Image

രക്ഷിക്കണേ, എനിക്കൊരു കുഞ്ഞുണ്ട്... (കവിത- മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 24 August, 2020
രക്ഷിക്കണേ, എനിക്കൊരു കുഞ്ഞുണ്ട്... (കവിത- മാര്‍ഗരറ്റ് ജോസഫ്)

എത്ര ദയനീയമീ വിലാപം!
മൃത്യുവേ , നിന്‍ മടിത്തട്ടില്‍ നിന്ന്;
പ്രിയ പുത്രീ , നിനക്കായുതിര്‍ത്ത,
പെറ്റമ്മ തന്നാത്മ സങ്കീര്‍ത്തനം;
ക്രൂരതേ, നിന്‍മുഖത്തേയ്ക്ക് നോക്കി-
പ്രാണനുവേണ്ടി യാചിച്ചതാര്?

ആരോമല്‍ക്കുഞ്ഞിനെ വിസ്മരിച്ച്-
ആഞ്ഞാഞ്ഞു കുത്തിയതെത്ര വട്ടം?
വീണുകിടക്കും നിരാലംബമേല്‍,
കാറ് കയറ്റിയിറക്കിയല്ലോ?
എന്തൊരു ഭീതിദമാം ദുരന്തം!
അന്ധത ബാധിച്ചുവോ മനസ്സില്‍?

ജോലികഴിഞ്ഞ് മടക്കയാത്ര,
പാതിമെയ്യായ തന്‍ ഭാര്യനേര്‍ക്ക്,
കാലനായെത്തിയ ഭര്‍ത്താവു നീ,
കഷ്ടമിപ്പാതകം ചെയ്തുവല്ലൊ?
രക്ഷിച്ചിടേണ്ട കരങ്ങള്‍ കൊണ്ട്;
ശിക്ഷിച്ചിടുന്ന കരാള നീതി;

അമ്പേ പകയുടെ ആള്‍ രൂപമേ,
ജീവിതം പേക്കിനാവാക്കിയില്ലേ?
ലോക നേഴ്സസ് വര്‍ഷമാചരിക്കും-
രണ്ടായിരത്തിയിരുപതില്‍ ഹാ!
കൈവിളക്കേന്തിയ 'നൈറ്റിംഗേലി'ല്‍,
പിന്‍മുറക്കാരിക്കീ ദുര്‍വിധിയോ?
സ്വന്തബന്ധങ്ങള്‍ക്ക് നൊമ്പരമായ്,
സര്‍വംസഹയില്‍ നിന്ന് നീണാള്‍,
ദുഃഖങ്ങളന്യമാം ദിക്കിലേക്ക്.

ഏത് പ്രായത്തിലും കാലത്തിലും,
ആവര്‍ത്തനങ്ങളായ് മന്നിടത്തില്‍,
നാരീജനത്തിന്റെ ആര്‍ത്ത നാദം
മാറ്റൊലിക്കൊള്ളുന്നു 'രക്ഷിക്കണേ'...
'നോറ', നിനക്കമ്മ,യോര്‍മ്മയായി,
ഉറ്റവര്‍ക്കുള്ളത്തില്‍ രക്തസാക്ഷി,
മാലാഖയായ് മെറിന്‍ ജോയിക്ക്;
കണ്ണീര്‍ പ്രണാമമര്‍പ്പിച്ചിടട്ടെ.
Join WhatsApp News
2020-08-25 03:25:56
തലതെറിച്ച ജന്മങ്ങളുണ്ട് സോദരി ഇവിടെ. അറിവില്ലായ്‌മയിൽ കുരുത്ത അഹന്തയാൽ, സ്ത്രീയെ ചവുട്ടിയാഴ്ത്തുന്ന കശ്മലർ. സ്വപ്നങ്ങളെ സാക്ഷത്ക്കരിക്കാൻ കഴിയുന്ന അമേരിക്കയിൽ, അലസതയുടെ മടിത്തട്ടിൽ കള്ളടിച്ചുറങ്ങുന്ന നശിച്ച ജന്മങ്ങൾ. പൊങ്ങച്ചത്തിന്റെ കുഴലും ഊതി പള്ളികളിലും ക്ഷേത്രങ്ങളിലും പൊതുവേദികളിലും ജാടകാട്ടുന്നവർ. ഒന്നിൽ കൂടുതൽ വ്യക്തിത്വമുള്ളവർ. നാട്ടിൽ ജന നന്മയ്ക്കായി പോരാടുന്നവർ വീട്ടിൽ മദ്യലഹരിയിൽ കൂത്താടുന്നവർ. പുരുഷനാണ് താനെന്ന് നാലു നേരവും ഭാര്യയെ വിളിച്ചു കൂവി അറിയിക്കുന്നവൻ സംശയരോഗത്തിന്റ ഇരിപ്പടങ്ങൾ. അപകർഷതാ ബോധത്തിന്റെ മൂര്‍ത്തിത്വം. "നാസ്തി മാതൃസമാ ഛായ നാസ്തി മാതൃസമാ ഗതി നാസ്തി മാതൃസമാ ത്രാണം നാസ്തി മാതൃസമാ പ്രിയ " (വ്യാസൻ ) അമ്മയെപ്പോലെ ഒരു തണലോ , അമ്മയെപ്പോലെ ഒരാശ്രയമോ, അമ്മയെപ്പോലെ ഒരു രക്ഷയോ, അമ്മയെപ്പോലെ ഒരു പ്രിയമോ ഇല്ല . വിദ്യാധരൻ
MargaretJoseph 2020-08-26 00:54:31
Thanks
2020-08-26 02:47:36
വിദ്യാധരാ ഓൻ എവിടാണ് ? ഇങ്ങൾ ഇല്ലെങ്കിൽ ഇവിടെ ഒരു ഇളക്കവും ഇല്ല .ഇടയ്ക്ക് ഇങ്ങനെയുള്ള രണ്ടെണ്ണം കത്തിച്ചു ബിടുമ്പോൾ ആകാശത്ത് അമിട്ട് പൊട്ടണ മാതിരി. അമേരിക്കൻ മൊല്ലാക്ക ഇങ്ങള് എബിടെ പോയി. കോബിട് പ്രമാണിച്ചു ബീവിമാര് മൂന്ന് പൂട്ടിട്ട് പൂട്ടിയോ ? ഇങ്ങള് അബിടിരുന്നു കത്തിച്ചു ബിട് . ഇവിടൊക്കെ പൂത്തിരി കത്തട്ടെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക