Image

ചിത്രകവിതകൾ കോറിയിട്ട ദത്താത്രേയ സ്ക്വയർ ( ചരിത്രമുറങ്ങുന്ന നേപ്പാൾ-18: മിനി വിശ്വനാഥൻ)

Published on 25 August, 2020
ചിത്രകവിതകൾ കോറിയിട്ട ദത്താത്രേയ സ്ക്വയർ ( ചരിത്രമുറങ്ങുന്ന നേപ്പാൾ-18: മിനി വിശ്വനാഥൻ)
ഭക്താപ്പൂർ ദർബാർ സ്ക്വയറിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ദത്താത്രേയ സ്ക്വയർ. യഥാർത്ഥത്തിൽ വിവിധങ്ങളായ ക്ഷേത്രങ്ങൾ ചേർന്ന ഒരു സമുച്ചയമാണ് ഇത്. ഭീമസേന പ്രതിഷ്ഠയിൽ ഒരു ക്ഷേത്രമുണ്ടിവിടെ. നേപ്പാളിലെ വണിക്കുകളുടെ ആരാധനാ മൂർത്തിയാണത്രേ ഭീമസേനൻ. ഇതിനോട്
ചേർന്ന് മറ്റൊരു നാരായണ ക്ഷേത്രവും ഗണപതിക്കുളവും കൂടെ ഉണ്ട്.

1427 കാലഘട്ടത്തിൽ രാജാ യക്ഷമല്ലയുടെ കാലത്ത്  നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രങ്ങൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത് 1486 ൽ അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ്.

ദൈവികമായ കഴിവുകളുളള അനേകം കലാകാരൻമാരായ ദാരുശില്പികളുടെ പ്രയത്നത്തിന്റെ സാക്ഷ്യമാണ് ഈ ക്ഷേത്ര സമുച്ചയം എന്നതിൽ തർക്കമില്ല. കൂട്ടത്തിൽ ഒറ്റക്കല്ലിൽ കൊത്തിവെച്ചിട്ടുള്ള ശില്പങ്ങളും  ചേർന്ന് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ടും മോഹിപ്പിച്ചു കൊണ്ടും ഇവിടെ പരന്നുകിടക്കുകയാണ്. ഒരു പാഴ്ത്തടിയോ കല്ലിൻ കഷണമോ കലാകാരൻമാരുടെ കൈയിൽ വെറുതെയിരുന്നിട്ടില്ല. ഓരോന്നിലും അവർ ചിത്രകവിതകൾ കോറി വരച്ചിരിക്കുന്നു.

ദത്താത്രേയ ക്ഷേത്രത്തിന്റെ പ്രത്യേകത ഒരേയൊരു ദേവദാരു വൃക്ഷത്തിന്റെ തായ്ത്തടി കൊണ്ടാണ് ഈ ക്ഷേത്രം മുഴുവനായും നിർമ്മിച്ചിട്ടുള്ളത് എന്നതാണ്. അതിസൂക്ഷ്മമായ കൊത്തുപണികളാൽ മനോഹരമാക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ പുറംചുവരുകളും മരം കൊണ്ട് തന്നെ നിർമ്മിച്ചതാണ്. പഗോഡ രീതിയിലുള്ള പരമ്പരാഗത നേപ്പാൾ വാസ്തുശില്പ രീതിയൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന് മുൻവശത്ത് ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയ ഭീമാകാരൻമാരായ രണ്ട് ദ്വാരപാലകരുമുണ്ട്. അവർ ജയ്പുത് മല്ലയുദ്ധക്കാരായ ജയ്മാലയും ഭട്ടയും ആണെന്നാണ് വിശ്വസിക്കുന്നത്. ഈ ക്ഷേത്രത്തിനു മുന്നിലായുള്ള കരിങ്കൽ സ്തൂപത്തിൽ ചക്രധാരിയായ ഗരുഡരൂപംകൊത്തിവെച്ചിട്ടുണ്ട്.

ഇവിടത്തെ പ്രധാന ദേവതാ സങ്കല്പമായ ദത്താത്രേയൻ ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരുടെ സമന്വയമാണ്. ഒരു ശരീരത്തിൽ മൂന്ന് ശിരസുകളായാണ് പ്രതിഷ്ഠ. ഈ വിഗ്രഹങ്ങൾക്ക് പിന്നിലായി ഒരു വൃക്ഷവും അനസൂയാദേവിയുടെ ശില്പവും സ്ഥിതി ചെയ്യുന്നുണ്ട്.
ഇന്ത്യൻ സമ്പ്രദായമനുസരിച്ചുള്ള ആരാധനാക്രമങ്ങളാണ് ഇവിടെ പിൻതുടരുന്നത്. ഭൂകമ്പം കേടുപാടുകൾ വരുത്തിയിട്ടുണ്ടെങ്കിലും ദാരുശില്പങ്ങൾക്ക് യാതൊരു കേടുപാടും വന്നിട്ടില്ല. പീലി വിരിഞ്ഞു നിൽക്കുന്ന മയിൽരൂപം കൂട്ടത്തിൽ അതി മനോഹരമാണ്. സംഭോഗ ശൃംഗാര പ്രണയകാവ്യങ്ങൾ വിരിഞ്ഞു നിൽക്കുന്ന മനോഹരമായ ശില്പവേലകളും അവിടെ കാണാവുന്നതാണ്. കണ്ണുകൾ കൊണ്ടും മനസ്സുകൊണ്ടും കണ്ടു തീരാനാവാത്തത്രയും ശില്പചാരുതകൾ നിറഞ്ഞ ആ ഭാഗത്ത് നിന്ന് ഞങ്ങൾ താഴോട്ട് പോട്ടറി സ്ക്വയർ ലക്ഷ്യമാക്കി നടന്നുനീങ്ങി.

പോട്ടറി സ്ക്വയറിലേക്കുള്ള വഴി ചുവന്ന ഇഷ്ടികകൾ പതിച്ച് മനോഹരമാക്കിയിരുന്നു. ആ വഴിയുടെ ഇരുവശങ്ങളിലും മുഴുവൻ താന്ത്രിക് ചിത്രകലാ പരിശീലന കേന്ദ്രങ്ങളാണ്. ദൂരെയെവിടെ നിന്നോ പ്രതിധ്വനിക്കുന്ന മന്ത്രധ്വനികളല്ലാതെ അവിടം നിശബ്ദമായിരുന്നു. പ്രകൃതിദത്തമായ വിവിധ നിറങ്ങൾ സമന്വയിപ്പിച്ച് ദിവസങ്ങളോളം പണിയെടുത്താണ് അവർ ഈ ചിത്രങ്ങൾ വരക്കുന്നത്. നേരിയ സിൽക്ക് തുണിയിൽ കടുംനിറങ്ങൾ ചാലിച്ച് ഒരു ധ്യാനമെന്നോണമാണ് അവർ ചിത്രങ്ങളിൽ മുഴുകുന്നത്. കൃത്യമായ കണക്കുകളോടു കൂടിയ വിവിധതരം താന്ത്രിക രൂപങ്ങൾ അവിടെ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. ശ്രീചക്രങ്ങൾക്കും ബുദ്ധിസ്റ്റ് ചക്രങ്ങൾക്കും നല്ല ഡിമാന്റ് ഉണ്ടെന്ന് ഒരു ബുദ്ധസന്യാസി വ്യക്തമാക്കി. വിലപേശലുകളോ, വിപണനതന്ത്രങ്ങളോ അവിടെയില്ല. ചിത്രങ്ങൾക്ക് മുന്നിൽ നിസ്സംഗനായി ഇരിക്കുന്ന സന്യാസി അർദ്ധമൗനിയായിരുന്നു.

സാമ്പത്തിക ലാഭത്തേക്കാളുപരി ചിലർക്കെങ്കിലുമിത് കലയോടുള്ള തീവ്രമായ അഭിലാഷമാണ്. വിദേശികളാണ്  ക്ഷമയോടെ ക്ലാസുകൾ ശ്രദ്ധിക്കുന്നവരിൽ ഏറെയുമെന്ന് കാണാനായി. കലയുടെ മൂല്യമറിഞ്ഞവർക്ക് വിലമതിക്കാനാവാത്തവയാണ് ആ അതിസൂക്ഷ്മ താന്ത്രിക് രേഖാ ചിത്രങ്ങൾ. അതുകൊണ്ട് തന്നെ അർത്ഥമറിഞ്ഞവർ വിലപേശാതെ വാങ്ങുന്നുമുണ്ടായിരുന്നു.

നേരിയ മഴച്ചാറൽ വകവെക്കാതെ ഞങ്ങൾ സാവധാനം ഓരോ കാഴ്ചയും മനസ്സിൽ സൂക്ഷിച്ചു കൊണ്ട് നടന്നു നീങ്ങി. നേപ്പാളി പാരമ്പര്യത്തിന് കോട്ടം വരാത്ത രീതിയിലാണ് ഇവിടത്തെ ഓരോ കെട്ടിടങ്ങളും സംരക്ഷിക്കപ്പെട്ടിട്ടുള്ളത് എന്ന് ഗൈഡ് ചൂണ്ടിക്കാട്ടി. ഒന്നുരണ്ട് പരമ്പരാഗത ബുദ്ധിസ്റ്റ് പഠന കേന്ദ്രങ്ങളും ഇതിനിടയിൽ ഉണ്ടായിരുന്നു. "ഓം മണി പത്മായ ഹും" എന്ന മന്ത്രധ്വനി മന്ത്രണം പോലെ അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്നതും ഇവിടെ നിന്നായിരുന്നു.

ഗൂർഖാ താഴ്വര അതിനടുത്താണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇന്ത്യൻ പട്ടാളത്തിൽ ഗൂർഖാ പടയ്ക്ക് ഇന്നും പ്രമുഖ സ്ഥാനമുണ്ടെന്ന് കൂടെയുണ്ടായിരുന്ന ഗൈഡ് അഭിമാനത്തോട് കൂടി പറഞ്ഞു. കൈയിലൊരു കുക്രി ഉണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണെന്നും ഐശ്വര്യമാണെന്നും പറഞ്ഞ് കൂട്ടുകാരന്റെ കുക്രി ഷോപ്പിലേക്ക് ഞങ്ങളെ ക്ഷണിച്ചെങ്കിലും
 മുന്നേ തന്നെ പ്രസാദും വിശ്വേട്ടനും അത് സ്വന്തമാക്കിയിരുന്നു.

ഇനി അടുത്തത് പോട്ടറി സ്ക്വയറിലേക്കാണ് യാത്ര. മൺപാത്രക്കച്ചവടക്കാർക്ക് സംരക്ഷണം നൽകാനും വിപണി കണ്ടെത്താനുമുള്ള നേപ്പാൾ സർക്കാർ ശ്രമത്തിന്റെ ഭാഗമാണ് അവിടത്തെ പോട്ടറി സ്ക്വയർ....
ചിത്രകവിതകൾ കോറിയിട്ട ദത്താത്രേയ സ്ക്വയർ ( ചരിത്രമുറങ്ങുന്ന നേപ്പാൾ-18: മിനി വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക