Image

'ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി'ന്റെ സ്‌നേഹ സംഗീത വേദിയില്‍ ലണ്ടനില്‍ നിന്നും മൂന്ന് സഹോദര ജോഡികള്‍

Published on 24 August, 2020
'ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി'ന്റെ സ്‌നേഹ സംഗീത വേദിയില്‍ ലണ്ടനില്‍ നിന്നും മൂന്ന് സഹോദര ജോഡികള്‍


ലണ്ടന്‍: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ'ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി' ല്‍ ഓഗസ്റ്റ് 25 നു (ചൊവ്വ) വൈകുന്നേരം 5 ന് (ഇന്ത്യന്‍ സമയം രാത്രി 9.30) എത്തുന്നത് ലണ്ടനില്‍ നിന്നുള്ള മൂന്നു സഹോദര ജോഡികളാണ്. ശ്രേയ സജീവ് - ടോണി സജീവ്, ഗാവിന്‍ സൈമണ്‍ - ഗസല്‍ സൈമണ്‍, സ്റ്റീവ് ലൂബി മാത്യൂസ് - സാമന്ത ലൂബി മാത്യൂസ് എന്നിവരാണിവര്‍.

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ 'ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി' ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ശ്രേയ, സാക്‌സോഫോണ്‍ എന്ന സംഗീതോപകരണത്തെ പരിചയപ്പെടുത്തുന്നതോടൊപ്പം വയലിനിലും പെര്‍ഫോം ചെയ്യുന്നു. ഒരു ഗായകന്‍ കൂടിയായ ശ്രേയയുടെ സഹോദരന്‍ ടോണി ഗിത്താറിലും പെര്‍ഫോം ചെയ്യുന്നു. ഗാവിന്‍ വയലിനില്‍ പെര്‍ഫോം ചെയ്യാനെത്തുമ്പോള്‍ സഹോദരിയായ ഗസല്‍ ചെല്ലോയില്‍ പെര്‍ഫോം ചെയ്യാനെത്തുന്നു. സ്റ്റീവും സഹോദരി സാമന്തയും വയലിനില്‍ പെര്‍ഫോം ചെയ്യാനെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വാദ്യ സംഗീതത്തിന്റെ പുതിയൊരു ലോകം തുറക്കപ്പെടും.

ശ്രേയ സജീവ് എന്ന 12 വയസുകാരി എഡ്മണ്ടണ്‍ മലയാളി അസോസിയേഷന്‍ അംഗങ്ങളായ സജീവ് തോമസിന്റേയും യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സലീന സജീവിന്റേയും മകളാണ്. എഡ്മണ്ടണ്‍ ലാറ്റിമര്‍ ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ 7 വിദ്യാര്‍ഥിനിയായ ശ്രേയ ഒരു ബഹുമുഖ പ്രതിഭയാണ്. സാക്‌സോഫോണ്‍ എന്ന വുഡ് വിന്‍ഡ് സംഗീതോപകരണത്തെ പരിചയപ്പെടുത്തുന്ന ശ്രേയ വയലിനിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സംഗീതത്തോടൊപ്പം നൃത്തവും ഇഷ്ടപ്പെടുന്ന ശ്രേയ ഭരതനാട്യം പരിശീലിക്കുന്നു. സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം എന്നീ നൃത്ത രൂപങ്ങളോടൊപ്പം എലക്യൂഷനിലും മികവ് തെളിയിച്ചിട്ടുള്ള ഈ മിടുക്കി നല്ലൊരു കായികതാരം കൂടിയാണ്. യുക്മ റീജണല്‍, നാഷണല്‍ കലാമേളകളില്‍ ഭരതനാട്യം ഉള്‍പ്പടെയുള്ള നൃത്തരൂപങ്ങള്‍ക്കും എലക്യൂഷനും നിരവധി തവണ വിജയിയായിട്ടുള്ള ശ്രേയ ചര്‍ച്ച് കൊയറിലും അംഗമാണ്. നിരവധി വേദികളില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ആങ്കറിംഗ് നടത്തി കൈയടി നേടിയിട്ടുള്ള ശ്രേയ യുക്മ റീജണല്‍, നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റുകളിലും ഒരു സ്ഥിരം വിജയിയാണ്.

ശ്രേയയുടെ സഹോദരന്‍ ടോണി നല്ലൊരു ഗായകനും നല്ലൊരു ഗിത്താറിസ്റ്റുമാണ്. എഡ്മണ്ടണ്‍ ലാറ്റിമര്‍ പ്രൈമറി സ്‌കൂളില്‍ ഇയര്‍ 4 വിദ്യാര്‍ഥിയായ ഈ 9 വയസുകാരന്‍ സിനിമാറ്റിക് ഡാന്‍സ് , ഗ്രൂപ്പ് ഡാന്‍സ് തുടങ്ങിയ നൃത്ത ഇനങ്ങളിലും തല്പരനാണ്. അനേകം വേദികളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള ടോണി നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഫുട്‌ബോള്‍ ഏറെ ഇഷ്ടപ്പെടുന്ന ടോണി സ്‌പോര്‍ട്‌സിലും ഏറെ തല്പരനാണ്.

വയലിനില്‍ രാഗ മധുരം പൊഴിക്കുന്ന ഗാവിന്‍ ലണ്ടനിലെ എല്‍മയിലെ അംഗങ്ങളായ സാം സൈമണ്‍ - സ്വപ്ന സാം ദമ്പതികളുടെ മകനാണ്. ലണ്ടനിലെ സൗത്ത് എന്‍ഡിലെ വെസ്റ്റ് ക്ലിഫ് ഗ്രാമര്‍ സ്‌കൂളില്‍ ഇയര്‍ 11 വിദ്യാര്‍ഥിയായ ഗാവിന്‍ അഞ്ചാം വയസു മുതല്‍ വയലിന്‍ പഠിക്കാന്‍ തുടങ്ങി. വയലിനില്‍ ഗ്രേഡ് 7 പൂര്‍ത്തിയാക്കിയ ഈ പതിനഞ്ചുകാരന്‍ GCSE യില്‍ മ്യൂസിക് ഒരു വിഷയമായി പഠിക്കുന്നു. ബൈബിള്‍ കലോത്സവം ഉപകരണ സംഗീത വിഭാഗത്തില്‍ ഒന്നാം സമ്മാനാര്‍ഹനായ ഗാവിന്‍ ഹാവെറിംഗ് മ്യൂസിക് സ്‌കൂളില്‍ വയലിനില്‍ കൂടുതല്‍ പരിശീലനം നടത്തി വരുന്നു. ലണ്ടന്‍ സിംഫണി ഓര്‍ക്കസ്ട്രയില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരവും പ്രതിഭാശാലിയായ ഈ കലാകാരന് ലഭിച്ചിട്ടുണ്ട്.

പേരില്‍ തന്നെ സംഗീതം തുളുമ്പുന്ന ഗസല്‍, ഗാവിന്റെ സഹോദരിയാണ്. ഇതിനോടകം ചെല്ലോയില്‍ ഗ്രേഡ് 5 പൂര്‍ത്തിയാക്കിയ ഗസല്‍ ഹാവറിംഗ് മ്യൂസിക് സ്‌കൂളില്‍ കൂടുതല്‍ പരിശീലനം തുടരുകയാണ്. ഹോണ്‍ ചര്‍ച്ച് സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ ഇയര്‍ 8 വിദ്യാര്‍ഥിനിയായ ഗസല്‍ നിരവധി വേദികളില്‍ തന്റെ മികവ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലണ്ടന്‍ സിംഫണി ഓര്‍ക്കസ്ട്രയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചിട്ടുള്ള ഈ പതിമൂന്നുകാരി യുക്മ കലാമേളയില്‍ ഗ്രൂപ്പ് ഡാന്‍സ് ഉള്‍പ്പടെയുള്ള നൃത്ത ഇനങ്ങളില്‍ വിജയിയായിട്ടുണ്ട്.

വയലിനില്‍ തന്റെ മാന്ത്രിക പ്രകടനം പുറത്തെടുക്കാനെത്തുന്ന സ്റ്റീവ് എന്ന 8 വയസുകാരന്‍, ലണ്ടന്‍ എല്‍മയിലെ സജീവാംഗങ്ങളായ ലൂബി മാത്യൂസ് - സോണിയ ലൂബി ദമ്പതികളുടെ മകനാണ്. ഹോണ്‍ ചര്‍ച്ച് സെന്റ് ആല്‍ബന്‍സ് കാത്തലിക് സ്‌കൂളില്‍ ഇയര്‍ 3 വിദ്യാര്‍ഥിയായ സ്റ്റീവ്, ഹാവെറിങ് മ്യൂസിക് സ്‌കൂളില്‍ നാല് വയസു മുതല്‍ വയലിനില്‍ പരിശീലനം നേടി വരുന്നു. യുക്മ കലാമേള, ബൈബിള്‍ കലോത്സവം, ക്‌നാനായ കള്‍ച്ചറല്‍ പ്രോഗ്രാംസ് തുടങ്ങി നിരവധി വേദികളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള സ്റ്റീവ്, യുക്മ കലാ മേളയില്‍ സിംഗിള്‍ സോംഗ്, ഫാന്‍സി ഡ്രസ് ഇനങ്ങളില്‍ വിജയിയായിരുന്നു. സ്‌കൂള്‍ കൊണ്‍സേര്‍ട്ട് ടീമില്‍ അംഗമായ സ്റ്റീവ് ചര്‍ച്ച് കൊയറിലും സജീവാംഗമാണ്.

സഹോദരി സാമന്തയും നാലാം വയസു മുതല്‍ വയലിന്‍ പഠനം ആരംഭിച്ചു. ഹോണ്‍ ചര്‍ച്ച് സെന്റ് ആല്‍ബന്‍സ് കാത്തലിക് സ്‌കൂളില്‍ ഫസ്റ്റ് ഇയര്‍ വിദ്യാര്‍ഥിനിയായ സാമന്ത ഹാവെറിംഗ് മ്യൂസിക് സ്‌കൂളില്‍ നിന്നാണ് വയലിന്‍ പരിശീലനം നേടുന്നത്. നിരവധി വേദികളില്‍ പങ്കെടുത്തിട്ടുള്ള ഈ 6 വയസുകാരി ബൈബിള്‍ കലോത്സവം ഡാന്‍സ്, കളറിംഗ് ഇനങ്ങളില്‍ സമ്മാനാര്‍ഹയായിരുന്നു.

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യുകെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കി വരുന്നു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ്, ദേശീയ കോഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി അഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

വിവരങ്ങള്‍ക്ക്: സി.എ ജോസഫ് 07846747602 , കുര്യന്‍ ജോര്‍ജ് 07877348602.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക