Image

സുരാസുര മത്സരം - ഓണമെന്ന ദിവസം (സുധീര്‍ പണിക്കവീട്ടില്‍)

Published on 26 August, 2020
സുരാസുര മത്സരം - ഓണമെന്ന ദിവസം (സുധീര്‍ പണിക്കവീട്ടില്‍)
മാവേലി മന്നന്റെ പദവിന്യാസം കേട്ടു
മലന്നാട്ടില്‍ നായക്കള്‍ ''കുര"വയിട്ടു
ബംഗാളി-ആസ്സാമി-ഒറിയ ഹിന്ദുസ്ഥാനി
ഭാഷയില്‍ മാലോകര്‍ പിറുപിറുത്തു
പൂക്കളമില്ലാത്ത വീട്ടുമുറ്റങ്ങളില്‍
തമ്പാക്കു തിന്നുന്നോര്‍ തമ്പടിച്ചു
പൂവ്വിളിയില്ലെങ്ങും, പൂക്കളമില്ലെങ്ങും
ആളുകള്‍ക്കാഹ്ലാദം ഒട്ടുമില്ല
കുന്നിന്‍പുറങ്ങളും മാമരക്കൂട്ടവും
കല്ലോലിനികളും ഒന്നുമില്ല
മരതകപ്പട്ടില്ല മലയാളക്കരയില്ല
ഓണമുടുക്കുന്ന കോടിയില്ല
പട്ടികള്‍ വാഴുന്ന പട്ടിയെപോലുള്ള
മാനുഷരെല്ലാരും ഒന്നുപോലെ
ഒന്നും മുളക്കാത്ത ഒന്നും വളരാത്ത
അഭിശപ്തഭൂമിയായ് ഈ കേരളം
ആകാശം മുട്ടിയുരുമ്മി നില്‍ക്കുന്നൊരു
മണിമന്ദിരങ്ങള്‍ക്ക് പഞ്ഞമില്ല
പൊളിവചനങ്ങള്‍ ഇന്നാനയോളം
നളെയോ ആനക്കെടുപ്പതോളം
കള്ളപ്പണവും കരിംചന്തയുമിന്നീ-
നാടിന്‍ മുഖഛായ മാറ്റിയല്ലോ
നേരില്ല, നെറിയില്ല നീതിയുമില്ലീ
മലന്നാട്ടില്‍ മേന്മകള്‍ അധഃപതിച്ചു
രാവുറങ്ങാത്ത പകലിന്‍ മുഖങ്ങളില്‍
കശ്മലര്‍ കാമം പുരട്ടിടുന്നൂ
അസുരനായ് എന്നെ കരുതിയ ദേവന്മാര്‍
നന്മകളില്‍ നിന്നും വ്യതിചലിച്ചോ?
ദുഃഖിതനായെല്ലാം കണ്ടും കേട്ടിട്ടുമാ-
മാവേലി ദീര്‍ഘനിശ്വാസം വിട്ടു
എന്തിനായെത്തുന്നു പ്രതിവര്‍ഷമീ നാട്ടില്‍
തന്നെയോര്‍ക്കാത്തോരെ കാണ്മതിനായി
എങ്കിലും ഓര്‍ക്കുന്നോര്‍ ഇത്തിരിപേരുണ്ട്
അവരെ നിരാശപ്പെടുത്തുന്നില്ല
ഐശ്വര്യചിഹ്നങ്ങള്‍ മാറിപ്പോയ് നാശത്തിന്‍
മാറാല കെട്ടികഴിഞ്ഞിവിടെ
പൊന്നണിഞ്ഞെത്താറുള്ളീ ചിങ്ങമാസവും
മുക്കുപണ്ടങ്ങളണിഞ്ഞ് നില്‍പ്പൂ
വാമനനെന്നൊരു കുള്ളന്റെ കുതികാലില്‍
ഒരു സ്വര്‍ഗ്ഗരാജ്യം ചിതറി വീണു.
എന്തിനു മക്കളെ വഴിപാടായി വര്‍ഷത്തില്‍
ഈ ദിനമിങ്ങനെ ഓര്‍ത്തിടുന്നൂ.

ശുഭം


Join WhatsApp News
Vayanakkaran 2020-08-26 21:44:39
പായസം ആദ്യം വിളമ്പി. ഇനി സദ്യ കൂടി ആയാൽ കേമായി. സുധീർ സാറിന് അഭിനന്ദനങ്ങൾ! ഓണാശംസകൾ!!
ElcyYohannanSankarathil 2020-08-27 01:24:20
Quite apt a poem for this time, poor Maveli comes this year in the middle of Covid, he must be sad to see the iniquities of our Kerala, we are all sad where our Kerala is going to, let us pray for our country !
2020-08-27 03:52:12
നാട്ടാരെ കാണുവാൻ വന്നതാണു കവി ഇങ്ങനെ ആകുമെന്നോർത്തതില്ല. തടഞ്ഞു നിറുത്തി രണ്ടു പോലീസുകാരെന്നെ ഓല കുടമാറ്റി നോക്കി ഒറ്റ ചോദ്യം . "എന്താണ് നിങ്ങൾ പ്രാവാസിയാണോ എന്താണിവിടത്തെ നിയമം അറിഞ്ഞുകൂടേ ?" "മാവേലിയാണ് ഞാൻ ഓർക്കുന്നില്ലേ നിങ്ങൾ ഏവവും നിങ്ങൾ മറന്നുപോയോ ?" " മാവേലി അല്ല എന്ത് കുന്തമായാലെന്താ മാസ്ക് കെട്ടാതെ നടന്നു കൂടാ " "മാസ്ക് കെട്ടി നടന്നാൽ പിന്നെ ഞാൻ എങ്ങനെ എന്റെ പ്രജകളെ തിരിച്ചറിയും " "എന്താണ് താൻ ഭ്രാന്ത് പുലമ്പുന്നോ പ്രജകളും കോപ്പുകളും ഇല്ലിവിടെ "പിണറായി ആണിവിടത്തെ മുഖ്യനിന്ന് " താൻ വന്ന കാര്യം അങ്ങേരറിഞ്ഞിടേണ്ട "അങ്ങേരെ കാണുവാൻ ചെല്ലുന്ന നേരത്ത് അങ്ങേര് 'സ്വപ്‌ന'-ങ്ങൾ കണ്ടിര്പ്പു " "നിങ്ങളാണോ ഈ നാട്ടിലൂടൊക്കെ മാസ്ക് കെട്ടാതെ നടന്നൊരച്ചൻ? അങ്ങേര് തന്നയാണോ നിങ്ങൾ മാവേലി വേഷം മാറി വന്നതാണോ ?" "എന്തായാലും വേണ്ടില്ല മാസ്ക് കെട്ടാതെ കേരളത്തിലൂടെ നടന്നു കൂടാ " രൂപവും ഭാവവും ഇല്ലാത്തോ'രണു' എവിടുന്നോ വന്നിവിടെ കടന്നു കൂടി. ഇല്ലാത്ത പൊല്ലാപ്പ് സൃഷ്ടിച്ചു ജനങ്ങളെല്ലാം ഇന്ന് 'ലോക്ക് ഡൗണിലാണ്' തന്നെനിക്കൊരു മാസ്ക് കെട്ടാനവർ കൊമ്പൻ മീശയാൽ കെട്ടുവാൻ കഴിഞ്ഞതില്ല രണ്ടുപേരും കൂടി ബലമായി കണ്ടിച്ചു, മീശ കണ്ടിച്ചെറിഞ്ഞു ദൂരെ. മീശയില്ലാതെ ഞാൻ മാസ്ക് കെട്ടി കറങ്ങുന്നു ആരുണ്ടെന്നേ തിരിച്ചറിയാൻ ? എല്ലാം കീഴ്മേൽ മറിഞ്ഞീ നാട്ടിൽ ഒന്നും ശരിയല്ല, സത്യം പറയുന്നോരാരുമില്ല. നിന്റെ ദുഃഖം ഞാൻ അറിയുന്നു കവി നല്ല മനുഷ്യർക്ക് ഈ നാട്ടിൽ രക്ഷയില്ല. മീശ വളരുന്നവരെ തങ്ങണം ഈ നാട്ടിൽ മീശ വന്നാൽ ഉടൻ നാടു വിട്ടിടും ഞാൻ . ഓരോ വർഷങ്ങൾ കഴിയുംതോറും ജനം പാരനാറികളായിവിടെ മാറിടുന്നു . കുത്തി നിറയ്ക്കണം സ്വന്തം പള്ളയെപ്പോഴും മറ്റുള്ളോർ ചത്താൽ അവർക്കെന്തു ചേതം ? എങ്കിലും നിങ്ങളെപ്പോലുള്ള കവികളിപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ അതുമതി ഞാൻ പോയിടുന്നു . മാവേലി
Sudhir Panikkaveetil 2020-08-27 21:20:05
അഭിപ്രായങ്ങൾ എഴുതിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. ഇ മലയാളിക്കും വായനക്കാർക്കും ഓണാശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക