Image

മാവേലിയെ ഇങ്ങനെ കോമാളിയാക്കരുതേ (ദുര്‍ഗ മനോജ്)

Published on 29 August, 2020
മാവേലിയെ ഇങ്ങനെ കോമാളിയാക്കരുതേ (ദുര്‍ഗ മനോജ്)

പൂക്കളവും, തൃക്കാക്കരപ്പനും, പൂവിളിയും, പൂവടയും, പ്രഥമനും നിറയുന്ന ഓണം. ഓണത്തെക്കുറിച്ച് അഞ്ചു വരികള്‍ എഴുതിയാണ് മലയാളികള്‍ സ്വന്തം ഭാഷയില്‍ ഉപന്യാസമെഴുതിത്തുടങ്ങുന്നത്. അതില്‍ നിശ്ചയമായും ഒരു പേരു കടന്നു വരും. മഹാബലി എന്നതാണാപ്പേര്. കേരളത്തിലെ പ്രജകളെ സ്‌നേഹിച്ച ആ രാജാവിനെക്കുറിച്ചു പറയാതെ, എല്ലാ വര്‍ഷവും പ്രജകളെക്കാണുവാനായി അദ്ദേഹം വരുമെന്നും അതിനായി ആബാലവൃദ്ധം ജനങ്ങളും കാത്തിരിക്കുമെന്നും പറയാതെ ആ ഉപന്യാസം പൂര്‍ണ്ണമാകില്ല. 

കേരളത്തിലിലെ ഓണമല്ലാതെ, മത ഭേദമില്ലാതെ ലോകത്ത് ഇത്ര വിപുലമായി ആഘോഷിക്കുന്ന മറ്റൊരു ഉത്സവം ഉണ്ടാകുമോ? ഒരു പായസം ഒരുക്കാത്ത വീടുണ്ടാകുമോ? പോട്ടെ, ഉപ്പേരി വറക്കാത്ത, ഓണക്കോടിയെടുക്കാത്ത ഏതെങ്കിലുമൊരു മലയാളിയുണ്ടാവുമോ? കാണം വിറ്റും ഓണം ഉണ്ണണമെന്നു നമ്മെ പഠിപ്പിച്ച പഴമക്കാരുടെ നാടാണ് കേരളം. അപ്പോള്‍ ഓണവും മഹാബലിയും വെറും മിത്തു മാത്രമല്ല നമുക്ക്. അതിനുമപ്പുറം ഓരോ ആധുനിക മലയാളിയുടേയും സംസ്‌ക്കാരത്തില്‍ അലിഞ്ഞു കഴിഞ്ഞ ഒന്നാണ്. ആ മാവേലിയെ കോമഡി ആര്‍ട്ടിസ്റ്റായി ഇട്ട് തട്ടാന്‍ തുടങ്ങിയിട്ട് കൊല്ലം കുറേയായി. രണ്ടു പതിറ്റാണ്ടു മുന്‍പ് ഓണവെയില്‍ ഉദിച്ചു തുടങ്ങിയാല്‍ പിന്നെ ഓണത്തിനിടയില്‍ പുട്ടുക്കച്ചവടവും, ദേ മാവേലി കൊമ്പത്തും തുടങ്ങിയ ചക്കടാ പുക്കടാ പാരഡി ഗാനങ്ങളുമായി മാവേലിയെ ഇട്ട് ഉരുട്ടി പെരട്ടി ഒരു പരുവമാക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാവേലിയെ ആനിമേറ്റ് ചെയ്ത് വാട്‌സാപ്പിലൂടെയാണ് പഞ്ഞിക്കിടുന്നത്. എന്തൊരു കഷ്ടം, അല്ലേ! വലിയ കുടവയറും കുലുക്കി ഡപ്പാം കൂത്തു നടത്തുന്ന വിധത്തില്‍ മാവേലിയെ ഇങ്ങനെ വലിച്ചു കീറണോ? 

വാസ്തവത്തില്‍ മാവേലി മന്നന്‍ എന്നത് ഒരു മിത്ത് ആണെന്ന് നമുക്കെല്ലാം അറിയാം. അത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. ഓണമാകുമ്പോള്‍ നമ്മുക്കെല്ലാം കിട്ടുന്നൊരു ഐശ്വര്യവും സമ്പത്തും സമൃദ്ധിയുമൊക്കെയുണ്ട്. അതിന്റെ രൂപമാണ് മാവേലി, അങ്ങനെയെങ്കില്‍ അതിനെയല്ലേ നമ്മള്‍ ചക്കപ്പഴം പോലെയിട്ടു കുഴയ്ക്കുന്നത്. നമ്മള്‍ തന്നെ നമ്മെ കോലിട്ടു കുത്തുന്നു, എന്നിട്ടു ചിരിക്കുന്നു, പക്ഷേ അതു നമ്മളറിയുന്നില്ലെന്നു മാത്രം.

ഒന്നറിയാം, ഏതായാലും മാവേലി റോഡിലെ ഏതെങ്കിലും വലിയ ഗട്ടറിലൂടെ പാതാളത്തില്‍ നിന്നും കയറില്‍ത്തൂങ്ങി നാട്ടില്‍ വരുന്ന ഒന്നല്ല. മറിച്ച്, നിരാശയുടെ, വേദനയുടെ, പരിമിതികളുടെ പാതാളത്തില്‍ നിന്നും മനുഷ്യനെ ഉയര്‍ത്തുന്ന, ഉണര്‍ത്തുന്ന, പ്രതീക്ഷയുടെ, ഐശ്വര്യത്തിന്റെ പ്രതീകമാണ്. ആ പ്രതീകമാണ് ഇപ്പോള്‍ എല്ലാവരാലും അപമാനിക്കപ്പെടുന്നത്. കുറേക്കാലം മാവേലിക്ക് ഇന്നസെന്റിന്റെ സ്വരമായിരുന്നു. ഇന്ന് അതു മാറി, പിന്‍ഭാഗം കുലുക്കി ഡാന്‍സ് കളിച്ചു വന്ന് സ്വന്തം ജനങ്ങളുടെ മുഖത്തു തുമ്മുകയും ചീറ്റുകയും ചെയ്യുന്ന ശുദ്ധ തെമ്മാടിയായി ചിത്രീകരിക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നുന്നു. മലര്‍ന്നു കിടന്ന് ഒരു ജനത അപ്പാടെ സ്വയം തുപ്പിനാറുന്നതായേ ഈ കോമഡി മാസ്‌ക്ക് ബോധവത്ക്കരണം കാണുമ്പോള്‍ തോന്നുന്നുള്ളൂ. 

മാവേലി എന്നത് സുഖമുള്ള ഒരു പ്രതീകമാണ്. നല്ല തുമ്പപ്പൂ ചോറിന്റെ, പാല്‍പ്പായസത്തിന്റെ, ശര്‍ക്കരവരട്ടിയുടെ, ഉപ്പേരിയുടെ മണമുള്ള, പഴപ്രഥമന്റെ നാവിലലിയുന്ന രുചിയുടെ പ്രതീകം. കാത്തു കാത്തിരിക്കുന്നവരുടെ അടുത്തേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഞാന്‍ വന്നു എന്നു പറയുമ്പോ കിട്ടുന്ന ഇളം ചൂടു സ്‌നേഹത്തിന്റെ പ്രതീകമാണ്. അതിനാല്‍ എച്ചിലാക്കാതിരിക്കുക നമ്മുടെ നാടിന്റെ നന്മയുടെ ത്യാഗത്തിന്റെ പ്രതീകമായ ആ മിത്തിനെ. നാളെ വളര്‍ന്നു വരുന്ന തലമുറയ്ക്കു സമ്മാനിക്കുവാനുള്ള സംസ്‌ക്കാരത്തിന്റെ ഏടുകളില്‍ മാലിന്യം വലിച്ചെറിയാതിരിക്കുക. ഒരു മിത്തോ വെറും കഥയോ ആകട്ടെ, ഒരു നാട്ടിലെ എല്ലാ ജനങ്ങളും ഒന്നുപോലെ നെഞ്ചിലേറ്റുന്ന ആ പ്രതീകത്തെ തരംതാഴ്ത്തി നശിപ്പിക്കരുത്.

ഇപ്പോള്‍ കൊറോണക്കാലമാണ്. എല്ലാ ആഘോഷങ്ങളും നിശ്ചലമായ കെട്ട കാലം. ഒത്തുകൂടലുകള്‍ക്കു പ്രോട്ടോകോള്‍ സൃഷ്ടിച്ച കാലം, അങ്ങനെ ദൂരപരിധിയില്‍ കുടുങ്ങിപ്പോയ കാലം. ചേര്‍ത്തു പിടിക്കലുകള്‍ നഷ്ടമായ കാലം. ഈ കാലത്തും മലയാളികള്‍ ഓണക്കാലത്തില്‍ പ്രതീക്ഷ പുലര്‍ത്തുന്നു. എല്ലാ കച്ചവടങ്ങളും ഒന്ന് ഉണരുന്ന കാലമാണിത്. ഈ സമയത്ത് മഹാബലി എന്ന സമൃദ്ധിയുടെ പ്രതീകം നമ്മളില്‍ അറിയാതൊരു സന്തോഷം നിറയ്ക്കുന്നുണ്ട്. നന്മയുടെ പ്രതീകങ്ങള്‍ തച്ചുടക്കപ്പെടുകയും തിന്മയുടെ പ്രതീകങ്ങളെ വാഴ്ത്തിപ്പാടുകയും ചെയ്യുന്ന രീതി നിലവിലുണ്ട്. അത്തരം തന്ത്രങ്ങളില്‍ നിന്നും പാവം മഹാബലിയെ ഒന്നു വിട്ടു പിടിച്ചിരുന്നുവെങ്കില്‍..

Join WhatsApp News
ഓണം ഒരു കോണകം 2020-08-30 22:47:32
ഓണം ഒരു കോണകം ആയി മാറി ഇ വര്‍ഷം.- ചാണക്യന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക