Image

വാഹനാപകടത്തില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച വയനാട് സ്വദേശിയെ കെഎംസിസി നാട്ടിലെത്തിച്ചു

Published on 29 August, 2020
 വാഹനാപകടത്തില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച വയനാട് സ്വദേശിയെ കെഎംസിസി നാട്ടിലെത്തിച്ചു


റിയാദ്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച മലയാളി യുവാവിനെ റിയാദ് കെഎംസിസി വെല്‍ ഫെയര്‍ വിംഗിന്റെ സഹായത്തോടെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി പൂമല കൂട്ടപ്പിലാക്കല്‍ ശിഹാബി(31)നെയാണ് കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നാട്ടിലെത്തിച്ചത്. ഇദ്ദേഹത്തെ തുടര്‍ ചികിത്സക്കായി കോഴിക്കോട് ഇഖ് റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജനുവരി ഒന്നിനാണ് റിയാദിലെ സുവൈദിയില്‍ കട നടത്തുകയായിരുന്ന ശിഹാബ് അപകടത്തില്‍പെടുന്നത്. വീടുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്തു മടങ്ങുമ്പോള്‍ ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. പുതുവര്‍ഷ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ തലയ്ക്കും ആന്തരീകാവയവങ്ങള്‍ ക്കും സാരമായി പരിക്കേറ്റ ശിഹാബിനെ റിയാദിലെ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ക്ഷതമേറ്റതിനെതുടര്‍ന്നു നാല് മാസത്തോളം അബോധാവസ്ഥയിലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത വിരളമായിരുന്നെങ്കിലും മികച്ച ചികിത്സ നല്‍കിയതിനെ തുടര്‍ന്നാണ് ബോധം തിരിച്ചു കിട്ടിയത്. ഇതിനിടയില്‍ റിയാദിലടക്കം കോവിഡ് വ്യാപനം രൂക്ഷമാവുമകയും ശുമൈസി ആശുപത്രി കോവിഡ് സെന്ററാക്കി മാറ്റുകയും ചെയ്തതോടെ ശിഹാബിനെ അഫീഫ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെവച്ച് അദ്ദേഹത്തിന് കോവിഡ് ബാധിച്ചത് ഏറെ ആശങ്കയുളവാക്കുകയും ചെയ്തു. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം കോവിഡ് മുക്തനായി.

ഇതോടെ ശിഹാബിനെ നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചതിനാല്‍ ആദ്യഘട്ടത്തില്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. നേരത്തെ തന്നെ വിഷയത്തിലിടപെട്ടു വന്നിരുന്ന റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ വെല്‍ ഫെയര്‍ വിംഗ് ഭാരവാഹിയായ ഉമ്മര്‍ മാവൂര്‍ സെന്‍ ട്രല്‍ കമ്മിറ്റി വെല്‍ ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവൂരിന്റെ സഹായത്തോടെ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി. യാത്ര ചെയ്യാന്‍ സ്ട്രക്ചര്‍ ആവശ്യമായതിനാല്‍ അതിനായി വലിയൊരു തുക കണ്ടെത്തേണ്ടി വന്നു. ഇതിനായി റിയാദ് സെന്‍ ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണം സ്വരൂപിച്ചു നല്‍ കുകയും യാത്രക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ശുമൈസി ആശുപത്രിയിലെ ഡോ. അന്‍സാരി ശിഹാബിന്റെ ദൈനം ദിന ആരോഗ്യ പുരോഗതി വിലയിരുത്തുകയും ആവശ്യമായ സഹായങ്ങള്‍ നല്‍ കുകയും ചെയ്തു. അഫീഫ് ജനറല്‍ ആശുപത്രിയില്‍ മലയാളി സമാജം ഭാരവാഹി ഷാജി ശിഹാബിനുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ രംഗത്തുണ്ടായിരുന്നു. ദാറുസലാം വിംഗ് അംഗങ്ങളായ ശിഹാബ് പുത്തേഴത്ത്, മജീദ് പരപ്പനങ്ങാടി, ശിഹാബ്, ഇംഷാദ് മങ്കട, ഉനൈസ്, മുഹമ്മദ് കണ്ടകൈ, ഹുസൈന്‍ കുപ്പം, റഫീഖ് പുപ്പലം, നജീബ് നെല്ലാങ്കണ്ടി എന്നിവരും സഹായത്തിനെത്തി.

ദുരന്തങ്ങള്‍ ഒന്നിന് പിറകെ മറ്റൊന്നായി കടന്ന് വന്നപ്പോഴും പ്രതീക്ഷകള്‍ കൈവിടാതെ, സഹായിച്ചവര്‍ക്ക് പുഞ്ചിരിയോടെ നന്ദി പറഞ്ഞാണ് ശിഹാബ് റിയാദില്‍ നിന്നും യാത്രയായത്.

അലവിക്കുട്ടി പാത്തുമ്മ ദമ്പതികളുടെ മകനാണ് ശിഹാബ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക