Image

ആറാമത്‌ മോനിപ്പള്ളി സംഗമം കെന്റില്‍ അരങ്ങേറി

റോബിന്‍ കളപ്പുരയ്‌ക്കല്‍ Published on 04 June, 2012
ആറാമത്‌ മോനിപ്പള്ളി സംഗമം കെന്റില്‍ അരങ്ങേറി
കെന്റ്‌: മോനിപ്പള്ളി പ്രവാസി കമ്യൂണിറ്റി, യു.കെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആറാമത്‌ മോനിപ്പള്ളി പ്രവാസി സംഗമം കെന്റിലെ മെയ്‌ഡ്‌ സ്റ്റോണില്‍ വര്‍ണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. 2012 ജൂണ്‍ രണ്ടിന്‌ ശനിയാഴ്‌ച ലാര്‍ക്ക്‌ ഫീല്‍ഡ്‌ വില്ലേജ്‌ ഹാളില്‍ എംഇസി (മോനിപ്പള്ളി എക്‌സ്‌പാര്‍ട്ടീസ്‌ കമ്യൂണിറ്റി) പ്രസിഡന്റ്‌ ജോണി ഇലവുംകുഴിപ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അമേരിക്കന്‍ പ്രവാസി സംഘടനയായ ഫോമ (ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്ക) പ്രസിഡന്റും മോനിപ്പള്ളി പ്രവാസിയുമായ ബേബി ഊരാളില്‍ ഉദ്‌ഘാടനം ചെയ്‌തു.

പരസ്‌പരം അറിയുക, സ്‌നേഹിക്കുക, നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുക എന്നതായിരിക്കണം സംഗമത്തിന്റെ ലക്ഷ്യമെന്ന്‌ ജോണി ഇലവുംകുഴിപ്പില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഉത്‌ബോധിപ്പിച്ചു. ബേബി ഊരാളില്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ സ്വന്തം നാടിന്റെ പുരോഗതിക്കുവേണ്ടി ഓരോ പ്രവാസിയും കൂട്ടായി പ്രയത്‌നിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തു.

പൊതുയോഗത്തില്‍ എം.ഇ.സി സെക്രട്ടറി റോബിന്‍ കളപ്പുരയ്‌ക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുകയും, ബിനു ഇരുപൂളുംകാട്ടില്‍ സ്വാഗതം ആശംസിക്കുകയും ചെയ്‌തു. ജോമോന്‍ തെക്കേക്കുറ്റ്‌ സംഗമത്തില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി അര്‍പ്പിക്കുകയും ചെയ്‌തു. സംഗമത്തോടനുബന്ധിച്ച്‌ എസ്‌.ബി.ടി മോനിപ്പള്ളി സ്‌പോണ്‍സര്‍ ചെയ്‌ത എവര്‍റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള ബെസ്റ്റ്‌ കപ്പിള്‍ കോമ്പറ്റീഷനും, മുതിര്‍ന്നവരുടേയും കുട്ടികളുടേയും വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തപ്പെട്ടു. സിജു കുറുപ്പുന്തറയുടെ നേതൃത്വത്തില്‍ നോട്ടിംഗ്‌ഹാം ബോയ്‌സിന്റെ ചെണ്ടമേളവും, സ്റ്റീഫന്‍ താന്നിമൂട്ടിലിന്റെ ഗാനമേളയും സംഗമത്തിന്‌ മാറ്റുകൂട്ടി. ട്രഷറര്‍ ജോഷി ആനിതോട്ടത്തിലും, എം.ഇ.സിയുടെ മറ്റ്‌ ഭാരവാഹികളും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഏഴാമത്‌ മോനിപ്പള്ളി പ്രവാസി സംഗമം അടുത്ത വര്‍ഷം സ്വിന്‍ഡോണില്‍ വെച്ച്‌ നടത്തുവാന്‍ തീരുമാനിച്ചുകൊണ്ട്‌ ആറാമത്‌ മോനിപ്പള്ളി സംഗമം പര്യവസാനിച്ചു.
ആറാമത്‌ മോനിപ്പള്ളി സംഗമം കെന്റില്‍ അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക