Image

ഒളീവിയ കള്‍പോ മിസ് യുഎസ്എ; ചിക്കന്റെ കാര്യത്തില്‍ ഒബാമയ്ക്കും റോംനിയ്ക്കും ഒരേ മനസ്

Published on 04 June, 2012
ഒളീവിയ കള്‍പോ മിസ് യുഎസ്എ; ചിക്കന്റെ കാര്യത്തില്‍ ഒബാമയ്ക്കും റോംനിയ്ക്കും ഒരേ മനസ്
ലാസ്‌വെഗാസ്: റോഡ് ഐലന്‍ഡില്‍ നിന്നുള്ള 20കാരി ഒളീവിയ കള്‍പോ മിസ് യുഎസ്എ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ലാസ്‌വെഗാസിലെ പ്ലാനറ്റ് ഹോളിവുഡ് റിസോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ 51 പേരെ പിന്തള്ളിയാണ് ഒളീവിയ യുഎസിന്റെ സൗന്ദര്യറാണിപ്പട്ടം സ്വന്തമാക്കിയത്. ഇതോടെ ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ യുഎസിനെ പ്രതിനിധീകരിക്കാനും ഒളീവയക്ക് അവസരമൊരുങ്ങി. ഫൈനലില്‍ കടുപ്പമേറിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറാതെയാണ് ഒളീവിയോ സൗന്ദര്യറാണിപ്പട്ടം അണിഞ്ഞത്. ഉഭയലിംഗമുള്ള ഒരാളെ സൗന്ദര്യറാണിയായി തെരഞ്ഞെടുത്താല്‍ അത് ന്യായീകരിക്കാനാവുമോ എന്നതായിരുന്നു ഒളീവയക്ക് ഉത്തരം നല്‍കേണ്ടിവന്ന അവസാന ചോദ്യം. ഇതിനുമുന്നില്‍ പതറാതെ അത് നീതീകരിക്കാനാവില്ലെന്ന് ഒളീവിയ മറുപടി നല്‍കി. സൗന്ദര്യമെന്നത് നിങ്ങള്‍ മറ്റുള്ളവരെ എങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന ഒളീവിയോയുടെ മറുപടിയും ജൂറിയെ സംതൃപ്തരാക്കി.

ചിക്കന്റെ കാര്യത്തില്‍ ഒബാമയ്ക്കും റോംനിയ്ക്കും ഒരേ മനസ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിക്കുന്ന പ്രസിഡന്റ് ബറാക് ഒബാമയും റിപ്പബ്ലികക്ന്‍ സ്ഥാനാര്‍ഥിയും തമ്മില്‍ എന്തെങ്കിലും കാര്യത്തില്‍യോജിപ്പുണ്‌ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നാവും ആരും ഉത്തരം പറയുക. എന്നാല്‍ മൂന്നു കാര്യങ്ങളില്‍ ഇരുവര്‍ക്കും ഒരേ മനസാണെന്നാണ് വെളിപ്പെടുത്തല്‍. ഏതൊക്കെയാണെന്നല്ലെ. ഒന്ന് ഗ്രില്‍ഡ് ചിക്കന്‍. രണ്ട് ഐപാഡ്, മൂന്ന് എബിസി ചാനലിലെ മോചേണ്‍ ഫാമിലി. ഈ മൂന്ന് കാര്യങ്ങളൊഴികെ ബാക്കിയെല്ലാ കാര്യങ്ങളിലും ഇരുവരും വിരുദ്ധ ധ്രുവങ്ങളില്‍ തന്നെയാണെന്ന് അഭിപ്രായ റിപ്പോര്‍ട്ടില്‍ പറയുന്നു.

റോംനിയ്ക്ക് പിന്തുണയേറി; ഒബാമ ജനപ്രിയന്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ മിറ്റ് റോംനിയുടെ ജന പിന്തുണയേറിയെന്ന് സര്‍വെ. എന്നാല്‍ പ്രസിഡന്റ് ബറാക് ഒബാമ തന്നെയാണ് ഇപ്പോഴും ജനപ്രിയനെന്നും സിഎന്‍എന്‍/ഒആര്‍സി സര്‍വെ പറയുന്നു. പുതിയ സര്‍വെ അനുസരിച്ച് റോംനിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഫെബ്രുവരിയിലെ 34 ശതമാനത്തില്‍ നിന്ന് 48 ശതമാനമായി ഉയര്‍ന്നു. പിന്തുണയ്ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്‌ടെങ്കിലും ജനപ്രിയതയില്‍ റോംനിയ ഇപ്പോഴും ഒബാമയ്ക്ക് ഏറെ പിന്നിലാണ്. 56 ശതമാനമാണ് ഒബാമയുടെ ജനപ്രിയതയെന്ന് സര്‍വെ പറയുന്നു. 30 വയസിന് താഴെയുള്ള യുവജനതയ്ക്കിടയില്‍ മൂന്നില്‍ രണ്ടു പേരും ഒബാമയെ പിന്തുണയ്ക്കുന്നുവെന്നും സര്‍വെ പറയുന്നു. എന്നാല്‍ റോംനിയെ 10ല്‍ നാലു പേര്‍ മാത്രമെ ഇപ്പോഴും അനുകൂല നിലപാട് സ്വീകരിക്കുന്നുള്ളു. ഒരു പ്രസിഡന്റിനുവേണ്ട നേതൃഗുണവും വ്യക്തിത്വവുമുള്‌ള നേതാവാണ് ഒബാമയെന്ന് 51 ശതമാനം പേരും കരുതുന്നു. 42 ശതമാനം പേര്‍ക്കു മാത്രമെ റോംനിയെക്കുറിച്ച് ഈ അഭിപ്രായമുള്ളൂ.

ജോര്‍ജ് സിമ്മര്‍മാന്‍ ഫ്‌ളോറിഡ ജയിലില്‍ തിരിച്ചെത്തി

ഫ്‌ളോറിഡ: ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് ട്രേയ്‌വോണ്‍ മാര്‍ട്ടിന്‍ വെടിയേറ്റു മരിച്ച കേസില്‍ അറസ്റ്റിലായ ജോര്‍ജ് സിമ്മര്‍മാന്‍ ഫ്‌ളോറിഡ ജയിലില്‍ തിരിച്ചെത്തി. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തെറ്റായ വിവരം നല്‍കിയതിനാല്‍ ജാമ്യം റദ്ദാക്കുകയാണെന്നും 48 മണിക്കൂറിനുള്ളില്‍ കീഴടങ്ങണമെന്നും കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. ജാമ്യം അനുവദിക്കാനായി 1,50000 ഡോളറിന്റെ ബോണ്ട് കെട്ടിവെയ്ക്കണമെന്ന് കോടതി സിമ്മര്‍മാനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജാമ്യത്തുക കെട്ടിവെയ്ക്കാന്‍ പണമില്ലെന്നും വെബ്‌സൈറ്റില്‍ നിന്ന് സംഭാവനകളിലൂടെ ലഭിച്ച 1,35000 ഡോളര്‍ മാത്രമെ കൈവശമുള്ളൂ എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് 10 ശതമാനം ജാമ്യത്തുകയിലാണ് കോടതി സിമ്മര്‍മാനെ പുറത്തുവിട്ടത്. സിമ്മര്‍മാന്‍ കോടിതിയില്‍ പറഞ്ഞത് തെറ്റാണെന്ന് കണ്‌ടെത്തിയതിനെത്തുടര്‍ന്നായിരുന്നു കോടതി ജാമ്യം റദ്ദാക്കിയത്.

1,50000 ഡോളര്‍ ബോണ്ടിനുപുറമെ മൂന്ന് ദിവസം കൂടുമ്പോള്‍ എവിടെയാണുള്ളതെന്ന് പോലീസിനെ അറിയിക്കണമെന്നും രാത്രി ഏഴിനും പുലര്‍ച്ചെ ആറിനുമിടയ്ക്ക് പുറത്തിറങ്ങരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു കോടതി സിമ്മര്‍മാന് ജാമ്യമനുവദിച്ചത്. ഇലക്‌ട്രോണിക് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സിമ്മര്‍മാനെ ട്രാക്ക് ചെയ്യണമെന്നും ആയുധങ്ങള്‍ കൈവശം വെക്കാനോ മദ്യപിക്കാനോ മാര്‍ട്ടിന്റെ കുടുംബാംഗങ്ങളുമായി നേരിട്ടോ മധ്യസ്ഥര്‍ മുഖേനയോ ബന്ധപ്പെടാനോ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഫ്‌ളോറിഡ സംസ്ഥാനത്തിന് പുറത്ത് താമസിക്കാന്‍ അനുവദിക്കണമെന്ന സിമ്മര്‍മാന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

യുഎസ് ചാരന്‍ ഹോങ്കോങ്ങില്‍ അറസ്റ്റില്‍

ബെയ്ജിങ്: യു.എസ് ചാരനെ ചൈനീസ് സുരക്ഷാമന്ത്രാലയം ഉദ്യോഗസ്ഥര്‍ ഹോങ്കോങ്ങില്‍ അറസ്റ്റ് ചെയ്തു. പ്രതിരോധകാര്യ ഉപമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അറസ്റ്റിലായതെന്ന് ഹോങ്കോങ്ങിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് സ്ഥിരീകരിക്കുകയാണെങ്കില്‍ മൂന്ന് മാസത്തിനിടെ ചൈനക്കും അമേരിക്കക്കുമിടയില്‍ ഉരുത്തിരിയുന്ന മൂന്നാമത്തെ നയതന്ത്ര പ്രശ്‌നമായി ഇത് മാറും. സഐഎ ഏര്‍പ്പാടാക്കിയ സുന്ദരിയായ യുവതിയുടെ വലയില്‍ ഉദ്യോഗസ്ഥന്‍ പെടുകയായിരുന്നു. ഉദ്യോഗസ്ഥനെ ബ്‌ളാക്ക്‌മെയില്‍ ചെയ്യുകയും രഹസ്യ രേഖകള്‍ കൈമാറാന്‍ ഉദ്യോഗസ്ഥന്‍ തയാറാകുകയുമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിക്കും മാര്‍ച്ചിനും ഇടയിലാണ് വര്‍ഷങ്ങളായി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വാര്‍ത്തകളെ കുറിച്ച് പ്രതിരിക്കാന്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയാറായില്ല.

ഒളീവിയ കള്‍പോ മിസ് യുഎസ്എ; ചിക്കന്റെ കാര്യത്തില്‍ ഒബാമയ്ക്കും റോംനിയ്ക്കും ഒരേ മനസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക