Image

കോവിഡ് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് യാത്രാ വേണ്ടാ; ജര്‍മന്‍ പൗരന്മാര്‍ക്ക് മെര്‍ക്കലിന്റെ താക്കീത്

Published on 29 August, 2020
 കോവിഡ് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് യാത്രാ വേണ്ടാ; ജര്‍മന്‍ പൗരന്മാര്‍ക്ക് മെര്‍ക്കലിന്റെ താക്കീത്


ബര്‍ലിന്‍: കൊറോണ വൈറസ് ബാധ വ്യാപകമായ സ്ഥലങ്ങളിലേക്കുള്ള യാത്രാ കഴിവതും ഒഴിവാക്കാന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ജര്‍മന്‍ പൗരന്മാരോട് ആഹ്വാനം ചെയ്തു. ഫെഡറല്‍ ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ആഹ്വാനം.

വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം ശക്തമായി വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ എങ്ങനെ കൂടുതല്‍ കര്‍ക്കശമാക്കാമെന്നാണ് അഞ്ച് മണിക്കൂര്‍ ദീര്‍ഘിച്ച യോഗം ചര്‍ച്ച ചെയ്തത്.
ജര്‍മനിയില്‍ അടിയ്ക്കടി വര്‍ധിക്കുന്ന രോഗബാധ കുറയ്ക്കാനുള്ള പുതിയ നിയമങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സ്വകാര്യ ആഘോഷങ്ങള്‍ ഉള്‍പ്പടെ വര്‍ഷാവസാനം വരെ പ്രധാന ഇവന്റുകളൊന്നുമില്ല, സീസണിന്റെ ആരംഭം കാണികളില്ലാതെ ബുണ്ടസ് ലീഗ അരങ്ങേറും. ഒക്ടോബര്‍ 1 മുതല്‍ 5 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍, എക്‌സിറ്റ് കാര്‍ഡുകള്‍ ഡിജിറ്റലാകും. കൊറോണ അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകുന്ന പൗരന്മാരെ പിന്തിരിപ്പിക്കും.

അതേസമയം 16 സംസ്ഥാനങ്ങളിലെ സ്‌കൂള്‍ നിയന്ത്രണങ്ങള്‍ ഏകീകരിക്കുന്ന കാര്യത്തില്‍ ഇപ്പോഴും ഓരോ സംസ്ഥാനത്തിന്റെയും താല്‍പര്യമനുസരിച്ച് കാര്യങ്ങള്‍ നടപ്പാകും.

ചാന്‍സലര്‍ മെര്‍ക്കലും 16 സംസ്ഥാനമുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രി ജെന്‍സ് സ്പാനും അടങ്ങുന്ന ടീമാണ് പുതിയ നിയമങ്ങളെ സംബന്ധിച്ച് സമവായത്തിലെത്തിയത്.

പൊതുസ്ഥലങ്ങളില്‍ ഫെയ്‌സ് മാസ്‌ക് ധരിക്കാതെ എത്തുന്നവരില്‍ നിന്ന് അമ്പത് യൂറോ പിഴ ഈടാക്കാന്‍ തീരുമാനമായി. കടകളിലും പൊതു ഗതാഗത സംവിധാനങ്ങളിലുമെല്ലാം ഇതു ബാധകമായിരിക്കും.

ഒക്ടോബര്‍ അവസാനം വരെയാണ് രാജ്യത്ത് വലിയ പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഡിസംബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കാനും ആലോചനയുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക