Image

ചന്തക്കുഞ്ഞേലിയും അസാരം ഫെമിനിസ്റ്റ് ചിന്തകളും : റോസ് മേരി

Published on 24 August, 2020
ചന്തക്കുഞ്ഞേലിയും അസാരം ഫെമിനിസ്റ്റ് ചിന്തകളും : റോസ് മേരി
കുഞ്ഞേലിപ്പെമ്പിളയെ ഞാനാദ്യമായിക്കാണുന്നത് ഒരു മിഥുനപ്പുലര്‍ച്ചയിലാണ്. സാമാന്യം ശക്തിയായി മഴ ചാറുന്നുണ്ടായിരുന്നു. അടുക്കളത്തിണ്ണയില്‍ സ്ഥാപിച്ചിരുന്ന ആട്ടുകല്ലിന്മേല്‍ ചടഞ്ഞിരുന്നു നനയുന്ന റബ്ബര്‍മരങ്ങളെയും നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോഴതാ, ആജാനുബാഹുവായ ഒരു സ്ത്രീ, മഴയിലൂടങ്ങനെ നനഞ്ഞുവരുന്നു. തലയില്‍ നിറയെ സാധനങ്ങള്‍ കുത്തിത്തിരുകിയ ഒരു വലിയ കുട്ടയുമുണ്ട്. ചട്ടയും മുണ്ടും ഒരു ചെറിയ തോള്‍ക്കവണിയുമാണ് ആളിന്റെ വേഷം. ഇരുണ്ടനിറം, കഴുത്തില്‍ നനഞ്ഞൊട്ടിക്കിടക്കുന്ന ഒരു വെന്തിങ്ങയുമുണ്ട്.
തിണ്ണയില്‍ വേറെയും പ്രജകളുണ്ടായിരുന്നു. കപ്പചെത്തില്‍ വ്യാപൃതരായിരുന്ന കടുവാത്തോമ്മ, ചട്ടന്‍ പത്രോസ്, കാരക്കുളം മാധവി തുടങ്ങിയവരുടെ സംഘം മഴ കനത്തതോടെ, പാതിയില്‍ വെച്ചു പണിനിര്‍ത്തി,അവിടവിടെയായി തൂങ്ങിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. വന്നപാടേ ആഗത വല്ലക്കുട്ട നടക്കല്ലിന്മേല്‍ പ്രതിഷ്ഠിച്ചു. ആ കുട്ടയ്ക്കുള്ളില്‍ കുത്തിനിറച്ച വസ്തുവഹകളുടെ വൈവിധ്യം എന്നെ ശരിക്കും അമ്പരിപ്പിച്ചു. കുറെ ഉണക്കത്തേങ്ങകള്‍, മൂന്നാലു ശീമച്ചക്കകള്‍, കശുവണ്ടി, മൂന്നു വലിയ മത്തങ്ങകള്‍, ഒരു പാളപ്പൊതിയില്‍ കുറെ വാളന്‍പുളി, വല്ലത്തിനിടയിലൂടെ പുറത്തേക്കു തലനീട്ടിച്ചിനയ്ക്കുന്ന മൂന്നാലു പൂവന്‍കോഴികള്‍... 
പിന്നെ ഉള്ളടക്കം എന്തെന്നു തിരിച്ചറിയാനാവാത്ത ചെറുതും വലുതുമായ ഏതാനും ചാക്കുകെട്ടുകള്‍....
വലിയൊരു കോപ്പ നിറയെ ആവി പറക്കുന്ന കട്ടന്‍കാപ്പി സീല്‍ക്കാരത്തോടെ മോന്തിക്കുടിച്ചുംകൊണ്ട് അവരെന്റെ അമ്മയോടു പറഞ്ഞു:''കുഞ്ഞേ, വേഗന്നു ലിസ്റ്റെഴുതിത്താ, ഒമ്പതുമണീടെ സ്വരാജ് ബസ്സുപോയാപ്പിന്നെ ഞാന്‍ മുണ്ടക്കയംവരെ ഇതും ചൊമന്നു നടക്കേണ്ടിവരും. എടാ കടുവേ, ചുമ്മാ വായുംപൊളിച്ചു നോക്കിയിരിക്കാതെ കുട്ട പൊക്കിത്താടാ!'' കടുവയുടെ സഹായത്തോടെ ആ ഭാരിച്ച കുട്ടയുമേന്തി, ഇരുകൈകളും ആഞ്ഞുവീശിവീശി, ആ മഴയിലൂടെതന്നെ അവര്‍ നടന്നു മറഞ്ഞു. 
പിന്നീടു കൂടെക്കൂടെ ഞാനവരെക്കാണുമായിരുന്നു. മിക്കപ്പോഴും തലയിലൊരു ചുമടുണ്ടാവും. ആള്‍ സദാ തിരക്കിലുമാവും
ചെറുപ്പത്തിലേ അപ്പനും അമ്മയും വസൂരിവന്നു മരിച്ചതോടെ, അവര്‍ ഒറ്റയ്ക്കായതാണ്. ആദ്യമൊക്കെ മുട്ടവിറ്റും പാക്കുപൊളിക്കാരോടൊപ്പം പണിക്കുപോയുമൊക്കെ നാള്‍ കഴിച്ചു. പിന്നീടാണവര്‍ തന്റെ വ്യാപാരമണ്ഡലം വികസിപ്പിച്ചത്. കുഞ്ഞേലി ഒരോ വീട്ടിലും ചെന്നു വില്ക്കാനുള്ള വഹകള്‍ ശേഖരിക്കും. കുരുമുളക്, ഉരുക്കു നെയ്യ്, കൊപ്ര, കോഴിമുട്ട, ചുക്ക്, കോഴിക്കുഞ്ഞ്, ആട്, പശു തുടങ്ങിയ എന്തും സ്വീകാര്യം! എന്നിട്ട് ഇതൊക്കെ അകലെയുള്ള ഏതെങ്കിലും ചന്തയില്‍ കൊണ്ടുപോയി വിറ്റ്, ഉടമസ്ഥയ്ക്കു പണമെത്തിക്കും. കുഞ്ഞേലിക്കും ഇടപാടില്‍ ന്യായമായൊരു ലാഭവിഹിതമുണ്ടാവും. ചന്തയുമായുള്ള ഈ നിരന്തരസമ്പര്‍ക്കം നിമിത്തം ചന്തക്കുഞ്ഞേലിയെന്നായി കുഞ്ഞേലിപ്പെമ്പിളയുടെ വിളിപ്പേര്. ചന്തകൂടുന്നതു വെള്ളിയാഴ്ചകളിലാകയാല്‍ വെള്ളിയാഴ്ചക്കുഞ്ഞേലി എന്നും ആയമ്മ അറിയപ്പെട്ടുപോന്നു.
ചന്തക്കുഞ്ഞേലിയുടെ ഇടപാടുകാര്‍ എല്ലാവരും തന്നെ സ്ത്രീകളായിരുന്നു. തരക്കേടില്ലാത്ത മദ്യപന്മാരും തികഞ്ഞ ഏകാധിപതികളുമായ തങ്ങളുടെ കെട്ടിയോന്മാരറിയാതെ, അവര്‍ പാടുപെട്ടു സ്വരുക്കൂട്ടുന്ന വഹകളാണ് ഈ വിധത്തില്‍ മുണ്ടക്കയത്തെയും കാഞ്ഞിരപ്പള്ളിയിലെയും പൊന്‍കുന്നത്തെയുമൊക്കെ വാണിഭസ്ഥലങ്ങളിലെത്തിച്ചേര്‍ന്നിരുന്നത്. പണമായി മാത്രമല്ല, മിക്കപ്പോഴും നാനാവിധ വസ്തുക്കളായും ചില്ലറ ആഭരണങ്ങളായും മറ്റും കുഞ്ഞേലിപ്പെമ്പിളയുടെ ബാര്‍ട്ടര്‍ ഇക്കോണമി സേവനമനുഷ്ഠിച്ചുപോന്നു. വടക്കേമലയിലെ സ്ത്രീരത്‌നങ്ങളുടെ തലയിലണിയാനുള്ള കതിര്‍മാന്‍മുടി, അന്നു പ്രായേണ അസുലഭ വസ്തുവായിരുന്ന ബോഡീസുകള്‍, ഹെയര്‍ നെറ്റ്, പ്യാരി പരിമളസോപ്പ്, കൂടാതെ ചെന്നിനായകം, എലിവിഷം, പാറ്റാവിഷം, വെല്ല്യമ്മമാര്‍ക്കു കാലിപ്പുകയില, ചുട്ടിത്തോര്‍ത്ത്, ദാവണിക്കാരികള്‍ക്കു പൂസ്ലൈഡ്, കമലവിലാസ് കണ്‍മഷി, മുത്തുമാല എന്നു വേണ്ട, എന്തും ഏതും കുഞ്ഞേലിപ്പെമ്പിള സംഘടിപ്പിച്ചു കൊടുത്തിരുന്നു.
ആദ്യത്തെ കാഴ്ചയില്‍ത്തന്നെ എനിക്കവരെ ബോധിച്ചു. ആരെയും കൂസാത്ത ആ ഭാവം, ദൃഢമായ കാല്‍വയ്പ്പുകള്‍, തല ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ആ നടത്തം, സ്ഫുടവും വ്യക്തവുമായ സംഭാഷണം, എല്ലാറ്റിനും ഒരു പ്രത്യേകതയുണ്ടായിരുന്നു. കൈവീശി നടക്കുമ്പോള്‍ കാറ്റിന്റെ സീല്‍ക്കാരവും അവരോടൊപ്പമുണ്ടായിരുന്നു.
അങ്ങോട്ടുമിങ്ങോട്ടുമുള്ള സഞ്ചാരങ്ങള്‍ക്കിടയ്ക്കുള്ള ഒരിടത്താവളമെന്നോണം അവര്‍ ഞങ്ങളുടെ വീട്ടില്‍ കുറേനേരം ചെലവഴിക്കുന്നതു പതിവായി. അവര്‍ പോകുന്നതുവരെ, അടുക്കളമുറ്റത്തും കമ്പിളിനാരകച്ചുവട്ടിലും കിണറ്റുകരയിലുമൊക്കെയായി അവരെ ചുറ്റിപ്പറ്റി ഞാനും നടന്നു. ഓരോ വരവിലും മടിത്തുമ്പിലെ മുഷിഞ്ഞ കടലാസ്സു പൊതിയില്‍ നിന്നും റോസും മഞ്ഞയും വെള്ളയും നിറമുള്ള അലിഞ്ഞുതുടങ്ങിയ ജീരകമുട്ടായികള്‍ അവരെനിക്കു സമ്മാനിച്ചിരുന്നു. ഇതായിരുന്നു അവരുടെ ഏറ്റവും വലിയ സ്‌നേഹപ്രകടനം. ഓമനപ്പേരുകള്‍ വിളിക്കലോ കളിവാക്കുകള്‍ പറയലോ ഒന്നുമവര്‍ക്കു വശമുണ്ടായിരുന്നില്ല.
അധ്വാനിക്കാനവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. വിറകുകീറാനും കയ്യാലകെട്ടാനും കപ്പയ്ക്കു കൂമ്പലെടുക്കാനുമൊക്കെ ആണുങ്ങള്‍ക്കൊപ്പം ഏലിപ്പെമ്പിളയും തയ്യാര്‍! അത്യാവശ്യം വന്നപ്പോള്‍ ഏലിപ്പെമ്പിള പ്ലാവില്‍ കയറി ചക്ക ഇടാനും മടിച്ചില്ല. ആണുങ്ങളെപ്പോലെതന്നെ പെണ്ണുങ്ങള്‍ക്കും കൈയുംകാലും പൊക്കത്തില്‍ കയറാനുള്ള ആരോഗ്യവും തന്ന സ്ഥിതിക്കു നമ്മളെന്തിനു ചക്ക ഇടാനും തേങ്ങ പറിക്കാനുമൊക്കെ വല്ലവരുടെയും കാലുപിടിക്കണമെന്നായി ആയമ്മയുടെ വാദം! പണ്ടാരത്തിന്റെ ഏകസന്താനമായ രണ്ടുവയസുകാരന്‍ പുഷ്പാംഗദന്‍ കിണറ്റില്‍ വീണപ്പോള്‍ രണ്ടും കല്പിച്ചു ചാടിയിറങ്ങി പുഷ്പനെ കരയ്ക്കുകയറ്റിയതും മറ്റാരുമല്ല. ആണായി പിറന്നോരൊക്കെ പരിഭ്രമിച്ചുനില്ക്കുമ്പോഴാണ് കുഞ്ഞേലി ഈ സാഹസത്തിനൊരുമ്പെട്ടത്....
അപ്പനും അമ്മയും മരിച്ചു. കുഞ്ഞേലിപ്പെമ്പിള ഒറ്റയ്ക്കങ്ങനെ കഴിയുന്നതു കണ്ടു നാട്ടുകാരില്‍ ചിലര്‍ക്കു മനഃപ്രയാസം. ഒരു പെണ്ണങ്ങനെ ആണും തുണയുമില്ലാതെ കഴിയാന്‍ പാടുണ്ടോ? ചിലര്‍ തകൃതിയായി ആലോചന തുടങ്ങി. ആയിടെയാണ് ഉടുമ്പുഞ്ചോലക്കാരനായ ഒരാള്‍ അവിടെയുള്ളൊരു ബന്ധുവീട്ടില്‍ വിരുന്നുപാര്‍ക്കാനെത്തിയത്. ഒറ്റത്തടി. നോക്കിയപ്പോള്‍ ഏലിപ്പെമ്പിളയ്ക്കു ചേരുന്ന ഒരു ബകാസുരന്‍. ഒരാഴ്ചകൊണ്ടു കല്യാണം നടന്നു. അതിലും വേഗത്തില്‍ ഏലിപ്പെമ്പിള വിവാഹമോചനവും നടത്തി....!
ഇതുപോലൊരു കുഴിമടിയനെ താന്‍ കണ്ടിട്ടേയില്ലെന്നായിരുന്നു ആയമ്മയുടെ വാദം. ''എന്റെ കൊച്ചേ ഞാനയാളോടു വിറകുകീറാന്‍ പറഞ്ഞു. അപ്പോ കാലുവേദന. പുരയ്ക്ക് ഓലമേയാന്‍ പറഞ്ഞു. ഉയരത്തില്‍ കേറാന്‍ വയ്യ. ഉള്ള അഞ്ചുസെന്റ് പുരയിടം ഒന്നു കിളച്ചിടാന്‍പറഞ്ഞു. ആള്‍ ഇറയത്തു കിടന്ന് ഒറ്റ ഉറക്കം! അന്നു സഞ്ചിയെടുത്തു കൊടുത്തിട്ടു വേഗന്നു സ്ഥലംവിട്ടോളാന്‍ പറഞ്ഞു. ഒറ്റയ്ക്കായപ്പോ എന്തൊരാശ്വാസം! ഇനി സ്വന്തം കാര്യം മാത്രം നോക്കിയാല്‍ മതിയല്ലോ!''
കുടുംബക്കോടതിയും വക്കീലുമൊന്നുമില്ലാതെ എത്ര അനായാസമായിട്ടാണ് അവര്‍ ബാധ്യതയൊഴിഞ്ഞത്!
കച്ചവടം കഴിഞ്ഞു വരുമ്പോള്‍ ക്ഷീണം തീര്‍ക്കാനായി കുഞ്ഞേലിപ്പെമ്പിള ഷാപ്പിലൊന്നു കയറും. ഇടയ്ക്ക് ആഘോഷമായി ബീഡിയും വലിക്കും. ഇതൊക്കെ കര്‍ത്താവ് എല്ലാവര്‍ക്കുമായി സൃഷ്ടിച്ചതാണെന്നാണ് കുഞ്ഞേലിത്തള്ള വിശ്വസിക്കുന്നത്. അലക്കുകല്ലിന്മേല്‍ ചാരിയിരുന്നു ബീഡിപ്പുക ആഞ്ഞുവലിച്ചുകൊണ്ടവര്‍ പറഞ്ഞു. ''ഇതൊക്കെയല്ലാതെ, എന്തോന്നാ മോളേ ഈ ഭൂമിലൊള്ള സന്തോഷങ്ങള്... പെണ്ണുങ്ങളിച്ചിരി കുടിച്ചെന്നോ വലിച്ചെന്നോ ഒന്നും പറഞ്ഞു നമ്മുടെ തമ്പുരാന്‍ പെണങ്ങത്തൊന്നുമില്ല.''
ഇതൊക്കെ നടക്കുന്നത് അറുപതുകളുടെ ആദ്യഘട്ടങ്ങളിലാണ്. അന്ന് ഫെമിനിസത്തിന്റെ കാറ്റ് ഈ ദിക്കിലെങ്ങും എത്തിയിരുന്നേയില്ല. എന്നിട്ടും ധീരയായി, സര്‍വസ്വതന്ത്രയായി, സ്വയം പര്യാപ്തയായി അവരങ്ങനെ ജീവിച്ചുപോന്നു. അവര്‍ക്ക് ഇന്ദ്രനേം ചന്ദ്രനേം പേടിയുണ്ടായിരുന്നില്ല. രാവെന്നോ പകലെന്നോ ഭേദമുണ്ടായിരുന്നില്ല. ഏതു പാതിരായ്ക്കും ഒറ്റക്കു സഞ്ചരിക്കും.
സ്ഥലത്തെ മഹിളാസമാജം പ്രവര്‍ത്തകയും വൈരൂപ്യത്തിന്റെ കേദാരവും സദാ പൂവാലശല്യത്തെക്കുറിച്ചു പരാതിപ്പെട്ടുകഴിയുന്നവളും നിത്യകന്യകയുമായ തെയ്യാമ്മ എന്ന നാല്പത്തെട്ടുകാരി ഒരു ദിവസം കുഞ്ഞേലിപ്പെമ്പിളയോടു ശബ്ദം താഴ്ത്തി ചോദിച്ചു. ''ആട്ടെ കുഞ്ഞേലീ, നിങ്ങളു രാവെളുക്കുവോളം ഇങ്ങനെ ഒറ്റയ്ക്കു നടന്നിട്ട് ഈ ആണുങ്ങളുടെ ഒരു ശല്യോമില്ലേ? എനിക്കാന്നേല് പട്ടാപ്പകലുപോലും റോഡിലിറങ്ങി നടക്കാന്‍ പറ്റുന്നില്ല.'' ഏലിപ്പെമ്പിള മുറുക്കാന്‍ ആഞ്ഞുതുപ്പിക്കൊണ്ട് ഒരു കഥ പറഞ്ഞു: ''ഒരു രാത്രി ചന്തയും കഴിഞ്ഞു വരുമ്പോഴുണ്ട് പിന്നില്‍ ഒരു കാല്‍പ്പെരുമാറ്റം. കൈയിലിരുന്ന എരിയുന്ന ചൂട്ടുകൊണ്ട് ഞാന്‍ ആഞ്ഞൊരു കുത്ത്. ആളു മേലേ പോയോ കീഴേപോയോ എന്നറിയാമ്മേല! പിന്നെ ഒരുത്തനും എന്റെ ഏഴയലത്തടുത്തിട്ടില്ല.'' (ആ അജ്ഞാതന്‍ പുലിപ്പാറത്തൊമ്മനായിരുന്നെന്നും തൊമ്മന്റെ ഒരിക്കലും വടിക്കാത്ത താടിയുടെ രഹസ്യം ആ ചൂട്ടുകറ്റ പ്രയോഗമാണെന്നും കടുവാത്തോമ അഭിപ്രായപ്പെടുന്നു.) 
ചന്തക്കുഞ്ഞേലിക്കു ചില താത്ക്കാലിക ബാന്ധവങ്ങളുണ്ടെന്നു കേട്ടുകേള്‍വി പരന്നിരുന്നു. തനിക്കു സ്ഥിരമായങ്ങനെ ആരെയും സഹിക്കാന്‍ മേലെന്നും ഇടങ്ങേറു തുടങ്ങുമ്പോ ആളെ യാത്രയാക്കുമെന്നും കുഞ്ഞേലിപ്പെമ്പിള പറഞ്ഞത്രേ! ലിവിങ് ടുഗദര്‍ എന്ന ആശയം ഒരു വിളംബരവുമില്ലാതെ പ്രാവര്‍ത്തികമാക്കുകയും ഒരു കെട്ടുപാടുമില്ലാതെ ഓരോന്നും വെച്ചൊഴിയുകയും ചെയ്ത കുഞ്ഞേലിപ്പെമ്പിള, വല്ല സ്വീഡനിലോ ഫെമിനിസത്തിന്റെ കളരിയായ പാരീസിലോ മറ്റോ ജനിച്ചില്ലല്ലോ എന്നോര്‍ത്തെനിക്കു കുണ്ഠിതം തോന്നാറുണ്ട്.
സത്യത്തില്‍ ഞാന്‍ കണ്ട ഫെമിനിസ്റ്റുകളില്‍ ഏറ്റവും ധീരയും സത്യസന്ധയുമായ സ്ത്രീ എന്റെ പാവം കുഞ്ഞേലിത്തള്ളതന്നെയാണ്. അവര്‍ ഒരു ഫെമിനിസ്റ്റ് സെമിനാറിലും പങ്കെടുത്തിട്ടില്ല. സിമോന്‍ ദി ബൊവാറിനെ വായിച്ചിട്ടില്ല. സ്വന്തം ഇച്ഛയ്‌ക്കൊത്തു ജീവിച്ച ഒരു സാധാരണക്കാരി. 
അവരിപ്പോള്‍ ഈ  ഭൂമുഖത്തുതന്നെയുണ്ടാവില്ല. 
ഗ്രാമത്തിലെ പഴയ വൃക്ഷങ്ങളും കെട്ടിടങ്ങളും കൈത്തോടുകളും മറയുന്നതുപോലെ അടയാളങ്ങളൊന്നുമവശേഷിക്കാതെ അവര്‍ കടന്നുപോയിട്ടുണ്ടാവും.
കേവലം ഒരു മരക്കുരിശുപോലും സ്മാരകമായിട്ടില്ലാതെ ആള്‍ ഇവിടം വിട്ടുപോയിട്ടുണ്ടാവും.
ഹാ, മദാം കുഞ്ഞേലി, ഇതാ ഹൃദയംകൊണ്ടു ഞാനെന്റെ ഗ്രാമചത്വരത്തില്‍ ബെല്‍ഗ്രേഡിലെ മാര്‍ബിള്‍ ശില്പങ്ങളെപ്പോല്‍ നിങ്ങളുടേതായ ഒരു പ്രതിരൂപം മെനയുന്നു. 
എന്നിട്ടു മുരുക്കിന്റെയും മഞ്ഞരളിയുടെയും പൂക്കള്‍കൊണ്ടു കോര്‍ത്ത ഒരു സ്‌നേഹാര്‍ദ്രഹാരവും ആ കഴുത്തില്‍ അണിയിക്കുന്നു. 
ബ്രാവോ, മദാം ബ്രാവോ!
ചന്തക്കുഞ്ഞേലിയും അസാരം ഫെമിനിസ്റ്റ് ചിന്തകളും : റോസ് മേരി
Join WhatsApp News
Renu 2020-08-24 16:33:23
Kandu parichayichatho ennu thonnippikkunna kathaapathrangalum plot um..vaayanakkippuravum manassilninnirangan koottaakkathe kunjeli.. nalloru vaayana. Priyakathaakaarikku saadaram poochendukal..
2020-08-26 00:01:20
ഇതുപോലെ ഒരാൾ എല്ലാ നാട്ടിൻപുറങ്ങളിലും ഉണ്ടായിരുന്നു. ഞങ്ങളുടെ നാട്ടിൽ അവർ പണ്ടാരത്തി പാറു ആയിരുന്നു. മുട്ടത്തുവർക്കിയുടെ കരകാണാക്കടൽ എന്ന നോവലിലും എന്റെ "പണ്ടാരത്തി" എന്ന ചെറു കഥയിലും ഈ സ്ത്രീ ഉണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക