Image

കുവൈറ്റ് ഇന്ത്യന്‍ എംബസി വിലക്കിയ സംഘടനകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാര്‍ഹം: ഫിറ കുവൈറ്റ്

Published on 26 August, 2020
 കുവൈറ്റ് ഇന്ത്യന്‍ എംബസി വിലക്കിയ സംഘടനകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാര്‍ഹം: ഫിറ കുവൈറ്റ്

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്ന അസോസിയേഷനുകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാര്‍ഹമെന്ന് ഫിറ (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ്) കുവൈറ്റ് . ഒഴിവാക്കപ്പെട്ടിരുന്ന അസോസിയേഷനുകളുടെ പൊതുവേദിയായ ഫിറ കുവൈറ്റ് പ്രതിനിധികളെ എംബസി അധികൃതര്‍ ഫോണില്‍ വിളിച്ചാണ് എംബസിയുമായി തുടര്‍ന്ന് സഹകരിക്കണമെന്ന സന്ദേശം നല്‍കിയത്.

2018 ഏപ്രില്‍ വരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ചെറുതും വലുതുമായ 350ഓളം സംഘടനകളില്‍ , ചില സംഘടനകളെ മാത്രം കാര്യകാരണങ്ങളും മുന്നറിയിപ്പുമില്ലാതെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വിവിധ സംഘടനകള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും എംബസി അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഒന്നുമുണ്ടായിരുന്നില്ല. വിഷയത്തില്‍ സാമൂഹ്യപ്രവര്‍ത്തകനും അന്ന് ലോക കേരള സഭയിലെ അംഗവുമായിരുന്ന ബാബു ഫ്രാന്‍സിസ് ഒഴിവാക്കപ്പെട്ട 30 ഓളം സംഘടനകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഫിറ (ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ് ) എന്ന പൊതുവേദി രൂപീകരിച്ച് രജിസ്‌ട്രേഷന്‍ തിരികെ ലഭിക്കുന്നതിനുള്ള പോരാട്ടം തുടങ്ങി. ഇവരുടെ പരാതികള്‍ വിവിധ സമയങ്ങളില്‍ ഡല്‍ഹിയിലെത്തി രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിട്ടും ചര്‍ച്ചകള്‍ നടത്തിയിട്ടും നടപടി വൈകുകയും ചെയ്ത ഘട്ടത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

മാസങ്ങളായി ഫിറയ്ക്കു വേണ്ടി പോരാട്ടം നടത്തി വന്നിരുന്ന എംപിമാരായ ശരദ് പവാര്‍, ശശി തരൂര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ബെന്നി ബഹ്നാന്‍, വി.കെ. ശ്രീ കണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, കെ സുധാകരന്‍, ടി.എന്‍ പ്രതാപന്‍ , രമ്യ ഹരിദാസ് തുടങ്ങിയവരും വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാരിനോട് പ്രവാസി സംഘടനകള്‍ക്ക് അനുകൂല നടപടി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വൈകുന്നതിനാല്‍ പ്രസ്തുത വിഷയത്തില്‍ 2020 ജൂണ്‍ മാസത്തില്‍ വീണ്ടും പ്രശ്‌ന പരിഹാരത്തിനായി വിദേശ കാര്യ സെക്രട്ടറിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് പുതിയ സ്ഥാനപതിയായി ചുമതലയേറ്റ സിബി ജോര്‍ജ് ഒഴിവാക്കിയ സംഘടനകളെയെല്ലാം വീണ്ടും സഹകരിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

പ്രവാസി സംഘടനകളെ വിവേചനമില്ലാതെ ഒന്നിച്ചു ചേര്‍ത്ത് പ്രവാസി സമൂഹത്തെ മുഴുവന്‍ പരിഗണിച്ചു മുന്നോട്ടു പോകാനുള്ള അംബാസഡററുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നും ഫിറ കണ്‍വീനര്‍ ബാബു ഫ്രാന്‍സീസും, സെക്രട്ടറി ചാള്‍സ് പി.ജോര്‍ജും അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക