Image

വെള്ളാരം കല്ല് കൊണ്ടൊരു മധുരം (രമ പ്രസന്ന പിഷാരടി)

Published on 30 August, 2020
വെള്ളാരം കല്ല് കൊണ്ടൊരു മധുരം (രമ പ്രസന്ന പിഷാരടി)
ആഘോഷങ്ങളുടെ മധുരരുചിയാണ്  പായസം. ഓണാഘോഷത്തിൽ ഒഴിച്ചുകൂടാനാവാത്ത  മധുരം.   
വിലങ്ങിലേറിയ ഒരു സ്വാതന്ത്രദിനവും, ജാലകക്കാഴ്ച്ചയായി പ്രകൃതിയുടെ ഓണവും കണ്ടുകൊണ്ടിരിക്കുന്ന കാലമാണ്.

എഴുത്തുകൂട്ടത്തിൽ  പായസ ഓർമ്മകൾ പങ്ക് വയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ മനസ്സിലേയ്ക്ക് വന്നത് ഒരു കഥയാണ് വെള്ളാരം കല്ലു കൊണ്ടുണ്ടാക്കിയ പായസത്തിൻ്റെ കഥ.  പായസങ്ങളുടെ ഘോഷയാത്രയാണ് പരീക്ഷണശാലകളിലെന്ന പോലെ ചുറ്റിലും അടുപ്പുകളിൽ തിളച്ച് തൂവുന്നത്.

പായസരുചികളുടെ ആഘോഷവേളയിൽ എൻ്റെ ഓർമ്മയിൽ നിറഞ്ഞ് വരുന്നത്  ബാല്യത്തിൽ ഞാൻ വായിച്ച ഒരു കഥയാണ്. എൻ്റെ അമ്മ ഒരു സ്ക്കൂൾ ടീച്ചറായിരുന്നു. അമ്മയുടെ ശമ്പളത്തിൻ്റെ ഏറിയ ഭാഗവും പുസ്തകങ്ങൾക്കായി ചിലവാക്കിയിരുന്നു. അമ്മയുടെ പുസ്തകശേഖരത്തിൽ നിന്ന് വായിച്ച ഒരു കഥയാണ് വെള്ളാരം കല്ല്  കൊണ്ടൊരു പായസം.

എൻ്റെ ബാല്യത്തെ വിസ്മയിപ്പിച്ച, അതിശയിപ്പിച്ച  മധുരതരമായ കഥയായിരുന്നു അത്. ഒരു വീട്ടിലേയ്ക്ക് ബന്ധുവായ ഒരാൾ വന്നു ചേരുന്നു. രണ്ട് കുട്ടികൾ ആ വീട്ടിലുണ്ട്. വീട്ടിൽ ഭക്ഷണമൊന്നുമില്ല എന്ന് വീട്ടിലുള്ളവർ പറയുമ്പോൾ കുട്ടികളോട് നമ്മൾക്ക് വെള്ളാരം കല്ല് കൊണ്ട് പായസമുണ്ടാക്കാം എന്ന് ബന്ധു പറയുന്നു.  കുട്ടികൾ അതിശയത്തോടെ കേട്ടിരിക്കുമ്പോൾ ഒരു പാത്രത്തിൽ വെള്ളം അടുപ്പിൽ വച്ച് വെള്ളാരം കല്ലുകൾ അതിലിടുന്നു. വെള്ളം കല്ലുകളോട് ചേർന്ന് തിളക്കുമ്പോൾ തവി കൊണ്ട് ഇളക്കി അല്പം രുചിച്ച് ആഹാ എത്ര നല്ല രുചി അല്പം പഞ്ചസാര കൂടിയാവാം എന്ന് ബന്ധു പറയുന്നു. കുട്ടികൾ ഓടി പോയി പഞ്ചസാര കൂടി കൊണ്ടു വരുന്നു.. അല്പം ധാന്യം കൂടി, നെയ്യ് കൂടി, കശുവണ്ടി കൂടി ഇങ്ങനെ ഓരോ ചേരുവകളും ചേർത്ത് അതീവ രുചികരമായ പായസം വീട്ടിലുള്ളവരെല്ലാം കഴിച്ചു.

വെള്ളാരം കല്ലു കൊണ്ടുള്ള ഈ പായസം എൻ്റെ ബാല്യത്തെ വിസ്മയത്തിൻ്റെ ഏറ്റവും പുതിയ ലോകത്തെത്തിച്ചു. ഞാനത് അപ്പാടെ വിശ്വസിച്ചു. എൻ്റെ അമ്മയോട് 'അമ്മേ  വെള്ളാരം കല്ലുകൊണ്ടുള്ള പായസമുണ്ടാക്കം' എന്ന് പറയുകയും ചെയ്തു. ഒരു മാലാഖ മാന്ത്രികവടി ഉയർത്തി ശൂന്യതയിൽ നിന്ന് കൗതുകവസ്തുക്കൾ ഉണ്ടാക്കും പോലെ ഒരു നക്ഷത്രം കൈയിലേയ്ക്കെടുത്തു തരും പോലെയുള്ള അതിശയം.

ഇതേ പോലെ വേറൊരു കഥ ഞാൻ വായിച്ചു, ഒരു വൃദ്ധൻ ഒരു ചേരിയിലേയ്ക്ക് എത്തിച്ചേരുന്നു. വിശപ്പും ദാഹവും സഹിയാതെ ഭക്ഷണം യാചിക്കുന്നു. ഭക്ഷണമൊന്നും ലഭിക്കാതെ വന്നപ്പോൾ വൃദ്ധൻ കരിങ്കല്ല് പായസമുണ്ടാക്കം എന്ന് പറയുന്നു. കുട്ടികളൊക്കെ ചുറ്റും കൂടി. വൃദ്ധൻ ഒരു വലിയ പാത്രം അടുപ്പിൽ വച്ച് തീ പൂട്ടി ഒരു കരിങ്കല്ല് അതിലിടുന്നു. വെള്ളം തിളയ്ക്കുമ്പോൾ രുചി നോക്കി നന്നായിട്ടുണ്ട് അല്പം ശർക്കര കൂടിയാകാം എന്ന് പറയുന്നു. ഓരോരോ ചേരുവകളായി ചേർത്ത് അതീവരുചികരമായ പായസം അവരെല്ലാവരും        ചേർന്ന്  കഴിക്കുന്നു.

ആഘോഷങ്ങളിലെ മധുരം എല്ലാവരും പങ്കിട്ടെടുക്കുന്ന മാനവികതയുടെ സന്ദേശം ഈ കഥകളിലുണ്ട്. ആഘോഷങ്ങളുടെ അർഥം  പൂർണ്ണമാകുന്നത് സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും അത് ലഭ്യമാകുമ്പോഴാണ്.

ഇതേ പോലെ ഒരു എത്യോപ്യൻ നാടോടിക്കഥയും വായിക്കാനിടയായി. ഒരു കൂട്ടം സന്യാസികൾ ഗ്രാമത്തിലെത്തുകയും അവർ ഭക്ഷണം ചോദിക്കുമ്പോൾ അത് ലഭിക്കാതെ വന്നപ്പോൾ കല്ലു കൊണ്ട് സൂപ്പുണ്ടാക്കൻ തീരുമാനിക്കുകയും പിന്നീട് ഗ്രാമവീടുകളിൽ നിന്ന് ഒരോരോ ചേരുവകൾ ചേർത്ത് അതീവരുചികരമായ സൂപ്പ് ഉണ്ടാക്കി എല്ലാവരും ആഹ്ളാദത്തോടെ അത് പങ്കിട്ടെടുക്കുകയും ചെയ്തു എന്ന കഥ.

ഓണത്തിൻ്റെ   ഓർമ്മകളിൽ  എഴുത്തുകൂട്ടം സജീവമായപ്പോൾ മധുരരുചിയിൽ എന്നെ അതിശയിപ്പിച്ച,  വിസ്മയിപ്പിച്ച,  വിശ്വസിപ്പിച്ച   വെള്ളാരം കല്ലു കൊണ്ടൊരു പായസമധുരത്തിൻ്റെ  ഓർമ്മ വീണ്ടും മനസ്സിലേയ്ക്ക്  വന്നു. ആ രുചിമധുരത്തിൻ്റെ ഒരു തരി തിളക്കം ഇന്നും മനസ്സിൽ എന്നെ വിസ്മയിപ്പിച്ച് കൊണ്ട്  കെടാതെയിരിക്കുന്നു.


എല്ലാവർക്കും മധുരതരമായ ഓണാശംസകൾ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക