Image

മനസിൽ പടർന്ന 4 കഥകൾ : ജസി കാരാട്

Published on 25 August, 2020
മനസിൽ പടർന്ന 4 കഥകൾ : ജസി കാരാട്
ഇത്തവണ കുറിപ്പുകളെഴുതുന്ന 4 കഥകളിൽ 3 എണ്ണവും അധിനിവേശങ്ങളുടെയും,/ കുടിയിറക്കങ്ങളുടേതും
അടുത്തത്
ആട്ടിയകറ്റലിൻ്റെതു
മാകുന്നു എന്നത് യാദൃശ്ചികമാകാം

I ) വരത്തി
ശ്രീകണ്ഠൻ കരിക്കകം
2) മരണത്തിൻ്റെ താക്കോൽ (മാധ്യമം
 ജിസ ജോസ്
 3 ) ഇതിഹാസ നാരി (ദേശാഭിമാനി )
 പ്രിയ മഞ്ചേരി
 4) പാറ്റകളുടെ ലോകം ( സുനിൽ ചെറിയ കുടി)

1) മരണത്തിൻ്റെ താക്കോൽ
 
വായിച്ചു പോയപ്പോൾ ഞാനെൻ്റെ കുട്ടിക്കാലത്തേയ്ക്കു മാത്രമല്ല
ചാച്ചൻ്റെയും, അമ്മച്ചിയുടെയും ഇച്ചാച്ചൻ്റെ ( ചാച്ചൻ്റെ ചാച്ചൻ )യുമെല്ലാം ജീവിതത്തിലേയ്ക്കും കടന്നു പോയി. അനന്തമായ കുടിയേറ്റങ്ങളുടെ
കഥയായിരുന്നു അവയെല്ലാം
കോട്ടയം ജില്ലയിലെ  
അടിവാരത്തു നിന്ന്
ഇടുക്കിയിലെ കട്ടപ്പനയ്ക്കും
അവിടെ നിന്ന് വീണ്ടും വെണ്മണിയിലേയ്ക്കും
ചാച്ചൻ കുടിയേറിയപ്പോൾ
അമ്മച്ചി  കാഞ്ഞിരപ്പള്ളിയിൽ നിന്ന്
പിന്നെ അടിവാരത്തേയ്ക്കും
അവിടെ നിന്ന്
കട്ടപ്പനയ്ക്കും, വെണ്മണിയ്ക്കും
പറിച്ചുനടപ്പെട്ടു.
എങ്ങനെയായാലും ഒരു കുടിയേറ്റം അധികം വരുന്നവരാണ് എല്ലാ കുടുംബങ്ങളിലെയും സ്ത്രീ ജനങ്ങൾ

മരണത്തിൻ്റെ താക്കോലിലെ വല്യമ്മച്ചിയും'
ഇങ്ങനെത്തന്നെയാണ്.
ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും
ദ്രുതഗതിയിൽ മുന്നൊരുക്കങ്ങളില്ലാതെ
മലമുകളിലേയ്ക്കും, താഴേയ്ക്കും
കുടിയേറാനും അതിനേക്കാൾ ശീഘ്രം കുടിയിറങ്ങാനും ഭർത്താവിൻ്റെ തീരുമാനങ്ങൾക്കനുസൃതമായി ജീവിയ്ക്കാൻ വിധിയ്ക്കപ്പെടുന്നതിനോടുള്ള
വെറുപ്പ്
അവരിടയ്ക്കിടയ്ക്ക് പങ്കുവയ്ക്കുന്നുമുണ്ട്.
അല്ലെങ്കിലും എന്നോടൊന്നും പറയൂല്ലാരുന്നു.
പോവാൻ നേരത്തെ അറിയൂ 
എന്നായെല്ലാം ഇട്ടേച്ചാ  മലേലോട്ട് പോയത്..
എത്ര പ്രാവശ്യമാ ഞാൻ വീടു മാറിയേന്നറിയാവോ
എന്ന് കൊച്ചുമക്കളോട് പങ്കുവയ്ക്കുന്നത്
ഈ പെൺ വെഷമങ്ങൾ കൂടിയാണ്
കുഞ്ഞുകുഞ്ഞിരുട്ടുകൾ പതിഞ്ഞു കിടക്കുന്ന
  മലഞ്ചെരിവുകളിലൂടെയുള്ള ജീപ്പുയാത്ര
  വാഹനസൗകര്യം പരിമിതമായ കയറ്റിറക്കങ്ങൾ, കൊച്ചുവഴികളിൽ പതിഞ്ഞു കിടക്കുന്ന മുന കൂർപ്പിച്ച കല്ലുകൾ
വന്യമൃഗശല്യങ്ങളിൽ തകർന്നടിയുന്ന കർഷക സ്വപ്നങ്ങൾ 
വെറുതെ കൊടുക്കാമെന്നു പറഞ്ഞാലും ആർക്കും വേണ്ടാത്ത മലമണ്ണ്
ഇങ്ങനെ കുടിയേറ്റ പ്രദേശങ്ങളുടെ നേർക്കാഴ്ച വരച്ചിട്ട കഥയിൽ ചെറുമകൻ മാണിക്കുഞ്ഞ് ആഴ്ചയിലൊരു വട്ടമാണ് പള്ളിക്കൂടത്തിൽ പോയിരുന്നത്
12 മൈൽ നടത്തം അവൻ്റെയാരോഗ്യത്തിന് നല്ലതല്ലെന്നതായിരുന്നു കാരണം.
വല്യമ്മച്ചിയ്ക്ക് സ്ത്രീധനം കിട്ടിയ
രഹസ്യയറകളുള്ള മാഗാണി (മഹാഗണി )പ്പെട്ടി
കണ്ടപ്പോൾ
ഞാൻ എൻ്റെയമ്മയുടെ തടിപ്പെട്ടിയാണോർത്തത്. കുട്ടിക്കാലം മുതൽ
ഞങ്ങൾ മാറി മാറിത്താമസിച്ച വീടുകളുടെയെല്ലാം
ഒരു ഭാഗമാണ് തുണി വയ്ക്കാനും സ്വർണം വയ്ക്കാനും രേഖകൾ വയ്ക്കാനും പ്രത്യേക അറകളുള്ള ദീർഘചതുരാകൃതിയിലുള്ള
ആ തടിപ്പെട്ടി. അതിപ്പോഴും കഥയിലെ വല്യമ്മച്ചിയുടെ പെട്ടി പോലെ ചിതലരിക്കാതെയുണ്ടുതാനും
പുളിപ്പിക്കാത്ത പെസഹായപ്പം ശർക്കരപ്പാല്,
അയൽ വീടുകൾ കയറിയിറങ്ങിയുള്ള
പെസഹാ ഭക്ഷണം, കാട്ടിറച്ചി

ഇത്തരത്തിൽ ഒരു പാട് ഓർമച്ചിത്രങ്ങൾ
മനസിൽ വരച്ചിട്ടാണ് മരണത്തിൻ്റെ താക്കോൽ വികസിക്കുന്നത്.
നദികളുടെയെല്ലാം തന്നെ ഉത്ഭവം മലകളിൽ നിന്നായിരിക്കുമ്പോഴും ....
മലമ്പ്രദേശങ്ങളിൽ ജല സൗകര്യം പരിമിതമാണ്. ഭൂമിയുടെ ഏതെങ്കിലുമൊക്കെ അളുക്കുകളിൽ വറ്റാത്ത യുറവയുണ്ടാകുമെങ്കിലും
ചെങ്കുത്തായ ചെരിവുകളും പാറകളും മൂലം
കിണറിനു സ്ഥാനം കണ്ട് അതിനടുത്ത് വീടുപണിയലോ, വീടിനടുത്ത് കിണറു കുഴിയ്ക്കലോ പ്രായോഗികമല്ലാതിരുന്നതിനാൽ
കൊച്ച് അലുമിനിയം കലങ്ങളിൽ
വെള്ളം നിറച്ച് കുന്ന് കയറുകയായിരുന്നു കുട്ടിക്കാലത്തെ ഞങ്ങളുടെ പതിവ്. കുറച്ചു കൂടി കഴിഞ്ഞപ്പോൾ കുതിച്ചൊഴുകുന്ന നീരുറവകളിൽ നിന്ന് ഹോസിട്ട്
വീട്ടുമുറ്റത്തേയ്ക്ക് വെള്ളമെത്തിക്കാൻ തുടങ്ങി (കരണ്ടെത്താത്ത സ്ഥലങ്ങളിൽ)
മരണത്തിൻ്റെ താക്കോലിൽ  ഹോസിട്ട് വെള്ളമെടുക്കുമ്പോൾ ഞാൻ വീണ്ടുമൊന്ന് മല കയറി ഇടുക്കിയിലെത്തി കേരളം മുഴുവൻ വെളിച്ചവും, വെള്ളവും നൽകുന്ന ഇടുക്കിയിലെ മലനിവാസികൾക്ക് ഇതു രണ്ടും
സ്വപ്നങ്ങളായിരുന്നു അടുത്ത കാലം വരെ എന്ന സത്യം  വീണ്ടുമൊന്നോർമിച്ചു.)
മധ്യ തിരുവിതാംകൂർ ഭാഷയുടെ മനോഹാരിതയൊട്ടുമേ ചോരാതെ
അടുക്കി വച്ച കഥയാണിത്.

iഅല്ലെങ്കിലും നമ്മളൊണ്ടോ
കെഴങ്ങിട്ട് എറച്ചി ഒണ്ടാക്കുന്നു.
തിന്നുമ്പത്തേനും ഗ്യാസൊണ്ടാക്കണ ഒരു സാധനം.
തുടങ്ങിയ പരിഭവങ്ങളും
... 
എടാ കൊച്ചേ..
എന്നതാ ''വല്യമ്മച്ചീ' എന്നിങ്ങനെയുള്ള സ്നേഹ വിളികളും' ' നീണ്ടൊഴുകുന്നു ...

നിഷ്കളങ്കരായ ഈ ഗ്രാമീണ ജനങ്ങളിലാര്,
എവിടെയാണ് മരണത്തിൻ്റെ താക്കോൽ ഒളിപ്പിച്ചു വച്ചിരുന്നതെന്ന് തിരിച്ചറിയാൻ കഥാന്ത്യമെത്തണം
 
സകലമാന നിഷ്കളങ്കതകൾക്കും ഇടയിലൊളിച്ചിരുന്ന
പുരുഷമേധാവിത്വവും, കാമാന്ധതയും, പെൺ പ്രതികാരവും കഥാന്ത്യത്തിൽ വെളിപ്പെടുമ്പോൾ  ആദ്യഭാഗത്തെ ഗ്രാമീണ നിഷ്കളങ്കത അഴിഞ്ഞു വീണ്  മറുവശം  വ്യക്തമാകുന്നു.
 അതൊരു പന്തികേടായി തോന്നുകയും ചെയ്തു. എങ്കിലും
ആകാംക്ഷ ഒട്ടുമേ ചോരാതെ ആദ്യാവസാനം വായനാപരത നിലനിർത്തിയ കഥ

2)
വരത്തി

ശ്രീകണ്ഠൻ കരിക്കകം

ജനിച്ച മണ്ണിൽ വരത്തരാകേണ്ടി വരുന്നതിൻ്റെ കയ്പുനിറഞ്ഞ. രചന
കണക്കറ്റ പുതുപ്പണത്തിൻ്റെ വരവിൽ പൂത്ത കാശുമായി എത്തി
തദ്ദേശീയരായ
പാവപ്പെട്ടവരുടെ ഇത്തിരി പോന്ന നിലങ്ങൾ പണം കൊടുത്തും കൊടുക്കാതെ ഭീഷണിപ്പെടുത്തിയും തന്ത്രപൂർവം കൈക്കലാക്കുന്ന പുത്തൻ തന്ത്രങ്ങളുടെ കഥയിൽ നാരായണ ഗുരുവിനെ വീടിനുള്ളിൽ നിന്ന് തെങ്ങിൻ ചുവട്ടിലേയ്ക്ക് മാറ്റുമ്പോൾ
ഒരു ജാതി ഒരു മതം എന്ന ഉന്നത സാമൂഹ്യ ബോധം
ചെത്തുകാരൻ്റെ ജാതിയിലേയ്ക്ക് പരിമിതപ്പെടുത്തി  അരികിലേയ്ക്ക് മാറ്റി വച്ച് പിന്നീട് വലിച്ചെറിയുന്ന ദുരന്തമാകുന്നു
തീരപ്രദേശത്തെ ചതുപ്പുനിലങ്ങളുടെ ഉടമകളായ പാവങ്ങളുടെ 5 സെൻറും ,പത്തു സെൻ്റും ഓരോന്നോരോന്നായി
വാങ്ങിക്കൂട്ടുന്ന വരത്തന്മാർ
അതിരുവെട്ടാനും ചതിച്ച് കൈക്കലാക്കാനും മിടുക്കരാണ്.
പള്ളിയിലും ,അമ്പലത്തിലും മാറി മാറി പോയിരുന്ന കലപില വർത്താനം പറഞ്ഞ് ചന്തയ്ക്ക് പോയിരുന്ന  കുടുക്ക പൊട്ടിച്ചും, ചിട്ടി പിടിച്ചും വീട്ടാവശ്യങ്ങൾ നടത്തിയെടുത്തിരുന്ന ഒരു കൂട്ടം
ഗ്രാമീണ ജനത.

 അവരെ   കാഞ്ഞിരപ്പള്ളിക്കാരൻ മാത്തുക്കുട്ടിയും ജോസുകുട്ടിയുമൊക്കെ ജാതിയുടെയും, മതത്തിൻ്റെയും മതിലു തീർത്തുള്ളിലാക്കുന്നതും, പുറത്താക്കുന്നതും പണത്തിൻ്റെ കരുത്തിനാലാണ്.
 AkGപാർക്കിൻ്റെ കൈവശാവകാശം പോലും ഈ പുത്തൻ പണക്കാരിലമരുമ്പോൾ
 അത് രാഷ്ട്രീയത്തിലെ മറ്റൊരു തന്ത്രമായി മാറുന്നു.

ചതുപ്പുകൾ നികത്തി വരുന്ന കൂറ്റൻ കെട്ടിടങ്ങളും മതിലുകളും ഓടകളെയും വെള്ളച്ചാലുകളെയും തൂത്തുകളയുമ്പോൾ സമ്മാനമായി
 പ്രളയം വന്നു ചേരുമെന്ന് കഥാകൃത്ത് ഓർമിപ്പിക്കുന്നു.
 കഥയിലെ ഭാസ്കരപിള്ളയും ഭാര്യ ചന്ദ്രികയും കറകളഞ്ഞ സഖാക്കളും ഈ ചതുപ്പുനിലങ്ങളിൽ ജീവിയ്ക്കുന്നവരുമാണ്.
 വന്നു ചേർന്ന വരുത്തന്മാർ നാട് കയ്യടക്കുമ്പോൾ ജന്മനാട്ടിൽ വരത്തരാവേണ്ടി വരുന്നതിൻ്റെ സങ്കടം "നമ്മളൊക്കെ ഇപ്പ വരത്തരാടീ "എന്ന പിള്ളയുടെ  വാക്കുകളിൽ കാണാം 
 
 അയൽക്കാരോരുത്തരായി വിറ്റൊഴിഞ്ഞു പോയ നാട്ടിൽ
 ഭാസ്കരപിള്ളയുടെ മരണത്തോടെ
 ഒന്നു കൂടി ഒറ്റപ്പെടുന്ന ചന്ദിക വീണ്ടുമൊന്ന് വരത്തിയാകുന്നുണ്ട്. ഏതുതരം കുടിയിറക്കങ്ങൾക്കും കുടുംബം വിധേയമാകുമ്പോൾ പെണ്ണിന് ഒന്നുകൂടി അധികമുണ്ടാവുമല്ലോ. അതാരും കാണാറില്ലെങ്കിൽ പോലും.
 പക്ഷെ ഈ കഥ അതും വരച്ചിടുന്നുണ്ട്.

AKG യിലും ശ്രീനാരായണ ഗുരുവിലുമൊക്കെ വിശ്വസിക്കുന്ന ഒരു ജനത്തെ വിദഗ്ദ്ധമായി കാവിച്ചരട് കെട്ടിക്കുന്നതിൽ കാഞ്ഞിരപ്പള്ളിക്കാരൻ ജോസുകുട്ടി വിജയിക്കുന്നോ എന്ന സംശയം കഥാന്ത്യത്തിൽ ബാക്കിയാവുന്നു
  എന്തായാലും പണത്തിൻ്റെയും രാഷ്ട്രീയശക്തിയുടെയും, ശാരീരിക ചൂഷണ ഭയത്തിൻ്റെയും ഊക്കിൽ
 ചന്ദ്രികയ്ക്ക്  അവസാനകാലേ വീടുവിട്ട് വീണ്ടും കുടിയിറങ്ങേണ്ടി വരുന്നിടത്താണ്
 കഥയവസാനിക്കുന്നത്.
 
 പരിസ്ഥിതി പ്രാധാന്യമുള്ള
 അനധികൃത
 മത / രാഷ്ട്രീയ / പണ/ അധിനിവേശ തന്ത്രങ്ങളെ ചോദ്യം ചെയ്യുന്ന കഥ

3 )ഇതിഹാസ നാരി.

പ്രിയ സുനിൽ (ദേശാഭിമാനി )

ഇന്നലെയന്തിയ്ക്ക് ഇട്ടിട്ടുപോയിട്ട്
ഒരർദ്ധ ദിനം മുഴുവൻ കറങ്ങി നടന്ന് തിരിച്ചു വന്നൊന്ന് ഒളികണ്ണിട്ടു നോക്കിയതെ
മഞ്ഞു പുടവയഴിച്ചു തുടങ്ങുകയാണല്ലോ ഈ മലപ്പെണ്ണുങ്ങൾ വെയിലിനു മുമ്പിൽ എന്നു തുടങ്ങുന്ന ഇതിഹാസ നാരി. പ്രണയവും സ്നേഹവുമൊക്കെ എങ്ങിനെയെല്ലാം സ്ത്രീവിരുദ്ധമാകുന്നെന്ന് മനോഹരമായി പറയുന്നു. ഭർത്താവിൻ്റെ ജാരസന്തതിയ്ക്ക് കരൾ പകുത്തു നൽകാനായി പത്താംതരത്തിലേയ്ക്ക് കയറുന്ന മകനെ മാനസികമായി തയ്യാറെടുപ്പിക്കുക എന്ന ദുരന്ത ദൗത്യം ഏറ്റെടുക്കേണ്ടി വരുന്ന നായികയിലൂടെയാണ് കഥ തുടങ്ങുന്നത്

കരൾ മുറിച്ചു മാറ്റപ്പെടുവാൻ പോകുന്ന ഏക മകൻ്റെ ഭാവിയേക്കുറിച്ചുള്ള ആ കുലതകൾ അവളെ വല്ലാതെയലട്ടുന്നുണ്ട്.
ഉള്ളിലെ വിക്ഷോഭം മകനറിയാതെ മറച്ചു വയ്ക്കുക
 മാത്രമല്ല അതുവരെ താരതമ്യേന
 അകന്നു നടന്നിരുന്ന അച്ഛനോട് അവനെ കൂടുതൽ അടുപ്പിക്കുകയെന്ന ദുരന്തവും അവൾ തന്നെ നിർവഹിക്കേണ്ടി വരുന്നു.
 അച്ഛൻ്റെ കപട സ്നേഹം അളവറ്റതെന്ന് അവനെ അഭിനയിച്ചനുഭവിപ്പിക്കുവാനാണ്
 മനാലിയിലേയ്ക്കുള്ള ആ ടൂർ പോലും അവർ പ്പാൻ ചെയ്തിരിക്കുന്നത്.
 ഇഷ്ടവരങ്ങളെല്ലാം പ്രസാദിക്കുന്ന അച്ഛനെന്ന ആഹ്ലാദത്തിൻ്റെ ഉത്തുംഗത്തിൽ എത്തി നിൽക്കുമ്പോൾ വേണം അവർക്കവനോട്
 കരൾ ചോദിച്ചു വാങ്ങാൻ
അസന്മാർഗ്ഗിയെങ്കിലും ചിലവിനു തരുന്ന ഭർത്താവിനെ കൂടെ നിർത്താനുള്ള ദുർബല ഭാര്യയുടെ വികലശ്രമം. ഇവിടെ
സ്ത്രീ ത്തടവുകാരെ ആവോളം ബലാത്സംഗം ചെയ്ത് ജനിക്കുന്ന കുട്ടികൾക്ക് ചിലവിനു നൽകുന്ന  ആണ്ടാൾ ദേവനായകിയിലെ
പട്ടാള ഓഫീസറെ ഓർത്തു പോയി.
സാംസ്കാരികപ്പെരുമയിൽ ജ്വലിച്ചു നിൽക്കുന്ന പല കേരളീയ കുടുംബ ജീവിതങ്ങളിലും  ഭാര്യാ പദവിയുടെ യഥാർത്ഥ യവസ്ഥ  ലൈംഗീകത്തൊഴിലാളികളെക്കാൾ താഴെയാണ്
 മനാലിയുടെ മനോഹാരിതയിലേയ്ക്കും ശ്രീ' 
ഹഡിംബ ക്ഷേത്രത്തിലേയ്ക്കും കഥ കടന്നു പോകുന്നത് വളരെ പെട്ടെന്നാണ്
ഹിടുംബി ദേവി സകല ദേവഭാവങ്ങളും വെടിഞ്ഞ് ഇച്ഛാഭംഗങ്ങളും അമർഷങ്ങളും പങ്കുവച്ച് ആർത്തു കരഞ്ഞ് കരുത്തുറ്റ സ്ത്രീപക്ഷവാദിയായി  കഥാനായിക യോട് മനം തുറക്കുമ്പോൾ പാണ്ഡവ കഥയ്ക്കു തന്നെ ഒരു രണ്ടാം ഭാഷ്യം കൈവരുന്നു.

ഹഡിംബ ടെമ്പിളിൽ പോയി പ്രാർത്ഥിച്ചു വരൂ എന്ന് നായികയെ പറഞ്ഞു വിടുന്നത് പരസ്ത്രീ ഗമനം അധികാരവും അലങ്കാരവുമായ  ഭർത്താവു തന്നെയാണ്
ഇതു കണ്ട്
 പ്രിയപ്പെട്ടവനെ ജീവിതകാലം മുഴുവൻ ഒപ്പം കിട്ടുവാനായി പെണ്ണുങ്ങൾ പ്രാർത്ഥിക്കുന്നത് അങ്ങനെയൊരു യോഗമേ ലഭിക്കാത്ത തന്നെയാണെന്ന് നായികയോട് തുറന്നു പറഞ്ഞ് ചിരിക്കുകയാണ് ദേവി

 അഞ്ചാളു സ്വന്തമായുണ്ടായിരുന്നിട്ടും പാഞ്ചാലി സുരക്ഷിതയായിരുന്നില്ലന്ന രഹസ്യവും വെളിപ്പെടുത്തുന്നു.

 ആണെഴുതുന്ന ഇതിഹാസങ്ങളിലെല്ലാം
 പെണ്ണ് അവനു വേണ്ടി തപസ്സിരിക്കുന്നവളാണെന്നും
 അങ്ങോട്ടു തിരഞ്ഞു ചെല്ലുന്നവളെ അവനിഷ്ടമല്ലെന്നും വീണ്ടും അവകാശബോധ്യങ്ങളോടെ ദേവി പ്രതിഷേധിക്കുന്നു
 വല്ലപ്പോഴും വന്ന് ചിലവു കാശു തരുന്ന കിച്ചു മനുവിന് പ്രിയങ്കരനായ അച്ഛനാവുന്നിടത്ത് രാജരക്തത്തിൽ അഭിമാനിയ്ക്കുന്ന
 ഘടോത്കചനും മനുവും തമ്മിലുള്ള ബന്ധം കാണാം
   ചാവുമ്പോൾ ജഢം കഴുകന് കൊടുക്കുക എന്ന കാട്ടാള പതിവു തെറ്റിച്ച്  രാജ രക്തത്തിൽ പിറന്ന മകനു വേണ്ടി ചിതയൊരുക്കി തീകൊടുത്തതിന്  ഭീമരാജനാൽ തന്നെ അധിക്ഷേപിയ്ക്കപ്പെട്ട
തോർക്കുമ്പോൾ സകല ദേവഭാവങ്ങളും വെടിഞ്ഞ്

   അലറിക്കരഞ്ഞ് ഉള്ളം തുറക്കുകയാണ് ദേവി
   അതും വരപ്രസാദത്തിനെത്തിയ ഭക്തയുടെ മുമ്പിൽ
 
   വില്ലാളിവീരന്മാരെ ചുറ്റിപ്പറ്റിയുള്ള മഹാ ഇതിഹാസങ്ങളിലെ
   പരിത്യക്തരെയും
   സ്ത്രീ കഥാപാത്രങ്ങളെയും,  കേന്ദ്ര ബിന്ദുവാക്കി  പുനർരചന നടത്തിയാൽ 
   അവകാശ നിഷേധങ്ങളും കരുത്താർന്ന പ്രതിഷേധങ്ങളും  മുഴച്ചു നിൽക്കുന്ന
 അനേകം പുതിയ ഇതിഹാസങ്ങൾ ഉരുവം കൊള്ളും
   
  ( സീതായനം പോലെ
  പുതുകാവ്യ വായനകളും രൂപം കൊള്ളും)
   സ്നേഹം വൃത്താകാരത്തിലുള്ള തുരങ്കത്തിലൂടെയുള്ള നടപ്പാണെന്നും
   പ്രണയം കഴിച്ചു തീർന്ന മാമ്പഴം പോലെ തോലുമാത്രമവശേഷിപ്പിക്കുമെന്നും ഭംഗ്യന്തരേണ പറഞ്ഞുവയ്ക്കുന്ന കഥയിൽ
   ഹിഡുംബിയുടെ ശക്തി നായികയ്ക്ക് തുടക്കത്തിലില്ല 'എങ്കിലും.  
   ഭർത്താവിൻ്റെ ജാര സന്തതിയ്ക്കു വേണ്ടി
 സ്വന്തം മകനെ നൽകേണ്ടി വരുന്നതിലെ നീതികേട് നായികയുടെയുള്ളിൽ കഥാന്ത്യത്തിൽ കൊളുത്തിടുന്നുണ്ട് 
 ഇവിടെ
 ഹിഡുംബിയും, നായികയും 
 പെണ്ണവസ്ഥകളിൽഐകരൂപം പ്രാപിച്ച് ഒന്നാവുന്നു
  കഥയുടെ തുടക്കത്തിൽ കാണുന്ന
 മുഖം ഒരു നിശ്ചിത കോണളവിൽ ചെരിച്ചുപിടിച്ചാൽ മാത്രം കാണുന്ന മനാലിയിലെ സുന്ദര കാഴ്ചകൾ പ്രകൃതിയിലേയ്ക്കല്ല കേരളീയ സദാചാര /സാത്വിക കുടുംബങ്ങളിലേയ്ക്കുള്ള നേർക്കണ്ണാടിയായ ബിംബമാണ്.
 ചൊവ്വേ നേരെ നോക്കിയാൽ
 ഗർത്തങ്ങളും, അപകട വളവുകളും. ധാരാളം
 
ആദ്യന്തം പുതുമ നിറഞ്ഞ രസകരമായ രചന.
  

 4 )പാറ്റകളുടെ ലോകം

സുനിൽ ചെറിയ കുടി
ആരുടെയൊക്കെയാണ് പ്രപഞ്ചം
എന്ന വിശാലമായ ചോദ്യം തുടക്കത്തിൽ തന്നെയുയർത്തുന്ന കഥ അതിൻ്റെ വാചികമായ പരിസ്ഥിതികാർത്ഥത്തിൽ
ഒരു ബഷീറിയൻ ശൈലിയുടെ സ്വാധീനം കാണിക്കുന്നുണ്ടെങ്കിലും
 ബിംബ പ്രധാനമായ
കഥയുടെ ആന്തരികാർത്ഥങ്ങൾ അതിലേറെ വിശാലമാണ്.
 (അല്ലെങ്കിലും പ്രകൃതിയിലൊളിക്കാത്ത ഏതെങ്കിലും പ്രശ്നമൊ, പരിഹാരമൊ മനുഷ്യനുണ്ടൊ?  )
 വീട്ടിൽ അനുവാദമില്ലാതെ കയറിപ്പറ്റി പിന്നീട് പെറ്റുപെരുകി ശല്യമായി മാറുന്ന ഒരു കൂട്ടം ജർമൻ പാറ്റകളും, വീട്ടുകാരും തമ്മിലുള്ള നിലനില്പിൻ്റെ സമരമാണ് കഥ വരച്ചിടുന്നത്.
 ഒറ്റ നോട്ടത്തിൽ മനുഷ്യനും മറ്റു ജീവികൾക്കു മിടയിലുള്ള അധിനിവേശത്തെ പ്പറ്റിയുള്ള താണ് കഥയാണെന്ന് തോന്നാം 
പക്ഷെ
 ജന്മാവകാശത്തെക്കാൾ വലുതല്ല വില കൊടുത്തു വാങ്ങിയ മറ്റൊരവകാശവും
 എന്ന പ്രതിഷേധം വിരൽ ചൂണ്ടുന്നത്
 അധികാര / സാമ്പത്തിക ശക്തികൾ നടത്തുന്ന സകല അധിനിവേശങ്ങൾക്കുമെതിരെയാണ്
 ജനിച്ചിടത്തും, ജീവിച്ചിടത്തും ഇടമില്ലാത്തവർ
 ഇറങ്ങിപ്പോകാൻ സ്ഥലമില്ലാത്തവർ തുടങ്ങിയ പ്രയോഗങ്ങളാവട്ടെ മനുഷ്യർക്കിടയിൽ നടക്കുന്ന കുടിയൊഴിക്കലുകളിലേയ്ക്കും, അഭയാർത്ഥി പ്രശ്നങ്ങളിലേയ്ക്കുമുള്ള ചൂണ്ടുപലകകളാണ്.
പ്രകൃതി അതിൻ്റെ വിശാല ഭാവഭേദങ്ങളാൽ മനുഷ്യൻ്റെ സന്തോഷ, /സന്താപ /സങ്കീർണ ജീവിത പ്രശ്നങ്ങൾക്ക്
ബിംബങ്ങളാകുന്നത് രചനകളെ മനോഹരമാക്കുന്നു.
തനത് ശൈലിയിൽ നിന്ന് വഴിമാറി ആക്ഷേപഹാസ്യത്തിലെഴുതിയ
ഈ കഥയിലൂടെ ഹാസ്യവും തനിയ്ക്ക് വഴങ്ങുമെന്ന് രചയിതാവ് തെളിയിക്കുന്നു
കൊല്ലപ്പെടുന്ന പാറ്റകളുടെ കഥാന്ത്യത്തിലെ പുനർജ്ജനനം
ഗൃഹനാഥനിൽ കുറ്റബോധവും ഭയവുണർത്തുമ്പോൾ
കുടിയൊഴിയ്ക്കപ്പെടുന്നവർഗങ്ങളുടെയും വംശങ്ങളുടെയും കണിശമായ ഉയർത്തെണീക്കൽ വായനക്കാരൻ അനുഭവിക്കുന്നു.
ഒരു വംശത്തെയും എന്നെന്നേയ്ക്കുമായി
ആട്ടിയോടിക്കാനാവില്ലെന്ന പ്രപഞ്ചസത്യം
അടിവരയിടുന്ന കഥ
 
ഒറ്റയൊഴുക്കിൽ ഒഴുകിയ രചനാശൈലി
കഥയ്ക്ക് പല ആന്തര അർത്ഥങ്ങളുമുണ്ടാകാം
പക്ഷെ
അതെല്ലാം മാറ്റി വച്ച്
അധിനിവേശങ്ങളെയും
ആട്ടിയോടിക്കലിനെയും
മനോഹരമായി പറഞ്ഞ ഒരു കുഞ്ഞുകഥയായി വായിക്കാൻ എനിക്കേറ്റവു മിഷ്ടം
പ്രകൃതിയിലെ ഓരോ കുഞ്ഞധിനിവേശവും,/ ആട്ടിയോടിക്കലും അതിജീവനവുമൊക്കെ
വലിയ വലിയ
സത്യങ്ങളിലേയ്ക്കുള്ള തുറവുകളാണ്
ആ തരത്തിൽ
ഈ കുഞ്ഞുകഥ മറ്റു പലതിലേയ്ക്കും വാതിൽ തുറക്കുന്നുണ്ടാവാമെങ്കിലും ഈ കഥയെ ഇങ്ങനെ  വായിക്കാനാണെനിക്കേറെ ഇഷ്ടം.
Join WhatsApp News
രാജു തോമസ് 2020-08-27 21:11:19
സുന്ദരമായ ആസ്വാദനവും അവശ്യമായ വിമര്ശനവും ! ഭാഷയും നന്ന്. എങ്കിലും, എല്ലായിടത്തും 'യ്ക്ക' എന്നെഴുതുന്നതും ഞങ്ങൾ കണ്ടുപഠിക്കില്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക