Image

നാടകത്തിൻ്റെ മനമറിഞ്ഞ് ഫോമയും കുയിലാടനും: പിന്തുണയുമായി നാടക ചലച്ചിത്രലോകവും

അനിൽ പെണ്ണുക്കര Published on 27 August, 2020
നാടകത്തിൻ്റെ മനമറിഞ്ഞ് ഫോമയും കുയിലാടനും: പിന്തുണയുമായി നാടക ചലച്ചിത്രലോകവും
നാടകം ഒരു വികാരമാണ് മലയാളികൾക്ക് .പക്ഷെ നാടകത്തിൻ്റെ മനമറിയുക പ്രയാസം.കാരണം നാടകത്തെ അറിയണമെങ്കിൽ മനുഷ്യനെ മനസിലാക്കണം ,മനുഷ്യൻ്റെ ജീവിതാവസ്ഥകൾ മനസിലാക്കണം.കാരണം നാടകം കാണികൾക്ക്  മുൻപിൽ പ്രത്യക്ഷപ്പെടുമ്പോൾ നമ്മൾ കാണുന്നത് നമ്മുടെ തന്നെ വ്യത്യസ്തതയാർന്ന ജീവിതങ്ങളാണ്.

ഈ ജീവിതങ്ങളെ കോവിഡ് കാലത്ത് ഒരുമിച്ച് കൂട്ടുകയാണ് അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയും,ഫോമയുടെ നാഷണൽ കമ്മറ്റി മെമ്പർ ആയ ശ്രീ.പൗലോസ് കുയിലാടനും . കേരളത്തിലെ അറിയപ്പെടുന്ന നാടക പ്രവർത്തകനാണ്  പൗലോസ് കുയിലാടൻ.അമേരിക്കയിൽ  എത്തിയപ്പോഴും തൻ്റെ നാടക സ്നേഹവും, നാടകാഭിനയവും അദ്ദേഹം മാറ്റി വച്ചില്ല.ജീവിതത്തിൻ്റെ ഭാഗമായിത്തന്നെ ഒപ്പം നടത്തി.അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ ചെറുനാടകങ്ങളുമായി ഓടിയെത്തി.

കൊറോണ രോഗവ്യാപനത്തിൻ്റെ തുടക്കത്തിൽ ലോകം നിശ്ചലമായ അവസ്ഥയിൽ അമേരിക്കയിലെ എല്ലാ കലാകാരൻമാരെയും ഉൾപ്പെടുത്തി ഒരു കലാ ഗ്രൂപ്പ് ഫേസ് ബുക്കിലും, വാട്സ് അപ്പിലും തുടങ്ങി. പ്രതിഭകൾ സ്വന്തം വീട്ടിലിരുന്ന് പാടുകയും, അഭിനയിക്കുകയും, മിമിക്രി അവതരിപ്പിക്കയും ചെയ്തു.കോവിഡ് വ്യാപനത്തിനിടയിൽ അത്തരം നിമിഷങ്ങൾ പലർക്കും വളരെ വലിയ അനുഭവമായി. അപ്പോഴാണ് കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുടുംബങ്ങളെയും കലാകാരന്മാരെയും  കോർത്തിണക്കി ഒരു നാടകം മൊബൈലിൽ ചിത്രീകരിച്ച് വിലയിരുത്തുക എന്ന ആശയം പൗലോസ് കുയിലാടൻ തൻ്റെ ഫോമയിലെ നാടക സുഹൃത്തുക്കൾക്ക് മുന്നിൽ മുന്നോട്ട് വയ്ക്കുന്നത്. ഫോമ സഹർഷം അത് ഏറ്റെടുക്കുകയും ചെയ്തതോടെ നാടക മത്സരത്തിന് മനോഹരമായ ഒരു പ്ലാറ്റ്ഫോം ഉണ്ടായി.

" മനുഷ്യനും അദൃശ്യനായ കൊറോണയും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി എഡിറ്റിംഗ് കൂടാതെ ഒരു നാടകം . പത്ത് മിനിട്ട് ദൈർഘ്യത്തിൽ ഒറ്റ സ്റ്റാറ്റിക് ഫോണിൽ ഷൂട്ട് ചെയ്യണം എന്ന് മാത്രം. ഓഗസ്റ്റ് 31നകം ലഭിക്കുന്ന നാടകങ്ങൾ പ്രശസ്ത നടനും, നിര്‍മ്മാതാവും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രീ ജഡ്ജിംഗ് പാനല്‍ പാനലില്‍ പ്രഗത്ഭരായ കൊച്ചിന്‍ ഷാജി, മിത്രാസ് രാജന്‍, ചാക്കോച്ചന്‍ ജോസഫ് എന്നീ  വിദഗ്ദ്ധ സമിതി പരിശോധിക്കും. തിരഞ്ഞെടുക്കുന്ന നാടകങ്ങളുടെ വിധികർത്താക്കൾ കേരളത്തിലെ മികച്ച നാടകാചാര്യന്മാരാണ് .ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്ന നാടകങ്ങൾക്ക് ക്യാഷ് പ്രൈസ്  നൽകും.മികച്ച നാടകത്തിനുള്ള ഒന്നാം സമ്മാനമായ 750 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സിജില്‍ പാലയ്ക്കലോടി, രണ്ടാം സമ്മാനമായ 500 ഡോളര്‍ - അനിയന്‍ ജോര്‍ജ്, മൂന്നാം സമ്മാനം 300 ഡോളര്‍- തോമസ് ടി. ഉമ്മൻ . കൂടാതെ മികച്ച നടന്‍- 150 ഡോളര്‍- ടി. ഉണ്ണികൃഷ്ണന്‍, മികച്ച നടി- 150 ഡോളര്‍ വില്‍സണ്‍ ഉഴത്തില്‍, ബെസ്റ്റ് ഡയറക്ടര്‍ 150 ഡോളര്‍- ജിബി എം. തോമസ്, ബെസ്റ്റ് സ്‌ക്രിപ്റ്റ് 150 ഡോളര്‍- ജോസ് മണക്കാട്ട്, പ്ലാക്കുകള്‍, ട്രോഫികള്‍ - ബിജു ആന്റണി മിയാമി എന്നിവരും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു.കൂടാതെ ജോയ് ആലുക്കാസ് ,സിജോ വടക്കൻ ,ജിനോ കുര്യാക്കോസ് എന്നിവർ നൽകുന്ന സമ്മാനങ്ങളും നൽകുന്നതാണ്

ഫോമാ നാടക മേളയ്ക്ക് അമേരിക്കയിലുള്ള നാടക പ്രേമികൾക്കും കലാസ്വാദകർക്കും പെങ്കെടുക്കാൻ അവസരം ലഭിക്കും. ഇതിനോടകം മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന നാടക മേളയ്ക്ക് മലയാള സിനിമ നാടക മേഖലയിലെ പ്രഗത്ഭർ പിന്തുണയുമായി എത്തിയതോടെ നാടക / സിനിമ സദസുകളിലും ഈ മേള ശ്രദ്ധക്കപ്പെട്ടു കഴിഞ്ഞു. കെ.പി. എ.സി നാടകങ്ങളിലൂടെ മലയാളിയുടെ മനസിൽ ഇടം നേടിയ നടിയും സംഗീത നാടക അക്കാദമി അദ്ധ്യക്ഷയുമായ കെ.പി.എ.സി. ലളിത, സ്വാതി തിരുനാൾ എന്ന നാടകത്തിലൂടെ ശ്രദ്ധേയനായി സിനിമയുടെ തട്ടകത്തിലേക്ക് വന്ന സായി കുമാർ, നാടക നടനും ചലച്ചിത്ര താരവുമായ ഹരീഷ്  പേരടി,നാടക നടനും സംവിധായകനുമായ ജോയ് മാത്യു ,നാടക തറവാട്ടിലെ തന്നെ കണ്ണിയായ ഷമ്മി തിലകൻ, നാടകങ്ങളിലൂടെ സിനിമയിലെത്തിയ തമ്പി ആൻ്റണി, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യാപകനായിരുന്ന ശിവ പ്രസാദ് തുടങ്ങിയവർ ഫോമാ നാടക മേളയ്ക്ക് നിറഞ്ഞ ആശംസകളുമായി എത്തിക്കഴിഞ്ഞു. സായികുമാറും ,ഷമ്മി തിലകനും പുതിയ ചിത്രങ്ങൾക്കായി പുതിയ മേക്ക് ഓവറിൽ ആയതിനാൽ ഓഡിയോയിലൂടെ പ്രതികരിച്ചപ്പോൾ, മറ്റുള്ളവർ വീഡിയോ മാധ്യമത്തിലൂടെ നാടക മേളയ്ക്ക് വേണ്ട പിന്തുണ നൽകി.

" സിനിമ നാടക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രഗത്ഭർ തൻ്റെ എളിയ ശ്രമത്തിന് പിന്തുണ അറിയിച്ചതിലും ഫോമ എന്ന സംഘടന അതിനായി പ്ലാറ്റ് ഫോം ഒരുക്കി പിന്തുണ നൽകിയതിലും കടപ്പാടും സ്നേഹവും ഉണ്ടെന്ന് പൗലോസ് കുയിലാടൻ ഇ - മലയാളിയോട് പറഞ്ഞു. കെ.പി. എ. സി.ലളിത തൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ അമേരിക്കയിലെ നാടകപ്രേമികൾക്കായി ഒരു വീഡിയോ ഫുട്ടേജ് നൽകിയതിൽ അതിയായ സന്തോഷമുണ്ട്.കൂടാതെ
ഹരീഷ് പേരടി,സായികുമാർ ,ഷമ്മി തിലകൻ, ജോയ് മാത്യു ,ശിവ പ്രസാദ്, തമ്പി ആൻ്റണി എന്നിവരും നാടക മേളയ്ക്ക് വാക്കുകളിലൂടെ അനുഗ്രഹം ചൊരിഞ്ഞു.നാടക പ്രവർത്തകൻ എന്ന നിലയിൽ ഇവയെല്ലാം വലിയ അംഗീകാരമായാണ് നോക്കിക്കാണുക.

ഫോമ നൽകിയ പിന്തുണയും ചെറുതല്ല. ഫോമാ പ്രസിഡൻ്റ് ഫിലിപ്പ് ചാമത്തിൽ നൽകിയ പിന്തുണ എടുത്തു പറയണം. ഫോമാ കൺവൻഷൻ തന്നെ മാറ്റി വയ്ക്കപ്പെട്ട ഒരു സാഹചര്യത്തിൽ ഇത്തരം ഒരു കലാ കൂട്ടായ്മയുടെ വ്യാപ്തി തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ഫോമയ്ക്കും സാധിച്ചു.പൗലോസ് കുയിലാടൻ കൂട്ടിച്ചേർത്തു .

 ഫോമാ നാടക മേളയുടെ സമൃദ്ധമായ സംഘാടനത്തിന് നാഷണൽ കോ-ഓർഡിനേറ്ററായ പൗലോസ് കുയിലാടനെ  കൂടാതെ നെവിൻ ജോസ് (കൺവീനർ), ജോസഫ് ഔസോ (കാലിഫോർണിയ) ,സണ്ണി കല്ലൂപ്പാറ ( ഇല്ലിനോയ്സ് ), ബിജു തൈച്ചിറ), നോയൽ മാത്യു (ഫ്ലോറിഡ), മീര പുതിയേടത്ത് (ജോർജിയ), സെൻസ് കുര്യൻ (ടെക്സസ്), ജിജോ ചിറയിൽ (ഒർലാൻഡോ)എന്നിവരും ഈ സംരംഭത്തിന് പിന്നിൽ സജീവമാണ്.

"ഫോമയെ സംബന്ധിച്ചിടത്തോളം ഈ നാടക മേള ഒരു പുതിയ അനുഭവം സമ്മാനിക്കുന്നു. ലോക് ഡൗൺ കാലത്ത് തുടങ്ങി വച്ച ഓൺലൈൻ കലാ സാധ്യതകൾക്ക് ഒരു പ്ലാറ്റ്ഫോം ആയി പ്രവർത്തിക്കുവാൻ ഫോമയ്ക്ക് സാധിച്ചതിൽ അതിയായ സന്തോഷവും ചാരിതാർത്ഥ്യവും ഉണ്ടെന്ന് ഫോമാ പ്രസിഡൻ്റ് ഫിലിപ്പ് ചാമത്തിലും  അറിയിച്ചു. വലിയ തിരക്കുകളിൽ നിന്നൊഴിഞ്ഞ് നിൽക്കുന്ന ഈ കൊറോണക്കാലത്ത് ഓരോ നാടക കലാകാരന്മാരുടെയും  മനസിലുള്ള നാടകാനുഭവങ്ങളെ പ്രേക്ഷകർക്ക് മുൻപിലെത്തിക്കുവാൻ ഫോമയുടെ നാടക മേള സംരംഭത്തിന് സാധിച്ചതായും ഫിലിപ്പ് ചാമത്തിൽ കൂട്ടിച്ചേർത്തു "

വലിയ ഒരു കലാ കൂട്ടായ്മയ്ക്കാണ് ഫോമാ തുടക്കമിട്ടിരിക്കുന്നത്. സിനിമയുടെയും, ഷോർട്ട് ഫിലിമിൻ്റെയും കാലത്ത്  ,മൊബൈൽ ഫോണിൽ പോലും ചെറിയ സിനിമകൾ ചെയ്യുന്ന കാലത്ത് നാടകത്തെ ഇഷ്ടപ്പെടുന്നവർക്ക് പത്തു മിനിട്ടിനുള്ളിൽ ഒരു നാടകം റഡിയാക്കി ഒരു പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ച് ഷൂട്ട് ചെയ്ത് ഓരോ വീടുകളേയും കാണികളാക്കി മാറ്റാൻ ,ഏത് പ്രതിസന്ധികളേയും അതിജീവിക്കാൻ പ്രേരിപ്പിക്കാൻ നടി നടൻമാരും കാണികളും നേരിട്ട് സംവദിക്കുന്ന നാടകത്തിനായി ഫോമ ഒരു വേദിയൊരുക്കിയതിൽ കലാ സ്നേഹികൾക്കൊപ്പം സന്തോഷിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ അമേരിക്കയിലെ കലാകാരന്മാർക്കായി തുടങ്ങിയ നാടകമത്സരമെങ്കിലും ഇനിയുള്ള വർഷങ്ങളിൽ അന്താരാഷ്ട്ര നാടകമേ ളയായി സംഘടിപ്പിക്കാൻ ശ്രമിച്ചാൽ കേരളത്തിലെ ചില നാടക പ്രേമികൾക്ക് പങ്കെടുക്കുവാനും മത്സരത്തിൻ്റെ പ്രൈസ് തുക അവശതയനുഭിക്കുന്ന നാടക കലാകാരന്മാർക്ക് വലിയ സഹായമായി തീരുകയും ചെയ്യും എന്നതിൽ സംശയമില്ല.

പൗലോസ് കൂയിലാടനും ഫോമയ്ക്കും ആശംസകൾ....
നാടകത്തെ ഓർമ്മിച്ചതിന് ..
അതിനായി വേദി ഒരുക്കിയതിന് ..


നാടകത്തിൻ്റെ മനമറിഞ്ഞ് ഫോമയും കുയിലാടനും: പിന്തുണയുമായി നാടക ചലച്ചിത്രലോകവും നാടകത്തിൻ്റെ മനമറിഞ്ഞ് ഫോമയും കുയിലാടനും: പിന്തുണയുമായി നാടക ചലച്ചിത്രലോകവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക