Image

ഈയാണ്ടിലോണത്തിന് ഊഞ്ഞാലിലാടിടേണം : ജലജപ്രഭ

Published on 29 August, 2020
ഈയാണ്ടിലോണത്തിന് ഊഞ്ഞാലിലാടിടേണം : ജലജപ്രഭ
പോയാണ്ടിലോണത്തിന് 
ഊഞ്ഞാലിലാടിയില്ല
ഈയാണ്ടിലോണത്തിന് ഊഞ്ഞാലിലാടിടേണം.. 
എന്നു തുടങ്ങുന്ന ഉടുക്ക് പാട്ട് കേട്ടാണ് ഞങ്ങൾ തിരുവോണ നാളിൽ ഉണർന്നിരുന്നത്. 

തൊട്ടടുത്ത വീട്ടിലെ പാണർസമുദായത്തിലുള്ളമുത്തശ്ശിയമ്മയാണ് ഉടുക്കുമായി വീടുകൾ തോറും അന്ന് പോയി പാടിയിരുന്നത്. ബ്ലൗസില്ലാതെ ഒറ്റ സാരിയിൽ ദേഹം മറച്ചിരുന്ന മുത്തശ്ശിയുടെ ശരീരം ശുഷ്കിച്ചുണങ്ങിയിരുന്നുവെങ്കിലും ശാരീരത്തിന് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല...

 ജാതി വൈവിധ്യം ഇത്രയേറെക്കാണാൻ കഴിയുന്ന മറ്റൊരിടമുണ്ടോ എന്ന് എനിയ്ക്ക് സംശയമാണ്.. 
ഒന്നുറച്ചു കൂവിയാൽ കേൾക്കാവുന്ന ദൂരത്തിലുള്ള അയൽപക്കക്കാർ നാനാജാതിയിൽപ്പെട്ടവർ ആയിരുന്നു... ക്രിസ്ത്യാനി, നായർ, പാണർ, പുലയർ, വാണിയർ, ആശാരി, കൊല്ലൻ, തട്ടാൻ, കുശവർ ,രാജകൊട്ടാരത്തിൻ്റെ താവഴിയിലുള്ള വർമ്മമാർ, തുടങ്ങി വിവിധ ജാതിക്കാർ...
...
ഒരു പക്ഷേ എഴുമറ്റൂർ രാജകുടുംബം എല്ലാ കുലത്തൊഴിലും അറിയാവുന്ന വിവിധ ജാതിക്കാരെ ഈ നാട്ടിൽ കൊണ്ട് പാർപ്പിച്ചതാവാനാണ് സാധ്യത.

രാജകുടുംബം വിറ്റുപോയിക്കഴിഞ്ഞ ഓർമ്മ മാത്രമേ കൊട്ടാരത്തെപ്പറ്റി എനിയ്ക്കുള്ളൂ.

കൊട്ടാരം വാങ്ങിയ ആളെയും നാട്ടുകാർ പാതി കളിയാക്കിയും പാതി കാര്യമായും 'തമ്പുരാനെ ' എന്നു വിളിച്ചു. അവറാൻ തമ്പുരാനെ എന്ന് .

കൊട്ടാരത്തിൻ്റെ പൂമുഖത്തിരുന്ന് ,മച്ചകത്തിരിയ്ക്കുന്ന ദേവി മാരെപ്പറ്റിയും, തുറക്കാത്ത മുറികളെപ്പറ്റിയും അദ്ദേഹം വീരസ്യം മുഴക്കുന്നത് വിടർന്ന മിഴിയോടെ ഞാൻ കേട്ടു നിന്നിട്ടുണ്ട്....

അവിടെയുള്ള ഓരോ വീടുകളിലും ഞാനടങ്ങുന്ന ഒരു പറ്റം പെൺകുട്ടികൾ ഓടിനടന്നു.

സ്വർണ്ണം പണിയുന്ന തൊട്ടടുത്ത വീട്ടിൽ ചെറിയ കുഴലിൽ കൂടി സ്വർണത്തിലേക്ക് തീക്കാറ്റ് ഊതുമ്പോൾ ഉരുകുന്ന സ്വർണ്ണം കണ്ട് അമ്പരന്നു.

പപ്പടമുണ്ടാക്കുന്ന വീട്ടിൽ മാവ് കുഴയ്ക്കുന്നതിനിടയിൽ ചെറിയ ഉളക്ക എൻ്റെ നേരെ നീട്ടിത്തരും അവിടുത്തെ ചേച്ചി.

അതിനടുത്ത വീട്ടിൽ പഞ്ഞി കടഞ്ഞ് മെത്തയുണ്ടാക്കുന്ന മുത്തശ്ശിയ്ക്ക് പഞ്ഞിയും കുരുവും വേർതിരിയ്ക്കാൻ ഒരു കൈത്താങ്ങാകും

ഓണ അവധിയ്ക്ക് രാവിലെ വീട്ടിൽ നിന്ന് അമ്മവീട്ടിലേക്ക് ഇറങ്ങിയാൽ ഓരോ വീട്ടിലും കയറി ഹാജരു വച്ച് അവിടുത്തെ കുട്ടിയെയും കൂട്ടിയാണ് ഓണക്കളികൾ അരങ്ങേറുന്ന അമ്മ വീട്ടിലെത്തുക. തിരിച്ച് സന്ധ്യയോടെ വീട്ടിലെത്തും: ഇവിടെയില്ലെങ്കിൽ അവിടെയുണ്ടാവുമെന്ന് രണ്ടു വീട്ടുകാരും കരുതും... നഷ്ടപ്പെട്ടു പോയിരുന്നെങ്കിൽ രണ്ടു ദിവസം കഴിഞ്ഞേ മനസ്സിലാകുകയുള്ളൂ. ഇക്കാലത്തെപ്പോലെ ഫോണും സൗകര്യവുമുണ്ടായിരുന്നില്ലല്ലോ .

അമ്മ വീട്ടിലേയ്ക്കോടും വഴി ഇരുമ്പുപണിയുന്ന ആലയിൽ കയറി പഴുത്ത് സ്വർണ നിറമ്പുള്ള ഇരുമ്പിൽ ,കൂടം പതിയുന്നതും ക്രമേണ അതിന് കത്തിയുടെ യോ തൂമ്പയുടെയോ ഒക്കെ ആകൃതി കൈവരുന്നതും കണ്ടു നിൽക്കും: ഉലയിൽ നിന്നും തീക്കാറ്റുണ്ടാക്കുന്ന ചെപ്പടിവിദ്യ എത്ര ശ്രമിച്ചിട്ടും സ്വായത്തമായതില്ല...
..

തോടിനിടതു വശത്ത് വഴിയാകും ചില ദിവസത്തെ സഞ്ചാരം: അവിടെ തമിഴ്നാട്ടിൽ നിന്നെത്തിയ കച്ചവട കുടുംബമുണ്ട്. അവിടുത്തെ ഇളയ പെൺകുട്ടിയ്ക്ക് ആജാനുബാഹുവായ ആറ് ആങ്ങളമാർ: അവൾക്കൊപ്പം അവരുടെ കൈകളിൽ തൂങ്ങിയാവും ബാക്കി യാത്ര.

വീടുതോറും കയറിയിറങ്ങുന്നതിന് വീട്ടിൽ അല്ലറ ചില്ലറ വഴക്കൊക്കെ പറയുമായിരുന്നെങ്കിലും അതൊന്നും അത്ര കാര്യമായി ഗൗനിച്ചിരുന്നില്ല

അമ്മവീടിന് തൊട്ടടുത്ത വീട്ടിലെ കളിക്കൂട്ടുകാരുടെ അഛൻ ആയിരുന്നു എൻ്റെ തലമുടി വെട്ടാൻ വരുന്നത് എന്നതിനാൽ ആ വീട്ടിൽ മാത്രം പാത്തും പതുങ്ങിയെ കയറുകയുള്ളൂ.

അമ്മവീട്ടിൽ ചെന്നാൽ പുലിയും പശുവും തുമ്പിതുള്ളലും ഉൾപ്പെടെ നൂറു കൂട്ടം കളികളാണ്.

" ഒന്നാനാം കൊച്ചുതുമ്പി എൻ്റെ കൂടെപ്പോരുമോ നീ?
നിൻ്റെ കൂടെപ്പോന്നാലോ എന്തെല്ലാം തരുമെനിയ്ക്ക്? 
എന്നു തുടങ്ങുന്ന ഉറക്കുപാട്ടിൽ മയങ്ങിപ്പോകുന്ന തുമ്പിയെ ഉണർത്തണമെങ്കിൽ,

ഒന്നാനാം വമ്പൻ തുമ്പീ മലരമ്പനെ കണ്ടോ നീയ്യ് ?
ഇന്നലേം കണ്ടേ ഞാനാ പൂഞ്ചോലക്കാവിൽ വച്ച്
പിച്ചകമാലേം കെട്ടി പെട്ടെന്ന് വന്ന മാരൻ
....
എന്ന ഉണർത്തുപാട്ടു പാടണമത്രെ.

ഞാനിങ്ങനെ ഓരോ വീടും വിഭിന്ന 'ജാതിയുമൊക്കെ പറയുവാൻ കാരണം ഇത്ര വ്യത്യസ്തത പുലർത്തുമ്പോഴും, ഉച്ചനീചത്വം കൊടികുത്തി വാണിരുന്ന അക്കാലത്ത് പോലും  ഞങ്ങൾ പെൺകുട്ടികൾ എത്ര സുരക്ഷിതരായിരുന്നു എന്ന് പറയുവാനാണ്.

എത്ര സ്വതന്ത്രമായി ഞങ്ങൾ പൂവിറുക്കാനും പൂന്തേനുണ്ണാനും തൊടിയിലും കാട്ടിലും മേട്ടിലുമൊക്കെ ഓടി നടന്നിരുന്നു എന്നു പറയുവാനാണ്... 

അല്പം മുതിർന്നപ്പോൾ ഒരു നാൾ അമ്മ വീട്ടിനടുത്തുള്ള ഏക്കറുകളോളം കാട്പിടിച്ച് കിടക്കുന്ന പറമ്പിൽ, കമ്യൂണിസ്റ്റ് പച്ചയിൽ പടർന്നു കിടക്കുന്ന പുല്ല് പറിച്ചു പശുവിന് കൊടുക്കാനായി കയറി....ആ പറമ്പിൽ വച്ചാണ് മുമ്പ് അവിടെത്തളച്ചിരുന്ന ആനയുടെ മുമ്പിൽ പെട്ടു പോയതും ആന മുന്നിലിരുന്ന ചരുവം വലിച്ചെന്നെ എറിഞ്ഞതും... ഇടഞ്ഞ കൊമ്പനെ അവിടെ കെട്ടിയിരുന്നെന്നറിയാതെ പെട്ടു പോയതാണ്.

പുല്ല് വലിച്ചെടുക്കുമ്പോൾ ഒരു സ്വരം

ആരാ കാട്ടിൽ ?
ഞാനാ...
ഏത് ഞാൻ?
ചോദിച്ചയാൾ കാട്ടിലേക്ക് കയറി വന്നു.
ഇരുപത് ഇരുപത്തഞ്ചു വയസ്സുള്ള പയ്യൻ.....

കാട്ടിൽ നിന്ന് ഇറങ്ങിക്കേ...  വല്ല പാമ്പും കാണും... വീട്ടിൽ പോ...
എന്നെ വഴക്ക് പറഞ്ഞ് ബലമായി കാട്ടിനു പുറത്തിറക്കി

എനിയ്ക്ക് അന്ന് 13 വയസ്സുകാണും.

പക്ഷേ അന്ന് ആരും ഇത്ര വേഗം പെൺകുഞ്ഞുങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിയ്ക്കില്ലായിരുന്നു.

നാവ് ചൂഴ്ന്നെടുക്കാറില്ലായിരുന്നു.
.. ....
തോവാളപ്പൂക്കൾ വരാതെയായ ഈ ഓണത്തിന് പ്രിയപ്പെട്ട പെൺകുഞ്ഞുങ്ങൾ കാടു തോറും മലകൾ തോറും വയലുകൾ തോറും യഥേഷ്ടം ഓടിനടന്ന് തുമ്പപ്പൂക്കൾ, അരി പൂക്കൾ, കാക്കപ്പൂക്കൾ നുള്ളട്ടെ

ചില്ലകൾ ചായ്ച്ചു കൊടുക്കാനും പൂവട്ടികൾ ചുമക്കാനും പൂവിറുക്കാൻ കൂട്ടു പോകാനും നല്ല ആൺ സൗഹൃദങ്ങളുണ്ടാവട്ടെ.

എല്ലാവർക്കും നന്മയുടെയും സമൃദ്ധിയുടെയും ഒരു നൂറ് ഓണങ്ങൾ ആശംസിയ്ക്കുന്നു
Join WhatsApp News
പത്മ 2020-08-29 15:20:12
ശരിയാണ് ജലജഹഞ്ഞതു്. അന്നൊരിക്കലും നാട്ടിലെ ഒരു പെൺകുഞ്ഞിനെ കൂട്ടത്തിലൊരാണ കുട്ടി പീഡിപ്പിച്ചിരുന്നില്ല. ഇന്നിപ്പോഴാരെങ്കിലും കുട്ടിയെ ഒറ്റയ്ക്കു വിടാൻ ധൈര്യം കാണിക്കുമോ? നല്ല ഹൃദ്യമായ ഓർമകൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക