൂമ്പാറ്റകള്‍, പക്ഷികള്‍, മഴയുടെ പല കാലവരവുകള്‍, ചിങ്ങവെയില്‍. ഓണമെത്തുമ്പോള്‍ മാത്രം പൂക്കുന്ന നാട്ടുചെടികള്‍. സ്‌കൂള്‍ അവധിയുടെ തിമിര്‍പ്പുകളില്‍ മുങ്ങിനില്‍ക്കുന്ന നേരത്ത്, ഓണമെന്നാരോ പതുക്കെ മന്ത്രിക്കും. ഓണക്കാലമായെന്ന് വിളിച്ചു പറയും, നാട്ടുചെടികളും പ്രകൃതിയും. പിന്നൊരു പ്രഭാതത്തില്‍, ഉറക്കച്ചടവില്‍ കണ്‍മിഴിച്ച്, മുറിഞ്ഞ കിനാവിന്റെ ബാക്കിയോര്‍ക്കുന്ന നേരത്ത്, അകലെനിന്ന് ആ മണികിലുക്കം കേള്‍ക്കാം, ഓണപ്പൊട്ടന്‍!
പിന്നെ, പുതപ്പും വലിച്ചെറിഞ്ഞ് ഒറ്റയോട്ടമായിരിക്കും. ദേ വന്നു, ഓണപ്പൊട്ടന്‍!
അപ്പുറത്തുമിപ്പുറത്തുമുള്ള വീടുകളിലെ അനേകം ഉറക്കപ്പായകളില്‍നിന്ന് കുട്ടികള്‍ ഒന്നിനുപിന്നാലെ ഒന്നായി പാഞ്ഞെണീറ്റ് വഴിയിലേക്ക് ഓടും. കൊള്ളു ചാടി, തേക്കാത്ത കല്ലുകള്‍ അടുക്കിവെച്ച നടകള്‍ പാഞ്ഞിറങ്ങി കുഞ്ഞുങ്ങളുടെ കൗതുകങ്ങള്‍ ആ മണിയൊച്ചയിലേക്ക് കാതോര്‍ക്കും.  ദൂരെനിന്നും വരുന്നുണ്ടാവും മണിയൊച്ച. ഒപ്പം, കുട്ടികളുടെ പല തരം ആരവങ്ങള്‍. ആരവം അടുത്തടുത്ത് വരുമ്പോള്‍ അതു സംഭവിക്കും. ഓണപ്പൊട്ടന്‍ ഇതാ കണ്‍മുന്നില്‍!
അതൊരു കാഴ്ചയാണ്. സ്വപ്‌നംപോലെ വര്‍ണാഭം.  മുഖത്തെഴുതി, ഓടപ്പുല്ലില്‍ ചായമടിച്ച താടി നീട്ടി, കുരുത്തോല താഴ്ത്തിയിട്ട ഓലക്കുട ചൂടി, കിരീടം ചൂടി,  കൈ മണി കിലുക്കി ഇളകിയാടി, കുട്ടികളെ തൊട്ട്, ഓണപ്പൊട്ടന്‍ പതുക്കെ ഞങ്ങളുടെ വീടിന്റെ ഒതുക്കു കല്ലുകള്‍ക്കപ്പുറത്തു കൂടെ കയറും. പിറകില്‍, ചെക്കുവേട്ടന്റെ വീടാണ്. അവിടെ പല പറമ്പുകളില്‍നിന്നും പറിച്ച നാട്ടുപൂക്കള്‍ പൂക്കളമായി ഓണപ്പൊട്ടനെ കാത്തുനില്‍പ്പുണ്ടാവും. പൂക്കെളപ്പോലെ, നിറഞ്ഞ ചിരിയോടെ, വരാന്തയില്‍ നിലവിളക്ക് കൊളുത്തി, പറ വെച്ച്, സജിയും രഞ്ജിയും രഘുവും ചെക്കുവേട്ടനും മാണിയമ്മയും അതേ മണിനാദത്തിനു കാത്തുനില്‍ക്കുന്നുണ്ടാവും. ഒപ്പം, പടികള്‍ പാഞ്ഞെത്തി കിതയ്ക്കുന്ന ഞങ്ങളും.
ഇളയ അനിയത്തി റസീനയ്ക്ക് പേടിയാണ് ഓണപ്പൊട്ടനെ. അതിനാല്‍, അവളിത്തിരി മാറി നിന്ന് നിറയാന്‍ തുടങ്ങുന്ന കണ്ണുകളില്‍ ഒരു ചിരി നടും. കൂട്ടത്തില്‍ 'ധീരന്‍മാരായ' സെലിയും ഞാനും ചന്ദ്രനും സുശീലയും സുരേഷും റസിയയും നാസറുമെല്ലാം ഓണപ്പൊട്ടന്റെ തൊട്ടടുത്തു നിന്ന് ആ ഉടയാടകള്‍ നോക്കി അന്തംവിട്ടു നില്‍ക്കും. ഓണപ്പൊട്ടന്റെ ഭാണ്ഡത്തില്‍ നിറയെ പൂക്കളാണ്. അതിനുള്ളില്‍ കൈയിട്ട് ചെക്കിപ്പൂക്കള്‍ പൂക്കളത്തിലേക്ക് വാരി വിതറും. ഞങ്ങള്‍ക്കു മുന്നില്‍ രണ്ടു വട്ടം വട്ടം ചുറ്റി നടക്കും. മാണിയമ്മ കൊടുക്കുന്ന അരിയും പൈസയും വാങ്ങി പൂവെറിഞ്ഞ്, ചിലപ്പോള്‍ ഒരു ഗ്ലാസ് വെള്ളം ഒരിറക്കു കുടിച്ച് അടുത്ത വീട്ടിലേക്കുള്ള നടത്തം തുടങ്ങും ഓണപ്പൊട്ടന്‍. കുട്ടിപ്പട പിന്നാലെയുണ്ടാവും.
അക്കാലത്തെങ്ങോ വായിച്ചതാണ് ഹാംലിനിലെ കുഴലൂത്തുകാരന്റെ കുട്ടിക്കഥ. കഥയിലെ പൈഡ്‌പൈപ്പര്‍ എന്റെ മനസ്സില്‍ നിറഞ്ഞത് ഒരോണപ്പൊട്ടന്റെ ആടയാഭരണങ്ങളോടെയായിരുന്നു. പൈഡ് പൈപ്പറിനു പിന്നാലെ പായുന്ന കുട്ടികള്‍ ഞങ്ങളല്ലാതെ മറ്റാരുമായിരുന്നില്ല.
അടുത്ത വീട്ടിലേക്ക് ഓണപ്പൊട്ടന്‍ നടക്കുമ്പോഴും ഞങ്ങള്‍ ഒപ്പമുണ്ടാവും. പാറുവേടത്തി ഓണപ്പൊട്ടന് അരി കൊടുക്കുമ്പോള്‍ ഓണപ്പൊട്ടന്‍ ഞങ്ങള്‍ക്ക് നേരെ ചെക്കിപ്പൂക്കള്‍ എറിയും. ശശിയും സുധാകരേട്ടനും സുരേന്ദ്രട്ടനുമെല്ലാം ഇത്തിരി മുതിര്‍ന്ന കുട്ടികളായി ഞങ്ങള്‍ക്കൊപ്പം അടുത്ത വീടു വരെ വരും.
വീടുകള്‍ തീരില്ല. ഓണപ്പൊട്ടന്റെ നടത്തങ്ങളും. ഞങ്ങളും ഒപ്പം നടക്കും. ആ കുട്ടിപ്പടയില്‍ ആളുകള്‍ കൂടിക്കൊണ്ടിരിക്കും. മുന്നില്‍ മണി കിലുക്കി ഓണപ്പൊട്ടന്‍. പിന്നില്‍ ഞങ്ങളുടെ തിമിര്‍പ്പുകള്‍. പൂ മണമുള്ള വീട്ടുമുറ്റങ്ങളില്‍ ചവിട്ടി, പല തരം പച്ച കൊണ്ട് നിറഞ്ഞ പറമ്പുകള്‍ പിന്നിട്ട്, വീടുകളില്‍നിന്നും വീടുകളിലേക്ക് പറക്കുന്നൊരു പ്രദക്ഷിണം. അതങ്ങനെയാണ്. മതത്തിന്റെ പേരില്‍ പരസ്പരം ചോര ചൊരിഞ്ഞ ഒരു നാടായിരുന്നിട്ടും ഓണവും പെരുന്നാളുകളുമെല്ലാം ഞങ്ങള്‍ കുട്ടികളെ അടുപ്പിച്ചതെങ്ങനെയെന്ന് നാടാകെ മതത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലുള്ള അകലം കൂടുന്ന ഇക്കാലത്ത് ശരിക്കും മനസ്സിലാവുന്നുണ്ട്.
ഓണപ്പൊട്ടനെ ആദ്യം കണ്ട നാള്‍ ഇപ്പോഴും മനസ്സിലുണ്ട്. തീരെ കുഞ്ഞായിരുന്നു. അതിരാവിലെ എത്തുന്ന ഓണപ്പൊട്ടനെ കാണാന്‍ കണ്ണു തിരുമ്മി കാത്തിരിപ്പായിരുന്നു. കാത്തിരിപ്പിനിടയിലേക്ക് പൊടുന്നനെ തുടര്‍ച്ചയായി മണി കിലുങ്ങി. മുറ്റത്തേക്ക് ഓലക്കുട ചൂടി ഓണപ്പൊട്ടന്‍ തിവേഗം നടന്നു വന്നു. തെയ്യത്തിന്റേതു പോലെ മുഖത്തെഴുതിയതിനാല്‍ എനിക്ക് ആളെ മനസ്സിലായില്ല. കറുത്തുരുണ്ട കൈകളും മുഖത്തെ ചിരിയും കണ്ടപ്പോള്‍ എന്തോ പരിചയം തോന്നി. എന്നാല്‍, ഒരു പിടിയും കിട്ടിയില്ല.
മണികിലുക്കവും പൂവേറും കഴിഞ്ഞ്, ചിരിച്ചുകുഴഞ്ഞ് ഓണപ്പൊട്ടന്‍ പടിയിറങ്ങി പോയ നേരത്താണ് എന്റെ സംശയം പൊടിപടലം പറത്തിയത്.
'ആരാ ഉമ്മാ ഈ ഓണപ്പൊട്ടന്‍?'
'അതു ചന്തുവേട്ടനല്ലേടാ. പണിക്കൊക്കെ വരുന്ന ചന്തുവേട്ടന്‍'
'ഹെന്റുമ്മാ എന്തൊരു മാറ്റം! കണ്ടാല്‍ തോന്നില്ല'
ഒറ്റനോട്ടത്തില്‍ അത്ര അടുപ്പമൊന്നും തോന്നാത്ത ഒരാളാണ് ചന്തുവേട്ടന്‍. ഇരുണ്ട്, തടിച്ച്, എപ്പോഴും തല ഉയര്‍ത്തി നടന്നു പോവുന്ന, ഒരു സീരിയസ് മനുഷ്യന്‍. കര്‍ക്കടകം പിറക്കുന്ന നാളില്‍ കൊട്ടിപ്പാടാന്‍ വരുമ്പോള്‍ ഞാനാണ് അയാള്‍ക്ക് അരി കൊടുക്കാറ്. പറമ്പിലെ പണിക്കു വരുമ്പോള്‍,  കൂടെ നടന്ന് സംശയങ്ങളാല്‍ പൊതിയുന്ന എന്നെ സമാധാനിപ്പിക്കാന്‍ ഏറെ പാടു പെടാറുണ്ടായിരിക്കും അയാള്‍.
പക്ഷേ, ഓണപ്പൊട്ടനായി വരുമ്പോള്‍ ചന്തുവേട്ടന്‍ ആളാകെ മാറും. അലങ്കാരങ്ങളില്‍ പൊതിഞ്ഞ്, കുടയും മണി കിലുക്കവും കിരീടവുമൊക്കെയായി  അതിസുന്ദര രൂപം. കൂടെ നടക്കുന്ന കുട്ടികളുടെ മുന്നില്‍ കുലുങ്ങിച്ചാടി നടക്കുമ്പോള്‍ എന്തു രസം! വലിയ കുടവയര്‍ മറച്ചു തുളുമ്പുന്ന അലങ്കാരങ്ങള്‍ വകവെക്കാതെ കുട്ടികളോട് ചിരിച്ചു മറിയുന്ന ആ മനുഷ്യന്‍ വസന്തത്തിന്റെ ദേവനെപ്പോലെ തോന്നിപ്പിക്കും.
ഇത്തിരി മുതിര്‍ന്നപ്പോഴും ഞാനയാളുടെ ആരാധകനായിരുന്നു. വല്ലാത്ത കരിസ്മയുണ്ടായിരുന്നു ഓണപ്പൊട്ടനാവുമ്പോള്‍ ആ മനുഷ്യന്. കറുപ്പിലും ചുവപ്പിലും വെളുപ്പിലും വരഞ്ഞ ഒരു നാടോടി ചിത്രം പോലെ പച്ച മെഴുകിയ നാട്ടുവഴികളിലൂടെ അയാള്‍ പാഞ്ഞു നടക്കുന്നത് അത്രയ്ക്കാഴത്തില്‍ പതിഞ്ഞിട്ടുണ്ട്, ഉള്ളില്‍.
ഓണത്തിനു മാത്രമായിരുന്നു അയാള്‍ ദേശത്തെ തന്റെ പിന്നാലെ നടത്തിച്ചത്. അന്ന് കുട്ടികള്‍ അയാളുടെ പിറകില്‍നിന്ന് മാറാതെ നില്‍ക്കും. പിറ്റേന്ന് പണി സാധനങ്ങളുമായി പാടത്തേക്കു പോവുമ്പോള്‍ അയാള്‍ക്കു പിന്നാലെ ആരുമുണ്ടാവില്ല. അടുത്ത ഓണത്തിന് പ്രതാപവാനായ ഓണപ്പൊട്ടനായി മാറാനാവുമെന്ന വിചാരമാവാം ഒരു പക്ഷേ, ഒരു വര്‍ഷത്തെ മുഴുവന്‍ ദുരിതങ്ങളും മറികടക്കാന്‍ ആ മനുഷ്യനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നിപ്പോള്‍ തോന്നുന്നു.
എല്ലാവര്‍ക്കുമുണ്ടാവില്ലേ അത്തരം ഓരോ നാളുകള്‍?
തൊട്ടുമുന്നിലുള്ള അനിശ്ചിതത്വങ്ങളുടെ ജീവിതവഴികളെ മുഴുവന്‍ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള പൂമണമുള്ള ഒരു ദിവസം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക