Image

ഓർമ്മകളിലെ പൊന്നോണം (സുജിത് തോമസ്)

Published on 30 August, 2020
ഓർമ്മകളിലെ പൊന്നോണം (സുജിത് തോമസ്)
'മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും'

മലയാളിയുടെ നാവിൽ കാലങ്ങളായി ചേക്കേറിയ ഈ ഓണപ്പാട്ട്, പൊൻചിങ്ങമാസത്തിൽ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഐതിഹ്യകഥയിലെ സ്വപ്നസമാനമായ കാലഘട്ടത്തിലേക്കും, ഓർമ്മകളിലെ വസന്തകാലത്തേക്കും ആണ് . തൃക്കാക്കരദേവന്റെ ഭക്തനും അസുരരാജാവും ആയിരുന്ന മഹാബലി തമ്പുരാന്റെ ഭരണകാലത്ത് ജനങ്ങൾ സന്തോഷത്തോടെയും
സമാധാനത്തോടെയും ആപത്തും കള്ളത്തരവും ഇല്ലാതെ ഒത്തൊരുമയോടെ സമൃദ്ധിയിൽ ജീവിച്ചു. ഇതിൽ അസൂയപൂണ്ട ദേവഗണം മഹാവിഷ്ണുവിനെ സമീപിക്കുകയും, മഹാവിഷ്ണു വാമനരൂപം സ്വീകരിച്ചു ഉദാരമനസ്കനായ മഹാബലിയിൽ നിന്നും തനിക്കു ധ്യാനിക്കുവാനായി മൂന്നടിമണ്ണ് ദാനം ചോദിക്കുകയും ചെയ്തു. വിശ്വരൂപം പ്രാപിച്ച വാമനൻ തന്റെ കാല്പാദത്താൽ സ്വർഗ്ഗവും ഭൂമിയും അളന്ന ശേഷം മൂന്നാമത്തെ അടി അളക്കാനായി കാൽ ഉയർത്തിയപ്പോൾ, ധർമ്മിഷ്ടനായ മഹാബലി, വാമനനു തന്റെ ശിരസ്സ് കാണിച്ചു കൊടുക്കുകയും, വാമനൻ ആ ശിരസ്സിൽ ചവിട്ടി മഹാബലിയെ പാതാളത്തിൽ താഴ്ത്തുകയും ചെയ്തു. സത്യസന്ധനായ മഹാബലിക്കു ചിങ്ങമാസത്തിലേ തിരുവോണനാളിൽ തന്റെ പ്രജകളെ കാണാൻ അവിടുന്ന് അനുവാദവും കൊടുത്തു എന്നത് ഐതിഹ്യം. പ്രജകളെ കാണാൻ മഹാബലി വരുന്നതിന്റെ ആഘോഷം ആണ് തിരുവോണദിനം കേരളക്കരയിൽ നമ്മൾ  കൊണ്ടാടുന്നത്.

മലയാളിക്ക് ഓണം സംസ്ക്കാരത്തിന്റെ തന്നെ ഭാഗവും, ഏറെ ഗൃഹാതുരത നിറഞ്ഞ ഓർമ്മകളാൽ സമ്പന്നവും, മനസ്സിന്റെ വികാരവും ഒക്കെയാണ്‌ . നാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ഓണം ആഘോഷിക്കുന്നതിൽ നമ്മൾ തെല്ലും പിശുക്ക് കാണിക്കാറില്ല. ജാതിമത ഭേദമന്യേ മലയാളികൾ ഓണം ഒരു ഉത്സവം ആയി കൊണ്ടാടുന്നു. എത്ര തിരക്കേറിയ ഉദ്യോഗങ്ങൾ വഹിക്കുന്നവർ ആയാലും തിരുവോണദിവസം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാൻ കൂടുതൽ സമയം കണ്ടെത്തുന്നു . 'കാണം വിറ്റും ഓണം ഉണ്ണെണ'മെന്ന പൂർവികരുടെ ചൊല്ലിനെ പ്രാവർത്തികമാക്കുംവിധം ധനികനും ദരിദ്രനും, പണ്ഡിതനും പാമരനും എല്ലാം മലയാളമണ്ണിൽ ഓണം തങ്ങളാൽ കഴിയുംവണ്ണം സമൃദ്ധമായി ആഘോഷിക്കുന്ന കാഴ്ച്ച എക്കാലവും മാനവികതയുടെ ജാതിമത ചിന്തകൾക്ക് അതീതമായ ഒത്തൊരുമിക്കലിന്റെ അപൂർവ്വത സമ്മാനിക്കുന്ന അസുലഭ മുഹൂർത്തം കൂടിയാണ്.

നാട്ടിൻപുറത്തെ മണ്ണിന്റെ മണവും , തൊടിയിലെ പുഷ്പങ്ങളുടെ വർണ്ണാഭവും, പുൽച്ചെടികളുടെ ഹരിതാഭവും, പാടത്തെ വിളഞ്ഞു കൊയ്യാറായി നിൽക്കുന്ന നെൽക്കതിരിന്റെ ഭംഗിയും,നാവിൽ സ്വാദിഷ്ടമായ രുചിഭേദങ്ങളുടെ തിരയിളക്കവും സമ്മാനിക്കുന്ന വിവിധങ്ങളായ ഓർമ്മകളുടെ വേലിയേറ്റം ആണ് എന്റെ ഓർമ്മയിലെ ഓണക്കാലം. ഓണത്തെക്കുറിച്ചുള്ള ഓർമ്മകൾ ഏറെ വർണ്ണാഭം നിറഞ്ഞതാണെനിക്ക് . ഓർമ്മകളിലെ ഓണക്കാലത്തിന്റെ തുടക്കം കർക്കിടകത്തിലെ തോരാത്ത മഴക്കു ശേഷം ഉണ്ടാകുന്ന ചിങ്ങക്കൊയ്ത്തോടുകൂടിയാണ്. തറവാടിന്റെ പടിഞ്ഞാറെ മുറ്റത്തു കൊയ്തു കൂട്ടിയിട്ടിരുന്ന ഭംഗിയാർന്ന സ്വർണ്ണവർണ്ണത്തിലുള്ള നെൽകറ്റകളും, ഓണത്തിന്റെ വരവറിയിച്ച് തൊടിയിൽ പുഷ്പിച്ചു നിന്നിരുന്ന തെച്ചിയും, തുമ്പയും, പിച്ചകവും, മന്ദാരവും, അവയിൽ നിന്നും തേൻ കുടിച്ചിരുന്ന ഓലേഞ്ഞാലി കുരുവികളും, കാർത്തുമ്പികളും, തേൻവണ്ടുകളും എല്ലാം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഗൃഹാതുരതയുണർത്തുന്ന കുട്ടിക്കാലത്തെ ഓണ ഓർമ്മകൾ ആണ്. കൊയ്ത്തുകാരി സ്ത്രീകൾ കറ്റകൾ തല്ലി മെതിച്ചു നെല്മണികൾ ഉണക്കി, പത്തായപ്പുരയിൽ നിറച്ചതും, വാതോരാതെ നാട്ടു വർത്തമാനം പറഞ്ഞു ചിരിച്ച് താള ബോധത്തോടെ തങ്ങളുടെ ജോലി ചെയ്തു തീർത്തതും, പട്ടണത്തിലെ തുണി പീടികയിൽ നിന്നും ഓണക്കോടി വാങ്ങുന്നതിനെക്കുറിച്ചും,ചന്തയിൽ നിന്നും വാങ്ങാനുള്ള പച്ചക്കറികളെക്കുറിച്ചും ഒക്കെ അവർ ഏറെ വാചാലരായതും എല്ലാം എന്റെ സുന്ദരമായ ഓണക്കാല ഓർമ്മകളിൽ ചിലത് മാത്രം.


ഓണാവധിക്കു മുൻപുള്ള പരീക്ഷ എഴുതി തീർക്കാൻ തിടുക്കം ആയിരുന്നു ഞങ്ങൾ കുട്ടികൾക്ക് എല്ലാം. കാരണം ഓണത്തിനു മാത്രം കിട്ടാറുണ്ടായിരുന്ന വിഭവ സമൃദ്ധമായ സദ്യ ഉണ്ണാനും ,നാവിൽ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുംവിധം രുചികരമായ പ്രഥമനും, മറ്റു അത്യുഗ്രൻ പായസങ്ങളും, കായവറുത്തതും, ശർക്കര വരട്ടിയതും, പൂവൻ പഴവും എല്ലാം ആവേശപൂർവ്വം ആസ്വദിക്കാൻ വർഷത്തിൽ കിട്ടുന്ന ഏക അവസരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ അവസാനം ആയിരുന്നു തിരുവോണം.

ഉത്രാട രാത്രിയിൽ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കാത്തു കിടന്നത് പിറ്റേന്ന് ധരിക്കാൻ പോകുന്ന ഓണക്കോടിയെക്കുറിച്ചോർത്തും, അമ്മയും സുഭദ്രാമ്മയും മറ്റു പരിവാരങ്ങളും കൂടെ ഉച്ചക്ക് ചമക്കാൻ ഒരുക്കുന്ന സദ്യവട്ടത്തെ പോക്കിനാവ് കണ്ടും ഒക്കെയാണ്. ഓണദിവസം പൂക്കളം ഒരുക്കിയത് വിരളം ആയിട്ടായിരുന്നു. സഹോദരങ്ങളോടും കൂട്ടുകാരോടും ഒപ്പം വൃത്താകൃതിയിൽ തീർത്ത ചില പൂക്കളങ്ങൾ ഇന്നും മനസ്സിൽ ഒരു രാജാരവിവർമ്മ ചിത്രം പോലെ നിറഞ്ഞു നിൽക്കുന്നു. തിരുവോണ ദിവസം രാവിലെ എണീക്കുന്നതു തന്നെ അതിരാവിലെ മുതൽ അടുക്കളയിൽ തുടങ്ങുന്ന അമ്മയുടെ ഉച്ച ഒരുക്കങ്ങളുടെ ശബ്ദം കേട്ടു കൊണ്ടാണ്. മിക്ക വർഷങ്ങളിലും ആളനാട്‌ പി. ടി. ഗ്രൂപ്പിന്റെ ഓണാഘോഷ പരിപാടികൾ കാണാൻ പോകുന്നതിൽ ഞാനും സഹോദരൻ മാത്തുകുട്ടിയും മുടക്കം വരുത്തിയിരുന്നില്ല. പുലികളി, കാൽപന്ത് കളി, ബൺ കടിക്കൽ, സുന്ദരിയെ പൊട്ടു തൊടുവിക്കൽ അങ്ങനെ എത്ര എത്ര മത്സരങ്ങൾ. ഇവയെല്ലാം കഴിഞ്ഞ് വീട്ടിൽ എത്തി, കിഴക്കേ പറമ്പിലെ കിണറ്റിൽ നിന്നും കോരിയെടുത്ത തണുത്ത വെള്ളത്തിൽ വിശാലമായി കുളിച്ച് ഓണക്കോടി ഉടുത്തൊരുങ്ങി വരുമ്പോഴേക്കും അമ്മ തൂശനിലയിൽ പുനെല്ലരി ചോറടങ്ങിയ സദ്യ വിളമ്പിയിട്ടുണ്ടാവും. സദ്യ ആസ്വദിച്ചു കഴിഞ്ഞ ശേഷം ഞാൻ അനിയത്തികുട്ടിയെയും എടുത്ത് അനിയനോടൊപ്പം ഓടിയത് തെക്കേ പറമ്പിലെ നാട്ടുമാവിൽ കെട്ടിയ ഊഞ്ഞാലിൽ ആടാൻ ആയിരുന്നു. ആരാദ്യം ആടെണമെന്ന തർക്കത്തിനു മിക്കവാറും തീർപ്പ് കല്പിക്കുക സമാധാനപ്രേമിയായ മൂത്ത സഹോദരി സീതമ്മ തന്നെ. അങ്ങനെ ഒരു തിരുവോണ നാളിൽ ആണ് സീതമ്മക്കു തിളക്കമുള്ള സ്വർണ്ണകരയോടു കൂടിയ കാഞ്ചീപുരം പട്ടുപാവാടയും, ചുവന്ന മാണിക്യ കല്ലുകൾ പതിപ്പിച്ച പൊൻ പതക്കവും, കാതിലോലയും പിതാവ് സമ്മാനിച്ചതും, വിശേഷപ്പെട്ട സമ്മാനം എനിക്കു കിട്ടാത്തതിൽ ഞാൻ പരിഭവം പറഞ്ഞതും, എന്നെ ചേർത്തു നിർത്തി 'പെണ്മക്കൾ കുറച്ചു കാലമേ പിതൃഗൃഹത്തിൽ കാണൂ അതു കഴിഞ്ഞാൽ അവർ ഭർതൃഗൃഹങ്ങളിലേക്ക് പോകുമെന്നും ആയതിനാൽ അവർക്ക് നല്ല ഓർമ്മകൾ സമ്മാനിക്കണമെന്ന് ' ഉപദേശിച്ചതും ഭാരതീയ കുടുംബ സങ്കല്പം നന്നേ ചെറുപ്പത്തിലേ എനിക്ക് പറഞ്ഞു തന്നതും, എല്ലാം ഇന്നലെ കഴിഞ്ഞുപോയതു പോലെ തോന്നുന്നു.

കഴിഞ്ഞു പോയ കുട്ടികാലത്തെ ഓണാഘോഷങ്ങളുടെ തുടർച്ച മാത്രം ആയിരുന്നു പിന്നീട് വിദേശത്ത് എത്തിയപ്പോൾ കൊണ്ടാടിയ എല്ലാ ഓണവും. വിദേശ മലയാളികൾ ഓണം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ കാലേകൂട്ടി തുടങ്ങി ഒരു ദിവസം മുഴുവൻ നീളുന്ന, ഹൃദയത്തിൽ എന്നും സൂക്ഷിക്കാൻ ഉതകുന്ന, ഒരു ഓർമ്മയായി ഓണദിനത്തെ മാറ്റുന്നു. വിദേശത്ത് ആളുകൾ അക്ഷമരായി കാത്തിരിക്കുന്നത് ഓണം പോലെയുള്ള വിശേഷാവസരങ്ങൾക്കു വേണ്ടിയാണ്. സ്പെയിനിലെ ഓണാഘോഷങ്ങളിൽ നീണ്ട പത്തു വർഷക്കാലവും ഞാൻ ഭാഗമായത് ഓണസദ്യക്കുള്ള പായസം പാകം ചെയ്തും മലയാളീസമാജത്തിന്റെ പ്രവർത്തങ്ങളിൽ പങ്കെടുത്തും ഒക്കെയാണ്. ഇംഗ്ലണ്ടിലെ ഓണപരിപാടികളും വ്യത്യസ്തം അല്ല. എല്ലാവരും ഒത്തൊരുമിച്ചു ശ്രുതിലയ സാന്ദ്രമായ സംഗീതം പോലെ മനോഹരം ആണത്.

മാസ്ക് ധരിച്ചൊരു ഓണം:

മലയാളികൾ ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു ഓണക്കാലത്തെയാണ് ഇത്തവണ നമ്മൾ നേരിടുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യർ കൊറോണ എന്ന പകർച്ചവ്യാധിയുടെ പിടിയിൽ അമരുമ്പോൾ മലയാളിയുടെ മനസ്സിൽ ഇത്തവണത്തെ ഓണം ഒരു വിങ്ങലായി തീരുന്നത് ആർക്കും തമ്മിൽ ഒത്തു ചേരാൻ സാധിക്കാത്തതിനാലും ഓണസദ്യ ഒരുമിച്ചു ഉണ്ണാൻ കഴിയാത്തതിനാലും ആണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഓണം ആഘോഷിക്കാതിരിക്കാൻ നമുക്ക് ആർക്കും കഴിയുമെന്നും തോന്നുന്നില്ല. കുടുംബാംഗങ്ങളെ വീഡിയോ കാൾ ചെയ്തും, സദ്യയുടെ കറികൾ അയല്പക്കങ്ങളിൽ പരസ്പരം പങ്കുവെച്ചും, തിരുവാതിരകളി ലൈവ് ആയി റെക്കോർഡ് ചെയ്തും ഒക്കെ ഇത്തവണ മലയാളി ഓണം വ്യത്യസ്തമാക്കും. ആളുകൾ മാസ്ക് ധരിച്ചും, സാമൂഹ്യ അകലം പാലിച്ചും ഒക്കെ കഴിഞ്ഞു പോകുന്ന ഈ കാലഘട്ടത്തിൽ ഐതിഹ്യകഥയിലെ മഹാബലി തമ്പുരാൻ തന്റെ പ്രജകളെ കാണാൻ വരുന്നത് എങ്ങനെ ആയിരിക്കും എന്നത് ഒരു ആശങ്ക തന്നെയാണ്. പ്രകൃതി ദുരന്തത്താലും, മാറാ രോഗത്താലും കഷ്ടപെടുന്ന സ്വജനങ്ങളെ കാണുമ്പോൾ മാവേലി മന്നൻ വേദനിക്കാതിരിക്കില്ല. കള്ളവും ചതിയും പൊളിവചനങ്ങളും എള്ളോളം ഇല്ലാതിരുന്ന, ദാരിദ്രവും, രോഗപീഡകളും ആരെയും ബാധിക്കാതിരുന്ന തന്റെ സാമ്രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥയിൽ അദ്ദേഹം തേങ്ങിയാൽ അതിൽ തെല്ലും അതിശയോക്തി ഒട്ട് ഇല്ല താനും.

കൊറോണ ദുരിതം നമ്മെ വിട്ടുമാറി മാസ്ക് അഴിച്ചുവെച്ച ഒരു ഓണം ആഘോഷിക്കാൻ വരും വർഷങ്ങളിൽ നമുക്ക് കഴിയട്ടെ.

'മാവേലി നാട് വാണിടും കാലം
മാനുഷ്യരെല്ലാരുമൊന്ന് പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍കുമൊട്ടില്ല താനും

കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെള്ളികോലാദികള്‍ നാഴികളും
എല്ലാം കണക്കിന് തുല്യമായി'

നമുക്ക് സ്വപ്നം കാണാം അത്തരം ഒരു നാളെക്കായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക