Image

ഊഞ്ഞാലോർമ്മ (കവിത: രമണി അമ്മാൾ)

Published on 30 August, 2020
ഊഞ്ഞാലോർമ്മ (കവിത: രമണി അമ്മാൾ)
ഓണമെന്നാലന്നൊക്കെ
ഞങ്ങൾക്ക് 
ഊഞ്ഞാലാട്ടമായിരുന്നു....

അത്തമുദിക്കും മുന്നേ
പൂത്തറയോടൊപ്പം
ഊഞ്ഞാൽ 
വളളിയും മുറ്റത്തെത്തും

കാവിനകത്തുപോയ് 
അച്ഛനൊരു 
മൂത്ത ഊഞ്ഞാൽ 
വളളി വെട്ടും
മുറ്റത്തെ മാവിന്റെ 
കൊമ്പിലുയരത്തിൽ
മുട്ടനൊരൂഞ്ഞാലു കെട്ടും
ആനയിരുന്നൊ-
ന്നാടിയാൽപ്പോലും
പൊട്ടിവീഴില്ലീയൂഞ്ഞാല..!

ഒരുപാടുയരത്തിൽ
ആയത്തിൽ പൊങ്ങി 
ഒറ്റയ്ക്കും പെട്ടയ്ക്കും
ആട്ടമാടി 
അഭ്യാസമൊത്തിരി കാട്ടിക്കാട്ടി
പടഞ്ഞു വീണെത്രയോ 
വട്ടം മണ്ണിൽ..

ചിങ്ങവെയിലു തിരിച്ചു
പോകെ
'പോക്കോണ'നാളൂഞ്ഞാൽ
അഴിച്ചെടുക്കും.

ഊഞ്ഞാൽത്തഴമ്പാ 
മാവിന്റെ 
കൊമ്പത്ത്  ഓണദിനങ്ങൾ 
അയവിറക്കും...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക