Image

ഓണം;മലയാളിയുടെ മനസ്സിന്റെ ഹൃദയമിടിപ്പ് (അത്തം പത്ത് -4: മിനി വിശ്വനാഥൻ)

Published on 27 August, 2020
ഓണം;മലയാളിയുടെ മനസ്സിന്റെ ഹൃദയമിടിപ്പ് (അത്തം പത്ത് -4:  മിനി വിശ്വനാഥൻ)
കർക്കിടക മഴയിൽ നനഞ്ഞു റങ്ങിക്കിടക്കുന്ന അടുക്കളക്ക് പുതു പ്രസാദം വരുന്നത് ചിങ്ങവെയിൽ ആകാശവും കവിഞ്ഞ് ഭൂമിമലയാളം മുഴുവനായും പരക്കുന്നതോട് കൂടിയാണ്.

കർക്കിടക മഴയിൽ അടുക്കള നിറഞ്ഞിരിക്കുന്ന ഉപ്പുമാങ്ങകളും, ചക്കക്കുരുവും, തൊണ്ടൻ വെള്ളരിക്കകളും, ഉലുവക്കഞ്ഞിയും കർക്കിടക മരുന്നുകളും ചിങ്ങവെയിലോടെ കുഞ്ഞകങ്ങളുടെ പിൻപുറത്തേക്ക് മാറും.
അതിനിടെ ഒളിച്ചു കളിക്കുന്ന മഴയ്കും വെയിലിനുമിടയിൽ പുതുനാമ്പുകളിൽ പൂക്കളും കായ്കളുമായി പറമ്പ് നിറയെ പച്ചക്കറികൾ നിറഞ്ഞു തുടങ്ങും.

മൂത്ത് പാകമായ നേന്ത്രക്കുലകൾ വടക്കേ മൂലയിൽ എത്തിയാൽ പിന്നെ കാത്തിരിപ്പില്ല. ഓണ ഒരുക്കങ്ങളിൽ ഒന്നാമത്തെ ഇനമാണ് വറുത്തുപ്പേരിയും ശർക്കരപുരട്ടിയും. നേന്ത്രക്കായ തൊലി കളഞ്ഞ് നാലാക്കി നുറുക്കി ചേർത്ത് വറുത്തുപ്പേരിയും , പകുതി മുറിച്ച് വറുത്ത് ശർക്കര പാവിൽ പാകത്തിന് ചേർത്തെടുത്ത് ചുക്കുപൊടി വിതറിയുണ്ടാക്കുന്ന ശർക്കര പുരട്ടിയും വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച്  അടുക്കയുടെ മുകൾത്തട്ടിൽ അത്തത്തിനു മുന്നേ തന്നെ സ്ഥാനം പിടിക്കും.

അത്തം മുതലിങ്ങോട്ട് ഒരുക്കങ്ങളാണ്.
പ്രജാക്ഷേമതത് പരനായ മഹാബലി തന്റെ നാടുകാണാനും, പ്രജകളുടെ വീടുകൾ കാണാനും വരുമ്പോൾ വീടും പരിസരവും വൃത്തിയാക്കലാണ് ആദ്യത്തെ പണി. കാടും പുല്ലും ചെത്തിയൊരുക്കി വീട്ടു പരിസരവും സുന്ദരമാക്കും. ഓണപ്പൂക്കൾ തേടിയലയുമ്പോഴും ചെക്കിയും അശോകവും കൃഷ്ണകിരീടവുമൊക്കെ പിന്നേക്ക് വെക്കും. അത്തത്തിനും ചിത്തിരക്കുമൊക്കെ മുറ്റം പൂത്താൽ മതി. ഓണമടുക്കുമ്പോഴേക്ക് അതു പറ്റില്ല. കാടും പടലും നടന്നുകയറി സാഹസികമായി തരാതരം നിറത്തിലും വലുപ്പത്തിലുമുള്ള പൂക്കൾ സംഘടിപ്പിക്കണം. പൂക്കളത്തിലെ വർണ്ണ വൈവിദ്ധ്യം ആത്മ സംതൃപ്തിക്കുപരിയായി അയൽക്കാരെ കൊതിപ്പിക്കാനും കൂടിയുള്ളതാണ്. ഏതു നാട്ടിലെയും കുട്ടികൾക്ക് ഓണസദ്യയെക്കാൾ പ്രധാനം പൂക്കളം തന്നെ.
വടക്കെ മലബാറിൽ കണ്ണൂർ ഭാഗത്ത് ഓണത്തപ്പനായ വിഷ്ണുവിനെ ആരാധിക്കുന്ന പതിവില്ല. രാക്ഷസ രാജാവായ മഹാബലിക്ക് മാത്രമാണ് സ്വീകരണം.
ഓണത്തിന്റെ ചടങ്ങുകളും സദ്യവട്ടത്തിലെ വിഭവങ്ങളുടെ തരവും ദേശഭേദമനുസരിച്ച്  മാറിക്കൊണ്ടിരിക്കുമെങ്കിലും ഓണമെന്ന വികാരം ഏതു നാട്ടിലെത്തിയാലും മലയാളിയുടെ മനസ്സിന്റെ ഹൃദയമിടിപ്പാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക