Image

കുവൈറ്റില്‍ കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ മാതാവിനും അനുമതി

Published on 24 August, 2020
 കുവൈറ്റില്‍ കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ മാതാവിനും അനുമതി


കുവൈറ്റ് സിറ്റി: കുട്ടികളുടെ താമസരേഖ അമ്മമാരുടെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് നിബന്ധനകളോടെ മാറ്റാന്‍ അനുവദിക്കുമെന്ന് റെസിഡന്‍സി അഫയേഴ്‌സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍.

നേരത്തെ പിതാവ് രാജ്യത്തെ സ്ഥിരതാമസക്കരനല്ലാതാകുമ്പോഴോ അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികളുടെ താമസരേഖ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ നിര്‍ദ്ദേശപ്രകാരം 500 ദിനാര്‍ ശമ്പളവും കുടുംബ വീസ സ്‌പോണ്‍സര്‍ ചെയ്യുവാനുള്ള വ്യവസ്ഥകള്‍ പാലിച്ച് രാജ്യത്ത് താമസിക്കുന്ന മാതാവിന്റെ പേരിലേക്ക് കുട്ടികളുടെ താമസ രേഖ മാറ്റാവാന്‍ സാധിക്കും.

കൊറോണയുടെ പാശ്ചാത്തലത്തില്‍ വ്യോമ ഗതാഗതം തടസപ്പെട്ടതിനാല്‍ പിതാവ് കുവൈറ്റിനു പുറത്ത് കുടുങ്ങിയ പല മാതാപിതാക്കള്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. പുതിയ തീരുമാനം മലയാളികള്‍ അടക്കമുള്ള നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.

അതിനിടെ താമസ രേഖ നീട്ടുന്നതിനെ കുറിച്ചോ സന്ദര്‍ശന വീസകളെ കുറിച്ചോ സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് റെസിഡന്‍സി അഫയേഴ്‌സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം തീരുമാനം എടുക്കുകയാണെങ്കില്‍ നേരിട്ട് കമ്പ്യൂട്ടറുകളില്‍ അപ്പ്‌ഡേറ്റ് ആകുമെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ കാലാവധി കഴിഞ്ഞ സന്ദര്‍ശക, ടൂറിസ്റ്റ് വീസക്കാര്‍ പിഴയില്ലാതെ ഓഗസ്റ്റ് 31നു മുമ്പ് രാജ്യം വിടാന്‍ ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ രാജ്യത്ത് ഒരു ലക്ഷം പേര്‍ കഴിയുന്നതയാണ് കണക്കാക്കപ്പെടുന്നത്. ഈ വിഭാഗത്തില്‍ പെട്ടവരുടെ വീസ കാലാവധി നീട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക