Image

കുവൈറ്റില്‍ 60 കഴിഞ്ഞ ഒരു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാവും

Published on 26 August, 2020
കുവൈറ്റില്‍ 60 കഴിഞ്ഞ ഒരു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാവും

കുവൈറ്റ് സിറ്റി : പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറപ്പെടുവിച്ച സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ചു അറുപത് വയസു കഴിഞ്ഞ ഒരു ലക്ഷത്തോളം വരുന്ന വിദേശികളുടെ റസിഡന്‍സി പുതുക്കില്ലെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

പുതിയ റസിഡന്‍സി നിയമ ഭേദഗതി പ്രകാരം 60 കഴിഞ്ഞ വിദേശികളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമോ അതില്‍ താഴെയോ ആണെങ്കില്‍ റസിഡന്‍സി പുതുക്കി നല്‍കില്ലെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

15,502 വിദേശികളാണ് 60 വയസിനു മുകളില്‍ പ്രായമുള്ള യൂണിവേഴ്‌സിറ്റി ബിരുദമുള്ളവര്‍. 97,612 വിദേശികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമോ അതില്‍ താഴെയോ ആണ്. ഇവരുടെ റസിഡന്‍സി പുതുക്കാനാവില്ലെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. അറുപത് വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് ഒരു ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതില്‍ താഴെയോ ആണെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തലാക്കുന്നതിനുള്ള തീരുമാനം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ നേരത്തെ പ്രഖ്യാപിച്ചിരുന്നു . പുതിയ തീരുമാനം 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തിലാകും.

രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സര്‍ക്കാര്‍, പാര്‍ലമെന്റ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്ററി മാനവ വിഭവശേഷി വികസന സമിതി നേരത്തെ യോഗം ചേര്‍ന്നിരുന്നു. 2005 നും 2019 നും ഇടയില്‍ കുവൈത്തിലെ ജനസംഖ്യ ഇരട്ടിയിലധികമായാണ് ഉയര്‍ന്നത്. പുതിയ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 4.42 ദശലക്ഷമാണ്. ഈ കാലയളവില്‍ പൗരന്മാരുടെ വര്‍ധന 8,60,000 ല്‍ നിന്ന് 1.335 ദശലക്ഷമായെങ്കില്‍ വിദേശി ജനസംഖ്യയുടെ വര്‍ധന 1.33 ദശലക്ഷത്തില്‍ നിന്ന് 3.08 ദശലക്ഷമാണ്. ജനസംഖ്യയുടെ അസന്തുലിതാവസ്ഥ രാജ്യത്തെ സുരക്ഷ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും സമിതി വിലയിരുത്തിയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക