Image

അധികാരത്തിന്റെ അടയാളങ്ങള്‍ നാടന്‍പാട്ടുകളില്‍ (ജോസ്‌ന കെ.വൈ)

Published on 25 August, 2020
അധികാരത്തിന്റെ  അടയാളങ്ങള്‍ നാടന്‍പാട്ടുകളില്‍ (ജോസ്‌ന കെ.വൈ)
കേരളത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും  എടുത്തുകാണിക്കു ന്നവയാണ് നാടന്‍പാട്ടുകള്‍. അധികാരത്തിന്റെ പശ്ചാത്തലത്തില്‍ വിശകലനം  ചെയ്യു മ്പോള്‍ ഒരു കാലഘട്ടത്തിന്റെ വിവിധങ്ങളായ അധികാരരൂപങ്ങളെ അവ  പ്രതിനിധാനം ചെയ്യാറുണ്ട്.ജനജീവിതത്തിന്റെ ചൈതന്ന്യം കലര്‍ന്നവയാണ് നാടന്‍പാട്ടുകള്‍. കേരളത്തില്‍ നിലനിന്ന ഇരുണ്ട കാലഘട്ടങ്ങളെകുറിച്ചുള്ള വലിയ ചരിത്രരേഖകള്‍ കൂടിയാണ് അവ. നാടന്‍പാട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്ന വിവിധങ്ങളായ പദങ്ങള്‍ അധികാരത്തിന്റെ ഉദാഹരണങ്ങള്‍ എടുത്തുകാണിക്കുന്നതായി കാണാം. കേരളത്തിലെ ജാതി-ജന്മി-നാടുവാഴി  അധികാരത്തെക്കുറിച്ചു മാത്രമല്ല അതിനപ്പുറം മതം, സമുദായം, ദൈവം, പുരുഷാധിപത്യഘടന, ഭൂമി തുടങ്ങിയവയിലൂന്നിയ വിവിധങ്ങളായ അധികാരരൂപങ്ങളെ കുറിച്ച് നാടന്‍പാട്ടുകള്‍  പ്രതിപാദിക്കുന്നുണ്ട്.

കൃത്യമായ കാലഗണനഎഴുതപ്പെട്ടിട്ടില്ലെങ്കിലും ഇന്നും കേരളത്തിന്റെ സാംസ്—കാരിക  ചരിത്രത്തെകുറിച്ച് വ്യക്തമായ സൂചനകള്‍ നാടന്‍പാട്ടുകള്‍ നല്‍കുന്നുണ്ട്. വാമൊഴിയായി ഒട്ടേറെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുവന്നവയാണ് നാടന്‍പാട്ടുകള്‍. ചൂഷണത്തിന് വിധേയരായപാര്‍ശ്വവല്കൃത ജനതയുടെ  പ്രതിഷേധത്തിന്റെ സ്വരങ്ങളും നാടന്‍പാട്ടുകളില്‍ കാണാം. അഭിപ്രായ സ്വാതന്ത്ര്യത്തിന്നു പോലും അവകാശമില്ലാത്ത ജനതക്ക് തങ്ങളുടെ പ്രതിഷേധം തമ്മില്‍ തമ്മില്‍ കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗം കൂടിയായും അവ വര്‍ത്തിച്ചു.  അവര്‍ക്കിടയില്‍ ഒരു സാമൂഹ്യ ഐക്യം രൂപപ്പെടുത്താന്‍ കൂടി ഈ പാട്ടുകള്‍ കാരണമായിട്ടുണ്ട്. അതുപോലെ അവര്‍ക്കിടയില്‍നിന്നു ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ കലയായിനാടന്‍പാട്ടുകളെ കാണണം.
നാടന്‍പാട്ടുകള്‍ വ്യത്യസ്ത തരത്തിലുണ്ട്. ജനനം മുതല്‍ മരണം  വരെയുള്ള എല്ലാ കാര്യങ്ങളുംനാടന്‍പാട്ടുകള്‍ക്കു വിഷയമാണ്.  കൃഷിപാട്ടുകള്‍, സമുദായപാട്ടുകള്‍, പൂരപ്പാട്ടുകള്‍, അനുഷ്ടാന പാട്ടുകള്‍, തൊഴില്‍ പാട്ടുകള്‍, വിനോദ പാട്ടുകള്‍ തുടങ്ങി  വിവിധങ്ങളായ  നാടന്‍പാട്ടുകളുണ്ട്.  കേരളത്തിലെ തെക്കന്‍ പാട്ടുകളും, വടക്കന്‍പാട്ടുകളും, തോറ്റംപാട്ടുകളും  എല്ലാം ഈ വിഭാഗത്തില്‍ പെടുന്നവ യാണ്.ഫ്രഞ്ച് തത്ത്വചിന്തകനായ മിഷേല്‍ ഫുക്കോ തന്റെ അധികാരത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ അറിവാണ് അധികാരത്തിന്റെ അടിസ്ഥാനം എന്ന് വ്യക്തമാക്കുന്നുണ്ട്(ഫുക്കോ.1980). കേരളത്തിലെ പാര്‍ശ്വവല്കൃതരായ താഴ്ന്ന ജന വിഭാഗകള്‍ക്ക്   അറിവ് അഭ്യസിക്കാനുള്ള  അധികാരം  ഇല്ലായിരുന്നു  എന്നതുതന്നെയാണ്  അവരെ സാംസ്കാരികമായ പിന്നോക്കാവസ്ഥയില്ലേക്ക് നയിച്ചത്.
          
അധികാരത്തെകുറിച്ച് പ്രത്യക്ഷവും പരോക്ഷവും ആയിട്ടുള്ള ഒട്ടേറെ   സൂചനകള്‍ നാടന്‍പാട്ടുകള്‍ നല്‍കുന്നുണ്ട്. പക്ഷെ പ്രത്യക്ഷ അധികാര രൂപങ്ങളെ  മാത്രമേ നമ്മള്‍ ശ്രദ്ധിക്കാറുള്ളൂ. എന്നാല്‍ ജാതി, മതം, ലിംഗം, വര്‍ണ്ണം തുടങ്ങി  അധികാരത്തിന്റെ മറ്റനേകം പരോക്ഷരൂപങ്ങളെയും നാടന്‍പാട്ടുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്
           
ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റ് തത്ത്വചിന്തകനായ അന്റോണിയോ ഗ്രാംഷി  ഭസാംസ്—കാരികമായ അധീശത്വം’(കള്‍ച്ചറല്‍  ഹെജിമണി) എന്ന ആശയത്തില്‍  ഉന്നത വര്‍ക്ഷം എങ്ങനെയാണ് സാംസ്കാരികമായി പോലും കീഴാളവിഭാഗങ്ങളെ  അടിച്ചമര്‍ത്തിയത് എന്ന് വ്യക്തമാക്കുന്നുണ്ട്. ഈ വീക്ഷണത്തില്‍ ചിന്തിക്കുമ്പോള്‍കേരളത്തിലെ  പ്രമാണിവര്‍ക്ഷത്തിന്റെ   ചൂഷങ്ങളോടുള്ള  പ്രതിഷേധങ്ങളായിരുന്നു   പല നാടന്‍പാട്ടുകളും. 
ഭൂമിയിലെ  വിഭവങ്ങളിലൊന്നും അധികാരമില്ലാതിരുന്ന ഒരു ജനതയുടേതായിരുന്നു പലപ്പോഴും നാടന്‍പാട്ടുകള്‍. അധികാരം ഉള്ള അവസ്ഥേയേക്കാള്‍  അധികാരമില്ലാത്ത അവസ്ഥയെയും അതിന്റെ പ്രത്യാഘാതങ്ങളേയും ആണ് ഈ പാട്ടുകളില്‍ കാണാന്‍ കഴിയുക. കേരളത്തില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട മലയ, —പറയ, പുലയ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നുമാണ് കൂടുതല്‍ നാടന്‍പാട്ടുകളുടെയും ജനനം.അതുപോലെ വയനാട്ടിലെയും മറ്റിടങ്ങളിലേയും ആദിവാസികള്‍ക്കിടയില്‍ നിന്നും നാടന്‍പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്. കൃഷിപാട്ടുകളും മറ്റുമാണ് അധികാരത്തിലൂടെ  കൈക്കലാക്കിയസമൂഹത്തെകുറിച്ചുപറയുന്നത്. കൃഷിപ്പാട്ടുകളില്‍ വ്യക്തമാ ക്കുന്നതുപോലെ ഭൂമിയില്‍ മാത്രമായിരുന്നില്ല  അധികാരം ഇല്ലാതിരുന്നത്. സ്വന്തം ഭാര്യയെപോലും അയാള്‍ക്ക്— സ്വന്തമായിരുന്നില്ല. ഭാര്യയുടെ മേലുള്ള അധികാരം പോലും തമ്പുരാനായിരുന്നു.

“ കാണം  പിരിച്ചാലും  തമ്പുരാനാ........
പാട്ടം  പിരിച്ചാലും   തമ്പുരാനാ .......
നെല്ല്   വിളഞ്ഞാലും  തമ്പുരാനാ ......
പെണ്ണ്   വിളഞ്ഞാലും  തമ്പുരാനാ .......”

ഈ വരികളില്‍ അത്തരംഅധികാരത്തിന്റെ  സ്വഭാവങ്ങള്‍ എത്രത്തോളം  രൂക്ഷമായിരുന്നെന്നു  വ്യക്തമാക്കുന്നുണ്ട്.
 
കൃഷിപാട്ടുകളില്‍ ചില പദങ്ങള്‍പോലും കൃത്യമായി അധികാരത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഭഏന്‍, തമ്പുരാന്‍, അങ്ങുന്ന്, കൂര,’ തുടങ്ങി ഒട്ടേറെ പദങ്ങളില്‍ തന്നെ  അധികാരം ഉള്ള  വിഭാഗത്തിനുണ്ടായിരുന്ന ഭൗതിക സൗകര്യങ്ങളെ കുറിച്ചും അതില്ലാതിരുന്ന അധ:സ്ഥിത വിഭാഗത്തിന്റെ ദുരിതങ്ങളെകുറിച്ചും പ്രതിപാദിക്കുന്നതായായി കാണാം. പല കൃഷിപാട്ടുകളിലും പ്രണയം എന്ന വികാരത്തെ  സ്വതന്ത്രമായി പറയാന്‍ അധികാരമില്ലാത്തവര്‍ അത് നാടന്‍പാട്ടുകളിലൂടെ പങ്കുവയ്ക്കുന്നതായായി കാണാം.
          
മതത്തിന്റെ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന നാടന്‍പാട്ടുകള്‍ ദൈവത്തെ അധികാരത്തിന്റെരൂപമായി വാഴ്ത്തികൊണ്ട് മനുഷ്യന്‍ എല്ലാം ദൈവത്തിന്നു സമര്‍പ്പിക്കണം  എന്ന മിത്ത് കാണാന്‍ കഴിയും. ഭദ്രകാളിപ്പാട്ടു  പോലുള്ള പാട്ടുകള്‍ കളാണ് (വെട്ടിയാര്‍ പ്രേംനാഥ്.1971). കേരളത്തിലെ പറയ സമുദായത്തിന്റെപാക്കനാര്‍ പാട്ടിലും മറ്റനേകം അധികാരരൂപങ്ങളെ കാണാവുന്നതാണ്. സമുദായത്തിന്റെ നാടന്‍പാട്ടുകളില്‍  ഇത്തരത്തില്‍ സമുദായത്തിനുള്ള അധികാരങ്ങളെ  എടുത്തുകാണി ജനനം, വിവാഹം പോലുള്ളയ്—ക്ക്— ദേവിക്ക് നന്ദി പറഞ്ഞു വാഴ്ത്തുന്ന പാട്ടുക്കുന്നുണ്ട്. വിഷ്ണുഭഗവാന്‍ രോഗം വന്നപ്പോള്‍ തുടികൊട്ടിപാടി ഭഗവാന്റെ രോഗം ഭേദമാക്കിയ  പാക്കനാര്‍ക്ക് വിഷ്ണുഭഗവാന്‍നല്‍കിയ അധികാരങ്ങളാണ് പാട്ടില്‍ വ്യക്തമാക്കുന്നത്.അഞ്ചുവക  നിലങ്ങളില്‍(മല, കാട്, തരിശ്,വയല്, കടല്‍ത്തീരം) വെച്ചാരാധിക്കാനുള്ള  സ്വാതന്ത്ര്യം, ആനപിടി, പേപിടി തുടങ്ങിയ മന്ത്രവാദ ക്രിയകള്‍ക്കുള്ള അധികാരം, വട്ടി, കൊട്ട, മുറം എന്നിവ നെയ്യാനുള്ള അവകാശം എന്നിവ വിഷ്ണുഭഗവാന്‍ പാക്കനാര്‍ക്കു കൊടുത്തെന്നാണ് പാട്ട് വ്യക്തമാക്കുന്നത് ( വെട്ടിയാര്‍, പ്രേംനാഥ്.1971).

“പണ്ടുവച്ചല്ലോ  നിരക്കില്‍വച്ചല്ലോ
നിറകളുകൂട്ടി   വരം  കൊടുത്തു
കൊത്തകേറിയോ  - നീലകേറിയോ
മണ്ടനാരിക്കു   വരം  കൊടുത്തു”  തുടങ്ങിയവയാണ് ആ വരികള്‍.

തോറ്റം പാട്ടുകളിലും അത്യുത്തരകേരളത്തിലെ വിവിധ സമുദായങ്ങള്‍ ദൈവത്തിനു നല്‍കുന്ന അധികാരത്തെ സൂചിപ്പിക്കുന്നുണ്ട്. മലയ വിഭാഗങ്ങള്‍ക്കിടയില്‍ കാണുന്ന ഗുളികന്‍ തോറ്റം അതിനൊരു ഉദാഹരണമാണ്. ഇത്തരത്തില്‍ നാന്നൂറോളം ദേവതകളേയും, അമ്മദൈവങ്ങളേയും എല്ലാം തോറ്റംപാട്ടുകളില്‍  കാണാവുന്നതാണ്(എം. വി. വിഷ്ണുനമ്പൂതിരി, 1981). അവരെ ഭയപ്പെട്ട് അവരുടെ ഗുണഗണങ്ങള്‍ പാടിസ്തുതിക്കുന്നത് ഈ പാട്ടുകളില്‍ കാണാം. പരോക്ഷമായി ദൈവത്തിന്റെ അധികാരമാണ് ഈ മനുഷ്യരെ ഇതിലേക്ക് പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞുപോയ ഭൂതകാലത്തിന്റെ   ചരിത്രം  വീണ്ടും ഓര്‍മ്മപ്പെടുത്തുന്നവ  കൂടിയാണ്  നാടന്‍പാട്ടുകള്‍. ചരിത്രത്തില്‍  ഉണ്ടായിട്ടുള്ള സാമൂഹ്യ വ്യവസ്ഥിതികളെ  വാമൊഴിരൂപത്തില്‍ എഴുതപ്പെട്ടിരിക്കുകയാണ് നാടന്‍പാട്ടുകളില്‍. നാടന്‍പാട്ടുകളുടെ  ചരിത്ര പ്രാധാന്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.അത് സാമൂഹ്യ ജീവിതങ്ങളെ തുറന്നുകാട്ടുന്ന ശക്തമായ ആയുധമാണ്.ജനജീവിതത്തെയും സംസ്കാരത്തെയും കുറിച്ചുള്ള മറ്റുപ്രകാരത്തില്‍ ലഭിക്കാത്ത പല അറിവുകളും ഇവയിലൂടെ ലഭിക്കും. യഥാര്‍ത്ഥത്തില്‍ പൂര്‍ണമായും ഒരു നാടന്‍ സാഹിത്യരൂപം കൂടിയാണ് നാടന്‍പാട്ടുകള്‍. ജനസമൂഹങ്ങളുടെ ഉച്ചനീചത്വങ്ങള്‍,തൊഴില്‍, ദായക്രമം, വസ്ത്രധാരണം, ഉല്പാദനക്രിയ തുടങ്ങി എല്ലാ ഘടകങ്ങളെകുറിച്ചുമുള്ള തെളിവുകളും  നാടന്‍ പാട്ടുകളില്‍കാണാം.
           ചരിത്രം പോലും നിഷേധിച്ച കീഴാള വിഭാഗങ്ങള്‍ക്ക്, ചരിത്രത്തില്‍ ഒരു  ഇടം  നല്‍കിയ കലാരൂപം എന്ന നിലയിലും നാടന്‍പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കീഴാള ജനതക്ക് അവരെ സ്വയം അടയാളപ്പെടുത്തുന്നതിനുള്ളമാര്‍ഗങ്ങളൊന്നും അധികാരപ്രയോഗങ്ങളുടെ ഭാഗമായി സമൂഹം അനുവദിച്ചിരുന്നില്ല. അതിന്റെ ഭാഗമായി  കീഴാളന്റെ ജീവിതത്തെ നമക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ചരിത്രരേഖ കൂടിയായി നാടന്‍പാട്ടുകളെ പരിഗണിക്കാം.

നാടന്‍പാട്ടുകളില്‍ അവ ഉള്‍കൊള്ളുന്ന ഉള്ളടക്കത്തെ ആസ്പദമാക്കികൊണ്ട് വ്യത്യസ്ത രീതിയില്‍ നമുക്ക് തരംതിരിച്ചു മനസ്സിലാക്കാന്‍ സാധിക്കും. സമുദായപ്പാട്ടുകള്‍, അനുഷ്ഠാനപ്പാട്ടുകള്‍, വിനോദപ്പാട്ടുകള്‍,പണിപ്പാട്ടുകള്‍ തുടങ്ങി മതം, പ്രാദേശികഭേദം, കാലഭേദം, പാരമ്പര്യം തുടങ്ങിയവയെല്ലാം അതിന്റെ കേന്ദ്രവിഷയങ്ങളായി മാറുന്നതായികാണാം. കാലാന്തരങ്ങളില്‍ സംഭവിക്കുന്ന സാമൂഹ്യ വ്യവഹാരത്തെ അവ ഉള്‍ക്കൊള്ളുന്നു. സാമാന്യ ജനസമൂഹത്തിന്റെ നിത്യജീവിതത്തെ അടയാളപ്പെടുത്തുന്ന നാടന്‍പാട്ടുകള്‍ നാം ആസ്വദിക്കുന്ന നാടന്‍പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മനുഷ്യന്റെ സാമൂഹ്യ സാംസ്—കാരിക രാഷ്ട്രീയ സാമ്പത്തിക ചുറ്റുപാടുകളെ ഇത്തരത്തില്‍ കൃത്യമായി അവ അടയാളപ്പെടുത്തുന്നു. കഴിഞ്ഞുപോയകാലത്തിന്റെ ജീവിതസത്ത ഉള്‍കൊണ്ടുകൊണ്ടും വര്‍ത്തമാന കാലത്തിന്റെ ശക്തിയെ ഉള്‍കൊണ്ടുകൊണ്ടുമാണ് നാടന്‍പാട്ടുകളുടെ വ്യവഹാരം സംഭവിക്കുന്നത്. മാനവിക വിജ്ഞാനാനമെന്നതുപോലെ നാടന്‍പാട്ടുകളും സംസ്കാരത്തോടൊപ്പം മുന്നോട്ടുപ്രവഹിക്കുന്നതാണ്. “നമ്മുടെ മുന്നിലൂടെ അത് കടന്നുപോകുമ്പോള്‍, പലതും നമുക്കാവശ്യമില്ലെന്ന തോന്നല്‍ ചിലര്‍ക്കുണ്ടായേക്കാം. എന്നാല്‍ ഭൂതകാല സംസ്കൃതിയുടെ അതിജീവനമെന്നനിലയില്‍ അവ അര്‍ഹിക്കുന്ന വില അവയ്ക്കു കല്പിച്ചുകൊടുക്കുക തന്നെ വേണം. മാനവരാശിയുടെ ചരിത്രരേഖയാണത്’(വിഷ്ണുനമ്പൂതിരി എം.വി.-2008). ഈ ചരിത്ര ബോധത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് സാംസ്കാരിക സവിശേഷതകള്‍ക്കുമുകളിലെ അധികാരത്തിന്റെ പ്രയോഗങ്ങളാണെന്നു കൃത്യമായി ചൂണ്ടികാണിക്കാന്‍ സാധിക്കും.
നാടന്‍പാട്ടുകളുടെ ചരിത്രം ആ കാലഘട്ടത്തിന്റെ സാമൂഹ്യ ചരിത്രം കൂടിയാണ്. എന്നാല്‍ ഇവയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍  മുഴുവന്‍  ചരിത്രസത്യങ്ങളാണെന്നല്ല  പറയുന്നത്. പുരാവൃത്തവും  യാഥാര്‍ത്ഥ്യവും(മിത്ത് ആന്‍ഡ്  റിയാലിറ്റി) അവയില്‍ ചേര്‍ന്നാണ് വരുന്നത്. പല നാടന്‍പാട്ടുകളിലും മിത്തുകള്‍  അധികമായി ഉണ്ടെങ്കിലും അതിനു ആ കാലഘട്ടത്തിന്റെ സാമൂഹ്യ സ്ഥിതികളെ  വരച്ചുകാട്ടുവാന്‍ കഴിയുന്നു എന്നതാണ് പ്രധാനം. യഥാര്‍ത്ഥ വ്യക്തിയുടെ  കഥയാ ണെങ്കില്‍ പോലും, അയഥാര്‍ത്ഥ സംഭവങ്ങളും ബന്ധങ്ങളും  അവയില്‍ കലര്‍ ന്നിരിക്കും. എന്ത് സംഭവിച്ചുവെന്ന് സത്യസന്ധമായി അത് വെളിപ്പെടുത്തിന്നില്ല. മനുഷ്യര്‍ എന്ത് വിശ്വസിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുവെന്ന് കാണിക്കു കയാണ് ചെയ്യുന്നത്. അത് പ്രാദേശിക ചരിത്രവും സാംസ്കാരിക ചരിത്രവും രൂപപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും(എം.വി. വിഷ്ണുനമ്പൂതിരി,2006).
         
 ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് കേരളത്തില്‍ ഒരുകാലത്തു നിലനിന്നിരുന്ന ഭകരിനിര്‍ത്തുക’ എന്ന ആചാരവും ആ മിത്തനെ പുതിയ നാടന്‍ പാട്ടുകളില്ലേക്ക് കൊണ്ടുവന്നഭപാലോം പാലോം നല്ല നടപാലോം...’ എന്ന പാട്ട്. വലിയ  പാലങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പാലത്തിന്റെ തൂണ്‍ ഉറയ്—ക്കാന്‍ വേണ്ടി തമ്പുരാന്റെ നിര്‍ദ്ദേശപ്രകാരം ഒരു മനുഷ്യനെ ജീവനോടെ കുഴിച്ചു മൂടുന്ന ഒരു സാമൂഹ്യ രീതിയെയാണ് ആ പാട്ടിലൂടെ കാണാന്‍ കഴിയുന്നത്. അക്കാലത്തു നിലനിന്നിരുന്ന ഉയര്‍ന്നവര്‍ക്ഷത്തിന്റെ പല ആചാരങ്ങളും ജാതിയുടെ പേരില്‍ അധികാരവ്യവസ്ഥിതിയെ  കൂടുതല്‍ ഊട്ടിഉറപ്പിക്കുകയാണ് ചെയ്തത്എന്ന സൂചന അവ നല്‍കുന്നു.
          
കാറല്‍ മാര്‍ക്‌സ് മുന്നോട്ടുവച്ച ഭഅടിത്തറ-മേല്‍പ്പുര’ സങ്കല്പ്പവുമായി  അധികാര ത്തിന്റെ വ്യവസ്ഥയെ ബന്ധപ്പെടുത്താം. കീഴാളന്റെ കലാരൂപമായിരുന്നു  നാടന്‍ പാട്ടുകള്‍. മനുഷ്യരെ ജാതിശരീരങ്ങളായി കണ്ടിരുന്ന കാലത്തു  കഥകളി പോലുള്ള കലകള്‍ അന്നത്തെ വരേണ്യന്റെ കലയായിരുന്നു. കലാരൂപങ്ങളില്‍ പോലും അധികാരത്തിന്റെ അടയാളങ്ങള്‍ കാണാമായിരുന്നു. മാര്‍ക്‌സ് പറയുന്നപോലെ നിലനില്‍ക്കുന്ന സാമ്പത്തിക ക്രമമാകുന്ന അടിത്തറക്കു  അനുസരിച്ചായിരിക്കും അതില്‍നിന്നും ഉയര്‍ന്നു വരുന്ന ഉപരിഘടന അല്ലെങ്കില്‍ മേല്പ്പുരയാകുന്ന സാഹിത്യ, കലാരൂപങ്ങളും. കേരളത്തിലെ ഫ്യൂഡല്‍ കാലഘട്ടത്തെഅനുസ്മരിപ്പിക്കുന്ന ഫ്യൂഡല്‍ പ്രഭുക്കന്മാരുടെ അധികാരത്തിന്റെ അടയാളങ്ങള്‍ കഥകളി പോലുള്ള വരേണ്യ കലകളിലെല്ലാം കാണാം. അത്തരം അധികാരത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെ രോധനങ്ങളാണ് നാടന്‍പാട്ടുകള്‍.
         
ചരിത്ര അവശേഷിപ്പുകള്‍ പോലെതന്നെ ചില സാംസ്കാരികമായുള്ള  ആചാര,അനുഷ്ടാന, കല,വസ്ത്ര, ഭക്ഷണ പാരമ്പര്യങ്ങളേയും അതോടൊപ്പം കാര്‍ഷിക വ്യവസ്ഥിതിയെയും എല്ലാം നാടന്‍പാട്ടുകളില്‍ അവതരിപ്പിക്കുന്നുണ്ട്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്—മയും നിലനിന്ന ഒരു സാംസ്—കാരിക വ്യവസ്ഥിതിയില്‍ എങ്ങനെ ജനങള്‍ക്ക് അവരുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനായി എന്ന് കൂടി നാടന്‍പാട്ടുകള്‍ പറയുന്നുണ്ട്.

 “എന്ത് തന്നെ  തീണ്ടലാണു  തമ്പുരാന്‍ന്റെ  തീണ്ടല്ല്—”

എന്ന്പാടിയ സമൂഹങ്ങള്‍ കേരളത്തിലുണ്ടായിരുന്നെന്നു നാടന്‍പാട്ടുകളിലൂടെയാണ്  സമൂഹം അറിഞ്ഞത്.
“ചെക്കലടിക്കും മുന്‍പേ  തെയ്യം താരാ.............
ചെമ്പട്ടു വീശും  മുന്‍പേ   തെയ്യം  താര ..........”

എന്ന് പാടിയ നാടന്‍പാട്ടുകളില്‍അധ:സ്ഥിത കീഴാള വിഭാഗങ്ങള്‍ തങ്ങളുടെ ഓണക്കാലം തമ്പുരാന് കാഴ്ചവെക്കാനില്ലാതെ ദാരിദ്ര്യം തന്നെയാണ് നമുക്കോണം എന്ന് പറയുന്ന കാര്‍ഷിക വ്യവസ്ഥയിലെ അധികാര ചൂഷണത്തെകുറിച്ചും കാണാന്‍  കഴിയും. 

“കുട്ടനാടിന്‍പാതം  കൊയ്ത്തിന്നുപോകുമ്പോ  വട്ടംകൂടുന്നവര്‍  പട്ടിണിക്കാര്‍
        അച്ഛനളിയനടന്തിരു  കൂട്ടരും  മച്ചുനന്‍മാരുമങ്ങോത്തു  കൂടി”
എന്ന പാട്ടിലും  കര്‍ഷക സമൂഹത്തിന്റെ ദുരിതങ്ങള്‍ കാണാന്‍ കഴിയും.
           തൊഴില്‍പാട്ടുകളിലാകട്ടെ അധികാരത്തിന്റെ വേറെയും രൂപങ്ങള്‍ കാണാം. അധികാരം ചൂഷണത്തിന്റെ രൂപത്തില്‍ വരുമ്പോള്‍ ജന്മി-നാടുവാഴി കാലഘട്ടത്തില്‍  അദ്ധ്വാനഭാരം ലഘൂകരിക്കാനും ആശ്വാസംകൊള്ളാനുമാണ് പാടിയിരുന്നത്. പണിപ്പാട്ടു കളെല്ലാം അടിമത്തത്തെ അതിജീവിക്കാനുള്ള സ്വച്ഛന്ദത നല്‍കുകയും ചെയ്തിരുന്നു.  സാമൂഹ്യനിയന്ത്രണങ്ങള്‍ അധികാരത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. ജാതിവ്യവസ്ഥയും അടിമത്തവും എല്ലാം സാമൂഹ്യനിയന്ത്രണങ്ങള്‍ക്കുള്ള സ്രോതസ്സുകള്‍ ആയിരുന്നു.

“നേരം വെളുത്തെടി  വാതില്‍ തുറക്കെടി നീലിക്കിടാത്തി
കൊച്ചമ്പ്രാന്‍  മുറ്റത്തുവന്നു  മുട്ടി വിളിക്കണ്
വാതില്തുറക്ക് (തിന്താര......)
പടിക്ക ഞാറുനടുവത്തിനായൊരു
പെണ്ണാളേ  വേണം.......”
എന്നിങ്ങനെയുള്ള വരികളിലെല്ലാം അധികാരത്തിന്റെ അടയാളങ്ങള്‍ വ്യക്തമാണ്.
        
സാമൂഹിക ചരിത്രങ്ങള്‍ ഉള്‍കൊള്ളുന്നവയാണ് നാടന്‍പാട്ടുകള്‍. സമ്പ്രദായങ്ങള്‍, പോരാട്ടങ്ങള്‍, സാമൂഹ്യവ്യവസ്ഥിതി  എന്നിവയിലെ  അധികാരങ്ങളെ  എടുത്തുകാണിക്കുന്നുണ്ട്. ശൈശവ വിവാഹം, ബഹുഭാര്യത്വം, തുടങ്ങിയ അനാചാരങ്ങളെ  കുറിച്ച് നാടന്‍പാട്ടുകള്‍ പ്രതിപാദിക്കുമ്പോള്‍ അവിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മേല്‍ ഉണ്ടായിരുന്ന പുരുഷാധിപത്യ വ്യവസ്ഥിതിയുടെ അധികാരമാണ് കാണാന്‍  കഴിയുക. അതുപോലെ തോറ്റംപാട്ടുകളിലും മറ്റും വ്യക്തമായി മരുമക്കത്തായ  കാലഘട്ടത്തില്‍ സ്ത്രീകള്‍ അനുഭവിച്ച ദുരിതങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അവിടെ  സ്ത്രീയുടെ മേല്‍ ഉണ്ടായിട്ടുള്ള അധികാര രൂപങ്ങളെ കാണാനാവും. സഹോദരന്മാരുടേയോ, അമ്മാവന്റെയ്യോ ശിക്ഷക്കോ ചതിക്കോ  പാത്രീഭവിച്ചവരായസ്ത്രീകളെ തോറ്റംപാട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്(എം.വി.വിഷ്ണുനമ്പൂതിരി 2008)
ഉത്തരകേരളത്തിലെ വടക്കന്‍പാട്ടുകളിലും മറ്റും പിതൃമേധാവിത്ത  ക്രമത്തെ കുറിച്ചും രാജവംശവലിയെക്കുറിച്ചും എല്ലാം സംസാരിക്കുമ്പോള്‍, അവിടെയും അധികാര കൈമാറ്റം എന്നതിനെ കൃത്യമായി സംസ്കാരത്തില്‍ ഊട്ടിയുറപ്പിച്ചു വച്ചിട്ടുള്ളതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. സാംസ്—കാരികമൂല്യം  നാടന്‍പാട്ടുകള്‍ക്കെ ല്ലാം ഉണ്ട്. തെക്കന്‍പാട്ടുകള്‍, വടക്കന്‍പാട്ടുകള്‍, തെയ്യം, തിറ, എന്നിവയ്ക്ക് പാടുന്ന  തോറ്റംപാട്ടുകള്‍, എടനാടന്‍പാട്ടുകള്‍, ചെങ്ങന്നൂര്‍പ്പാട്ടുകള്‍, പോലുള്ള വീരചരിതങ്ങള്‍, പൂരകിളിപ്പാട്ടുകള്‍, മരക്കലപാട്ടുകള്‍, ചീറുമ്പപ്പാട്ട്, ചിലമങ്ങലപാട്ടുകള്‍ തുടങ്ങിയവയെല്ലാം ചരിത്രപ്രാധാന്യമുള്‍കൊള്ളുന്നു. ക്ഷേത്രപാലന്‍, വേട്ടയ്—ക്കൊരു മകന്‍, വൈരജാതന്‍, എന്നിവരുടെ പുരാവൃത്തം അള്ളട സ്വരൂപത്തിന്റെ   ഉത്പത്തികഥ  പറയുന്ന അനേകം സ്വരൂപങ്ങളെ കുറിച്ചുള്ള പരാമര്‍ശം തോറ്റംപാട്ടുകളില്‍ ഉണ്ട്.   രാജവംശ സംബന്ധിയായ വടക്കന്‍ പാട്ടുകഥകളും പൂത്തൂരംപാട്ടുകള്‍, തച്ചോളി പ്പാട്ടുകള്‍ തുടങ്ങിയവയും ചരിത്രാംശങ്ങള്‍ കലര്‍ന്നവയാണ്(എം.വി. വിഷ്ണുനമ്പൂതിരി, 2006). ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലുകള്‍, ചൂഷണം, പീഡനം, പാര്‍ശ്വ വത്കരണം എന്നിവയാല്‍ സാംസ്കാരികമായ സ്വത്വബോധം നഷ്ടപെട്ടവരായിരുന്നു  പുലയര്‍. അവരുടെ സാമൂഹ്യ സാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെട്ട വിധേയത്വം പുലയര്‍ മേലാളരോട് പ്രകടിപ്പിച്ചെങ്കിലും സ്വാതന്ത്ര്യത്തിനും സമത്വത്തിനും  സാമൂഹ്യനീതിക്കും  അവര്‍ കൊതിച്ചിരുന്നു. അനീതിക്കും അടിച്ചമര്‍ത്തലിനും എതിരെ അവര്‍ കലകളിലൂടെയും പാട്ടുകളിലൂടെയും പ്രതിഷേധിച്ചതാണ് അവര്‍ക്കിടയില്‍നിന്നു  നാടന്‍പാട്ടുകള്‍ ഉയര്‍ന്നുവരാന്‍ കാരണമായത്. പ്രത്യേകിച്ച് കീഴാളരുടെ ഇടയില്‍. ഭിന്ന സ്വരങ്ങളുടേയും അറിവുകളുടെയും സംഘാതമായാണ് സംസ്കാരം കീഴാളരുടെ  അനുഭവത്തില്‍ വരുന്നത്. പുലയരുടെ പാട്ടുകളില്‍ പ്രത്യക്ഷപെടുന്ന മിത്തുകളോ രോന്നും ചരിത്രത്തിന്റെ പാഠങ്ങളും ഛായകളുമാണ്. അധികാരവുമായി ബന്ധപ്പെട്ട  അറിവിന്റെ കേന്ദ്രഘടനയെ അത് തിരസ്കരിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക